ഉപ്പ് യുദ്ധം
ഉപ്പ് യുദ്ധം അച്ഛനുമായി രാവിലെ നിത്യേനയുള്ള ഫോൺവിളികളിൽ കുറച്ചു കാലമായി ആഫ്രിക്കൻ ഒച്ചുകൾ അരിച്ച് വന്ന് നിറയുന്നു. രാവിലെയായാൽ വാഴയിലകളിലും ചെമ്പരത്തിയുടെയും നന്ത്യാർവട്ടത്തിൻ്റെയും ഇലകളിലും കടിച്ചു തൂങ്ങിക്കിടക്കുന്ന വലിയ ഒച്ചുകളെ കാണാം. തെങ്ങുകയറാനും സാമർത്ഥ്യമുണ്ട് ഈ മെല്ലെപ്പോക്കു കക്ഷികൾക്ക്. രാവിലെ ഒരു പാത്രത്തിൽ ഉപ്പുമായി അവയെ ഉന്മൂലനം ചെയ്യാൻ നടക്കുന്നത് അച്ഛൻ്റെ നിത്യശീലങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പക്ഷെ ഒച്ചുകൾ പതിന്മടങ്ങായി പിന്നെയും പിന്നെയും അരിച്ചുകയറിക്കൊണ്ടേയിരിക്കുന്നു. ഒരാഴ്ചത്തേക്ക് ഞാൻ വരുന്നുണ്ട്, ഒച്ചുകളെ നാടുകടത്തുന്ന കാര്യം ഞാനേറ്റു എന്നു വീമ്പു പറഞ്ഞത് ഗൂഗിൾ അമ്മാവനെ മനസ്സിൽ കണ്ടാണ്. ഒരു നാടൻ മന്ത്രവാദിയുടെ മട്ടിൽ ഗൂഗിൾ, ബുദ്ധിമുട്ടാണ് എന്ന് മുൻകൂർ ജാമ്യമെടുത്തെങ്കിലും; വഴികളുണ്ട്, പക്ഷെ കുറച്ചു മെനക്കെടേണ്ടിവരുമെന്ന മുന്നറിയിപ്പോടെ നടത്തേണ്ട ചില മുറകളുടെ ചിട്ടകൾ പറഞ്ഞു തന്നു. Physical: ഫിസിക്കൽ ഇറാഡിക്കേഷനാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗമത്രെ. അതായത് ഒച്ചുകളെ കൂട്ടത്തോടെ പിടിച്ച് ഉപ്പുവെള്ളത്തിൽ മുക്കിക്കൊല്ലുക....