ദക്ഷിണായനം - കെയ്ൻസ്


ദക്ഷിണായനം - കെയ്ൻസ്



ആസ്ട്രേലിയയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ ക്വീൻസ് ലാൻഡിലെ ഒരു തുറമുഖപട്ടണമാണ് കെയ്ൻസ് ( Cairns). ക്വീൻസ്  ലാൻഡിൻ്റെ വടക്കു കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന Cairns ലേക്ക് സംസ്ഥാന തലസ്ഥാനമായ ബ്രിസ്ബ്രേനിൽ നിന്ന് ആയിരത്തിലധികം കിലോമീറ്റർ ദൂരമുണ്ട്. Hodgekinson നദിയുടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടെത്തിയ സ്വർണ്ണ ശേഖരങ്ങളാണ് 1876 ൽ Cairns പട്ടണം സ്ഥാപിതമാവാൻ കാരണം. പിന്നീട് രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനും സഖ്യകക്ഷികളുമായുള്ള തീവ്രനാവികയുദ്ധത്തിന്( The battle of the coral sea) വേദിയായിരുന്ന ചരിത്രവുമുണ്ട് Cairns ന് . തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവുമുള്ള ഈ പട്ടണം  ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള The Great Barrier reef ,  ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മഴക്കാടുകളായ   Kuranda Rainforest എന്നിവിടങ്ങളിലേക്കുള്ള അടുപ്പം കാരണം ആസ്ട്രേലിയയുടെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രബലസ്ഥാനം അലങ്കരിക്കുന്നു.

മെൽബണിൽ നിന്ന് 3 മണിക്കൂർ 20 മിനിറ്റാണ് Cairns ലേക്ക് ഫ്ലൈയിംഗ് ടൈം. സന്ധ്യയോടെ ഞങ്ങൾ കെയ്ൻസിൽ എത്തി. ലഗ്ഗേജ് ബൽറ്റിൽ ആദ്യത്തെ ലഗ്ഗേജ് വരാൻ ഏറെ കാത്തിരിക്കേണ്ടി വന്നു. 'ഹോളിഡേയ്സ് അല്ലേ, slow down, relax, chill!' എന്ന് Cairns style ഓർമ്മപ്പെടുത്തൽ ആയിരിക്കാം.  ആദ്യമായി self check in നൂലാമാലകളൊക്കെ ചെയ്ത യാത്രയായിരുന്നതിനാൽ ചെറിയ ആശങ്ക ഉണ്ടായിരുന്നു. വൈകിയാണെങ്കിലും എത്തിച്ചേർന്ന ലഗ്ഗേജുകളുരുട്ടി ഞങ്ങൾ പുറത്തു കടന്നു.Cairns ൽ വച്ചാണ്  വൈകി കിട്ടിയ വിസയുമായി Dr. Jiby സംഘത്തോട് ചേർന്നത്. 
 
മനോഹരമായ പരിസരവും വിശാലമായ ലോബിയുമുള്ള  Rydges Esplanade Resort ലേക്ക് എയർപോർട്ടിൽ നിന്ന് ബസ്സിൽ പത്ത് മിനിറ്റ് കൊണ്ട് എത്തി. റൂമിലെത്തി ഫ്രഷായി ഡിന്നർ കഴിക്കാനായി ഇറങ്ങി. വെറും അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ Bay Leaf എന്ന ഇന്തോനേഷ്യൻ റസ്റ്ററൻ്റിലേക്ക്. ഭക്ഷണവും വിളമ്പലും അകത്തെയും പുറത്തെയും അലങ്കാരങ്ങളും ഗംഭീരമായിരുന്നു. വയറും മനവും നിറഞ്ഞ് അവിടെ നിന്നിറങ്ങുമ്പോൾ അവരോട് നന്ദിയും അനുമോദനങ്ങളും അറിയിക്കാനും മറന്നില്ല. 

