Posts

വാഴാലിക്കാവ്

Image
വാഴാലിക്കാവ് ഷൊർണൂർ വരുമ്പോൾ സമയവും സാഹചര്യവും  ഒത്തു വരുമ്പോഴൊക്കെ ചെറിയ ഡ്രൈവുകൾ പതിവാണ്. പ്രകൃതിയുടെ നൈസർഗ്ഗിക സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഇടനാടൻ ഗ്രാമ പ്രദേശങ്ങൾ! പുഴയും കുന്നും നെൽവയലുകളും ഒത്തൊരുമിച്ച് പകർന്നു തരുന്ന ശാന്തി അവാച്യമാണ്. ഇത്തവണ വാഴാലിക്കാവായിരുന്നു ലക്ഷ്യം. പാലം കടന്ന് ചെറുതുരുത്തിയിൽ നിന്ന് ഇടത്തോട്ട് പൈങ്കുളത്തേക്കുള്ള റോഡിലൂടെ കുറച്ചു ദൂരം പോയാൽ വാഴാലിക്കാവിലെത്താം.  അമ്മയുടെ കുട്ടിക്കാലത്ത് മാന്നന്നൂരിലെ മുത്തശ്ശൻ്റെ വീട്ടിൽ നിന്ന് പുഴ കടന്ന് പോകാറുണ്ടായിരുന്നത്രെ വാഴാലിക്കാവിലേക്ക്. അതുവരെ നടുവേദന കാലുവേദന എന്നൊക്കെ പറഞ്ഞിരുന്ന അമ്മ കാവിലേക്കെത്താറായപ്പോൾ  ഉഷാറായി. ഗൃഹാതുരത്വത്തേ ക്കാൾ മികച്ച ഉത്തേജക ഔഷധം മറ്റെന്ത്? കാവിലേക്കുള്ള ഇടുങ്ങിയ വഴിയിൽ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന കാറുകൾ! റീലുകളുടെ പ്രഭാവം തന്നെ! പരിസരത്തിന് ഒട്ടും ഇണങ്ങാത്ത ഒരു ഐസ് ക്രീം വണ്ടി വഴിയിൽ സ്ഥാനം പിടിച്ചിരുന്നു. അച്ഛൻ്റെ സാരഥിയും വലം കൈയുമായ ബാബു കാർനിരയെ വിദഗ്ദമായി മറികടന്ന് കാവിന് മുമ്പിൽ കാറെത്തിച്ചു.  ഒരു കുന്നിൻ്റെ പശ്ചാത്തലത്തിൽ കുറച്ചുയരത്തിലാണ് ദേവ...

