ഉപ്പ് യുദ്ധം
ഉപ്പ് യുദ്ധം
അച്ഛനുമായി രാവിലെ നിത്യേനയുള്ള ഫോൺവിളികളിൽ കുറച്ചു കാലമായി ആഫ്രിക്കൻ ഒച്ചുകൾ അരിച്ച് വന്ന് നിറയുന്നു. രാവിലെയായാൽ വാഴയിലകളിലും ചെമ്പരത്തിയുടെയും നന്ത്യാർവട്ടത്തിൻ്റെയും ഇലകളിലും കടിച്ചു തൂങ്ങിക്കിടക്കുന്ന വലിയ ഒച്ചുകളെ കാണാം. തെങ്ങുകയറാനും സാമർത്ഥ്യമുണ്ട് ഈ മെല്ലെപ്പോക്കു കക്ഷികൾക്ക്. രാവിലെ ഒരു പാത്രത്തിൽ ഉപ്പുമായി അവയെ ഉന്മൂലനം ചെയ്യാൻ നടക്കുന്നത് അച്ഛൻ്റെ നിത്യശീലങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പക്ഷെ ഒച്ചുകൾ പതിന്മടങ്ങായി പിന്നെയും പിന്നെയും അരിച്ചുകയറിക്കൊണ്ടേയിരിക്കുന്നു.
ഒരാഴ്ചത്തേക്ക് ഞാൻ വരുന്നുണ്ട്, ഒച്ചുകളെ നാടുകടത്തുന്ന കാര്യം ഞാനേറ്റു എന്നു വീമ്പു പറഞ്ഞത് ഗൂഗിൾ അമ്മാവനെ മനസ്സിൽ കണ്ടാണ്. ഒരു നാടൻ മന്ത്രവാദിയുടെ മട്ടിൽ ഗൂഗിൾ, ബുദ്ധിമുട്ടാണ് എന്ന് മുൻകൂർ ജാമ്യമെടുത്തെങ്കിലും; വഴികളുണ്ട്, പക്ഷെ കുറച്ചു മെനക്കെടേണ്ടിവരുമെന്ന മുന്നറിയിപ്പോടെ നടത്തേണ്ട ചില മുറകളുടെ ചിട്ടകൾ പറഞ്ഞു തന്നു.
Physical:
ഫിസിക്കൽ ഇറാഡിക്കേഷനാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗമത്രെ. അതായത് ഒച്ചുകളെ കൂട്ടത്തോടെ പിടിച്ച് ഉപ്പുവെള്ളത്തിൽ മുക്കിക്കൊല്ലുക.
Cultural:
തൊടിയും മുറ്റവും ചുറ്റുപാടുകളും പുല്ല് അഴുകിയ ഇലകൾ മുതലായവ നീക്കി വൃത്തിയാക്കുക.
Chemical:
അതിനോടൊപ്പം bait തോട്ടത്തിന് ചുറ്റും വിതറുക. അത് അകത്തെത്തിയാൽ പിന്നെ കക്ഷികൾക്ക് തീറ്റയെടുക്കാൻ പറ്റില്ലത്രെ. അങ്ങനെ ക്രമേണ അവ ചത്തൊടുങ്ങും. നുഴഞ്ഞു കയറ്റക്കാരിൽ നിന്ന് തോട്ടം സംരക്ഷിക്കപ്പെടും.
ചുരുക്കത്തിൽ സാമം, ഭേദം, ദണ്ഡം ഒക്കെ മാറി മാറി പരീക്ഷിക്കുക എന്നർത്ഥം.
ശത്രുവിൻ്റെ മേത്ത് ഉപ്പ് വിതറി അച്ഛൻ ആദ്യ ഘട്ടം നടത്തുന്നതിനാൽ രണ്ടാം ഘട്ടം പയറ്റി നോക്കാമെന്ന് തീരുമാനിച്ചു. സൂര്യനു കീഴെയുള്ള എന്തുതരം ഉത്പന്നങ്ങളും വീട്ടിലെത്തിച്ചു തരുന്ന ആമസോണിൻ്റെ സഹായം തേടിയപ്പോൾ ഉടൻ വന്നു snail repellents list. മുന്തിയ റേറ്റിംഗുള്ള Snail Magic ഷൊർണൂരിലെ അഡ്രസ്സിൽ എത്തിക്കാൻ ഓർഡർ ചെയ്തിട്ടാണ് ഞാൻ എറണാകുളത്ത് നിന്ന് പുറപ്പെട്ടത്.
അവിടെയെത്തിയപ്പോഴാണ് സംഗതിയുടെ ഗൗരവം പിടി കിട്ടിയത്. ദിനം പ്രതി വർദ്ധിച്ചു വരുകയാണ് ഒച്ചു പടയുടെ എണ്ണം. കിലോ കണക്കിനാണ് അച്ഛനും ഉണ്ണിമാമയും മദനന്മാമയും ഉപ്പ് വാങ്ങി വച്ചിരിക്കുന്നത്. രാവിലെയായാൽ മൂന്നു വീടുകളിൽ നിന്ന് മൂന്നു വേട്ടക്കാരിറങ്ങുകയായി. ഉപ്പിടുമ്പോൾ തൂങ്ങിക്കിടക്കുന്നിടത്ത് നിന്ന് വേർപെട്ട് അവ തോടു മാത്രം അവശേഷിപ്പിച്ച് അപ്രത്യക്ഷരാവും. പക്ഷെ പിറ്റേന്ന് അതിൻ്റെ ഇരട്ടി എണ്ണം ഇലകളിൽ തൂങ്ങിയും തെങ്ങിൽ കയറുന്ന നിലയിലും മതിലിൽ തൂങ്ങിയും നിൽപുണ്ടാവും.
