ബാഷ്പീകൃതരും പെൺനീതിയും

അരുന്ധതി റോയിയുടെ 'Mother Mary Comes to Me' വായിച്ചു കൊണ്ടിരിക്കെയാണ് സോഷ്യൽ മീഡിയയിൽ 'എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ' വിവാദം കൊഴുക്കുന്നത്. എം.ടി. യുടെ ജീവചരിത്രമോ ബാഷ്പീകൃതയുടെ ആറാം വിരലോ വായിക്കാൻ ഇതുവരെ തോന്നിയിട്ടില്ല. എം.ടി. വാസുദേവൻ നായർ എന്ന മനുഷ്യനെയല്ല, അദ്ദേഹം സൃഷ്ടിച്ച ജീവിതഗന്ധിയായ കഥാപാത്രങ്ങളെയാണ് ഞാൻ എന്നും ഇഷ്ടപ്പെട്ടത്, നെഞ്ചോട് ചേർത്തിട്ടുള്ളത്. പൊളിട്ടിക്കലി കറക്ട് ആയ സംഭാഷണങ്ങൾ മാത്രം പറയുന്ന ആത്മാവില്ലാത്ത കഥാപാത്രങ്ങളല്ല, കുറ്റങ്ങളും കുറവുകളുമുള്ള ഒരു കാലഘട്ടത്തിൻ്റെ പരിഛേദങ്ങളായ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ. 

The God of Small Things അരുന്ധതി അമ്മ മേരി റോയ്ക്ക് സമർപ്പിക്കുന്നത് " To my mother who loved me enough to let me go" എന്നാണ്. Mrs. Roy ആ വാചകത്തെ മുറുകെ പിടിച്ചിരുന്നത്രെ. പതിനേഴാം വയസ്സിൽ വീടുവിട്ടു പോയ മകളെ കുറിച്ച് തരിമ്പും അന്വേഷിക്കാതെ അവളെ 'സ്നേഹിച്ച' അമ്മ. പക്ഷെ മദർ മേരിയിൽ അരുന്ധതി അത് താൻ അമ്മയ്ക്ക് വേണ്ടി ഉണ്ടാക്കിയ വെറും വാചകമാണ്  എന്ന് തുറന്നു പറയുന്നു. അവർ ജീവിച്ചിരിക്കുമ്പോൾ മദർ മേരി എഴുതാൻ കഴിയുമായിരുന്നില്ല എന്നും പറയുന്നു. 

അതി സങ്കീർണ്ണമായ ബന്ധ സമവാക്യങ്ങളാണ് മദർ മേരിക്ക് മക്കളുമായും ചുറ്റുപാടുമുള്ളവരുമായും ഉണ്ടായിരുന്നത് എന്ന് മകൾ പറയുമ്പോൾ അത് വിശ്വസിക്കാതെ വയ്യ. പ്രത്യേകിച്ച് എഴുത്തുകാരി ഇത് ആത്മകഥാപരമാണ് എന്ന് പറയുമ്പോൾ. സമൂഹത്തിൽ ശക്തമായ നിലപാടുകൾ എടുക്കുമ്പോൾ അടുത്ത ബന്ധങ്ങളുടെ രസതന്ത്രങ്ങളിൽ ഉള്ളിലെ അരക്ഷിതാവസ്ഥ സ്ഫോടനങ്ങളുണ്ടാക്കുന്നതാവാം.

പറഞ്ഞു വന്നത് രണ്ടു പേരുടെ വ്യക്തിപരമായ കാര്യങ്ങൾ അവരുടെ ബന്ധത്തിൻ്റെ രസതന്ത്രം അറിയാത്തവർ ഉണ്ടാക്കുന്ന സമവാക്യങ്ങൾക്ക് അനുസരിച്ച് ആയിരിക്കണമെന്നില്ല. അത് സ്ഥാപിക്കേണ്ടത് അവരിൽ ഒരാളോ അല്ലെങ്കിൽ അത്രയും അടുത്തറിയുന്ന ആളുകളോ ആണ്. ബാക്കിയെല്ലാം വെറും പുലമ്പലുകൾ.

പക്ഷെ മരിച്ചു പോയ അച്ഛനമ്മമാരുടെ  എന്നോ തെറ്റിപ്പോയ സമതുലനത്തിൻ്റെ കഥ പൊതു ജനം ഇഴ കീറുമ്പോൾ മക്കൾക്ക് നോവും. പ്രത്യേകിച്ച് വയോധികയായ ഒരമ്മ വീട്ടിലുള്ള മകൾക്ക്. എഴുത്തിടത്തിലില്ലാത്ത സ്ത്രീകൾക്കും വേണ്ടേ പെൺനീതി? മൺമറഞ്ഞ ഒരു എഴുത്തുകാരിയെ പുനർജീവിപ്പിക്കലാവാം, അത് പക്ഷെ അവരുടെ കൃതികളിലൂടെയല്ലേ വേണ്ടത്? വരികളും വരികൾക്കിടയിലും വായിച്ചും ഗണിച്ചും ഊഹാപോഹങ്ങൾ ചേർത്തും മറ്റുള്ളവർ മെനഞ്ഞ് എടുക്കേണ്ടതല്ല ഒരാളുടെ അസ്തിത്വം എന്ന് തന്നെ വിശ്വസിക്കുന്നു.


പ്രീത രാജ്
 




Comments