മെസ്സി ഈസ് മിസ്സിംഗ്

Image
  ഒരു ചരമവാർത്ത കെട്ടിക്കിടക്കുന്ന ഒരു തടാകം പോലെ, അസ്വസ്ഥതയുടെ പായൽ പിടിച്ചു തുടങ്ങിയിരുന്നു മനസ്സിൽ. വേർതിരിച്ചറിയാനാവാത്ത ദിനരാത്രങ്ങളിലൂടെ കാലം കടന്നു പോയ്ക്കൊണ്ടിരുന്നു. ഒരു ചെറിയ കൈവഴിയിലൂടെ മെല്ലെ ഒഴുകി നീങ്ങുമ്പോൾ ആശ്വാസം, സന്തോഷം, സമാധാനം. ഇത്രയൊക്കെ പറയേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ 'ഉണ്ട്' എന്ന് ഉത്തരം. പറഞ്ഞു വന്നതിത്ര മാത്രം - മനസ്സിന് കൈവഴികൾ വേണം, പായൽ നീങ്ങി സ്വച്ഛമാകാൻ.  മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഷൊർണൂരിലേക്കുള്ള യാത്ര. നല്ല ട്രാഫിക്കായിരുന്നതിനാലും വളയത്തിന് പിന്നിലായിരുന്നതിനാലും വഴിയോരക്കാഴ്ചകളൊന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല. വലിയ ഗേറ്റ് കടന്നപ്പോഴാണ് അവൻ്റെ അഭാവം അനുഭവിക്കാൻ തുടങ്ങിയത്. ഉണ്ണിമാമയുടെ ഗേറ്റിന് മുമ്പിലോ മുറ്റത്തെ അരമതിലിനടുത്തോ വടക്കു പുറത്തെ താളിലകൾക്ക് താഴെയോ കണ്ണുകൾ അവനെ തിരഞ്ഞു. കന്നി മാസമാണ്. ഇക്കാലം അനേകം പ്രേയസികൾക്ക് നടുവിൽ ഉന്നത ശീർഷനായി നടന്നിരുന്നവനാണ്. സാധാരണ കാറിൽ നിന്നിറങ്ങുമ്പോൾ തന്നെ കുശലാന്വേഷണവുമായി അരികിലെത്താറുണ്ടായിരുന്നു. ഇന്നിപ്പോൾ അവനില്ല.  "മെസ്സി ഈസ് മിസ്സിംഗ്" എന്ന് അച്ഛൻ ഫോണിലൂടെ പറയാൻ തുടങ്ങിയിട്ട്...

തീർത്ഥയാത്ര

Image
പഠന കാലത്ത് ചരിത്രത്തോടും ഭൂമിശാസ്ത്രത്തോടും തീരെ താത്പര്യമില്ലായിരുന്നു.  'എന്തിനിതൊക്കെ പഠിക്കണം ' എന്നായിരുന്നു അക്കാലത്തെ ചിന്ത. അവയുടെ പ്രാധാന്യം അറിയാൻ ഏറെ കാലമെടുത്തു.  ഇയിടെയായി ഏറ്റവും താത്പര്യം ഈ രണ്ടു വിഷയങ്ങളിലാണ്. മനുഷ്യരാശി നടന്നു നീങ്ങിയ വഴികൾ-ചരിത്രമുറങ്ങുന്ന കോട്ട കൊത്തളങ്ങൾ! നിണമണിഞ്ഞ മൺതരികൾ!  പർവ്വതങ്ങൾ! ഗർത്തങ്ങൾ! സമതലങ്ങൾ! കിണറുകൾ, കുളങ്ങൾ, അരുവികൾ, പുഴകൾ, സമുദ്രങ്ങൾ! ചുറ്റും അലയടിക്കുന്ന മാറ്റങ്ങളുടെ തിരമാലകൾക്കിടയിൽ  പൗരാണികതയുടെ, ആത്മീയതയുടെ ചെറുദ്വീപുകൾ പോലെ ദേവാലയങ്ങൾ! മഹാക്ഷേത്രങ്ങൾ! വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങൾ! എല്ലാം കാണണം, അറിയണം എന്ന വ്യഗ്രതയാണ് ഈയിടെയായി.  പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, (ക്ഷേത്രം എന്നല്ല, മടപ്പുര എന്നാണ് പറയേണ്ടത് ) കാണണമെന്ന മോഹമുദിച്ചിട്ട് കുറെ കാലമായിരുന്നു. യാത്ര സാധ്യമായത് ഇപ്പോഴാണ്, കൃത്യമായി പറഞ്ഞാൽ 2024 മെയ് 7ന് . രാവിലെ വന്ദേ ഭാരത് ട്രെയിനിൽ എറണാകുളത്ത് നിന്ന് പുറപ്പെട്ടു. അച്ഛനും അമ്മയും ചെറിയമ്മമാരും ചെറിയച്ഛൻമാരുമടങ്ങുന്ന തീർത്ഥാടക സംഘം ഷൊർണൂരിൽ നിന്ന് ട്രെയിനിൽ കയറി. പന്ത്രണ്ടരയോടെ ക...

