വീണ്ടുമൊരു പൂരക്കാലം
വീണ്ടുമൊരു പൂരക്കാല നിറവിലാണ് ആര്യൻകാവും ആര്യൻ കാവിലമ്മയുടെ തട്ടകമായ തൊണ്ണൂറ്റി ആറ് ദേശങ്ങളും. പൂരാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മീനം ഒന്നാം തിയതി കൂത്തുമാടത്തിൽ തിരിതെളിഞ്ഞു കഴിഞ്ഞു. ഇരുപത്തി ഒന്ന് ദിവസത്തെ കൂത്തിന് കൂറയിടുന്നതോടെയാണ് പൂരം തുടങ്ങുന്നത്. ഇനി പൂരരാവുകൾ നിഴലാട്ടങ്ങളിലൂടെ പ്രത്യേക വായ്ത്താരികളിലൂടെ വാദ്യങ്ങളിലൂടെ രാമായണ കഥാമുഖരിതമാവുകയായി .
വള്ളുവനാട്ടിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ പ്രത്യേകതയാണത്രെ പൂരനാളുകളിലെ തോൽപ്പാവക്കൂത്ത് . ദാരികനുമായി ദേവി യുദ്ധത്തിലായിരുന്നതിനാൽ രാവണവധം കാണാനാവാതെ പോയി. അതിനാലാണ് ദേവിക്ക് തിരുമുമ്പിൽ രാമായണകഥ അവതരിപ്പിക്കുന്നത് എന്നാണ് ഐതിഹ്യം. മുത്തശ്ശൻ്റെയും അമ്മൂമ്മയുടെയും കൂടെ പോയി കൂത്ത് കണ്ടതോർമ്മയുണ്ട്. വലുതായതിന് ശേഷം കണ്ടിട്ടില്ല. തമിഴും തെലുങ്കും മലയാളവുമൊക്കെ കലർന്നതാണത്രെ കൂത്തിൻ്റെ ശ്ലോകങ്ങളും വായ്ത്താരിയും. അതുകൊണ്ടാവാം അതത്ര മനസ്സിൽ നിൽക്കാത്തത്.
പതിവു മുടക്കാതെ ഈ വർഷവും പറ നിറയ്ക്കാൻ പോയി. പറ നിറയ്ക്കാനായി കാത്തുനിൽക്കുമ്പോൾ ഒരു കുട്ടിഭഗവതി വെളിച്ചപ്പാടിൻ്റെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ടു. ദേവിയും പ്രതിപുരുഷനും കൂടി അങ്ങനെ നിൽക്കുന്നത് കൗതുകമുണർത്തി.. ക്ലിക്ക് ചെയ്യാൻ തോന്നിയെങ്കിലും ദേവിയുടെ തിരുമുമ്പിലായിരുന്നതിനാലും അടുത്ത് അമ്മ നിൽക്കുന്നതിനാലും അതിന് മുതിർന്നില്ല.
പിറ്റേന്ന് വൈകീട്ട് ഉണ്ണിമാമയുടെ കൂടെ കാവിലേക്ക് നടന്നു.. വേനൽ മഴ തണുപ്പിച്ച ഭൂമി. ആൽമരങ്ങളെയും മഞ്ഞയണിഞ്ഞ കൊന്ന മരങ്ങളെയും തഴുകിയെത്തുന്ന കുളുർകാറ്റ്. അമ്പലത്തിൽ കൊച്ചു കുട്ടികളുടെ നൃത്തം നടക്കുന്നു. മുമ്പൊക്കെ നിലത്ത് വിരിച്ച പേപ്പറിൽ ഇരുന്നാണ് നൃത്തവും ബാലെയുമൊക്കെ കണ്ടിരുന്നത്. ഇപ്പോൾ നല്ല പന്തലിൽ ഫാനിന്റെ കാറ്റേറ്റ് കസേരകളിലിരുന്ന് കലാപരിപാടികൾ കാണാം.
അമ്പലം ചുറ്റി കൂത്തുമാടത്തിൻ്റെ മുന്നിലെത്തി. ഇത്തവണ തയ്യാറെടുപ്പുകളൊക്കെ ഗംഭീരമായിട്ടുണ്ട്. മതിൽക്കെട്ടിന് പുറത്തും ഒരു വേദി ഒരുക്കിയിട്ടുണ്ട്.
കൂത്തുമാടത്തിനും അമ്പലത്തിനും ഇടയിലുള്ള സ്ഥലം ഒഴിച്ചിട്ടിരിക്കുന്നത് ഉചിതമായി. മുമ്പവിടെ കച്ചവടക്കാർ തമ്പടിക്കാറുണ്ട്. അവിടെയാണ് പൂരനാളിൽ എല്ലാ ദേശങ്ങളിലെയും പൂതന്മാരും തിറകളും ആടിത്തിമർക്കുക.
കമ്പക്കെട്ടിന് നാട്ടിയ മുളങ്കാലുകൾക്ക് അരികിലൂടെ തിരിച്ചിറങ്ങുമ്പോൾ ഉണ്ണിമാമ തൻ്റെ ചെറുപ്പക്കാലത്തെ പൂരവിശേഷങ്ങൾ ഓർത്തെടുത്തു കൊണ്ടിരുന്നു. പൂരത്തിന് ഗൃഹാതുരത്വത്തിൻ്റെ മാനവുമുണ്ട്. ഒരു ജനതയുടെ സംസ്കാരത്തിൻ്റെ വേരുകളാണല്ലോ ഈ പൂരപ്പറമ്പിൽ ആഴ്ന്നിറങ്ങിയിരിക്കുന്നത് എന്ന ചിന്ത മനസ്സിലേക്കെത്തി. മരവും വൈക്കോലും തുണിയും അലങ്കാരങ്ങളും ചേർത്ത് കെട്ടിയുണ്ടാക്കുന്ന ദേശക്കുതിരകളും കുതിരക്കളിയും തിറയും പൂതനും, കളമെഴുത്തുപാട്ടും തോൽപ്പാവക്കൂത്തും കമ്പം കത്തിക്കലുമൊക്കെ ആ സംസ്കാരത്തിൻ്റെ പ്രകടമായ വിവിധ ഭാവങ്ങൾ മാത്രം. പൂർവ്വാധികം ഭംഗിയാവട്ടെ ഓരോ പൂരക്കാലവും!
പ്രീത രാജ്
Comments
Post a Comment