ദക്ഷിണായനം- സിഡ്നി
ദക്ഷിണായനം - സിഡ്നി
1770 ഏപ്രിലിലാണ് ലഫ്. തോമസ് കുക്ക് എന്ന ബ്രിട്ടീഷ് നാവികൻ ഇന്നത്തെ സിഡ്നിയുടെ ഭാഗമായ ബോട്ടണി ബേയിൽ എത്തിച്ചേർന്നത്. അവിടത്തെ ആദിവാസി ജനതയുടെ ശക്തമായ എതിർപ്പ് നേരിട്ട് ഒരാഴ്ചയോളം അവിടെ തങ്ങിയതിനു ശേഷം അദ്ദേഹം തിരികെ പോയി. തെക്കൻ ഭൂഖണ്ഡത്തിലെ ( The land down under) വനവിഭവങ്ങളിലും മറ്റു ഭൂവിഭവങ്ങളിലും കണ്ണു നട്ടിരുന്നിരുന്ന യൂറോപ്യൻ നാവിക ശക്തികളുടെ അധിനിവേശത്തിന് തുടക്കമിട്ടത് ആ യാത്രയാണ്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം ക്യാപ്റ്റൻ ആർതർ ഫിലിപ്പിൻ്റെ നേതൃത്വത്തിൽ എഴുനൂറോളം ശിക്ഷിക്കപ്പെട്ട കുറ്റവാളികളുമായി എത്തിയ കപ്പൽ സംഘം, 1788 January 26 ന് പോർട്ട് ജാക്സണിൽ ( Port Jackson ) ൽ ഒരു ബ്രിട്ടീഷ് പീനൽ കോളണി സ്ഥാപിച്ചു. ആ ദിവസമാണ് ഇന്ന് ആസ്ട്രേലിയ ഡേ ആയി ആഘോഷിക്കപ്പെടുന്നത്.
രാത്രി ഏറെ വൈകിയാണ് ഞങ്ങൾ സിഡ്നിയിൽ എത്തിച്ചേർന്നത്. Cairns ൽ നിന്നുള്ള യാത്രക്കിടയിൽ പാക്കറ്റിൽ എയർപോർട്ടിൽ എത്തിച്ചിരുന്ന ഭക്ഷണം കഴിച്ചിരുന്നു. ഹോട്ടൽ Mercure Black town ലേക്കെത്താൻ ഏകദേശം ഒരു മണിക്കൂറോളം സമയമെടുക്കും. ഇന്ത്യക്കാർ , പ്രത്യേകിച്ചും തെക്കേ ഇന്ത്യക്കാർ ധാരാളമുള്ള ബ്ലാക്ക് ടൗണിലേക്കുള്ള വഴിയിൽ വലിയൊരു തുരങ്കമുണ്ട്. പഞ്ചാബിൽ നിന്നുള്ള സൽമാൻ എന്ന ഞങ്ങളുടെ ക്യാപ്റ്റൻ അവിടെ ഒരു ഗുരുദ്വാരയും സത്യനാരായണ ക്ഷേത്രവുമുണ്ടെന്നും ഒരു ഗുജറാത്തി സംഘത്തോടൊപ്പം ക്ഷേത്രത്തിൽപോയതും ഗുരുദ്വാരയിൽ വരുന്നവർക്കെല്ലാം വിളമ്പുന്ന ഭക്ഷണത്തെ കുറിച്ചും ഉത്സാഹത്തോടെ വിവരിച്ചു.
സിഡ്നിയിൽ വച്ചാണ് പ്രൊഫ. ജോഷ് ശ്രീധരനും അദ്ദേഹത്തിൻ്റെ സഹധർമ്മിണി
ഷൈലയും സംഘത്തോടൊപ്പം ചേർന്നത്. അതൊരു pleasant surprise ആയിരുന്നു. കൊടുങ്ങല്ലൂർ എന്ന നാടും ഇരിങ്ങാലക്കുട St. Joseph's കേളേജും ഷൈലക്കും എനിക്കും ഇടയിൽ മധുരമായ ഓർമ്മകളുടെ നൂലിഴകൾ തീർത്തു. ഞങ്ങളുടെ സംഘബലം 27 ആയി വർദ്ധിച്ചു.
രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം സിഡ്നി നഗരക്കാഴ്ചകൾ കാണാനായി പുറപ്പെട്ടു. ഡാർലിംഗ് ഹാർബറിൽ കാഴ്ച ബംഗ്ലാവും (Sydney Wildlife Zoo)
അക്വേറിയവും (Sydney Sea life Aquarium) സന്ദർശിക്കലാണ് ആദ്യ ലക്ഷ്യം. സഞ്ചിമൃഗങ്ങളുടെ ( marsupials) സ്വന്തം നാടായ ആസ്ട്രേലിയയിലെ കാഴ്ചബംഗ്ലാവിൽ സ്വാഭാവികമായും ആ വിഭാഗത്തിൽ പെട്ട വിവിധ ജാതി വിഭാഗങ്ങളുണ്ട്. കാങ്കരു (Kangaroo), വാലബി(Wallaby), കൊവാല ( Koala), വുംബാറ്റ് ( Wombat), ടാസ്മാനിയൻ ഡെവിൾ (Tasmanian Devil) എന്നിങ്ങനെ ചെറുതും വലുതുമായ ജീവിവർഗ്ഗങ്ങൾ. എല്ലാവരെയും മെൽബണിലെ Moonlit Sanctuary യിൽ കണ്ടുമുട്ടിയതാണ്. ഒരിടത്തും ഉണർന്നിരിക്കുന്ന , കൊവാലയെ കണ്ടുമുട്ടിയില്ല. പ്രധാനമായും യൂക്കാലിപ്റ്റസ് ഇലകൾ ഭക്ഷിക്കുന്ന കൊവാലകൾക്ക് ഇരുപത് മണിക്കൂറോളം ഉറങ്ങണമത്രെ. ഭക്ഷണത്തിലെ താഴ്ന്ന അളവിലുള്ള ഊർജ്ജമാണ് ഈ ഉറക്കത്തിന് കാരണം. ചുറ്റും നിറയുന്ന കാഴ്ചക്കാരുടെ ബഹളമൊന്നും മരക്കൊമ്പുകളിലിരുന്നുറങ്ങുന്ന പഹയന്മാർക്ക് ഒരു പ്രശ്നവുമില്ല. നാലു മണിക്കൂർ ഉണർച്ചയിൽ എന്താണാവോ പരിപാടി!?. തിന്നുക തന്നെയായിരിക്കും പ്രധാന അജണ്ട.
കസ്സോവരി എന്ന പറക്കാത്ത പക്ഷിയാണ് മറ്റൊരു പ്രധാന കക്ഷി. അപകടകാരി എന്ന വിശേഷണമുള്ള ഈ ഭംഗിയുള്ള ഭീമൻ പക്ഷി ഒറ്റയാന്മാരായി കാടിനുള്ളിൽ വസിക്കുന്നവരാണ്. കൂർത്ത നഖങ്ങളും ശക്തിയുള്ള കാലുകളുമുപയോഗിച്ച് മാരകമായ പ്രഹരമേൽപ്പിക്കാൻ കഴിവുള്ളവരാണ് കസ്സോവരികൾ. തലയിലൊരു തൊപ്പിയും കറുത്ത ദേഹവും നീലക്കഴുത്തുമുള്ള കസ്സോവരി വലുപ്പത്തിൽ ഒട്ടകപ്പക്ഷിക്കും എമുവിനും മാത്രം പുറകിലാണ്. നീന്താൻ കഴിവുള്ള കസ്സോവരി വംശനാശ ഭീഷണി നേരിടുന്ന പക്ഷിയാണ്.
നീന്തിയും തത്തി നടന്നും വഴക്കടിച്ചും കൂട്ടം കൂടിയും പെൻഗ്വിനുകൾ നല്ല കാഴ്ച വിരുന്നൊരുക്കി. തലയ്ക്കുമുകളിൽ ഷാർക്കുകളും മീനുകളും നീന്തി നടന്നപ്പോൾ ഒരു തിരണ്ടി (Sting ray) പുഞ്ചിരി പൊഴിച്ച് അവൻ്റെ ഭീമൻ ശരീരം പ്രദർശിപ്പിച്ചു കൊണ്ട് വട്ടമിട്ടു നീന്തി. കാഴ്ചക്കാരെ അഭിമുഖീകരിക്കാൻ വലിയ താത്പര്യമില്ലാത്ത കടൽപ്പശു (dugong) 'ഇവന്മാർക്കൊന്നും വേറെ ഒരു പണിയുമില്ലേ 'എന്ന ഭാവത്തിൽ കാണാമായത്ത് ഒളിച്ചിരുന്നു. അതിൻ്റെ ഏറ്റവും പ്രിയപ്പെട്ട മെനു അവിടെ എഴുതിവച്ചിരുന്നു. അതിങ്ങനെയാണ്
"MENU
BREAKFAST
*Lettuce
LUNCH
*Lettuce on lettuce
*Lettuce with lettuce
DINNER
*Lettuce with lettuce and lettuce
*Lettuce with more lettuce"
ലെറ്റൂസ് പ്രേമിയെ കാണാൻ കഴിഞ്ഞില്ലെങ്കിലും അവിടെ വച്ചിരുന്ന അതിൻ്റെ ശിൽപത്തിൻ്റെ കൂടെ ഫോട്ടോ എടുത്ത് തൃപ്തിയടഞ്ഞു.
