St Joseph's
St. Joseph's College Alumni association ന്റെ മാഗസിൻ ആയ DOMUS JOSFITE ന് വേണ്ടി ഒരു കുറിപ്പ് എഴുതാനായി ഓർമ്മകളുടെ കെട്ടുപിണഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകളിൽ ഒന്ന് ചികഞ്ഞു നോക്കി.
പലവർണ്ണങ്ങളിലുള്ള പാവാടകളണിഞ്ഞ് പൂക്കളെപ്പോലെ സുന്ദരിമാരായ ഒരു പറ്റം കൗമാരക്കാരികൾ ഒഴുകി നടന്നിരുന്ന കലാലയ വരാന്തകൾ തെളിയുന്നു. അവരുടെ കണ്ണുകളിൽ സ്വപ്നങ്ങളുടെയും പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റയും തിളക്കമുള്ള നിറക്കൂട്ടുകളുണ്ടായിരുന്നു. പൊട്ടിച്ചിരികളിൽ, മുളച്ചു വരുന്ന നേർത്ത ചിറകുകളുടെ മൃദുമർമ്മരം കലർന്നിരുന്നു.
കുറെയേറെ മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു വരുന്നു, അദ്ധ്യാപകരായും സഹപാഠികളായും. സിസ്റ്റർ മേരി പാസ്റ്റർ, സിസ്റ്റർ ഗ്രിഗോറിയ, സിസ്റ്റർ യുഫേമിയ, . മിസ് അംബികാ വർമ, മിസ്. മേരി വർഗീസ്, സിസ്റ്റർ ആനി ജയിംസ്.
സിസ്റ്റർ ക്രിസോസ്റ്റം. സദാ പുസ്തകം കൊണ്ട് നടന്ന് ഉരുവിട്ടു കൊണ്ടിരുന്ന പഠിപ്പിസ്റ്റുകൾ, ബുദ്ധിജീവികൾ, ഭക്തശിരോമണികൾ, വായാടികൾ, കുറുമ്പികൾ, കലാകാരികൾ, പ്രാസംഗികർ എന്നിങ്ങനെ പല തരക്കാരായ സഹപാഠികൾ . ഞങ്ങളുടെ ബഹളം സഹിക്കവയ്യാതെ അടുത്ത ക്ലാസ്സിൽ നിന്ന് ദേഷ്യത്തോടെ വന്ന് ഒരു മണിക്കൂർ എഴുന്നേൽപിച്ച് നിർത്തിയ മിസ്. സാവിത്രി ലക്ഷ്മണൻ. ഉടുത്ത സാരി ഒരിക്കലും റിപീറ്റ് ചെയ്യാത്ത തലയെടുപ്പോടെ നടക്കുന്ന ഞങ്ങളെല്ലാം ആരാധനയോടെ നോക്കിയിരുന്ന മിസ്. മീനാക്ഷി തമ്പാൻ. എല്ലാറ്റിനും മീതെ ഉറ്റ ചങ്ങാതിമാരായിരുന്ന ലക്ഷ്മിയും പൂർണിമയും.
.
