തപോമയിയുടെ അച്ഛൻ
തപോമയിയുടെ അച്ഛൻ ഇ. സന്തോഷ് കുമാർ പടർന്നു പന്തലിച്ച് വീടിനെ മൂടിനിൽക്കുന്ന പുരാതനമായ ആൽമരത്തിനടിയിൽ ഉറയ്ക്കാത്തതും സങ്കീർണ്ണവുമായ വേരുകളുള്ള കണ്ടൽ വൃക്ഷങ്ങൾ പോലെ ഏതാനും മനുഷ്യർ. നിഗൂഢലിപികളും പദപ്രശ്നങ്ങളും സംഖ്യാപ്രശ്നങ്ങളും എളുപ്പം നിർദ്ധാരണം ചെയ്യാനും പുതിയ നിഗൂഢ ലിപിസഞ്ചയം സൃഷ്ടിക്കാനും കഴിവുള്ള ഗോപാൽ ബറുവ എന്ന ' തപോമയിയുടെ അച്ഛൻ' പക്ഷെ മനസ്സുകളുടെ ഭാഷയുടെ ലിപികൾക്കും അക്കങ്ങൾക്കും മുമ്പിൽ പലപ്പോഴും തോറ്റു പോയിരുന്നു. നിതാന്തമായ തൻ്റെ ദുഃഖത്തിൻ്റെ രഹസ്യം അദ്ദേഹം നിഗൂഢലിപികളിലൂടെ പുറത്തേക്കൊഴുക്കിക്കളയാൻ ശ്രമിക്കുന്നു. തപസ് സർക്കാർ എന്ന ഡോക്ടർ കളിയാക്കലുകളിലൂടെയും ശകാരത്തിലൂടെയും ഗോപാൽദായെ അയാളുടെ ദുഃഖക്കയത്തിൽ നിന്നും വലിച്ചു കയറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. സുമന എന്ന തപോമയിയുടെ അമ്മയാവട്ടെ , വാക്കുകൾ കഴിയുന്നത്ര ചുരുക്കി മൗനത്തിൻ്റെ കോട്ട കെട്ടി ഉള്ളിലെ വിങ്ങൽ ചിത്രങ്ങളിലൂടെ മാത്രം പുറത്തോക്കെൊഴുക്കാൻ ശ്രമിച്ചു. തപോമയിയാവട്ടെ ഇരുൾ മൂടിയ വീട്ടിൽ ഹൃദയത്തിൻ്റെ ജാലകങ്ങളും വാതായനങ്ങളും തുറന്നിട്ട് നിഗൂഢ ലിപികളോ ചിത്രങ്ങളോ ഒന്നും മനസ്സിലാക്കാൻ മ...