ഉച്ച ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ നഗരക്കാഴ്ചകളിലേക്കിറങ്ങി. New South Wales സ്റ്റേറ്റ് പാർലമെൻ്റ് ബിൽഡിംഗ്, സ്റ്റേറ്റ് ലൈബ്രറി, സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് എന്നിങ്ങനെ നഗര പര്യടനം പുരോഗമിച്ചു. മനോഹരമായ ഒരു പാർക്കിൽ പടർന്ന് കായ്ചു നിൽക്കുന്ന ഒരു ആസ്ട്രേലിയൻ ബാൻയൻ ട്രീ യുടെ അരികിലൂടെ പുൽത്തകിടിയിലേക്കിറങ്ങി ഓപ്പെറ ഹൗസിൻ്റെയും ഹാർബർ ബ്രിഡ്ജിൻ്റെയും ദൂരക്കാഴ്ച കണ്ടാസ്വദിച്ചു. സിഡ്നിയിൽ അത്തരം പാർക്കുകൾ ധാരാളമുണ്ട്.
നായ്ക്കളെ അധികം കണ്ടില്ലല്ലോ എന്ന ചിന്ത മനസ്സിലൂടെ കടന്നു പോയി. ആസ്ട്രേലിയൻ എഴുത്തുകാരിയായ കോളീൻ മക്കല്ലോയുടെ ( Colleen McCullough) The thorn bird ൽ Dingo എന്ന ഇണങ്ങാത്ത ആസ്ട്രേലിയൻ ഔട്ട് ബാക്ക് നായകളെ പരാമർശിക്കുന്നുണ്ട്. കൃഷിസ്ഥലങ്ങളിൽ നിന്ന് അവയെ അകറ്റി നിർത്താൻ dingo fences വരെ നിർമ്മിച്ചിട്ടുണ്ട് എന്നതിൽ നിന്നു തന്നെ അവയുടെ ആക്രമണ സ്വഭാവം ഊഹിക്കാവുന്നതാണ്.
ഒഴിവ് കിട്ടിയ ഒരു സമയത്ത് ക്യാപ്റ്റൻ സൽമാനോട് ഔട്ട് ബാക്കിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം അവിടെയൊന്നും പോയിട്ടില്ലെന്ന് മാത്രമല്ല, അധികമൊന്നും കേട്ടറിവുമുള്ളതായി തോന്നിയില്ല. 27 വർഷമായി ഓസ്ട്രേലിയയിൽ താമസമാക്കിയിട്ടുള്ള സൽമാൻ തലസ്ഥാനമായ കാൻബറ വരെ മാത്രമേ പോയിട്ടുള്ളത്രേ.