കൊടുങ്ങല്ലൂരിലെ ചിരപരിചിതമായ സ്ക്കൂളും കൂട്ടുകാരും അദ്ധ്യാപകരും വഴികളും അമ്മയുടെ സാരിത്തുമ്പും ഒക്കെ വിട്ട് ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ കലാലയത്തിലേക്കുള്ള മാറ്റത്തിൽ അഭിമാനത്തോടും ആഹ്ളാദത്തോടും ഒപ്പം തെല്ല് പരിഭ്രമവും ഉണ്ടായിരുന്നു.. പരിഭ്രമത്തിന് പ്രധാന കാരണം കൊടുങ്ങല്ലൂർ നിന്ന് ഇരിങ്ങാലക്കുട വരെ എല്ലാ കുട്ടികളും പോകുന്ന പോലെ ബസ്സിൽ വിടാതെ എന്നെ ഹോസ്റ്റലിലാക്കാനുള്ള തീരുമാനമാണ്. പക്ഷെ, തിരിഞ്ഞു നോക്കുമ്പോൾ അത് നന്നായി എന്ന് തോന്നുന്നു. ഓർമ്മകളുടെ നിധിപേടകത്തിൽ നിന്ന് ഇടക്കെടുത്ത് അരുമയോടെ നെഞ്ചോട് ചേർക്കാനുള്ള കുറെ മണിമുത്തുകൾ അവിടന്നു കിട്ടി.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നമ്പർ വൺ കോളേജ്. കേരളത്തിൽ എല്ലായിടത്ത് നിന്നും കുട്ടികൾ പഠിക്കാൻ വരുന്ന പ്രശസ്ത കലാലയം. അത്ര വിശാലമല്ലെങ്കിലും പ്രൗഢ സുന്ദരമായ St.Joseph's കാമ്പസ്. ഗേറ്റിൽ നിന്ന് ഭംഗിയായി വെട്ടിയൊരുക്കിയ പൂന്തോട്ടത്തിനിടയിലൂടെയുള്ള വഴിയിലൂടെ കെട്ടിടത്തിലേക്ക്. ലോബിയിൽ നിന്നും നേരെ വിശാലമായ ആഡിറ്റോറിയവും ഇരുവശേക്കും നീളത്തിൽ വരാന്തകളും വരാന്തകൾക്കൊരു വശം വിശാലമായ ക്ലാസ്സ് മുറികളും, വരാന്തയിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ ഉദ്യാന വർണങ്ങളും.
ബന്ധുവായ ബീന അവിടെ ഹോസ്റ്റലിൽ സെക്കന്റ് ഇയറിൽ ഉണ്ടായിരുന്നു. എന്നെ അവിടെ സെറ്റിൽ ആക്കാനുള്ള ചുമതല ബീനയെ ഏൽപ്പിച്ച് അച്ഛനും അമ്മയും പോയി. ബീനയുടെ സുഹൃത്ത് സുഗീതയെ ഇതേ പോലെ ഏൽപിച്ചു പോയതായിരുന്നു ലക്ഷ്മിയെ. സ്വാഭാവികമായും ഞാനും ലക്ഷ്മിയും കൂട്ടുകാരായി.
St.Theresas ൽ നിന്നുമാണ് ലക്ഷ്മിയുടെ വരവ്. എന്തുകൊണ്ടും എന്നേക്കാൾ
ഏറെ ലോകവിവരം ഉണ്ടായിരുന്നു എന്റെ ആ പ്രിയപ്പെട്ട കൂട്ടുകാരിക്ക്. രാത്രിയിൽ അടുത്തടുത്ത കട്ടിലുകളിൽ കിടന്ന് ഞങ്ങൾ സൂര്യനു താഴെയുള്ള സകല കാര്യങ്ങളും ഞങ്ങളുടെ കൗമാര ചിന്തകളുടെ മാന്ത്രികകണ്ണാടിയിലൂടെ നോക്കി രസിച്ചു, ആശ്ചര്യപ്പെട്ടു, അമ്പരന്നു, വേവലാതിപ്പെട്ടു
ഫസ്റ്റ്ഇയേഴ്സിന്റെ ഹോസ്റ്റൽ വേറെ കെട്ടിടത്തിലായിരുന്നു. കോളേജ് ലൈബ്രേറിയൻ സിസ്റ്റർ ക്രിസോസ്റ്റം ആയിരുന്നു ഞങ്ങളുടെ ഹോസ്റ്റൽ വാർഡൻ.. പതിഞ്ഞ മുദുവായ സംസാരവും ചെറിയ ഒരു ശബ്ദം പോലും കേൾപ്പിക്കാതെയുള്ള നടപ്പും സിസ്റ്ററിന്റെ പ്രത്യേകതകളായിരുന്നു. തട്ടിപ്പും വെട്ടിപ്പും കണ്ടുപിടിക്കാൻ സിസ്റ്ററിന് പ്രത്യേക കഴിവായിരുന്നു. കുറുമ്പികൾക്കും മടിച്ചികൾക്കും രക്ഷയില്ലാന്ന് തന്നെ പറയാം.