പിറ്റേന്ന് രാവിലെ Reef Fleet Terminal ൽ നിന്ന് ഗ്രീൻ ഐലൻഡലേക്കുള്ള MV Big Cat എന്ന ബോട്ടിൽ കയറി ജാലകത്തിനടുത്തുള്ള ഒരു സീറ്റിൽ ഇടം പിടിച്ചു. പച്ച കലർന്നും കലരാതെയും  നീല നിറത്തിൽ അലയടിക്കുന്ന കടലും ദൂരെ കടലിൽ നിന്ന് പൊങ്ങി നിൽക്കുന്ന മലകളും മനോഹരമായ കാഴ്ചയൊരുക്കി. ഏതോ മലയാളഗാനത്തിൻ്റെ അലകൾ കാതിലെത്തിയപ്പോൾ തിരിഞ്ഞു നോക്കി. സംഘത്തിലെ വാനമ്പാടി prof.ലളിതയാണ് മനോഹരമായി ഗാനമാലപിക്കുന്നത്. ഒരു ടേബിളിന് ചുറ്റുമിരുന്ന് താളമിട്ട് ആസ്വദിക്കുന്ന സഹയാത്രികർ. കടലലകളുടെ നീലിമയാൽ കണ്ണും സംഗീതത്തിൻ്റ അലകളാൽ കാതും നിറഞ്ഞു.

ബോട്ട് നിർത്തിയിടത്തു നിന്ന് ഒരു നീണ്ട പാലത്തിലൂടെ  വേണം ദ്വീപിലെത്താൻ. ബാരിയർ റീഫിൻ്റെ ഭാഗമായി 900 ദ്വീപുകളുണ്ട്. പക്ഷെ മഴക്കാടുകൾ മരതകം ചാർത്തുന്ന ഒരേ ഒരു ദ്വീപ് ഗ്രീൻ ഐലൻഡ് മാത്രം. സുവർണ മണൽത്തരികളിൽ സമുദ്രം ഇന്ദ്രനീലവും ഇടതൂർന്ന വൃക്ഷമേലാപ്പുകൾ മരതകവും ചേർത്ത് ദ്വീപിനെ അലങ്കരിച്ചു. കൈകോർത്തു പിടിച്ച് കടലിലിറങ്ങിയപ്പോഴാണ് ബോട്ടിലിരുന്ന് കണ്ട പോലെ അത്ര കുഞ്ഞലകളൊന്നുമല്ലെന്ന് മനസ്സിലായത്.. തിരകൾക്ക് നല്ല ശക്തിയുണ്ടായിരുന്നു. ആകെ നനഞ്ഞ് കയറി. കയ്യിൽ മാറാനുള്ള വസ്ത്രം കരുതിയിരുന്നു, പക്ഷെ എവിടെ നിന്ന് മാറുമെന്നറിയാതെ നിന്നപ്പോൾ അനേകം പെൺകിടാങ്ങളെ വിനോദ യാത്രക്കൾക്ക് കൊണ്ടു പോയിട്ടുള്ള പ്രൊഫ. ഇന്ദിര വഴികണ്ടെത്തി. മരക്കൂട്ടങ്ങൾക്കിടയിൽ വസ്ത്രം മാറുമ്പോൾ ഇന്ദിര മാം കാവൽ നിന്നു.  ആകാര സൗഷ്ഠവമുള്ള അനേകം പെൺ കിടാങ്ങൾ ബിക്കിനിയിട്ട് തലങ്ങും വിലങ്ങും നടക്കുന്നിടത്ത് അത്രയൊന്നും ബദ്ധപ്പെടേണ്ട കാര്യമില്ലായിരുന്നു. മാത്രമല്ല വസ്ത്രം മാറാനൊക്കെ സൗകര്യമുണ്ടായിരുന്നു കുറച്ചപ്പുറത്ത് . പക്ഷെ മഴക്കാടിനുള്ളിൽ  വൃക്ഷങ്ങളുടെ  മറവിൽ വസ്ത്രം മാറുക എന്നതും രസകരമായ  ഒരു അനുഭവമായി. 

