ഒടിയൻ
ഓർമകളുടെ വേലിപ്പടർപ്പിൽ പൂച്ചെടിപ്പൂക്കളും ശതാവരി വള്ളികളും തുപ്പലൊട്ടിക്കായകളും , പാടവരമ്പുകളിൽ നെല്ലിപ്പൂക്കളും , തൊടിയിൽ തുമ്പയും മുക്കൂറ്റിയും ഉണ്ട്. ഉമ്മറമുറ്റത്ത് തുളസിത്തറയും പടിപ്പുരയിലേക്ക് പോകുന്ന വഴിയിൽ അരമതിലിനിരുവശവും തേരുമോഹിനികളും മൈലാഞ്ചിച്ചെടികളും ഉണ്ട്. ചാണകം മെഴുകിയ മുറ്റവും തിരുവാതിരക്കാറ്റും മുളയിൽ തീർത്ത ഊഞ്ഞാലുമുണ്ട്. ചോഴിയും പൂതനും തിറയും വെള്ളാട്ടുമുണ്ട്. പഠിച്ചതും വളർന്നതും കൊടുങ്ങല്ലൂരിൽ ആയിരുന്നെങ്കിലും അവധിക്കാലങ്ങൾക്ക് നിറം പകർന്നത് അമ്മ വീടിന്റെ വള്ളുവനാടൻ ഗ്രാമസൗഭാഗ്യങ്ങളുടെ കടും ചായക്കൂട്ടുകളായിരുന്നു.
മുത്തശ്ശനും അമ്മൂമ്മയും അമ്മാവന്മാരും ചെറിയമ്മമാരും കസിൻസും ഒക്കെയായി അവധിക്കാലങ്ങൾ വർണശബളമായിരുന്നു. സ്നേഹലാളനകളുടെ ധാരാളിത്തം. അവധിക്കാല രസങ്ങളിൽ കുറെയേറെ കഥകളുമുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് ഒടിയൻ കഥകൾ. ഇക്കണ്ട ആളുകൾക്കിടയിൽ ഒടിയനെ കാണാൻ ഭാഗ്യം കിട്ടിയ ആൾ എന്റെ അമ്മയാണ്. കണ്ടോ എന്ന് ചോദിച്ചാൽ കണ്ടു.. ശരിക്കും കണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നാ തോന്നുന്നത് എന്നാവും..
എന്തായാലും കഥയിങ്ങനെ ..
മുത്തശ്ശന്റെ നാടായ മാന്നന്നൂർ ആണ് ഒടിയൻ കഥകളുടെ വേദി. കവളപ്പാറയിലുള്ള ഞങ്ങളുടെ വീടിന്റെ പടിപ്പുര കടന്ന് പാട വരമ്പുകളിലൂടെ കുറെയേറെ നടന്നാൽ റെയിൽവെ ട്രാക്കിലേക്ക് കയറാം. ട്രാക്കിനപ്പുറം ചരിത്രമുറങ്ങുന്ന ഭാരതപ്പുഴയിലെ ധാരാളം മണൽത്തരികളും, ഇത്തിരി വെള്ളവും. പുഴയിൽ പോയി വെള്ളത്തിൽ കിടന്നുമറിയുന്നതും ഞങ്ങളുടെ അവധിക്കാല പരിപാടികളുടെ ഭാഗമായിരുന്നു..
ട്രാക്കിലൂടെ കുറേയേറെ കിഴക്കോട്ട് നടന്ന് മാന്നന്നൂർ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് മുമ്പായി വീണ്ടും പാടത്തിലേക്കിറങ്ങി കുറച്ച് നടന്നാൽ മുത്തശ്ശന്റെ വീടായി. ഒടിയൻ കഥകൾക്ക് തികച്ചും അനുയോജ്യമായ സെറ്റിംഗ് . പാടത്തിനും വലിയ തൊടിക്കും ഇടയിൽ ഒറ്റപ്പെട്ട ഒരു വീട്. നിറയെ മരങ്ങളും കുളവും പടിപ്പുരയും . പടിപ്പുരക്കപ്പുറം പാടം. അടുത്തെങ്ങും ഒരു വീടുപോലും ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ പക്ഷെ റോഡ് മാർഗം പുറകുവശത്ത് എത്തലാണ് പതിവ്. മുത്തശ്ശന്റെ അനിയനും കുടുംബവുമാണ് അവിടെ താമസം. അമ്മയുടെ അച്ഛമ്മ തീരെ മങ്ങിയ ഒരോർമ്മയായി ഉള്ളിലുണ്ട്. അച്ഛമ്മയെക്കാൾ ആ മുറിയിലെ പുകയിലയും കുഴമ്പുകളും കൂടിക്കലർന്ന ഗന്ധമാണ് ഓർമ. അച്ഛമ്മക്ക് അപ്പോഴേക്കും ഓർമകൾ മങ്ങിത്തുടങ്ങിയിരുന്നു.
