പട്ടുനൂൽപ്പുഴു

കഥാപാത്രങ്ങളാണ് ഒരു പുസ്തകം വായിക്കുമ്പോൾ ആദ്യം മനസ്സിൽ കയറുന്നത്. എസ്. ഹരീഷിൻ്റെ പട്ടുനൂൽപ്പുഴുവിലെ കഥാപാത്രങ്ങളാവട്ടെ പുസ്തകം വായിച്ചു കഴിഞ്ഞും വിഷാദം മുറ്റിയ കണ്ണുകളുമായി മനസ്സിൽ നിന്നിറങ്ങാതെ കുത്തിയിരിക്കുന്നു. 

പെട്ടെന്ന് ആരുടെയും കണ്ണിൽ പെടാത്ത കുട്ടിയാണ് പതിമൂന്ന് കാരനായ സാംസ. സാംസ എന്ന പ്രത്യേകതയുള്ള പേരല്ലായിരുന്നെങ്കിൽ അവൻ സ്കൂളിൽ പോലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയേനെ. ലൈബ്രേറിയനായ മാർക്ക് സാറാണ് ലോകസാഹിത്യത്തിലെ പ്രശസ്തനായ കഥാപാത്രത്തിൻ്റെ പേര് അവൻ്റെ അച്ഛൻ വിജയന് പറഞ്ഞു കൊടുത്തത്. സാംസ മണ്ണിൻ്റെ അടരുകൾക്കും വർഷങ്ങൾക്കുമിപ്പുറം നിന്ന് സംസാരിക്കാറുള്ള പതിമൂന്നാം വയസ്സിൽ മരിച്ചു പോയ നടാഷയുടെ പേരും മാർക്ക് സാറിൻ്റെ സംഭാവനയാണ്.

കുട്ടിക്കാലം മുതലേ വികൃതിയില്ലാത്ത, ബഹളക്കാരനല്ലാത്ത കുട്ടിയായിരുന്നു സാംസ. ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കുട്ടി. ചില ദിവസങ്ങളിൽ സ്കൂളിൽ പോകാതെ ആൾപ്പാർപ്പില്ലാത്ത ഒരു കെട്ടിടത്തിൽ വെറുതെ ഇരിക്കാറുണ്ട് അവൻ. ചുറ്റുമുള്ളവരോട്  സംസാരിക്കുന്നതിലുമധികം അവൻ തൻ്റെ സാങ്കൽപിക ലോകത്തിൽ സംവദിച്ചു. ഒരു പക്ഷെ രണ്ടു തോടുകൾക്കിടയിൽ വേനലിൽ പോലും നനവൂറുന്ന പറമ്പിൽ ഏച്ചു കെട്ടിയുണ്ടാക്കിയ വീടും കടക്കാരുടെ ശകാരവും കയ്യാങ്കളിയുമൊക്കെ ഏറ്റുവാങ്ങിയിരുന്ന അച്ഛനും അവനെ ഉൾവലിഞ്ഞവനാക്കിയിരിക്കാം.

സാംസക്ക് ഇത്തിരി കുറുമ്പുണ്ടായിരുന്നെങ്കിൽ എന്ന് അമ്മ ആനി പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  അവൻ്റെ അച്ഛൻ വിജയൻ ഒന്നിനു പുറകെ ഒന്നായി പരാജയപ്പെടുന്ന പല ബിസിനസ്സുകളുടെ പരാധീനതകളിൽ പെട്ടുഴറി സാംസ ജനിച്ച് ഒരു വർഷത്തോളം ഭാര്യയെയും കുഞ്ഞിനെയും തിരിഞ്ഞു നോക്കിയിരുന്നില്ല. അക്കാലം ആനിയുടെ മനസ്സിൽ വിഷാദത്തിൻ്റെ കാർമേഘങ്ങൾ നിഴൽ വിരിച്ചിരുന്നു . ആ വിഷാദമാണോ മുലപ്പാലിലൂടെ അവനിലെത്തിയത്?
തൊടിയുടെ മേൽത്തട്ടിലുള്ള ഈന്ത് മരത്തിൻ്റെ ചോട്ടിൽ തലയുറയ്ക്കാത്ത പേരിടാത്ത സാംസയേയും കൊണ്ട് അവൾ ഏറെ സമയം ചെലവഴിച്ചിരുന്നു. അതാണോ സാംസയുടെ ഉൾവലിഞ്ഞ പ്രകൃതത്തിന് കാരണം ? അതോ കുറുക്കിക്കൊടുത്ത ഈന്തിൻ കുരുവിൻ്റെ പൊടിയിൽ നിന്ന് കട്ട് മുഴുവനായും പോയിരുന്നില്ലേ? സ്വപ്രായക്കാരുടെ കൂടെ കൂടാതെ വർഷാ വർഷം ഭ്രാന്ത് വരുന്ന സ്റ്റീഫൻ്റെ കൂടെ സാംസ നടക്കുമ്പോഴൊക്കെ ആനി സാംസയുടെ ഉൾവലിഞ്ഞ പ്രകൃതത്തിൻ്റെ കാരണം ചികഞ്ഞു കൊണ്ടിരുന്നു.