The Great Barrier Reef കാണാനുള്ള  ബോട്ട് സവാരിക്കുള്ള സമയമായതിനാൽ പാലത്തിലൂടെ തിരിച്ചു നടന്നു. അടിഭാഗം ഗ്ലാസ്സു കൊണ്ടു നിർമ്മിച്ച പ്രത്യേക ബോട്ടിൽ ചുറ്റുമായി ക്രമീകരിച്ചിരിക്കുന്ന സീറ്റുകളിലിരുന്ന്  താഴേക്ക് നോക്കുമ്പോൾ  കോറൽ റീഫുകളുടെ മായാലോകം തെളിഞ്ഞു വന്നു. സുതാര്യമായ ശരീരമുള്ള കുഞ്ഞു ജലജീവികളാണ് കോറലുകൾ. അവ ശരീരത്തിനു ചുറ്റും നിർമ്മിക്കുന്ന കാൽസ്യം കാർബണേറ്റ് കൂടുകൾ, ജീവികളുടെ ജീവിത കാലത്തിനപ്പുറവും ഉറപ്പോടെ നിൽക്കുന്നു. ഒന്നിനു മുകളിൽ മറ്റൊന്നായി ഇത്തരത്തിൽ അനേകായിരം വർഷങ്ങൾ കൊണ്ട്  കോറൽ അസ്ഥികൂടങ്ങൾ( coral skeltons) ചേർന്നാണ്   The Great Barrier Reef ഉണ്ടായിരിക്കുന്നത്. 2300 കിലോമീറ്റർ നീളത്തിൽ 3,44,400 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന അത്ഭുത ലോകമാണ് ബാരിയർ റീഫ് . പല നിറങ്ങളിലും ആകൃതികളിലും വലുപ്പത്തിലുമുള്ള റീഫുകൾക്ക് ഇടയിൽ നീന്തി നടക്കുന്ന പലതരം മീനുകൾ. എന്തെല്ലാം അത്ഭുതങ്ങളാണ് സമുദ്രം അതിൻ്റെ അനന്തമായ ജലപ്പരപ്പിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്നത്!! 

ബോട്ടിലെ ഉച്ച ഭക്ഷണത്തിന്  ജാപ്പാനീസ് / ചൈനീസ് വിഭവങ്ങളായിരുന്നു കൂടുതലും. മീൻ പൊതുവെ ഇഷ്ടമില്ലാത്തതിനാൽ ചിക്കനിൽ തൃപ്തയായി. ബോട്ട് തിരികെ യാത്ര തുടങ്ങാൻ ധാരാളം സമയമുള്ളതതിനാൽ വീണ്ടും ഗ്രീൻ ഐലൻഡിലേക്ക് നടന്നു. കോറൽ റീഫിൽ നിന്ന് തിരകൾ അടർത്തിയെടുക്കുന്ന ഭാഗങ്ങളും മണലും അടിഞ്ഞ് അനേകായിരം വർഷങ്ങളാൽ നിർമ്മിതമായ coral cay ആണത്ര ഗ്രീൻ ഐലൻഡ്. അതിൽ കാറ്റും കിളികളും തിരകളും എത്തിച്ച വിത്തുകൾ മുളച്ചു പൊങ്ങി കാലാന്തരത്തിൽ മഴക്കാടുകളായി. വൃക്ഷങ്ങളുടെ വേരുകൾ റീഫിനു മുകളിൽ അടിഞ്ഞു ചേർന്ന മണലിനെയും കോറൽ അവശിഷ്ടങ്ങളെയും ഉറപ്പിച്ചു നിർത്തി. അവിശ്വസനീയമായ പരിണാമം! ഗ്രീൻ ഐലൻഡിൻ്റെ സ്വച്ഛമായ പാതകളിലൊരിടത്ത് ആ ചരിത്രം ആലേഖനം ചെയ്തിട്ടുണ്ട്. കാടിൻ്റെയും സമുദ്രത്തിൻ്റെയും ഇടയിലെ വഴിയിലൂടെ നടക്കുമ്പോൾ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന മനോഹരമായ സുവർണ മണൽത്തീരങ്ങൾ. അവിടെ ഒരിടത്തിരിക്കുമ്പോൾ അന്വേഷോത്സുകയായ ഒരു കുത്തിക്കിളി ഞങ്ങൾക്കിടയിൽ  തത്തി നടന്നു. ഒരു മരബെഞ്ചിൽ വച്ചിരുന്ന എൻ്റെ ബാഗിലും അവൾ കൊക്കുരുമ്മി നോക്കി. അവൾക്ക് കൊടുക്കാൻ കയ്യിലൊന്നുമില്ലായിരുന്നു. മടങ്ങിപ്പോകാൻ സമയമായതിനാൽ മനസ്സില്ലാമനസ്സോടെ ബോട്ടിലേക്ക് നടന്നു.