അമ്മയുടെ ഒടിയൻ കഥകളിലെ നായകൻ മുത്തശ്ശന്റെ അച്ഛനായിരുന്നു. വല്ല്യ മുത്തശ്ശനും കാര്യസ്ഥൻ രാമ്പട്ടരും. രാമ്പട്ടർ ഒരു രസികൻ കഥാപാത്രമാണ്. അവരുടെ സംഭാഷണത്തിന്റെ ഒരു ചെറിയ മാതൃക.
മുത്തശ്ശൻ : "രാമാ ഇന്ന് മഴ പെയ്യോ ? "
രാമ്പട്ടർ : " പെയ്യുംന്നാ തോന്നണത് "
മുത്തശ്ശൻ : "ഇല്ല, പെയ്യുംന്ന് തോന്നണില്ല ."
രാമ്പട്ടർ : " അതെയതെ, പെയ്യുംന്ന് തോന്നണില്ല. "
ഒരിക്കൽ പുറത്ത് എന്തോ ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കുമ്പോൾ രാമ്പട്ടർ നൂൽ ബന്ധമില്ലാതെ പേടിച്ചരണ്ട് നില്ക്കുന്നു. നൂൽബന്ധം ഇല്ലെങ്കിൽ ഒടിയന് ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ് വിശ്വാസം.
പിന്നീടൊരിക്കൽ മുത്തശ്ശനും രാമ്പട്ടരും രാത്രി പൈക്കളെ നോക്കാൻ തൊഴുത്തിൽ പോയി. കുട്ടിയായിരുന്ന അമ്മയാണ് റാന്തൽ പിടിച്ചു കൊണ്ട് കൂടെ. പെട്ടെന്ന് ഒരു പയ്യിനെ കണ്ട് ഇത് മറ്റവനാണല്ലോ എന്ന് പറഞ്ഞ് അമ്മയോട് വേഗം വീട്ടിൽ കേറാൻ പറഞ്ഞത്രെ. ആ ഒടിയൻ ഓടിപ്പോയി. അമ്മ വീട്ടിലേക്കും. ഇതാണ് അമ്മ കണ്ട ഒടിയൻ.
മറ്റൊരിക്കൽ മുത്തശ്ശനും രാമ്പട്ടരും വൈകീട്ട് എവിടെയോ പോയി മടങ്ങി വരുന്ന വഴി ഒരു കടമ്പായ. നാൽക്കാലികൾ വിള നശിപ്പിക്കാതിരിക്കാനോ മറ്റോ ഇടുന്നതാണ് കടമ്പായ. രണ്ട് ലംബമായ മുളങ്കാലുകൾക്കിടയിൽ തിരശ്ചീനമായി രണ്ടു മൂന്ന് മുളങ്കമ്പുകൾ കെട്ടി ഉറപ്പിക്കുന്നതാണ് കടമ്പായ. " ഇത് മുമ്പ് ഇവിടെ ഉണ്ടായിരുന്നില്ലല്ലോ രാമാ " എന്ന് പറഞ്ഞ് മുത്തശ്ശൻ അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഒരു മുളന്തണ്ടിൽ ചറപറാ വെട്ടി. വേദന കൊണ്ട് പുളഞ്ഞ് ഒടിയൻ എഴുന്നേറ്റോടി. ആ കടമ്പായ മറി കടന്നാൽ അപകടം ഉറപ്പായിരുന്നൂത്രെ.
എഴുന്നേറ്റോടിയ ആളെ മുത്തശ്ശന് മനസ്സിലായി. പിറ്റേന്ന് രാവിലെ അയാളുടെ വീട്ടിൽ പോയി. കാലിൽ ആഴത്തിൽ വെട്ടേറ്റ അയാൾ കിടക്കുകയായിരുന്നു. ഇനി ഈ പണിക്ക് പോകരുത് എന്ന് കുറെ ശകാരിച്ച് ചികിത്സക്ക് കാശും കൊടുത്തു എന്നാണ് കഥ.
അമ്മയുടെ കഥകളിലെ ഒടിയന്മാരൊന്നും അത്ര പോരാത്തവരായതാണോ അതോ എതിരാളിയായ മുത്തശ്ശൻ അതിസമർത്ഥൻ ആയതാണോ എന്നറിയില്ല. ഏതായാലും വൈദ്യുതിയുടെ വരവോടെ ഒടിയന്മാർ എന്ന നാടൻ വാടക ഗുണ്ടകളുടെ പ്രഭാവം നഷ്ടപ്പെട്ടു. പിന്നെ ഇപ്പോൾ മോഹൻലാൽ ഒടിയനായപ്പോഴാണ് അവർക്കിത്തിരി ഗ്ലാമർ ഒക്കെ വന്നത്.
