തപോമയിയുടെ അച്ഛൻ
തപോമയിയുടെ അച്ഛൻ
ഇ. സന്തോഷ് കുമാർ
നിഗൂഢലിപികളും പദപ്രശ്നങ്ങളും സംഖ്യാപ്രശ്നങ്ങളും എളുപ്പം നിർദ്ധാരണം ചെയ്യാനും പുതിയ നിഗൂഢ ലിപിസഞ്ചയം സൃഷ്ടിക്കാനും കഴിവുള്ള ഗോപാൽ ബറുവ എന്ന ' തപോമയിയുടെ അച്ഛൻ' പക്ഷെ മനസ്സുകളുടെ ഭാഷയുടെ ലിപികൾക്കും അക്കങ്ങൾക്കും മുമ്പിൽ പലപ്പോഴും തോറ്റു പോയിരുന്നു. നിതാന്തമായ തൻ്റെ ദുഃഖത്തിൻ്റെ രഹസ്യം അദ്ദേഹം നിഗൂഢലിപികളിലൂടെ പുറത്തേക്കൊഴുക്കിക്കളയാൻ ശ്രമിക്കുന്നു.
തപസ് സർക്കാർ എന്ന ഡോക്ടർ കളിയാക്കലുകളിലൂടെയും ശകാരത്തിലൂടെയും ഗോപാൽദായെ അയാളുടെ ദുഃഖക്കയത്തിൽ നിന്നും വലിച്ചു കയറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു.
സുമന എന്ന തപോമയിയുടെ അമ്മയാവട്ടെ , വാക്കുകൾ കഴിയുന്നത്ര ചുരുക്കി മൗനത്തിൻ്റെ കോട്ട കെട്ടി ഉള്ളിലെ വിങ്ങൽ ചിത്രങ്ങളിലൂടെ മാത്രം പുറത്തോക്കെൊഴുക്കാൻ ശ്രമിച്ചു.
തപോമയിയാവട്ടെ ഇരുൾ മൂടിയ വീട്ടിൽ ഹൃദയത്തിൻ്റെ ജാലകങ്ങളും വാതായനങ്ങളും തുറന്നിട്ട് നിഗൂഢ ലിപികളോ ചിത്രങ്ങളോ ഒന്നും മനസ്സിലാക്കാൻ മെനക്കെടാതെ വലിയൊരാൽമരമായി അശരണർക്ക് ആലംബമേകുന്നു.
പ്രളയം മുക്കിയ ദ്വീപിലെ കുന്നിൻ മുകളിൽ കുരക്കാനാകാത്ത തൻ്റെ നായയുമായി നിൽക്കുന്ന മുടന്തനും വിക്കനുമായ ശ്യാമൾദായും നഗരത്തിലെ മാലിന്യക്കൂമ്പാരത്തിനു മുകളിൽ നിലനിൽപിനാധാരം തിരഞ്ഞ ജഹാനും മായാത്ത ദുഃഖചിത്രങ്ങൾ അവശേഷിപ്പിക്കുന്നു.
കൊളോണിയലിസത്തിൻ്റെ ഹാങ്ങ് ഓവറിൽ ജീവിക്കുന്ന സായന്തൻ സെൻ ഗുപ്തയും വേരുറയ്ക്കാത്ത ജലസസ്യം പോലെയുള്ള അഭയാർത്ഥി ജീവിതത്തിൻ്റെ ദുഃഖപരമ്പര നിശ്ശബ്ദയാക്കിയ പർവീണയും ചെറിയ സാന്നിദ്ധ്യങ്ങളിലൂടെ എങ്കിലും മിഴിവുള്ള ചിത്രങ്ങളായി മനസ്സിൽ പതിയുന്നു.
നൊമ്പരപ്പെടുത്തിക്കൊണ്ട് മനസ്സിലൊട്ടി
നിൽക്കുന്ന ഒരു പിടി കഥാപാത്രങ്ങളാണ് തപോമയിയുടെ അച്ഛൻ എന്ന നോവലിൻ്റെ വിജയം എന്നു തോന്നുന്നു. സത്യത്തിൽ പുസ്തകത്തിൻ്റെ പകുതിയിൽ തന്നെ
ക്ലൈമാക്സ് പിടി കിട്ടിയിരുന്നു. എങ്കിലും പല നുറുങ്ങുകൾ ചേർത്ത് കുറെ ജീവിത കഥകൾ ഒരു jigsaw puzzle പോലെ ചേർന്ന് വരുന്നത് രസകരമായ അനുഭവമായിരുന്നു.
തപോമയിയുടെ അച്ഛൻ സമ്മാനിച്ച മനോഹരമായ വായനാനുഭവത്തിന് ഇ.സന്തോഷ് കുമാറിന് നന്ദി. അഭിനന്ദനങ്ങൾ ആശംസകൾ.
പ്രീത രാജ്
Comments
Post a Comment