ഒരു മിന്നാമിന്നിയുടെ നുറുങ്ങു വെട്ടം

ഒരിളം കാറ്റിൻ്റെ അലകളിൽ ജാലകത്തിലെ ഷേഡുകൾ ഇളകുന്നു. അലസമായൊരു ഉച്ചയുറക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോൾ ഒരു പാദസരക്കിലുക്കം ഉണർവ്വിൻ്റെ ജാഗ്രതയിലേക്ക് വലിച്ചു കയറ്റുന്നു. വെറും  തോന്നലെന്ന അറിവിൻ്റെ ശൂന്യതയിലേക്ക് വീണ്ടും കണ്ണടക്കുന്നു

ഭഗവദ്ഗീതയുടെയും കരമസോവ് സഹോദരന്മാരുടെയും ഫിലോസഫികളുടെ ചുഴികളിൽ പെട്ട്
കറങ്ങുമ്പോഴാണ് പൊടുന്നനെ പെപ്പ പിഗിൻ്റെയും ബ്ലൂയിയുടെയും ലിറ്റിൽ  റെഡ് റൈഡിങ്ഹുഡിൻ്റെയും സ്നോ വൈറ്റിൻ്റെയും മൗഗ്ലിയുടെയും വിശാലവും പ്രകാശമാനവുമായ ലോകത്തിൽ എത്തപ്പെട്ടത്. ബെഡ് ടൈം കഥകളിലൂടെ, ഫുഡ് ടൈം ടിവി യിലൂടെ,  കളികളിലൂടെ  നാലു വയസ്സുകാരിയുടെ ഇളം ചിറകിൽ പറ്റിച്ചേർന്നു സഞ്ചരിക്കുമ്പോൾ ആ ലോകത്തെ  കാഴ്ചകൾക്ക് എന്തു ഭംഗി! ഭാരമില്ലാത്ത വിശാലമായ കുട്ടിലോകത്തിൽ എല്ലാം സുതാര്യമായി, മിഴിവോടെ,  വ്യക്തതയോടെ കാണാം. അനുദിനം ചേർക്കപ്പെടുന്ന പുതിയ വാക്കുകളുടെ പുതുമയുള്ള കൊഞ്ചലുകളെ പിന്തുടർന്ന് അവിടെ അങ്ങനെ അലഞ്ഞു നടക്കുമ്പോൾ കാലം  തുന്നിച്ചേർത്ത അടരുകൾ അഴിഞ്ഞു വീഴുന്നതറിഞ്ഞിരുന്നു. 

അവൾ പറന്നകന്നപ്പോൾ വീണ്ടും മുതിർന്നവരുടെ ദുർഗ്രഹവും ഭാരമേറിയതുമായ ലോകത്തിലേക്ക് പാറി വീഴുന്നു. വിസ്മയക്കാഴ്ചകളുടെ മാധുര്യം അയവിറക്കിക്കൊണ്ട് ചുരുണ്ടു കൂടുമ്പോൾ മനസ്സ് വെറുതെ മൂളുന്നു,
"ഒരു നാൾ വിശന്നേറെ തളർന്നൊരു വാനമ്പാടി കണ്ടൊരു മിന്നാമിന്നിയെ..."

പ്രീത രാജ്

Comments

Popular posts from this blog

കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്

തണുപ്പിൻ്റെ സൂചിമുനകൾക്ക് വിട

ഒരു വടക്കൻ വീഥി ഗാഥ