വെളുപ്പിനുള്ള മാസ്സിന് പോകാതെ ഒളിച്ചിരിക്കുന്ന കത്തോലിക്ക പെൺകിടാങ്ങളെ സിസ്റ്റർ റെയ്ഡ് നടത്തി കട്ടിലിന്നടിയിൽ നിന്നും ബാത്റൂമിൽ നിന്നുമൊക്കെ പിടികൂടി കൊണ്ടുപോകുമ്പോൾ സഹതാപത്തോടെ തലയുയർത്തി ഒന്നു നോക്കി മൂടിപ്പുതച്ച് കിടക്കുന്ന ഞങ്ങളെ അവർ അസൂയയോടെ നോക്കിയിരുന്നു.
അല്ലെങ്കിലും അവിടെ നോൺ കാത്തോലിക്സിന് പരിപൂർണ ആരാധനാ സ്വാതന്ത്ര്യമായിരുന്നു. അത്താഴത്തിന് മുമ്പ് പാർലറിൽ പ്രാർത്ഥന നടക്കുമ്പോൾ ഞങ്ങൾ ഹിന്ദുക്കൾ സീനിയേർസിന്റെ ഹോസ്റ്റലിലെ ഇടനാഴിയിലിരുന്ന് കൂട്ട പ്രാർത്ഥന നടത്തി. ഒരു തരം വയറ്റത്തടിപ്പാട്ട് പോലെ. പാർലറിലെ പ്രാർത്ഥന കഴിഞ്ഞ് മെസ്സ് തുറക്കുന്നത് വരെയുള്ള പ്രാർത്ഥന. കൂട്ട പ്രാർത്ഥനയിൽ ഒരിക്കലും മനസ്സുറപ്പിക്കാൻ കഴിയാത്ത ഞാൻ മനസ്സിനെ യഥേഷ്ടം അലയാൻ വിട്ട് അവിടെ ഇരിക്കുമായിരുന്നു.
ഡിന്നർ കഴിഞ്ഞ് കുറച്ചുനേരം സീനിയേഴ്സിന്റെ ഹോസ്റ്റലിൽ ചെലവഴിച്ചാണ് തിരിച്ച് ഞങ്ങളുടെ ഹോസ്റ്റലിലേക്ക് മടങ്ങുക. ഒരിക്കൽ ബീനയുടെ റൂമിൽ കുറെ പേർ കൂടി ഞങ്ങളെ പാട്ട് പാടിച്ചത് ഓർക്കുന്നു. ഞാൻ പാടിയ പാട്ട് ഓർമയില്ലെങ്കിലും ലക്ഷ്മി " തുമ്പീ വാ ..." പാടിയത് ഇപ്പോഴും ഓർമകളുടെ റെക്കോർഡുകളിൽ ഭദ്രം.
ക്ലാസ്സിൽ അടുത്തിരുന്നിരുന്നത് പൂർണിമയും രാധയും ആയിരുന്നു. . ക്ലാസ്സിൽ ഇരുന്ന് ഉറക്കം തൂങ്ങി വീഴുന്ന രാധയെന്ന ജീനിയസ്സിനെ ഗോഡ്ഫാദർ സിനിമയിലെ ശങ്കരാടിയെ പോലെ വലിച്ച് നേരെയിരുത്തുന്ന ശ്രമകരമായ ദൗത്യം കൂടി നിർവഹിക്കണമായിരുന്നു ഞങ്ങൾക്ക്. പത്താം ക്ലാസ്സ് പരീക്ഷയ്ക്കിടെ ഉറങ്ങിപ്പോയെങ്കിലും തൊണ്ണൂറ് ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ കക്ഷിയാണ്. പരീക്ഷക്കാലത്ത് ഹോസ്റ്റലിൽ ഭൂരിഭാഗം കുട്ടികളും തലകുത്തി നിന്നും ഉരുവിട്ടുരുവിട്ടും പഠിക്കുമ്പോൾ രാധ ഏതെങ്കിലും റൊമാന്റിക് നോവലിലെ ചൂടൻ ഭാഗങ്ങൾ വായിച്ചും വായിച്ച് കേൾപ്പിച്ചും കൂളായി നടന്നിരുന്നു.
