ഒരു പാലക്കാടൻ യാത്രാവിശേഷം
ത്രം മലബാർ ദേവസ്വം ഏറ്റെടുത്തിട്ട് അധികം കാലമായിട്ടില്ല.
മുമ്പ് മണാളരായിരുന്നു അവിടത്തെ പ്രധാന കാര്യക്കാരൻ. ഭൈരവൻ തറയ്ക്കും കുളത്തിനുമടുത്ത് ചാരുപടികളുള്ള ഒരു കെട്ടിലിരുന്ന് അദ്ദേഹം വഴിപാട് രശീതികൾ എഴുതിയിരുന്നു. അമ്മയും ചെറിയമ്മമാരും പുഷ്പാഞ്ജലിക്കും പണപ്പായസത്തിനുമൊക്കെ ശീട്ടാക്കുമ്പോൾ ചാരുപടിയുടെ അഴികൾക്കിടയിലൂടെ കുളത്തിലേക്ക് നോക്കിയിരുന്നിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ വ്യക്തമായ ഓർമകൾ. തൊട്ടടുത്ത മുറിയിൽ നിന്ന് പായസത്തിൻ്റെ ഗന്ധമുയർന്നിരുന്നു.
ദേവസ്വം ബോർഡ് ഏറ്റെടുത്തപ്പോൾ ക്ഷേത്രമതിൽക്കെട്ടിനകത്ത് തന്നെ ബില്ലിംഗ് കൗണ്ടറും സ്ഥാപിതമായി. ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ശ്രീകോവിലും ചുറ്റമ്പലവും പുതിയ കല്ലുകൾ പാകി മോടി കൂട്ടി.
വരണ്ട് ഊഷരമായ ഒരു പാലക്കാടൻ പകൽ ഒമ്പതരയോടെ അവിടെയെത്തിയപ്പോൾ പുറത്തുള്ള ചൂട് ക്ഷേത്രമതിൽക്കകത്തേക്ക് കയറാതെ ഒഴിഞ്ഞു മാറി നിൽക്കുന്നത് കണ്ടറിഞ്ഞു. ക്ഷേത്രത്തിനകത്ത് സുഖശീതളമായ കുളുർകാറ്റ് വീശിയിരുന്നു. കിഴക്ക് ഭാഗത്ത് കുളവും വടക്ക് ഭാഗത്ത് പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരവും തെക്ക് ഭൈരവൻ തറയിലെ ആൽമരവും തഴുകി വരുന്ന കാറ്റ് .
ചെറിയ ഒരു ക്യൂവിൽ നിന്ന് ഉള്ളിലെത്തിയപ്പോൾ ദേവിയുടെ മൂലവിഗ്രഹത്തിന് മുമ്പിൽ മനോഹരമായ ഒരു കൊച്ചു ദേവീവിഗ്രഹം. ഉത്സവം പ്രമാണിച്ചാണോ എന്നറിയില്ല. പക്ഷെ നീണ്ട വലിയ കണ്ണുകളും നീളമുള്ള മൂക്കുമുള്ള ദേവിയുടെ രൂപമാണ് എപ്പോഴും മനസ്സിലുള്ളത്.
ശ്രീകോവിലിന് മുന്നിൽ " അടിമപ്പണം, പിടിപ്പണം, പടിപ്പണം മുതലായവ മനസ്സിൽ പ്രാർത്ഥിച്ച് ഭണ്ഡാരത്തിലിടുക" എന്ന് എഴുതി വച്ചിരിക്കുന്നു. അതു കണ്ടപ്പോൾ റൗക്കയും തോടയുമിട്ട് ശ്രീകോവിലിന് മുന്നിൽ ഇരുന്നിരുന്ന വയസ്സായ ഒരമ്മയെ ഓർമ്മ വന്നു. അവരായിരുന്നു മുമ്പ് പിടിപ്പണം പടിപ്പണം മുതലായവയുടെ അവകാശി. ആദ്യമൊക്കെ പിടിപ്പണം തൃപ്പടിയിൽ വയ്ക്കാറാണ് പതിവ്. പണം വച്ച് പ്രദക്ഷിണം വയ്ക്കാൻ തുടങ്ങുമ്പോഴേക്ക് അവരത് എടുത്തു മാറ്റിക്കഴിഞ്ഞിരിക്കും. വയ്യാതായിത്തുടങ്ങിയപ്പോൾ അവർ തൃപ്പടിയിൽ ഒരു പാത്രം സ്ഥാപിച്ചു. "പിടിപ്പണമൊക്കെ ആ പാത്രത്തിൽ വച്ചോളിൻ" എന്നു പറയുകയും ചെയ്തിരുന്നു. കണ്ണാടിക്കാവെന്ന് പറഞ്ഞാൽ ഭഗവതിക്കൊപ്പം മനസ്സിലെത്താറുള്ളത് അമ്മൂമ്മയും ആ അമ്മയുമായിരുന്നു. രണ്ടു പേരും ഇന്നില്ല.
