നിഴൽ


നിഴൽ

നിഴലുപോലെ എന്നെ ചൂഴ്ന്ന് നിൽക്കുന്ന നീ ആരാണ്?

എൻ്റെ വ്യഥകളുടെ വേവിനെ കുളുർ തെന്നലായി ശമിപ്പിച്ച  നീ തന്നെയല്ലേ പലപ്പോഴും കൊടുങ്കാറ്റായി എന്നെ ചുഴറ്റിയെറിഞ്ഞതും.?

വെൺമേഘങ്ങൾക്കിടയിലൂടെ തെന്നിപ്പറക്കാൻ എന്നെ പ്രേരിപ്പിച്ചതും പരിശീലിപ്പിച്ചതും നീയല്ലേ? 
എന്നിട്ടും എത്രവുരു നീയെന്നെ എൻ്റെ മനോരഥങ്ങളിൽ നിന്ന് നിഷ്ക്കരുണം വലിച്ചിറക്കി ചുഴറ്റിയെറിഞ്ഞു?

നിൻ്റെ ലാളനയേറ്റ് ഗാഢനിദ്രയിലാണ്ടിരുന്ന എന്നെ വിളിച്ചുണർത്തി കുത്തിക്കീറിയതും നീയല്ലേ?
എൻ്റെയുള്ളിലെ  അഗാധ ഗർത്തങ്ങളിൽ ഞാൻ പോലുമറിയാതെ അടിഞ്ഞിരുന്ന അഴുക്കുകളെല്ലാം നിർദ്ദാക്ഷിണ്യം വലിച്ചു പുറത്തിട്ട് എന്നെ അപഹസിച്ചതെന്തിനായിരുന്നു?

പലപ്പോഴും നീ നന്മകളുടെ , സൗന്ദര്യത്തിൻ്റെ, സ്നേഹത്തിൻ്റെ ഉദാത്തസാന്നിദ്ധ്യമായി. 
പക്ഷെ ചിലപ്പോഴൊക്കെ വെളിപ്പെടുന്ന നിൻ്റെ വികലരൂപം പോരായ്മളെ
അനാവൃതമാക്കി എന്നിൽ അറപ്പുളവാക്കി.

അപ്പോൾ ഞാൻ നിന്നെ ഭീതിയോടെ നോക്കി. ആരാണ് നീ?

എൻ്റെ ആത്മാവിൻ്റെ പ്രതിബിംബം?
എൻ്റെ അപരവ്യക്തിത്വം?
എൻ്റെ മാലാഖ ?

ഒന്നു മാത്രമറിയാം. നിന്നിൽ നിന്നെനിക്ക് മോചനമില്ല. മോചനം ഞാനൊട്ടു കാംക്ഷിക്കുന്നുമില്ല. നീയില്ലെങ്കിൽ ഞാനില്ല എന്ന സത്യം ഞാനറിയുന്നു. 
കെട്ടുപിണഞ്ഞൊരു  അഴിയാക്കുരുക്കിനാൽ ബന്ധനസ്ഥരാണ് നാം! നിഴലു പോലെ!
നിഴൽ- അത് നീ ആണോ അതോ ഞാനോ?

പ്രീത രാജ്



Comments

Popular posts from this blog

തെക്കോട്ടിറക്കം- മെൽബൺ

കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്

ദക്ഷിണായനം - കെയ്ൻസ്