തീക്കടൽ കടഞ്ഞ് തിരുമധുരം
തീക്കടൽ കടഞ്ഞ് തിരുമധുരം സി.രാധാകൃഷ്ണൻ കുറെക്കാലമായി വായിക്കണം എന്ന് കരുതിയിരുന്ന പുസ്തകമാണ് തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന ഭാഷാപിതാവിൻ്റെ ജീവിത കഥ. എന്തുകൊണ്ടോ ഇത്രയേറെ വൈകി. വായിച്ചില്ലായിരുന്നെങ്കിൽ എത്ര വലിയ നഷ്ടമാകുമായിരുന്നു ! എല്ലാ വർഷവും അദ്ധ്യാത്മരാമായണം വായിക്കുമ്പോഴും കേൾക്കുമ്പോഴും പുതിയ അറിവുകൾ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നതറിയാറുണ്ട്. പക്ഷെ അത് നിർമിച്ച ഋഷിതുല്യനായ മഹാകവിയെ അറിയാതെ എന്തു മലയാളി! പിറവിക്ക് പതിനേഴു ദിവസം മുമ്പ് അച്ഛനില്ലാതായിപ്പോയ കുഞ്ഞിനെ മടിയിലിരുത്തി സന്ധ്യാനാമവും കീർത്തനങ്ങളും മുതൽ ഗീതയും ഉപനിഷത്തുക്കളും വരെ ആസ്വദിച്ച് ആടിയാടിപ്പാടിക്കൊടുത്ത ഗുരുനാഥനായ അമ്മാവൻ തന്നെയാണ് കൃഷ്ണൻ എന്ന അപ്പുവിൽ സരസ്വതീ വിളയാട്ടം ആദ്യം ദർശിച്ചതും. തീരാത്ത ദുരിതത്തീക്കടൽ വാണീ കടാക്ഷത്തിൻ്റെ അനുഗ്രഹത്താൽ ഭക്തി എന്ന കടകോലിട്ട് കടഞ്ഞെടുത്ത് അദ്ദേഹം കൈരളിക്ക് സമർപ്പിച്ചത് അമൂല്യമായ ഭാഷയും തിരുമധുരമായ കാവ്യങ്ങളും. ബ്രാഹ്മണ്യം ജന്മാവകാശമാണെന്ന് വരുത്തിത്തീർക്കേണ്ടത് നിലനിൽപിന് അധാരമെന്നറിഞ്ഞ സങ്കേതക്കാരുടെ കുടിലതകളും മുക്കിന് മുക്കിനുള്ള കോയ്മകളുടെ ...