മഴയോർമ്മകൾ

Image
മഴയോർമ്മകൾക്ക് ഇലച്ചാർത്തുകളിൽ നിന്നിറ്റ് വീഴുന്ന വെള്ളത്തുള്ളികളുടെ മനോഹാരിതയാണ്, വശ്യതയാണ്.  മഴക്ക് മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ഉറവകളുണ്ട്, അനുഭൂതികളുണ്ട്.  മഴക്ക് മാത്രം മുളപ്പിക്കാൻ കഴിയുന്ന പുതുനാമ്പുകളുണ്ട്, വികാരങ്ങളുണ്ട്.  മഴയോർമ്മകൾ തുടങ്ങുന്നതെവിടെയാണ്? കുഞ്ഞു വർണ്ണക്കുട നിവർത്തി പിടിച്ച് വെളളക്കുഴികളിൽ ചവിട്ടിത്തെറിപ്പിച്ച് കുടയ്ക്ക് പുറത്തേക്ക് കൈനീട്ടി മഴയെ കൈക്കുമ്പിളിലാക്കി നടന്നകന്ന ബാല്യത്തിലാണോ?അതോ  മുറ്റത്തെ കെട്ടിക്കിടക്കുന്ന കലക്ക വെള്ളത്തിലൊഴുക്കുന്ന കടലാസുതോണികളിലോ?. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാറ്റിനൊത്ത് അങ്ങോട്ടുമിങ്ങോട്ടും നീങ്ങി  മുങ്ങിപ്പോകുന്ന അല്ലെങ്കിൽ ചേറിലടിഞ്ഞ് പോകുന്ന കടലാസുവഞ്ചികൾ. ഇപ്പോഴും ഒരു തുണ്ട് കടലാസോ നോട്ടീസോ കിട്ടിയാൽ   കൈകളിൽ അവ കടലാസുവഞ്ചികളായി ഏതോ ഒർമ്മകളിലാടിയുലയുന്നു.  മേൽക്കൂരയിൽ നിന്നൊഴുകി വീഴുന്ന മഴ വെള്ളം സ്യഷ്ടിക്കുന്ന നീർക്കുമിളകളെ കൗതുകത്തോടെ നോക്കി നിന്നിരുന്നു.  നിമിഷങ്ങൾക്കുള്ളിൽ പൊട്ടിപ്പോകുന്ന നീർക്കുമിളകൾ ഉള്ളിലുണ്ടാക്കിയിരുന്ന കുഞ്ഞു നിരാശകൾ...  പൊലി കൂട്ടി വ...

മൂന്നാർ

Image
മൂന്നാർ കോട്ടയത്ത് താമസിക്കുമ്പോഴാണ് ആദ്യത്തെ മൂന്നാർ യാത്ര. തൊണ്ണൂറുകളുടെ  രണ്ടാം പകുതിയിലെപ്പോഴോ ആണ്.  ഓഫീസും വീടുമായി രാവിലെ മുതൽ രാത്രി വരെ യന്ത്രം പോലെ നിരന്തരം പണികളിൽ വ്യാപൃതയായിരുന്ന കാലമായിരുന്നു എങ്കിലും കോട്ടയം  ദീപ്തസുന്ദരമായ ഓർമ്മയാണ് എനിക്ക്. എന്റെ ചെറിയ ഓഫീസിൽ ( LICയുടെ കരിയർ ഏജന്റ്സ് ബ്രാഞ്ച് ) എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. അതുകൊണ്ട് തന്നെ മോനെ വൈകുന്നേരം ഓഫീസിൽ ഇറക്കിവിടുമ്പോൾ ഞാനെന്തെങ്കിലും തിരക്കിലായാലും അവനോ മറ്റുള്ളവർക്കോ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. കാർട്ടൂൺ വരച്ചു കൊടുത്തും തമാശകൾ പറഞ്ഞും സ്ക്കൂൾ വിശേഷങ്ങൾ ചോദിച്ചും എന്റെ സഹപ്രവർത്തകർ അവനെ രസിപ്പിച്ചിരുന്നു. ഒരിക്കൽ അവന്റെ വാൻ കേടായി എത്താൻ വൈകിയപ്പോൾ ഓഫീസ് സമയം കഴിഞ്ഞിട്ടും ഏറെ നേരം അവനെ കാത്ത് എന്റെ കൂടെ നിന്നതും ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു. ഇപ്പോഴും, LIC തന്നെ വിട്ടിട്ട് വർഷങ്ങളായിട്ടും കുറച്ച് നല്ല സൗഹൃദങ്ങളും  അവിടെ നിന്ന് കിട്ടി. ഇടക്ക് ഫോണിലൂടെ തനത് കോട്ടയം രീതിയിൽ, " എന്നാണ്ട് " എന്ന് ചോദിച്ച് തുടങ്ങുന്ന സംഭാഷണങ്ങളിലൂടെ ഊട്ടി ഉറപ്പിക്കപ്പെടുന്ന സൗഹൃദങ്ങൾ. ...