ഫസ്റ്റ് ഇയറിലെ ഇൻഡക്ഷൻ പ്രോഗ്രാം രസകരമായ ഓർമ്മയാണ് ഇപ്പോൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സംഗീതത്തിനനുസരിച്ച് സ്റ്റേജിലേക്ക് വന്ന് നിർദ്ദിഷ്ട സ്ഥാനത്ത് നിൽക്കണം. ആദ്യമായി സാരി ഉടുത്തത് അന്നാണ്. ഞാൻ പ്രതിനിധീകരിച്ചത് ബംഗാളാണെന്നാണ് ഓർമ. റിഹേഴ്സൽ നടന്നുകൊണ്ടിരിക്കുമ്പോൾ ഗിറ്റാർ വായിക്കാൻ വന്ന പയ്യന്റെ നോട്ടത്തെ കുറിച്ച് കുറെ കളിയാക്കലുകൾ നേരിട്ടിരുന്നു.. വലിയ ഓഡിറ്റോറിയവും സാരിയും ഹൈഹീൽഡ് ചെരുപ്പും ഗിറ്റാറിസ്റ്റിന്റെ കൺ മുനയും എല്ലാം കൂടി കുറച്ചൊന്നുമല്ല പരിഭ്രമിച്ചത്, അന്ന്.
പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടേയും സുഖമുള്ള ധാരാളം സുന്ദരസ്മരണകൾ നൽകി ഹോസ്റ്റൽ ജീവിതം. ഫസ്റ്റ് ഇയർസിന്റെ ഹോസ്റ്റലിന്റെ ഗേറ്റിന് മുന്നിലുള്ള നാരകത്തയ്യിൽ നിന്ന് ആരും കാണാതെ നാരങ്ങ പറിച്ചെടുത്ത്, സർവ്വ സന്നാഹങ്ങളോടും ഹോസ്റ്റലിൽ വസിക്കുന്ന ഷിബിയുടെ കൈവശമുള്ള പഞ്ചസാരയും വെള്ളവും ചേർത്ത് നാരങ്ങാവെള്ളമുണ്ടാക്കിക്കുടിച്ചതും, ഒരു മാങ്ങക്ക് വേണ്ടി എറിഞ്ഞ കല്ല് കൊണ്ട് ഒരു ബൾബ് പൊട്ടിയതും, ഓടിയൊളിച്ചതും രസകരമായ ഓർമ്മകളായി സൂക്ഷിക്കുന്നു. അതല്ലാതെ മറ്റൊരു കുരുത്തക്കേടും ചെയ്തിട്ടില്ലെന്ന് സ്വന്തം പേരിലും കൂട്ടുപ്രതികൾക്ക് വേണ്ടിയും ആണയിടുന്നു.
കണ്ണൂരിൽ നിന്ന് സ്റ്റെല്ല വലിയ കുപ്പിയിൽ കൊണ്ടുവരുന്ന ലൂബിക്ക അച്ചാർ ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ കാലിയാക്കിയിരുന്നു. അതിന്റെ രുചി ഇപ്പോഴും നാവിൻ തുമ്പിൽ. വർഷങ്ങൾക്ക് ശേഷം തൃശൂരിൽ ഒരു ഭക്ഷണശാലയിൽ വച്ച് സ്റ്റെല്ലയെ കണ്ടിരുന്നു. ദൂരെയുള്ള ടേബിളുകളിൽ ഇരുന്നിട്ടും പരസ്പരം മനസ്സിലായി. സംസാരിച്ചു. സ്നേഹം കൈമാറി.
