തീക്കടൽ കടഞ്ഞ് തിരുമധുരം
തീക്കടൽ കടഞ്ഞ് തിരുമധുരം
സി.രാധാകൃഷ്ണൻ
പിറവിക്ക് പതിനേഴു ദിവസം മുമ്പ് അച്ഛനില്ലാതായിപ്പോയ കുഞ്ഞിനെ മടിയിലിരുത്തി സന്ധ്യാനാമവും കീർത്തനങ്ങളും മുതൽ ഗീതയും ഉപനിഷത്തുക്കളും വരെ ആസ്വദിച്ച് ആടിയാടിപ്പാടിക്കൊടുത്ത ഗുരുനാഥനായ അമ്മാവൻ തന്നെയാണ് കൃഷ്ണൻ എന്ന അപ്പുവിൽ സരസ്വതീ വിളയാട്ടം ആദ്യം ദർശിച്ചതും. തീരാത്ത ദുരിതത്തീക്കടൽ വാണീ കടാക്ഷത്തിൻ്റെ അനുഗ്രഹത്താൽ ഭക്തി എന്ന കടകോലിട്ട് കടഞ്ഞെടുത്ത് അദ്ദേഹം കൈരളിക്ക് സമർപ്പിച്ചത് അമൂല്യമായ ഭാഷയും തിരുമധുരമായ കാവ്യങ്ങളും.
ബ്രാഹ്മണ്യം ജന്മാവകാശമാണെന്ന് വരുത്തിത്തീർക്കേണ്ടത് നിലനിൽപിന് അധാരമെന്നറിഞ്ഞ സങ്കേതക്കാരുടെ കുടിലതകളും മുക്കിന് മുക്കിനുള്ള കോയ്മകളുടെ പടമുട്ടുകളും കുടിപ്പക തീർക്കാൻ കച്ചകെട്ടി തീയിൽ ഈയാംപാറ്റകൾ കണക്കൊടുങ്ങുന്ന ചാവേറുകളും പറങ്കികളുടെ അധിനിവേശവും കലുഷിതമാക്കിയ ഭൂമികയിലാണ് അനിയനെഴ്ശ്ശൻ
നാമജപത്തോടെ ചക്കുന്തി അദ്ധ്യാത്മരാമായണമെന്ന സ്നേഹധാരയൊഴുക്കിയത്!
അമ്മാവൻ്റെയും ഏട്ടൻ്റെയും അപമൃത്യു ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കുടുംബത്തെ ചേർത്തൊതുക്കി ധീരതയോടെ നിന്ന ചാവേർ വിധവയായ സീതോപ്പയും വാരിക്കോരി സ്നേഹം നൽകി ഒടുവിൽ എവിടേക്കോ നടന്നു മറഞ്ഞ ചീരുവോപ്പയും ഭർത്താവിൻ്റെ അപമൃത്യു ഏൽപ്പിച്ച ആഘാതത്തിലും, കൂറു പുലർത്തിയ കുടുംബത്തെ രക്ഷിക്കാൻ ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ഓല കൊടുത്തയച്ച പാർവ്വതിക്കെട്ടിലമ്മയും സ്ത്രീത്വത്തിൻ്റെ സഹനത്തിൻ്റെയും സ്നേഹത്തിൻ്റെയും ധീരതയുടെയും വ്യത്യസ്ത ഭാവങ്ങളായി നിലകൊള്ളുന്നു. ദുരിതച്ചൂടിൽ നീറുമ്പോൾ തമ്പ്രാക്കളും അടിയാഴത്തെ മൂപ്പിൽ നായരും നന്മയുടെയും, ജലാലു മൂപ്പനും മരക്കാരും സ്നേഹത്തിൻ്റെയും, പിഷാരടി ആശാൻ നർമ്മത്തിൻ്റെയും കുളിരലകളായി ആശ്വാസമേകി.
ഹൃദ്യവും ലളിതവുമായ ഭാഷയിൽ തുഞ്ചത്തെഴുത്തച്ഛൻ്റെ കഥ വായിച്ചപ്പോൾ കണ്ണുകൾ പലപ്പോഴും നിറഞ്ഞൊഴുകി. ഇതെഴുതുന്ന ഈ ഭാഷ അദ്ദേഹത്തിൻ്റെ വരദാനമാണല്ലോ.
ഭാഷാപിതാവിൻ്റെ കഥ പറഞ്ഞു തന്ന മനീഷിയായ എഴുത്തുകാരന് പ്രണാമം!
പ്രീത രാജ്
Nice,👍
ReplyDeleteThank you🙏
Delete