ചുറ്റുവിളക്ക്

Image
ചുറ്റുവിളക്കിന്റെ പ്രഭയിൽ ആര്യൻ കാവ്. പ്രശാന്ത സുന്ദര വള്ളുവനാടൻ ഗ്രാമഭംഗി... ചുറ്റുമതിലിനോട് ചേർന്ന പടികളിൽ ഇരിക്കുമ്പോൾ  ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരം... അമ്മൂമ്മയുടേയും മുത്തശ്ശന്റയും കൂടെ പൂരക്കാലത്ത് മാന്നന്നൂർ ദേശക്കുതിരയെ കാത്തിരുന്നിരുന്നു ഇതു പോലെ.. പായസത്തിന് വേണ്ടി കാത്തിരുന്നപ്പോൾ തെളിഞ്ഞ ആകാശത്ത് കണ്ട നക്ഷത്രങ്ങൾക്ക് അതേ സ്നേഹവാത്സല്യഭാവം..

പുഴ

Image
പുഴ അനവരതം ഒഴുകി... ചെറിയ പാറകൾ കയറിയിറങ്ങി... വലിയ പാറകളിൽ തട്ടിച്ചിതറി ... സമുദ്രത്തിൻ അനന്തതയിലേക്ക് ... പുഴ അനവരതം ഒഴുകി ... ചിലപ്പോൾ കലങ്ങി ദുഃഖാർത്തയായി... ചിലപ്പോൾ മുടിയഴിച്ചുന്മാദിനിയായി... ചിലപ്പോൾ ചെറുഓളങ്ങളാം ശ്വാസത്തോടെ ശാന്തയായി സൗമ്യയായി... തീരത്തെ പൂമരങ്ങൾ ..... പുഷ്പവൃഷ്ടി നടത്തുമ്പോൾ ... അലസമൊരു പുഞ്ചരിയാൽ... അവൾ വശ്യമനോഹരിയായി... കുസൃതിക്കാറ്റിൻ ചുറ്റിക്കളിയിൽ ..... ചിലപ്പോൾ ഗൂഢസ്മിതം പൊഴിച്ച് .... ചിലപ്പോൾ കളകളാ പൊട്ടിച്ചിരിച്ച് .... അവൾ ചപലകന്യകയായി....... തന്നിലേക്കെറിഞ്ഞ കല്ലുകളും മാലിന്യവും അടിത്തട്ടിലെ നിഗൂഢതയിലൊളിപ്പിച്ച് ... വലിച്ചെറിഞ്ഞവരെ തിരിഞ്ഞു നോക്കാതെ ഓളങ്ങൾ  അടക്കിപ്പിടിച്ചവളൊഴുകി.. നിർമമയായി ... പുഴക്ക് ഒഴുകാതെ വയ്യല്ലോ! സമുദ്രമാം സത്യത്തിൽ ലയിക്കാതെ വയ്യല്ലോ! പ്രീത രാജ്