കന്യാസ്ത്രീകളെ കുറച്ച് ആരാധനയും അടുത്തറിയാനുള്ള ആഗ്രഹവും ഉണ്ടായിരുന്നു, അക്കാലത്ത്. തിരുവസ്ത്രധാരികളായ ക്രിസ്തുവിന്റെ മണവാട്ടിമാർ. പക്ഷെ, ഇന്ന സമയത്ത് ഭക്ഷണം, ഇന്ന സമയത്ത് പ്രാർത്ഥന, ഇന്ന സമയത്ത് പഠനം എന്ന രീതികളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരുന്നു, എനിക്ക് . കൂടാതെ ഹോം സിക്ക്നസ്സും ഭക്ഷണ പ്രശ്നവും . എല്ലാം കൂടി ആയപ്പോൾ ആറുമാസത്തെ ഹോസ്റ്റൽ ജീവിതത്തിന് ശേഷം ഞാൻ ഹോസ്റ്റൽ വിട്ട് ഒരു വാനിൽ കൊടുങ്ങല്ലൂർ നിന്നും വന്നു പോകാൻ തുടങ്ങി. എന്റെ പിന്നാലെ ലക്ഷ്മിയും ഹോസ്റ്റൽ കൊടുങ്ങല്ലൂരിലെ അമ്മ വീട്ടിൽ നിന്ന് അതേ വാനിൽ വരാൻ തുടങ്ങി. എന്റെ ഹോസ്റ്റൽ സുഹൃത്തുക്കൾ എന്റെ ലഞ്ച് ബോക്സിന്റെ അവകാശികളായി, പലപ്പോഴും. ആ ദിവസങ്ങളിൽ ഞാൻ കാന്റീനിലെ പൊറോട്ടയും മുട്ട റോസ്റ്റും ഗോൾഡ് സ്പോട്ടും കഴിച്ച് രസിച്ചു..
ചില മുഖങ്ങൾ പഴയ തറവാടുകളിലെ അകത്തളങ്ങളിലെ ചുവരിൽ ഫ്രെയിം ചെയ്തു തൂക്കിയ ഛായാചിത്രങ്ങൾ പോലെയാണ്. മങ്ങി കുറച്ച് പൊടിയും മാറാലയും പറ്റിപ്പിടിച്ചിട്ടുണ്ടാവും. പക്ഷെ തുടച്ചെടുത്ത് നോക്കിയാൽ ഓർമ്മകൾ മിഴിവോടെ തെളിഞ്ഞു വരും. അത്തരം കുറെ ചിത്രങ്ങളുണ്ട് എന്റെ മനസ്സിന്റെ അകത്തളങ്ങളിലും. അദ്ധ്യാപകരും സഹപാഠികളും സഹയാത്രികരും. ഏറെ പ്രിയപ്പെട്ട ചിത്രങ്ങൾ കൂടുതൽ മിഴിവോടെ മനസ്സിൽ തങ്ങി നിൽക്കും.
