കലാച്ചി
കലാച്ചി
കെ.ആർ. മീര
ഡി.സി.ബുക്സ്
കൊച്ചുമോൾ കുഞ്ഞിപ്പാപ്പുവിന് fairy tales വായിച്ചു കൊടുത്തിരുന്നപ്പോൾ തന്നെയാണ് ' കലാച്ചി ' വായന തുടങ്ങിയത്. ആ വായന എല്ലാ യക്ഷിക്കഥകൾക്കുള്ളിലും മറ്റൊരു പൊരുൾ തേടാൻ പ്രേരിപ്പിച്ചു.
Sleep as a political metaphor in fairy tales എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനിടയിൽ കസാഖ്സ്ഥാനിലെ കലാച്ചി എന്ന ഉറക്കരോഗ ബാധിത പ്രദേശത്തെത്തി ജയിലിലായ കാമുകനെ അന്വേഷിച്ച് ഡോ. ഫിദ നടത്തുന്ന യാത്ര ഒരു യക്ഷിക്കഥ പോലെ അവിശ്വസനീയം. കസാഖ്സ്ഥാനിലെ പുൽമേടുകളും തടാകങ്ങളും പാറക്കെട്ടുകളും ബിർച്ച്, പോപ്ളാർ തുടങ്ങിയ മരങ്ങളും ആ കഥക്ക് മനോഹരമായ ഭൂമികയൊരുക്കുന്നു. ഇലകൾ പൊഴിച്ചും മഞ്ഞു പെയ്യിച്ചും കാറ്റായും ഇളവെയിലായും മഴയായും പ്രകൃതി അതിൽ പങ്കു ചേരുന്നു. പോസിഡോൺ എന്ന കുതിരയും കുഞ്ഞി എന്ന കുട്ടിച്ചെന്നായയും അക്കു എന്ന വേട്ടപ്പരുന്തും മറ്റു കഥാപാത്രങ്ങൾക്കൊപ്പം പ്രധാന വേഷങ്ങൾ കയ്യാളുന്നു. കാറ്റിൽ ഓളങ്ങൾ തീർത്ത് നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന സ്റ്റെപ്പിയും ടെൻ്റിനുള്ളിൽ ചാരിയിരുന്ന് പുഞ്ചിരി പൊഴിക്കുന്ന അസ്ഥികൂടവും മാന്ത്രികതയുടെ കടും നിറങ്ങൾ പകർന്ന് യക്ഷിക്കഥയെ പൂർണ്ണമാക്കുന്നു.
മതം, രാഷ്ട്രം, ദേശീയത എന്നീ വൃത്തങ്ങൾ കൂടിക്കുഴയുമ്പോൾ ഇടം നഷ്ടപ്പെടുന്ന മനുഷ്യരെ കഥയിലുടനീളം കാലദേശഭേദമെന്യെ കാണാം. മനുഷ്യ ജീവിയുടെ ടെറിട്ടോറിയൽ നിർവ്വചനങ്ങൾ അവൻ്റെ തലച്ചോറിലെ ചുക്കിച്ചുളിവുകൾ പോലെ സങ്കീർണ്ണമാണല്ലോ!
ഡോ. ഫിദ, മീരയുടെ മറ്റു പല കഥാപാത്രങ്ങളെ പോലെ തന്നെ സാപിയോ സെക്ഷ്വലും റൂഹിൻ്റെ ശബ്ദം കേൾക്കുന്നവളുമാണ്. നിസാം അനിസാക്ഷിയിലെ ഉണ്ണിനമ്പൂതിരിയെ ഓർമ്മിപ്പിച്ചു. പിതാവിൻ്റെ മതാധിഷ്ഠിതമായ നിർബ്ബന്ധ ബുദ്ധിക്ക് സ്വയം വിട്ടു കൊടുത്ത് പ്രിയപ്പെട്ടവളെ ഉപേക്ഷിക്കേണ്ടി വന്നവൻ.
" ഞാൻ ജീവിച്ചിരിക്കുമ്പോൾ നീ ജയിലിൽ പോകില്ല. അങ്ങനെ സംഭവിച്ചാൽ സയ്യിദ് നിസാം അബൂബക്കർ നഖ് വി പിന്നെ ഇല്ല. "
എന്ന് ഫിദയോട് പറയുന്നിടത്ത് വികാരങ്ങൾ ഉള്ളിലൊതുക്കുന്ന അവധ് മാന്യതയ്ക്കുള്ളിലും അയാളുടെ ഉള്ളിൽ അലയടിക്കുന്ന ആത്മസംഘർഷം വെളിവാക്കപ്പെടുന്നു. ഇജാസ് അലിക്ക് കിട്ടിയ നിധിയായിരുന്നു ഫിദയുടെ പ്രണയം. പക്ഷെ നിർഭാഗ്യങ്ങളുടെ ഭാണ്ഡമായിരുന്നു എന്നും അയാൾക്ക് പേറേണ്ടി വന്നത്.
ശക്തരായ അമ്മക്കഥാപാത്രങ്ങൾ ജീവിതത്തിലുടനീളം ഉള്ളിലെ തീപ്പൊരി കെടാതെ കാത്ത് തലയുയർത്തി നിൽക്കുമ്പോൾ, ഒറ്റമകൾ തനിക്ക് പാകമാകാത്ത വേഷം നിർബ്ബന്ധ ബുദ്ധിയോടെ എടുത്തണിഞ്ഞ് അതിനുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്നത് വേദനയോടെ കണ്ടു നിൽക്കേണ്ടി വരുന്നുണ്ട് ഫിദയുടെ മിതവാദിയായ വാപ്പിച്ചക്ക്.
എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് നായിക എത്തിച്ചേർന്നെങ്കിലും പേകാനിടമില്ലാതെ അവകാശപ്പെടാനൊന്നുമില്ലാതെ സ്മൃതിനാശത്തിൻ്റെ മോചനമില്ലാത്ത തടവറയിൽ അകപ്പെടുന്നു ഇജാസ് അലി എന്ന നായകൻ. നാട്ടിൽ തിരിച്ചെത്തുന്ന ഫിദ ജാപ്പാനീസ് യക്ഷിക്കഥയിലെ ഉരശിമ തരോ എന്ന നായകനെപ്പോലെ തൻ്റെ നാട്ടിൽ അന്യയായിത്തീരുന്നു.
രൂപകങ്ങളുടെ ആധിക്യവും ഫോബിയകളുടെ നിർവ്വചനങ്ങളും ആദ്യമാദ്യം വായനയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയെങ്കിലും പിന്നീട് രസകരമായ വായനാനുഭവമായി കലാച്ചി. രാഷ്ട്രീയ മാനങ്ങൾക്കപ്പുറം മനോഹരമായൊരു യക്ഷിക്കഥയാണ് കലാച്ചി.
പ്രീത രാജ്
Comments
Post a Comment