 സ്റ്റീഫൻ്റെ  ഭ്രാന്ത് വലിച്ചെടുത്ത് വളരുന്ന  ഒരു  ഈന്ത്മരമുണ്ട്  അവൻ്റെ വീട്ടിൽ. ഭ്രാന്ത് വരുമ്പോൾ വീട്ടുകാർ അവനെ കെട്ടിയിടുന്ന മരം. ഭ്രാന്ത് വരാതിരുന്ന ഒരു വർഷമാണ് സ്റ്റീഫൻ സാംസയുടെ അച്ഛൻ്റെ കടയിലെ പലചരക്ക് ചാക്കുകൾക്കടിയിൽ പെട്ട് മരിക്കുന്നത്.

 ഇലു എന്ന, സാംസയുടെ പ്രിയപ്പെട്ട നായ തൂങ്ങിമരിക്കുന്നത്  അച്ഛൻ കടം വാങ്ങിച്ച ആളിൽ നിന്ന് സാംസക്ക് മുഖമടച്ച് അടി കിട്ടിയതിൻ്റെ പിറ്റേന്നാണ്. കെട്ടിയ തൂണിൽ നിന്ന് ചങ്ങല അനുവദിക്കുന്ന പരിധിക്കുള്ളിൽ നിന്ന്  കാണുന്ന ലോകം മാത്രം കണ്ട് സംതൃപ്തനായി ഒരിക്കലും കുരയ്ക്കാതിരുന്ന ഇലു ആദ്യമായി നിർത്താതെ കുരച്ചു തുടങ്ങിയതും സാംസക്ക് അടിയേറ്റപ്പോൾ മുതലാണ്.  

രാത്രി വൈകി സാംസ അന്വേഷിച്ചു ചെന്നാൽ വിജയന് വീട്ടിലേക്ക് മടങ്ങാതിരിക്കാനാവില്ല. അതിനാൽ അയാൾ അവൻ വരുന്നതിന് മുമ്പേ ധൃതിയിൽ നടന്നകന്നു. അച്ഛൻ വീട്ടിലുണ്ടെങ്കിൽ നല്ല സ്വപ്നം കണ്ട് സുഖമായുറങ്ങുമായിരുന്ന സാംസക്ക് അവൻ്റെ ജീവിതകാലം മുഴുവൻ അച്ഛനെ അന്വേഷിക്കേണ്ടി വരും. " കാണാതായ ആളെ അവർ മരിക്കും വരെയല്ല, നമ്മൾ മരിക്കും വരെയാണ് അന്വേഷിക്കേണ്ടത്. "

വിജയൻ മടങ്ങി വരില്ലെന്ന് ഉറപ്പുണ്ടായിരുന്നിട്ടും, കടം വാങ്ങിയവരെ കാണുമ്പോൾ വേലിചാടി രക്ഷപ്പെടുന്ന വിജയനേക്കാൾ കൃഷിപ്പണിക്ക് ഇറങ്ങുമ്പോൾ അവൾ കൂടെ വരുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കുന്ന വിജയൻ്റെ ചിത്രമാണ് ആനിയുടെ മനസ്സിൽ പതിഞ്ഞത്. പേപ്പറിൽ മാത്രം വിജയിക്കുന്ന ബിസിനസ് ആശയങ്ങളുമായി അയാൾ തകർച്ചയിലേക്ക് കൂപ്പു കുത്തുമ്പോൾ അവളുടെ സഹായം പ്രതീക്ഷിച്ചിരുന്നോ?

ഉള്ളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ചിന്തകളാണോ ആനിക്കും സാംസക്കും സ്വപ്നമേത് യാഥാർത്ഥ്യമേതെന്ന്  ആശയക്കുപ്പമുണ്ടാക്കിയത് ? 

വാങ്ങ്മയ ചിത്രങ്ങളാൽ മിഴിവോടെ വരച്ചിട്ട ഓരോ കഥാപാത്രവും മനസ്സിൽ അവശേഷിക്കുന്നു. മികച്ച വായനാനുഭവം നൽകിയ കഥാകാരന് നന്ദി, അനുമോദനങ്ങൾ!


പ്രീത രാജ്

Comments

Popular posts from this blog

ആരോ

ഒരു മിന്നാമിന്നിയുടെ നുറുങ്ങു വെട്ടം

ബാഷ്പീകൃതരും പെൺനീതിയും