ഇനി ദേവസ്വം പരിഷ്കാരം പിടിപ്പണമൊക്കെ മനസ്സിൽ വിചാരിച്ച് ഗൂഗിൾ പേ ചെയ്താൽ മതി എന്നാവുമായിരിക്കാം. എന്തായാലും എല്ലാത്തിനും ഒരടുക്കും ചിട്ടയും വ്യവസ്ഥയുമായി എന്ന് പറയാതെ വയ്യ.
പറ നിറച്ച്, പ്രസാദവും വാങ്ങി മടങ്ങുമ്പോൾ വയറിൽ ദഹനരസങ്ങളുടെ തിരയിളക്കം തുടങ്ങിയിരുന്നു . ഒറ്റപ്പാലത്തൊന്നും എത്താൻ കഴിയുമെന്ന് തോന്നിയില്ല. വഴിയിൽ കുഴൽമന്ദത്ത് ഒരു 'രുചിയിടം' കണ്ടപ്പോൾ അവിടെ കയറി. ഹൃദ്യമായ പാലക്കാടൻ ആഥിത്യമര്യാദയോടൊപ്പം ചൂടു പൂരിയും കറിയും കാപ്പിയുമൊക്കെയായി സംഗതി കസറി. ഇനിയും വരണം, എന്തു വേണമെങ്കിലും ഉണ്ടാക്കിത്തരാം എന്നു പറഞ്ഞാണ് അവിടന്ന് ഞങ്ങളെ യാത്രയാക്കിയത്. തീർച്ചയായും ഇനിയും അവിടെ പോകുമെന്ന് പറയുകയും മനസ്സിൽ കുറിച്ചിടുകയും ചെയ്തു.
പൂരിയുടെ ഹാങ്ങ് ഓവറിലാണോ എന്നറിയില്ലാ വഴി ചെറുതായി തെറ്റി. മങ്കര, കോട്ടായി വഴി മടങ്ങുന്നതിന് പകരം നേരെ പെരുങ്ങോട്ടുകുറിശ്ശി, തിരുവില്വാമല വഴിയാണ് മടങ്ങിയത്. അതു നന്നായി. പൂത്തുലത്ത ശീമക്കൊന്നകൾ വഴിയിൽ കാത്തു നിന്നിരുന്നു. വയലറ്റ് പൂക്കളാൽ അവ പുഷ്പവൃഷ്ടി നടത്തിക്കൊണ്ടിരുന്നു.
അങ്ങനെ കണ്ണും മനവും വയറും നിറഞ്ഞ് സാർത്ഥകമായ ഒരു തീർത്ഥയാത്ര.
കാറ്റിൽ ഒളിഞ്ഞും തെളിഞ്ഞും മാവിൻ പൂങ്കുലകൾ ജാലകത്തിലൂടെ എത്തിനോക്കുന്ന ഫെബ്രുവരിയിലെ വരണ്ട പകലുകൾ. കുളിരുള്ള രാവുകൾ.
കവളപ്പാറയിലെ അലസമായ ദിനരാത്രങ്ങളിലൂടെ ഹ്രസ്വ ഗൃഹാതുര പുനർജനി യാത്രകൾ ..
പ്രീത രാജ്
Comments
Post a Comment