സിസ്റ്റർ ഗ്രിഗോറിയയുടേത് അത്തരമൊരു ചിത്രമാണ്. തിരുവസ്ത്രം ഇത്ര ഭംഗിയായി ധരിക്കുന്ന മറ്റൊരെയും ഞാനവിടെ കണ്ടില്ല. നടപ്പിലും പെരുമാറ്റത്തിലും നല്ല പ്രസരിപ്പും ആന്മവിശ്വാസവും . യു.എസ് വിദ്യാഭ്യാസത്തിന്റെ സംഭാവനയാവാം. സുവോളജി ലാബിൽ ഞാൻ വളരെ ശ്രദ്ധാപൂർവം മുമ്പിലെ ഡിസക്ഷൻ ബോർഡിൽ മലർന്നു കിടക്കുന്ന തവളയുടെ മുൻകാൽ ഒരു മൊട്ടുസൂചി കൊണ്ട് നീക്കി ബോർഡിൽ ഉറപ്പിച്ച് അടുത്ത മുൻകാൽ സൂചിവച്ച് നീക്കാൻ കഷ്ടപ്പെട്ട് കൊണ്ടിരിക്കുമ്പോൾ പുറകിൽ സിസ്റ്റർ" ഇത്ര ബുദ്ധിമുട്ടാണെങ്കിൽ എന്തിനാ സെക്കൻഡ് ഗ്രൂപ്പ് എടുത്തത്?" സുവോളജി ഇഷ്ടമാെണെന്നും പക്ഷെ കയ്യിൽ ഫോർമലിന്റെ മണം വന്നാൽ ദിവസം മുഴുവൻ ഭക്ഷണം കഴിക്കാൻ പറ്റില്ലെന്നും ഉള്ളിൽ പറഞ്ഞ് മിണ്ടാതിരുന്നു.
സുവോളജി ഇഷ്ടമായിരുന്നു, സിസ്റ്ററിന്റെ ക്ലാസ്സും.
ഏറെ പ്രിയപ്പെട്ട, ഒരു ചിത്രമാണ് സിസ്റ്റർ മേരി പാസ്റ്ററുടേത്. ഞങ്ങളുടെ ഇംഗ്ലീഷ് പ്രൊഫസർ. പല സ്ക്കൂളുകളിൽ നിന്ന് മിക്കവാവും അതതു സ്ക്കൂളുകളിലെ ടോപ്പേഴ്സ് ആയ കുറെ കുട്ടികൾ ഒന്നിച്ചു ചേരുമ്പോൾ മാനസിക സമ്മർദ്ദം സ്വാഭാവികമാണെന്ന് മനസ്സിലാക്കി സിസ്റ്റർ മിക്കവാറും ഒരു സൈക്കോളജിക്കൽ അപ്രോച്ചാണ് സ്വീകരിച്ചിരുന്നത്. കുട്ടികളുടെ ആത്മവിശ്വാസം കൂട്ടാൻ സിസ്റ്റർ എപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്റെ മനസ്സിൽ സിസ്റ്ററിന്റെ ചിത്രം ഏറ്റവും മിഴിവുള്ളതാവാൻ കാരണം ഒരു 'കഥ' യാണ് . ഒരു ദിവസം ക്ലാസ്സിൽ വന്നയുടൻ സിസ്റ്റർ പറഞ്ഞു,
" Today I want all of you to write a story. The topic is " Her Suitcase". There is no need to write your names. Let it be anonymous. Let me see how imaginative my students are."
പരിഭ്രമമുണ്ടായിരുന്നെങ്കിലും പേരെഴുതേണ്ടല്ലോ എന്ന ധൈര്യത്തിൽ എഴുതിക്കൊടുത്തു . അടുത്ത ക്ലാസ്സിൽ സിസ്റ്റർ ആ കൂട്ടത്തിൽ നിന്ന് സിസ്റ്റർക്ക് നല്ലതെന്ന് തോന്നിയ ചില കഥകൾ വായിച്ചു. അതിൽ രണ്ടാമത്തേത് എന്റെതായിരുന്നു. സന്തോഷവും അത്ഭുതവും കൊണ്ട് മുഖത്തേക്ക് രക്തം ഇരച്ചുകയറി അന്തം വിട്ടിരുന്നത് ഇപ്പോഴും ഓർക്കുന്നു. ആരോടും പറയാതെ ഉള്ളിൽ കൊണ്ടു നടന്നു ആ സന്തോഷച്ചിമിഴ് .