എന്തായാലും കുട്ടിക്കാലത്ത് തെല്ലു ഭീതിയോടെ തന്നെയാണ് ഈ ഒടിയൻ കഥകൾ കേട്ടിരുന്നത്. ഒരാളെയെങ്കിലും കണ്ടു കിട്ടിയുരുണങ്കിൽ ഒടിമറയുന്നതിന്റെ വിദ്യ എന്താണെന്ന് ചോദിക്കാമായിരുന്നു. പക്ഷെ പ്രധാന ഒടിയന്മാരൊക്കെ മൺമറഞ്ഞു പോയിരിക്കാം. ഒരു പക്ഷെ ഒടിവിദ്യയും. .
പ്രീത രാജ്
This comment has been removed by a blog administrator.
ReplyDeleteവളരെ നന്നായിട്ടുണ്ട് പ്രീച്ചേച്ചി...ഒന്നൂടെ നമ്മുടെ ആതിരവീട്ടിൽ കുട്ടികാലത്ത് നമ്മളെല്ലാം ഒത്തു ചേർന്ന സുഖം
ReplyDelete😍
Deleteനന്നായിട്ട് " ഉണ്ട്". തുടക്കത്തിൽ ഉണ്ട് നിറഞ്ഞു നിൽക്കുന്നുണ്ട്. കസിൻസ്, സെറ്റിങ്ങ്സ് എന്നിവക്ക് മറുഭാഷ ആവാമായിരുന്നു. കടമ്പായയുടെ ഉദ്ദേശം നാൽക്കാലികൾ പാടത്തേക്ക് വരാതെ വിള സംരക്ഷിക്കാനാണ്. അവസാനം ഒടി മായുന്ന വിദ്യ എന്തിനാണാവോ അറിയാൻ വെമ്പുന്നത്
ReplyDeleteഅറിഞ്ഞിരിക്കാമല്ലോ ഉദയേട്ടാ...
Deleteഭംഗിയായ അവതരണം. സിനിമയിലാണ് ആദ്യമായി ഒടിയനെപ്പറ്റി അറിഞ്ഞത്. പണ്ട് നാട്ടിൻപുറത്തെ ഒടിയൻമാരെപ്പറ്റി ഇപ്പോഴാണ് അറിയുന്നത്. എന്തായാലും മനോഹരമായ കുട്ടിക്കാലം.
ReplyDeleteഅതെ. മനോഹരമായ കുട്ടിക്കാലം. Thank you😍
Deleteവളരെ നന്നായിട്ടുണ്ട് പ്രീത .. പത്മിനി ചേച്ചിയുടെ തറവാട് ഇത്ര മനോഹരമായ ഗ്രാമപ്രദേശത്താണ് എന്നറിഞ്ഞിരുന്നില്ല ... ഇപ്പോഴും അവിടെല്ലാം ഇങ്ങനെ തന്നെ ആണോ ?
ReplyDeleteഒടിയനെ വെട്ടിയ മുത്തച്ഛൻ ഗംഭീരമായി .. ഇനിയും പ്രതീക്ഷിക്കുന്നു
Thank you,😊
Deleteകുറെ മാറി. പണ്ട് ഒരു വീട് ഇരുന്ന സ്ഥലത്ത് ഇപ്പോൾ അഞ്ച് വീട്. പടിപ്പുര അടച്ചു കെട്ടി മതിലാക്കി. അച്ഛനും അവിടെ തന്നെയാണ് വീടുവച്ചത്. പാടത്ത് കുറെ ചെറിയ വീടുകളായി. എങ്കിലും കുറെ ബാക്കിയുണ്ട് ഇപ്പോഴും. ഉള്ളതിനെ മുറുകെ പിടിക്കുക അത്ര തന്നെ.
വല്ല മുത്തശ്ശൻ കുറെ കാലം മലേഷ്യയിൽ ആയിരുന്നു. ആ മുത്തശ്ശന്റെ പോലെ തന്നെ തലയെടുപ്പുള്ളവരായിരുന്നു എന്റെ മുത്തശ്ശനും മുത്തശ്ശന്റെ അനിയനും. പ്രധാനാധ്യാപകനായിട്ടല്ലാതെ എന്റെ മുത്തശ്ശനെ ചിന്തിക്കാൻ തന്നെ പറ്റില്ല.
Beautiful aunty❤️ രചനകൾ ഒരിക്കലും വായനക്കാരെ നിരാശപെടുത്തുകയില്ല.. ഒരു സുഖം.. നഷ്ടബോധം.. ഗൃഹാതുരത്വം.. എന്താ പറയാ.. ����
ReplyDeleteThank you dear😍😘
DeleteAssalayi preetha
ReplyDelete