ചില നാട്ടുകാര്യങ്ങൾ
ചില നാട്ടുകാര്യങ്ങൾ പല വിധ കാരണങ്ങളാൽ കുറച്ചു കാലമായി നാട്ടിലെത്തിയാൽ ഒന്നിനും നേരം കിട്ടാറില്ല. സ്വസ്ഥമായി ഒരു വാരാന്ത്യം തരായപ്പോൾ ശരിക്കും ആസ്വദിച്ചു. ഉത്സവങ്ങൾക്കൊഴികെ ക്ഷേത്രങ്ങളോട് അകലം പാലിക്കുന്ന രാജ് കോഴിക്കോട് പോയതിനാൽ ക്ഷേത്ര ദർശനങ്ങളായിരുന്നു എൻ്റെ പ്രധാന പദ്ധതി. വള്ളുവനാടൻ പ്രകൃതി ഏറ്റവും ഭക്തിസാന്ദ്രമാവുന്നത് ഡിസംബർ- ജനുവരി മാസങ്ങളിലാണെന്ന് തോന്നിയിട്ടുണ്ട്. വ്രതശുദ്ധിയുടെ നാളുകൾക്ക് അകമ്പടിയായി കുളിരും കാറ്റും മാമ്പൂവിൻ്റെ മണവും. വൃശ്ചികക്കാറ്റത്ര സജീവമായിട്ടില്ല ഇക്കുറി. ശനിയാഴ്ച രാവിലെ ശിവക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. സതിച്ചെറിയമ്മയുടെ വീടിൻ്റെ ചെറിയ ഗേറ്റ് കടന്നാൽ ഇരുൾ വീണു കിടക്കുന്ന ഇടവഴിയിലേക്ക് കയറാം. ഇടവഴിയുടെ കുറച്ചു ഭാഗം ഈയിടെ നിരപ്പാക്കി വീതി കൂട്ടിയിട്ടുണ്ട്. കുറച്ചു ഭാഗം ഇപ്പോഴും പഴയ പോലെ തന്നെയുണ്ട്. പണി പകുതിയായപ്പോൾ നഗരസഭയുടെ പണം തീർന്നത്രെ. 'കയ്യിലൊരു വടി എടുത്തോ നായ്ക്കൂട്ടങ്ങളുണ്ടാവും' എന്നച്ഛൻ പറഞ്ഞിരുന്നു. അപ്പോൾ അതൊക്കെ നിസ്സാരമായി തള്ളിയെങ്കിലും നായ്ക്കളുണ്ടോ, കല്ലിനടിയിൽ പാമ്പുണ്ടോ എന്നൊക്കെ നോക്കിയാണ് നടന്നത്. ഈയിടെയായി മ...