വിസ്തൃതമായ ഒരു രാഷ്ട്രത്തിൻ്റെ അധികം ആൾപ്പാർപ്പില്ലാത്ത, മരുഭൂമികളും സമതലങ്ങളും പർവ്വതങ്ങളും ഉൾപ്പെട്ട ചുവന്ന ഉൾഭാഗങ്ങൾ എത്രത്തോളം അപ്രാപ്യമാണെന്ന ചിന്ത എന്നെ പിടി കൂടി. Aboriginal ജനത പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പു തന്നെ എല്ലായിടത്തും വാസമുറപ്പിച്ചിരുന്നെങ്കിലും യൂറോപ്യൻ അധിനിവേശ ശക്തികൾ ചൂടും പൊടിയുമുള്ള ഈച്ചകളാർക്കുന്ന വരണ്ട ഉൾ ഭാഗങ്ങളെ ആദ്യമൊക്കെ അവഗണിച്ചിരുന്നു. സിഡ്നിക്കടുന്ന ബ്ലൂ മൗണ്ടൻ കടന്നത് അധിനിവേശത്തിൻ്റെ 25-ാം വർഷത്തിലാണ്. 1858 ൽ ആണ് John McDouall Stuart ഓസ്ട്രേലിയയുടെ തെക്കൻ തീരത്തുള്ള അഡലെയ്ഡ് നിന്ന് വടക്കേ തീരത്തെത്തി വിജയകരമായി യാത്ര പൂർത്തിയാക്കി ആൾനാശമില്ലാതെ മടങ്ങിയെത്തിയത്. Stuart അടയാളപ്പെടുത്തിയ പാതയാണ് ഔട്ട് ബാക്കിൽ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കാൻ ഉപയോഗപ്രദമായത്. ഇപ്പോഴും ഏറെയൊന്നും പ്രാപ്യമല്ലാത്ത ആസ്ട്രേലിയയുടെ ചുവന്ന കേന്ദ്രത്തിലേക്ക് പ്രധാന യാത്രാ മാർഗ്ഗം ചെറു വിമാനങ്ങളാണ്. തെക്ക് അഡലെയ്ഡിൽ നിന്ന് വടക്ക് ഡാർവിൻ വരെയുള്ള "The Ghan" എന്ന ആഡംബര ട്രെയിൻ യാത്രയുടെ വിവരങ്ങൾ കിട്ടിയത് സിഡ്നിയിൽ നിന്ന് ക്രൈസ്റ്റ്ചർച്ചിലേക്കുള്ള വിമാനയാത്രയിലാണ്. ഇടയിൽ പലയിടത്തായി നിർത്തി പ്രധാന സ്ഥലങ്ങളെല്ലാം പര്യടനം നടത്തിയുള്ള യാത്ര രസകരമായിരിക്കുമെന്ന് തോന്നി.
ആറു മണിയോടെ സിഡ്നി ഷോ ബോട്ട് ക്രൂയിസിനായി സിഡ്നി ഹാർബറിലെത്തി. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ക്രൂയിസിൽ തന്നെയാണ് ഡിന്നർ. സീഫുഡായിരുന്നു പ്രധാനം. Smoked salmon, oyster, sushi എന്നിങ്ങനെ മുന്നിൽ നിരന്നവയിൽ എൻ്റെ രസമുകുളങ്ങൾക്ക് രസിക്കുന്നവ കുറവായിരുന്നു. ഡെസ്സേർട്ടായി കിട്ടിയ പൈനാപ്പിൾ പൈ ആ ക്ഷീണം തീർത്തു. DJ തകർക്കുന്നുണ്ടായിരുന്നു. ഒരു ഹിന്ദി നമ്പറിന് കൂടി ചുവടുവയ്ക്കാൻ നർത്തകർ മറന്നില്ല. ബോട്ടിൽ നിന്നുള്ള ഹാർബർ ബ്രിഡ്ജിൻ്റെയും ഓപ്പെറാ ഹൗസിൻ്റെയും കാഴ്ച മാസ്മരികമായിരുന്നു. ശനിയാഴ്ച ആയതിനാലാവാം,
രാത്രി വൈകി ഹോട്ടലിലേക്ക് തിരിച്ചു പോകുമ്പോൾ വഴിയിൽ പബുകൾക്ക് മുൻപിൽ കുറെ ചെറുപ്പക്കാരെ കണ്ടു. അത്തരം കാഴ്ച ആസ്ട്രേലിയയിൽ ആദ്യമായാണ് കണ്ടത്. ആസ്ട്രേലിയൻ രീതിയിൽ രാത്രി ജീവിതം വാരാന്ത്യത്തിൽ മാത്രമാണെന്നു തോന്നുന്നു.
നഗരം ഉണർന്നിരിക്കുന്ന ആ രാവിൽ ഹോട്ടലിലേക്കുള്ള ബസ്സ് യാത്രയിൽ കൺപോളകളിൽ തൂങ്ങി നിന്ന ഉറക്കം, കിടക്കയിൽ വീഴേണ്ട താമസം ബോധതലങ്ങളിലേക്കും പടർന്നു.
പ്രീത രാജ്
Well described 👌 Congrats, Preetha 👏
ReplyDeleteThank you🙏
Delete