തിരികെ ഹോട്ടലിലെത്തി ഫ്രഷായി പെട്ടെന്ന് തന്നെ ഇറങ്ങി. നനഞ്ഞ തുണികൾ ബാൽക്കണിയുടെ കർട്ടൻ നിക്കി നിലത്ത് വിടർത്തിയിടാൻ മറന്നില്ല. Night market എന്ന വൈകീട്ട് തുറക്കുന്ന Shopping complex ൽ നിന്ന് അല്ലറചില്ലറ ഷോപ്പിംഗ് നടത്തി ഡിന്നർ കഴിക്കേണ്ട ഹോട്ടലിൻ്റെ വാഹനത്തിനായി കാത്തു നിന്നു. ചൈനീസ് , തായ് സോസുകളുടെ രൂക്ഷഗന്ധമുണ്ടായിരുന്നു അവിടെ. പുരാതന കാലം മുതലേ ധാരാളം ചൈനക്കാർ വന്നു ചേർന്ന സ്ഥലമാണ് കെയ്ൻസ്. ഒരു കാലത്ത് അവിടത്തെ ചെറുകിട കൃഷിയും കച്ചവടവും  അവരുടെ നിയന്ത്രണത്തിലായിരുന്നു. 1901 ൽ White Australia Policy നിലവിൽ വന്നതോടെ മറ്റു പല ഏഷ്യൻ വംശജരുടേത് പോലെ ചൈനയിൽ നിന്നുള്ള കുടിയേറ്റവും തടയപ്പെട്ടു. കാലക്രമേണ പല ഘട്ടങ്ങളിലായി white Australia Policy പിൻവലിക്കപ്പെട്ടു. 1975 ലാണ് Australia വർണ്ണ വർഗ്ഗ പരിഗണനകളില്ലാതെ കുടിയേറ്റത്തെ അംഗീകരിക്കാൻ തുടങ്ങിയത്. A Town like Alice എന്ന 1950  ൽ പ്രസിദ്ധികരിച്ച Nevil Shute നോവലിൽ Aboriginals നെ Abo എന്നും മംഗോൾ വംശജരെ Boong എന്നും പ്രതിപാദിച്ചിരുന്നത് ഓർമ്മ വന്നു. പക്ഷെ നമ്മൾ ഇന്ത്യക്കാർക്ക് വംശീയതയെ കുറിച്ച് സംസാരിക്കാൻ എന്തധികാരം!
 
ഡിന്നറിൻ്റെ പ്രധാന പരിപാടി ശ്രീകുമാരിയുടെ പിറന്നാളാഘോഷമായിരുന്നു. കേക്ക് മുറിക്കലും അളവില്ലാതെ ബിയറും വൈനും സ്വാദിഷ്ടമായ നോർത്ത് ഇന്ത്യൻ ഭക്ഷണവുമായി അത്താഴം ഭേഷായി. തിരികെ ഹോട്ടലിലെത്തി ലോബിയിൽ പാട്ടുകൾ പാടി ആഘോഷം പൊടിപൊടിച്ചു.

പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്തു. തലേന്ന് ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങൾ ഉണങ്ങിയിരുന്നു. ലഗ്ഗേജ് താഴെ ലോബിയിൽ വച്ച് ഹോട്ടലിനു മുന്നിലെ പാതയിലൂടെ കുറച്ചു നടന്നു. കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ഒരു കൊച്ചിഛായ ഉണ്ടെങ്കിലും നിറയെ കേൾക്കുന്ന കൂമൻ്റെ മൂളലുകൾ വ്യത്യസ്തമായി. അടുത്തുള്ള മരങ്ങളിലിരുന്നു മൂളുന്ന കൂമന്മാരെ കാണാൻ പറ്റിയില്ല. 