വീണ്ടും ഗൂഗിൾ ചെയ്തു നോക്കിയപ്പോഴാണതിൻ്റെ ഗുട്ടൻസ് പിടികിട്ടിയത്. ഉഭയലിംഗക്കാരാണ് ആഫ്രിക്കൻ ഒച്ചുകൾ. തരം പോലെ ഇണയെ സ്വീകരിക്കും. ഓരോ തവണവും ഇരുനൂറ് മുതൽ നാനൂറ് വരെ മുട്ടകളിടും ഓരോ ഒച്ചും. ഒരു ഒച്ച് വർഷത്തിൽ ആയിരത്തി ഇരുനൂറോളം മുട്ടകളിടുമത്രെ. ഒരാഴ്ച കൊണ്ട് മുട്ട വിരിഞ്ഞ് ഒച്ചു കുഞ്ഞുങ്ങൾ സേനയിൽ ചേരുകയായി. ഉപ്പു പാത്രങ്ങൾ കൊണ്ടുനടക്കുന്ന ഒറ്റയാൾ പട്ടാളങ്ങളെ എണ്ണം കൊണ്ട് ജയിച്ച് ഒച്ചുകൾ ജൈത്രയാത്ര തുടർന്നു.
വെട്ടും കിളയുമില്ലാതെ കരിയിലയും പുല്ലും മൂടിയ ചെറിയമ്മമാരുടെ തൊടികളാണ് ഒച്ചുകളുടെ ഹാച്ചിങ്ങ് കേന്ദ്രങ്ങൾ. പുല്ലു വെട്ടിയന്ത്രം കൊണ്ട് പുല്ലു നീക്കിയപ്പോൾ തിരമാലകൾ പോലെ ഒച്ചു പട ഇളകിപ്പരന്നു. പുല്ലു വെട്ടിയ ആൾ ധാരാളം ഉപ്പു വിതറിയെങ്കിലും പിറ്റേന്നായപ്പോഴേക്കും മതിൽ ഒച്ചുകൾ കയ്യടക്കി.
സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും എന്തോ എനിക്കത് പറ്റിയില്ല. കൊലപാതകം തീരെ നടത്തിയിട്ടില്ലാത്ത ആളൊന്നുമല്ല ഞാൻ. ഉറുമ്പുകളെ ലക്ഷ്മണരേഖ വരച്ചും പാറ്റകളെ ഹിറ്റടിച്ചും മീലിബഗ്സിനെ ടിഷ്യൂ പേപ്പറിൽ ഞ്ഞെരിച്ചും കൊന്നു
തെളിഞ്ഞവളാണ്. പക്ഷെ എന്തോ ഉപ്പിടൽ യുദ്ധം അത്ര പറ്റിയില്ല. എന്താണ് കാരണമെന്ന് അറിയില്ല. ഹിമവൽ പർവ്വതനിരകളിൽ കറങ്ങി നടന്നപ്പോൾ വല്ല മുനിമാരുടേയും കോപത്തിന് പാത്രമായോ?! മുനിമാരല്ലേ കോപിക്കാൻ അത്ര വല്ല്യ കാരണമൊന്നും വേണ്ടല്ലോ! സുപ്രധാനമായ യുദ്ധമുഖത്ത് മന:സാന്നിധ്യം നഷ്ടമാവുമെന്ന വല്ല ശാപവും വന്നു പതിച്ചിട്ടുണ്ടോ ആവോ!
അതു കൊണ്ടാണ് ആമസോൺ എത്തിച്ചു തന്ന snail magic പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചത്. ഒരു വലിയ ചുറ്റളവിൽ വിതറി വിജയഭാവത്തിൽ ഞാൻ വീട്ടിലേക്ക് കയറുമ്പോഴേക്കും മഴ വന്ന് അതെല്ലാം ഒഴുക്കിക്കളഞ്ഞു. നിലനിൽപിനായുള്ള ഒച്ചുകളുടെ തീവ്രാഭിലാഷത്തിൻ്റെ സാക്ഷാത്ക്കരിക്കാരത്തിനായി പ്രകൃതി ഗൂഢാലോചന നടത്തുകയാണെന്ന് എനിക്ക് മനസ്സിലായത് അപ്പോഴാണ്. അതിനെ മറി കടക്കാൻ നിസ്സാരനായ മനുഷ്യൻ എന്തു ചെയ്യാൻ! പ്രകൃതിയുടെ കനിവിനായ് തീവ്രമായി ആഗ്രഹിക്കുകയേ വഴിയുള്ളൂ. ഉപ്പ് യുദ്ധത്തിന് ആശംസകൾ നേർന്ന് തടിതപ്പുമ്പോൾ അഹങ്കാരം നന്നേ കുറഞ്ഞിരുന്നു!
പ്രീത രാജ്
Comments
Post a Comment