സോദരൻ ഭാഗവതർ
സംഗീതത്തിന് ഞാൻ ആൾരൂപം നൽകിയാൽ കുരുവിക്കൂടു പോലെ ചീകിവച്ച മുടിയും മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും കണ്ണടയും ഇരു നിറവും ആയിരിക്കും. സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച എന്റെ ഗുരുനാഥൻ സോദരൻ ഭാഗവതർ. മുമ്പിലിരുന്ന് ഏറ്റുപാടുമ്പോൾ കണ്ണടക്ക് മുകളിലൂടെയുള്ള നോട്ടം ഇപ്പോഴും മിഴിവോടെ ഓർമ്മയിൽ തെളിയുന്നു. അദ്ദേഹം കൈപിടിച്ചു നടത്തിയ വഴികളിൽ അനുമോദനത്തിന്റെ പൂച്ചെണ്ടുകളും കൈയ്യടികളും, ശിരസ്സിൽ ഏറ്റുവാങ്ങിയ ആശീർവാദങ്ങളും ഉണ്ടായിരുന്നു. 1981 ൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ പാലക്കാട് വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിന്റെ വേദിയിൽ വരെ എത്തി നിന്നു, ആ യാത്ര. നാലാം ക്ലാസ്സിൽ തുടങ്ങിയ പഠനം പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്തോ കാരണത്താൽ അവസാനിപ്പിച്ചു. അതോടെ എന്റെ സംഗീത യാത്രയും. അല്ലെങ്കിലും അച്ഛന് വേണ്ടിയായിരുന്നു പഠനം. അതുകൊണ്ട് തന്നെ നേടിയതൊക്കെ ഭാഗവതരുടെ കഴിവുകൾക്കുള്ള അംഗീകാരമായിരുന്നെന്ന് നിസ്സംശയം പറയാം. എത്രയെത്ര കീർത്തനങ്ങൾ പാടി കയ്യടി നേടി ..."രഘുവംശ സുധാംബുധി ..."പക്കാല നിലബാഡി ....." "പരമപുരുഷ ജഗദീശ്വരാ.. " ...