Kuranda Rainforestation Village ആണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം. Aboriginals ൻ്റെ തനത് ആയോധന കലകളും സംസ്കാരത്തിൻ്റെ ഭാഗമായ നൃത്തവുമൊക്കെ കാണുകയാണ് ലക്ഷ്യം. കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു, ആളെത്താൻ. കൗപീനം പോലെ ഒരു വസ്ത്രമുടുത്ത് മുഖത്തും ശരീരത്തിലും വരച്ചു ചേർത്ത വെള്ള വരകളുമായി സാമാന്യം നല്ല തടിയും വയറുമുള്ള ആളായിരുന്നു ഞങ്ങൾക്ക് ബൂമറാംഗ് പരിശീലനം നൽകാനെത്തിയത്. മഞ്ഞയും ചുവപ്പും നിറമുള്ള ബൂമറാംഗുകളുണ്ട്. മഞ്ഞ ബൂമറാംഗ് ഇടത് കയ്യിൽ ക്ലോക്കിലെ പതിനൊന്നു മണിയുടെ ചെരിവിലും ചുവപ്പ് വലതു കൈയിൽ  ഒരു മണിയുടെ ആംഗിളിലും പിടിച്ച് ബൂമറാംഗ് പ്രയോഗിക്കേണ്ട വിധം അദ്ദേഹം കാണിച്ചു തന്നു. ബൂമറാംഗ് ഉപയോഗിക്കാൻ പഠിക്കാൻ വലിയ ആവേശമായിരുന്നു. ആവേശത്തിന് ആനുപാതികമായി  പ്രയോഗത്തിൽ വരുത്താൻ കഴിയാത്ത നിരാശയിൽ മടങ്ങേണ്ടി വന്നു. പിന്നെ കുറച്ച് പരിശീലനം ചെയ്താൽ ഏതു ബൂമറാംഗും വഴങ്ങുമെന്ന് സ്വയം സമാധാനിച്ചു. 

മറ്റൊരിടത്ത് വച്ചിരിക്കുന്ന കുഴലുകളിലൂടെ വിവിധ ജീവികളുടെ ശബ്ദം കേൾപ്പിക്കേണ്ട വിധം അദ്ദേഹം കാണിച്ചു തന്നു. നാസികവും അനുനാസികവുമൊക്കെ ചേർത്ത് പല ജീവികളുടെ ശബ്ദങ്ങൾ കേൾപ്പിച്ചു. അഗ്രം വളഞ്ഞ ഒരു ദണ്ഡ് അദ്ദേഹം സ്ഥിരം കൊണ്ടു നടന്നിരുന്നു. അതിന് പല വിധ ഉപയോഗങ്ങളുണ്ട്. നിലത്ത് നിന്ന് ബൂമറാംഗ് എടുക്കാനും കുന്തത്തിൽ ചേർത്ത് ഉന്നം പിടിക്കാനുമൊക്കെ അദ്ദേഹം അത് ഉപയോഗിച്ചു. കാട്ടിൽ നടക്കുമ്പോൾ അത്തരമൊരു ദണ്ഡിന് നിരവധി ഉപയോഗങ്ങളുണ്ടാകാം. Hunter- gatherers ആണല്ലോ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വന്യമായ തെക്കൻ ഭൂഖണ്ഡത്തിൽ പാർപ്പുറപ്പിച്ച ആ ഏഷ്യൻ വംശജർ!