ആതിരപ്പിള്ളി പിക്നിക് രസകരമായ ഓർമയാണ്. ഒരു ബസ്സിൽ പാട്ടും ബഹളവുമായി അതിരപ്പള്ളി വാഴച്ചാൽ യാത്ര. ചാലക്കുടിയിൽ നിന്ന് ബിരിയാണി പാഴ്സൽ എടുത്ത് നേരേ അതിരപ്പള്ളിയിലേക്ക്. പാറകൾക്കിടയിൽ ഇരുന്ന് ഭക്ഷണം കഴിച്ചത് ഇപ്പോഴും ഓർക്കുന്നു. ഞങ്ങളുടെ പൊട്ടിച്ചിരികളിലും കലപില ബഹളത്തിലും കളകളാ ചിരിച്ച് കൊണ്ട് നീർച്ചാലുകളും കൂട്ട് ചേർന്നു. മടങ്ങിയെത്തിയപ്പോൾ നേരം വൈകിയതിനാൽ ക്ലാസ് മുറിയിലെ ബഞ്ചിൽ കിടന്നുറങ്ങി.
St. Joseph's വിട്ടതിന് ശേഷം രണ്ട് തവണ മാത്രമേ അവിടെ പോയിട്ടുള്ളു. മാർക്ക് ലിസ്റ്റ് വാങ്ങാനും യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് വാങ്ങാനും. മാർക്ക് ലിസ്റ്റ് വാങ്ങാൻ പോയപ്പോൾ ഓഫീസിലെ സിസ്റ്റർ ചോദിച്ചു, ഇവിടെ തന്നെ വരില്ലേ ഡിഗ്രിക്ക്. ഉവ്വെന്ന് ചിരിച്ച് അവിടെ നിന്ന് പോന്നു. ഫിസിക്സ് എടുക്കണം എന്നായിരുന്നു മോഹമുള്ളതിനാൽ St. Joseph's വിട്ടു പോന്നു.
ആ വഴി പോകുമ്പോൾ ഗൃഹാതുരത്വത്തോടെ നോക്കാറുണ്ട്. ആ പഴയ കുങ്കുമമരം (ചുവന്ന കായ്കൾ പോലെ പൂക്കളുള്ള ) കുറെ കാലം അവിടെ ഉണ്ടായിരുന്നു. ഇപ്പോൾ കാണാനില്ല. St. Joseph's ന് പഴയ പ്രൗഢി ഇപ്പോൾ ഉണ്ടോ എന്നറിയില്ല. പക്ഷെ അതിന്റെ സുവർണകാലത്ത് ഞാനും പ്ളെയിൻ നിറങ്ങളുടെ പാവാടയും ബ്ലൗസുമിട്ട് അവിടെ നടന്നിരുന്നു. ക്ലാസ് കഴിഞ്ഞ് വാൻ കാത്തിരിക്കുമ്പോൾ വരാന്തയിൽ പൂന്തോട്ടത്തിലേക്ക് കാലുതൂക്കിയിട്ടിരുന്ന് പൂക്കളെയും തുമ്പികളെയും നോക്കിയിരുന്നിരുന്നത്, ചുറ്റും വെള്ളാരങ്കല്ലുകൾ പാകിയ ചാപ്പലിൽ ശാന്തസുന്ദരമായ നിശ്ശബ്ദതയിൽ വെറുതെ മുട്ടുകുത്തിയിരുന്നിരുന്നത്, ലൈബ്രറിയിൽ ഉറഞ്ഞ നിശ്ശബ്ദതയിൽ പുസ്തകക്കടലിന് നടുവിൽ അക്ഷരത്തിരമാലകളുടെ ഇരമ്പത്തിന് കാതോർത്തിരുന്നിരുന്നത്, എല്ലാം ഓർമ്മകളുടെ ലൈബ്രറിയിൽ ഇപ്പോഴും ഭദ്രം.
