ഒരു പാലക്കാടൻ യാത്രാവിശേഷം
വർഷത്തിലൊരിക്കൽ കണ്ണാടിക്കാവെന്ന് ഞങ്ങൾ ലോപിച്ചു വിളിക്കുന്ന പാലക്കാടിനടുത്ത് കണ്ണാടിയിലുള്ള ധർമ്മദൈവ ക്ഷേത്രമായ ( അടിമക്കാവെന്ന് പാലക്കാടൻ ഭാഷ്യം) ശ്രീ കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്ര സന്ദർശനം പതിവാണ്. ഇത്തവണ ഉത്സവക്കാലത്ത് തന്നെ അവിടെ ദർശനം നടത്താനായി. ക്ഷേ ത്രം മലബാർ ദേവസ്വം ഏറ്റെടുത്തിട്ട് അധികം കാലമായിട്ടില്ല. മുമ്പ് മണാളരായിരുന്നു അവിടത്തെ പ്രധാന കാര്യക്കാരൻ. ഭൈരവൻ തറയ്ക്കും കുളത്തിനുമടുത്ത് ചാരുപടികളുള്ള ഒരു കെട്ടിലിരുന്ന് അദ്ദേഹം വഴിപാട് രശീതികൾ എഴുതിയിരുന്നു. അമ്മയും ചെറിയമ്മമാരും പുഷ്പാഞ്ജലിക്കും പണപ്പായസത്തിനുമൊക്കെ ശീട്ടാക്കുമ്പോൾ ചാരുപടിയുടെ അഴികൾക്കിടയിലൂടെ കുളത്തിലേക്ക് നോക്കിയിരുന്നിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ വ്യക്തമായ ഓർമകൾ. തൊട്ടടുത്ത മുറിയിൽ നിന്ന് പായസത്തിൻ്റെ ഗന്ധമുയർന്നിരുന്നു. ദേവസ്വം ബോർഡ് ഏറ്റെടുത്തപ്പോൾ ക്ഷേത്രമതിൽക്കെട്ടിനകത്ത് തന്നെ ബില്ലിംഗ് കൗണ്ടറും സ്ഥാപിതമായി. ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ശ്രീകോവിലും ചുറ്റമ്പലവും പുതിയ കല്ലുകൾ പാകി മോടി കൂട്ടി. വരണ്ട് ഊഷരമായ ഒരു പാലക്കാടൻ പകൽ ഒമ്പതരയോടെ അവിടെയെത്തിയപ...