പിന്നീട് സ്റ്റേജിൽ നൃത്തപരിപാടി അരങ്ങേറി.  കൊതുകിനെ ഓടിക്കുന്നതും പാമ്പിൻ്റെയും കാസ്സോവരി എന്ന വംശനാശം നേരിടുന്ന അപകടകാരിയായ വലിയ പറക്കാത്ത പക്ഷിയുടെയും ചലനങ്ങളും ഒക്കെയാണ് നൃത്തത്തിൻ്റെ തീം. ഒരു പയ്യനൊഴികെ എല്ലാവരും വലിയ വയറും മേദസ്സുമുള്ളവരാണ്.  ആ ദുർമേദസ്സ് ( truncal  obesity) ഒരു ജനിതക ഘടനയാണെന്ന് Dr. ഗോപിനാഥ് പറയുന്നുണ്ടായിരുന്നു. അവർക്ക് അതിനാൽ പ്രത്യേകിച്ച്  അസുഖമൊന്നും  ഉണ്ടാവില്ലത്രെ. അവരുടെ നൃത്തച്ചുവടുകൾ കണ്ടപ്പോൾ അത് വ്യക്തമായി മനസ്സിലായി. വലിയ ശരീരമൊന്നും കാലുകളുടെ ചടുലതയ്ക്ക് തടസ്സമല്ല. നർത്തകിമാർ ആരും ഉണ്ടായിരുന്നില്ല എന്നതൊരു പോരായ്മയായി തോന്നി. നൃത്ത സംഘത്തിലെ ഗായകൻ്റെ കൂടെ ഒരു ഫോട്ടോ കൂടി എടുത്ത് ഞങ്ങൾ ഉച്ച ഭക്ഷണത്തിനായി റസ്റ്ററൻ്റിൽ കയറി. ഒരു ബാർബക്യൂ റസ്റ്ററൻ്റായിരുന്നു അത്. ഒന്നും അത്ര രുചികരമായി തോന്നിയില്ല. പഴങ്ങളും സാലഡുകളും ചിക്കനും തിന്ന് വയർ നിറച്ചു.

കുറാണ്ട വില്ലേജിലെ ഷോപ്പിംഗ് ഏരിയയിൽ നിന്ന് വിവിധ സ്റ്റോണുകൾ കൊണ്ട് നിർമ്മിച്ച ഏതാനും ബ്രേസ്‌ലറ്റുകൾ വാങ്ങി. ഓരോ സ്റ്റോണിനും പ്രത്യേക ഉദ്ദേശങ്ങളുണ്ട്. സർഗ്ഗാത്മകത, വിജയം, സന്തുലനം എന്നിങ്ങനെ നീണ്ടു പോകുന്നു സ്റ്റോണുകൾ നൽകുന്ന അനുഗ്രഹങ്ങൾ. തേൻ ഒരു പ്രധാന വിഭവമായിരുന്നു. പക്ഷെ മറ്റൊരു രാജ്യത്തെയും ജൈവ ഉൽപന്നങ്ങൾ കൊണ്ടു പോകാൻ പാടില്ലാത്ത ന്യൂസിലാൻഡിലേക്ക് പോകേണ്ടതിനാൽ റിസ്ക് എടുത്തില്ല.

