Posts

Showing posts with the label കവളപ്പാറ

വീണ്ടുമൊരു പൂരക്കാലം

Image
വീണ്ടുമൊരു പൂരക്കാല നിറവിലാണ് ആര്യൻകാവും ആര്യൻ കാവിലമ്മയുടെ തട്ടകമായ തൊണ്ണൂറ്റി ആറ് ദേശങ്ങളും. പൂരാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മീനം ഒന്നാം തിയതി കൂത്തുമാടത്തിൽ തിരിതെളിഞ്ഞു കഴിഞ്ഞു. ഇരുപത്തി ഒന്ന് ദിവസത്തെ കൂത്തിന് കൂറയിടുന്നതോടെയാണ് പൂരം തുടങ്ങുന്നത്. ഇനി  പൂരരാവുകൾ നിഴലാട്ടങ്ങളിലൂടെ പ്രത്യേക വായ്ത്താരികളിലൂടെ വാദ്യങ്ങളിലൂടെ രാമായണ കഥാമുഖരിതമാവുകയായി . വള്ളുവനാട്ടിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ  പ്രത്യേകതയാണത്രെ പൂരനാളുകളിലെ തോൽപ്പാവക്കൂത്ത് . ദാരികനുമായി ദേവി യുദ്ധത്തിലായിരുന്നതിനാൽ രാവണവധം കാണാനാവാതെ പോയി. അതിനാലാണ് ദേവിക്ക് തിരുമുമ്പിൽ രാമായണകഥ അവതരിപ്പിക്കുന്നത് എന്നാണ് ഐതിഹ്യം. മുത്തശ്ശൻ്റെയും അമ്മൂമ്മയുടെയും കൂടെ പോയി കൂത്ത് കണ്ടതോർമ്മയുണ്ട്. വലുതായതിന് ശേഷം കണ്ടിട്ടില്ല. തമിഴും തെലുങ്കും മലയാളവുമൊക്കെ കലർന്നതാണത്രെ കൂത്തിൻ്റെ ശ്ലോകങ്ങളും വായ്ത്താരിയും. അതുകൊണ്ടാവാം അതത്ര മനസ്സിൽ നിൽക്കാത്തത്. പതിവു മുടക്കാതെ ഈ വർഷവും പറ നിറയ്ക്കാൻ പോയി. പറ നിറയ്ക്കാനായി കാത്തുനിൽക്കുമ്പോൾ ഒരു കുട്ടിഭഗവതി വെളിച്ചപ്പാടിൻ്റെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ടു....