ആൽഫ
ആൽഫ ടി.ഡി. രാമകൃഷ്ണൻ ഭ്രമയുഗം കണ്ടപ്പോൾ സിദ്ധാർത്ഥ് ഭരതൻ്റെ പാചകക്കാരൻ എന്താണുണ്ടാക്കുന്നത് എന്ന് ചിന്തിച്ചിരുന്നു. വലിയ കഷ്ണങ്ങളായി എതോ മാംസവും കൂട്ടിവച്ചിരിക്കുന്ന വേരുകളും മറ്റെന്തൊക്കെയോ ചേർത്തുണ്ടാക്കുന്ന, കറിയാണോ സൂപ്പാണോ എന്നറിയാത്ത സാധനവും വലിയ കിഴങ്ങ് കഷ്ണങ്ങളും എല്ലാം മറ്റു രണ്ടു പേർ ആസ്വദിച്ച് കഴിക്കുന്നുണ്ടായിരുന്നു. ആൽഫ വായിച്ച് കഴിഞ്ഞിട്ട് ഏതാണ്ടതേ മാനസികാവസ്ഥ. എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. പതിമൂന്ന് കഥാപാത്രങ്ങളെയും വിവരിക്കുന്നുണ്ട്. പക്ഷെ കഥ വികസിക്കുമ്പോൾ ആരാ എന്താ എന്നൊന്നും പിടികിട്ടാത്ത പോലെ. അതൊട്ടു പ്രസക്തവുമല്ല എന്നതാണ് സത്യം. ഉപലേന്ദു ചാറ്റർജിയുടെ ശരിയായ ലക്ഷ്യം പോലും അവ്യക്തം. മറ്റു ശാസ്ത്ര ശാഖകളിലേത് പോലെ നരവംശശാസ്ത്ര ഗവേഷണങ്ങളും സ്വയം പരീക്ഷിച്ചറിയണം എന്ന മോഹം? സ്വയം പരീക്ഷണമൃഗമായി ചരിത്രത്തിൻ്റെ താളുകളിൽ കയറിപ്പറ്റാനുള്ള ശ്രമം? പ്രധാനമന്ത്രി ഏൽപ്പിച്ച ചുമതലയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള വഴി? വ്യക്തമായത് താഴെ പറയുന്ന മൂന്നു കാര്യങ്ങൾ മാത്രം. പരിപൂർണ്ണ സ്വാതന്ത്യം ഒരു മിഥ്യയാണ്. സംസ്കൃത സമൂഹത്തിൽ മാത്രമേ പെണ്ണിന് അൽപമെങ്കിലും...