കുറാണ്ട ഹെറിറ്റേജ് ട്രെയിൻ യാത്ര ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതായിരുന്നു. പക്ഷെ അത് അപ്പോൾ ലഭ്യമായിരുന്നില്ല. കുറാണ്ടാ റെയിൽവേസ്റ്റേഷനിൽ നിന്ന് ഏതാനും ഫോട്ടോകൾ എടുത്ത് ഞങ്ങൾ കേബിൾ കാർ സ്റ്റേഷനിലേക്ക് നീങ്ങി. നാല് സ്റ്റേഷനുകളാണ് കേബിൾ കാർ സിസ്റ്റത്തിലുള്ളത്. Kuranda Terminal, Barron falls, Red Peak, Smithfield Terminal. മഴക്കാടുകളുടെ മേലാപ്പിനു മുകളിലൂടെ കാടിൻ്റെ വന്യതയിലേക്ക് എത്തിനോക്കിക്കൊണ്ടുള്ള കേബിൾ കാർ സവാരി കോരിത്തരിപ്പിക്കുന്നതായിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മഴക്കാടുകളാണ് കുറാണ്ട. പച്ച മേലാപ്പിൽ അവിടവിടെ വെള്ളപ്പൂങ്കുലകളണിഞ്ഞുള്ള വൃക്ഷങ്ങൾ.  ദൂരെ ഭൂമീദേവിയുടെ പൊട്ടി വീണ വെള്ളിയരഞ്ഞാണം പോലെ ബാരോൺ നദി. കുറാണ്ട ടെർമിനലിൽ നിന്ന് ബാരോൺ ഫോൾസിൽ ഇറങ്ങി കാടിനുള്ളിലൂടെ ഒരു ചെറു നടത്തം.അവിടെ കെട്ടിയുണ്ടാക്കിയ വ്യൂപോയൻ്റിൽ നിന്ന് ബാരോൺ വെള്ളച്ചാട്ടം കാണാം. ഇന്ത്യയിലെ അനേകം കാടുകളിൽ ഇത്തരത്തിൽ പാതകൾ സൃഷ്ടിച്ചു കൂടേ എന്ന് ചിന്തിച്ചു പോയി. ഒരു പക്ഷെ അത്രയേറെ വന്യമൃഗങ്ങൾ ഇല്ലാത്തതാവാം ആസ്ട്രേലിയയിൽ ഇത്തരം നടപ്പാതകൾ സംഭാവ്യമാക്കിയത്.   

തിരികെ കേബിൾ കാറിൽ കയറി റെഡ് പീക് സ്റ്റേഷനിൽ ഇറങ്ങി നടന്ന് മറ്റൊരു വ്യൂ പോയൻ്റ്.  അതികായരായ വൃക്ഷങ്ങളും വള്ളികളും പന്നലുകളും ഒരുക്കുന്ന നിബിഢ വനാന്തരത്തിൽ ഉയർത്തിപ്പണിത പാതയിലൂടെയുള്ള നടത്തം അവിസ്മരണീയമായി. അവിടെ ഒരു പടുകൂറ്റൻ വൃക്ഷത്തിൻ്റ  ( Queensland  Kauri) ചുവട്ടിലെ ഫലകത്തിൽ ഇങ്ങനെ ആലേഖനം  ചെയ്തിരിക്കുന്നു. 

"King of the jungle! 
It's amazing to think that this majestic Queensland Kauri stood here long before the first Europeansset eyes on Australia. "
 അത് ആ മഴക്കാടുകൾക്കും അവിടത്തെ ആദിവാസികൾക്കും ഒരു പോലെ ചേരുമെന്ന് തോന്നി.

കേബിൾ കാർ അവസാന  സ്റ്റേഷനായ സ്മിത്ത് ഫീൽഡ് ടെർമിനലിൽ എത്തിയപ്പോൾ ബസ്സ് അവിടെയെത്തിയിരുന്നു. അടുത്ത ലക്ഷ്യമായ സിഡ്നിയിലേക്ക് പറക്കാനായി നേരെ എയർപോർട്ടിലേക്ക്..സെൽഫ് ചെക്കിൻ അഭ്യാസങ്ങളൊക്കെ കഴിഞ്ഞ് ഗേറ്റിലെത്തി. അവിടെ കാത്തിരിക്കുമ്പോൾ നിലത്ത് കാൽവിരലുകളിൽ കുന്തിച്ചിരിക്കുന്ന ഒരാൾ തൊട്ടുമുമ്പിൽ.' A Town like Alice' ൽ വിവരിക്കുന്ന outback ലെ cattle station workers ഇരിക്കുന്ന രീതി ഓർമ്മ വന്നു. ഒരു പക്ഷെ അയാൾ ഔട്ട് ബാക്കിലെ ഏതെങ്കിലും cattle station ൽ  നിന്നുള്ള ആളായിരിക്കാം. 

നന്ദി കെയ്ൻസ്! മായക്കാഴ്ചകൾക്ക്! അവിസ്മരണീയമായ അനുഭവങ്ങൾക്ക്! വിട!

പ്രീത രാജ്

Comments

Post a Comment

Popular posts from this blog

തെക്കോട്ടിറക്കം- മെൽബൺ

കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്