പൂരം
ഇന്ന് ആര്യൻ കാവ് പൂരം. ആരവങ്ങളില്ല. ആഘോഷങ്ങളില്ല. കാവും ദേവിയും പൂജാരിയും വെളിച്ചപ്പാടും മാത്രം. ചിലപ്പോൾ ദേവീചരിതം പാടുന്നയാൾ കാണുമായിരിക്കും.
ഇരുപത്തൊന്നു ദിവസം കൊണ്ട് രാമായണം കഥ മുഴുവൻ പറയുന്ന തോൽപ്പാവക്കൂത്തില്ല.
കളമെഴുത്തും പാട്ടുമില്ല. ദേശക്കുതിരകളില്ല. മുളയിൽ തീർത്ത് വൈക്കോൽ നിറച്ച് തുണി ചുറ്റി അലങ്കാരങ്ങൾ ചേർത്തുണ്ടാക്കുന്ന വലിയ ദേശക്കുതിരകൾ . ബലൂണും പൊരിയും വിൽക്കുന്നവരുമില്ല.
പൂതനും തിറയുമില്ല. കുട്ടിക്കാലത്ത് തെല്ലു ഭയത്തോടെയാണെങ്കിലും കാത്തിരുന്നിരുന്നു , പൂതനെ . പടിപ്പുരക്കപ്പുറത്തെ പാടത്തിന്റെ അപ്പുറത്ത് നിന്ന് കൊട്ടു കേൾക്കുമ്പോഴെ ഭയം കലർന്ന ആകാംക്ഷയോടെ കാത്തിരുന്നിരുന്നു ,തൊള്ളെക്കണ്ണനായ പൂതനെ. എങ്ങനെ ഭയക്കാതിരിക്കും, ദേശത്തെ എല്ലാ കുട്ടികളെയും മുതിർന്നവർ പേടിപ്പിക്കുന്നത് പൂതന്റെ പേരു പറഞ്ഞല്ലെ ! പൂതന്റെ മുഖം മൂടിയുടെ നാവിന്റെ ഇരുവശത്താണ് വേഷക്കാരന്റെ കണ്ണുകൾ. അതാണ് തൊള്ളെക്കണ്ണൻ എന്ന പേര് വരാൻ കാരണം. വലിയ ഭാരമുള്ള തടി കൊണ്ടുള്ള തിടമ്പ് തലയിലേറ്റി ആടുന്ന തിറ. തിറയാണ് ദേവിയെ തലയിലേറ്റി ആടുന്നത് എങ്കിലും അന്നും ഇന്നും ഞാൻ നോക്കുന്നത് പൂതന്റെ മുഖത്തേക്കാണ്. നാവിന്റെ ഭാഗത്തെ കണ്ണുകളിലേക്ക്. ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ പൂതൻ തന്നെയാണീ വിദ്വാൻ എന്നാണ് മുത്തശ്ശൻ പറഞ്ഞിരുന്നത്. അതങ്ങനെ തന്നെ ഇരിക്കട്ടെ..
പൂതനും തിറയും .. മീനമാസത്തിലെ കൊടുംവേനലിൽ ദേശത്തെ വീടുകളിലെല്ലാം പോയി നെല്ലെറിഞ്ഞ് അനുഗ്രഹം ചൊരിയുന്നവർ . നിലവിളക്ക് കത്തിച്ച് വച്ച് അവരെ സ്വീകരിക്കുന്ന വീട്ടുകാർ.
കോവിഡ് 19 ഉണ്ടാക്കിയ അനന്തമായ നഷ്ടങ്ങളുടെ പട്ടികയിൽ ഇത് ഒന്നു മാത്രം. വീട്ടിലെ പൂരപ്രേമി യൂട്യൂബിൽ പഴയ പൂരമേളങ്ങൾ കണ്ട് നെടുവീർപ്പിടുന്നത് കാണുമ്പോൾ ഒരു ചിന്ത - ആനകൾക്ക് സങ്കടമോ സന്തോഷമോ !
Comments
Post a Comment