എത്ര സുന്ദരമായിരുന്നു, ആ കാലം. അന്നത്തെ കൗമാരക്കാരികളിൽ എത്ര പേർ ചിറക് വിടർത്തി പറന്ന് സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചിരിക്കാം. എത്ര ചിറകുകൾ മുറിഞ്ഞോ തളർന്നോ പോയിരിക്കാം. എത്ര പേർ ചിറകുകൾ ശരീരത്തോട് ചേർത്തൊതുക്കി കൂടുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയിരിക്കാം.
ഒടുവിൽ പറഞ്ഞ കൂട്ടത്തിലാണ് ഞാൻ.
കുറേയേറെ സ്വപ്നങ്ങളോടെ കലാലയ വിദ്യാഭ്യാസം നല്ല നിലയിൽ പൂർത്തിയാക്കിയവൾ. ആദ്യമെഴുതിയ മത്സരപ്പരീക്ഷയിൽ തന്നെ ജോലി നേടിയവൾ . പിന്നീട് സ്വമേധയാ രാജി വച്ച് ഭർത്താവിന്റെ സ്ഥലം മാറ്റങ്ങൾക്കനുസരിച്ച് പലയിടങ്ങളിൽ കൂട് കൂട്ടിയവൾ. പല നാടുകളിലൂടെ ജീവിതം ഒഴുകിപ്പോകുന്നത് നോക്കി നിന്നവൾ. പിന്നെ ഒരേയൊരു കിളിക്കുഞ്ഞ് ചിറക് വിരിച്ച് പറന്ന് പോയപ്പോൾ ഒഴിഞ്ഞ കൂടിന്റെ മടുപ്പിക്കുന്ന ശൂന്യതയിൽ ശരീരത്തിലൊട്ടിപ്പോയ ചിറകുകൾ മെല്ലെ വേർപെടുത്താൻ പാടുപെടുന്നവൾ .
ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്, ഇത്ര ലാഘവത്വത്തോടെ പറക്കാനാഞ്ഞ ചിറകുകളെ ബലമായി ചേർത്ത് തുന്നാൻ പ്രേരിപ്പിച്ചതെന്താണ്? മാതൃത്വത്തിന്റെ കരുതലാണോ? പെൺകുഞ്ഞ് പിറക്കുമ്പോൾ തന്നെ സമൂഹവും കുടുംബവും കണിശമായ നിബന്ധനകളോടെ ഒരുക്കുന്ന ചട്ടക്കൂടിൽ നിന്ന് പുറത്തുവരാൻ കഴിയാഞ്ഞതാണോ അതോ ശ്രമിക്കാഞ്ഞതാണോ ? ധൈര്യമില്ലാഞ്ഞതാണോ അതോ വെറും അലസതയായിരുന്നോ?
ഇപ്പോൾ പഴയ പോലെ മേഘങ്ങൾക്കിടയിലൂടെ ഊളിയിട്ട് പറക്കണമെന്ന മോഹമില്ല. പർവ്വത നിരകൾക്ക് ഇടയിലൂടെ തെന്നിത്തെന്നി പറക്കണമെന്നും ഇല്ല. കടന്നുവന്ന വഴികളിലൂടെ താഴ്ന്ന് പറന്ന് ഗൃഹാതുരത്വത്തിന്റെ സുഖകരമായ നോവറിയണം. ആ പഴയ കുങ്കുമമരത്തിന്റെ താഴ്ന്ന കൊമ്പിലിരുന്ന് അവിടെ വരുന്ന പുതുതലമുറയുടെ കണ്ണുകളിലെ തിളക്കം കാണണം. സമൂഹത്തിന്റെ നെറ്റിചുളിക്കലും പുരികമുയർത്തലും അവഗണിക്കണമെന്ന് അവരുടെ കാതിൽ രഹസ്യം പറയണം. ധീരരാകൂ, ചിറക് വിടർത്തൂ, പറക്കൂ എന്ന് മന്ത്രിക്കണം.
പ്രീത രാജ്
Comments
Post a Comment