ഒരു വടക്കൻ വീഥി ഗാഥ
ഒരു വടക്കൻ വീഥി ഗാഥ
ആർക്ടിക് സർക്കിളിനുള്ളിലുള്ള, രാജ്യത്തിൻ്റെ വടക്കെ അറ്റത്തെ സ്വാൽബാർഡ് (Svalbard archipelago) ദ്വീപസമൂഹത്തിൽ ഗ്രീഷ്മകാലത്ത് ദിവസങ്ങളോളം സൂര്യൻ അസ്തമിക്കില്ല. ശൈത്യകാലത്ത് സൂര്യനെ കാണാൻ പറ്റാത്ത, ദിവസങ്ങളോളം നീണ്ട ധ്രുവരാത്രങ്ങളുമുണ്ട് അവിടെ. നീണ്ടു കിടക്കുന്ന നോർവെയുടെ തെക്കോട്ട് വരും തോറും പാതിരാ സൂര്യൻ്റെയും
ധ്രുവരാത്രിയുടെയും ദൈർഘ്യം കുറയുന്നു, ജനസാന്ദ്രത കൂടുന്നു. വടക്ക് മനുഷ്യരേക്കാൾ കൂടുതൽ ധ്രുവകരടികളാണത്രെ.
സ്റ്റോക്ഹോമിൽ നിന്ന് ഓസ്ലോയിലേക്കുള്ള യാത്രക്കിടയിൽ അതിർത്തിയിലുള്ള ഒരിടത്ത്
ശുചിമുറി സൗകര്യത്തിനായി നിർത്തി. ശുചിമുറി അത്ര ശുചിയല്ലായിരുന്നു എങ്കിലും വാങ്ങണമെന്ന് വിചാരിച്ചിരുന്ന ഹെഡ് ബാൻഡ് അവിടത്തെ കടയിൽ നിന്ന് കിട്ടി.
ഓസ്ലോയിലെത്തി രാത്രി ഭക്ഷണം കഴിഞ്ഞ് ഹോട്ടൽ സ്കാൻഡികിൽ ചെക്ക് ഇൻ ചെയ്തു. പിറ്റേന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് പരിസരം എത്ര മനോഹരമാണെന്ന് കണ്ടത്. ഇലകൾ വിരിച്ചിട്ട വലിയ മഞ്ഞപ്പരവതാനിയിൽ ചെറിയ നനവു പടർന്നിരുന്നു. രാത്രിയിൽ മഴയാണോ മഞ്ഞാണോ പെയ്തത് എന്നറിയില്ല.
സമാധാനത്തിനുള്ള നോബെൽ സമ്മാനം നല്ലുന്ന വേദിയായ ഓസ്ലോ സിറ്റി ഹാളാണ് ആദ്യ ലക്ഷ്യം. മനോഹരമായ ചിത്രങ്ങളാൽ അലംകൃതമായിരുന്നു സിറ്റി ഹാളിൻ്റെ ചുവരുകൾ. നോർവീജിയൻ സംസ്കാരവും ജീവിതരീതിയും നാസി അധിനിവേശത്തിൻ്റെ ആഘാതവുമൊക്കെയാണ് വലിയ ചുമർചിത്രങ്ങൾക്ക് വിഷയം.
സമാധാനത്തിൻ്റെ സന്ദേശവാഹകരായ, പ്രചാരകരായ എത്ര മനുഷ്യസ്നേഹികൾ സമ്മാനിതരായി ഇവിടെ!. പല തവണ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടും മഹാത്മാഗാന്ധിക്ക് കിട്ടാതെ പോയതു മൂലം വിലയിടിഞ്ഞത് മഹാത്മാവിനോ സമ്മാനത്തിനോ എന്നു ചിന്തിക്കാതിരിക്കാനായില്ല.
ലോകത്തിലെ ഏറ്റവും വലിയ ശിൽപ പാർക്കായ വീഗലാൻഡ് പാർക്കിൽ ഗുസ്താവ് വീഗലാൻഡ് എന്ന നോർവീജിയൻ ശിൽപിയുടെ ഇരുനൂറിലധികം ശിൽപങ്ങൾ സ്ഥാപിച്ചിരിക്കുന്നു. മനുഷ്യ രൂപമാണ് പ്രധാന പ്രമേയം. വിശാലമായ പാർക്കിൽ മനുഷ്യ രൂപങ്ങളുടെ ഒരു വലിയ സ്തൂപവും ( The monolith) ചുറ്റുമുള്ള മറ്റു ശിൽപങ്ങളും ധാരാളം വൃക്ഷങ്ങളും അവ പൊഴിച്ച ഇലകളും ചേർന്നൊരുക്കുന്ന ദൃശ്യവിരുന്ന് അവിസ്മരണീയമാണ്. അരുവിയുടെ മുകളിലെ പാലത്തിൽ സ്ഥാപിച്ചിട്ടുള്ള ദേഷ്യക്കാരൻ കുട്ടിയെ ( The Angry Boy ) മെല്ലെ തൊട്ട് ശാന്തനാക്കാൻ ഒന്നു ശ്രമിച്ചു നോക്കി. അവൻ പക്ഷെ അതൊന്നും ശ്രദ്ധിച്ചതേ ഇല്ല.
പാർക്കിലെ മരങ്ങൾ അതിരിടുന്ന വഴിയിലൂടെ നടക്കുമ്പോഴാണ് രണ്ടു സ്ത്രീകൾ അവരുടെ അരുമ നായ്ക്കളെയും കൊണ്ട് വരുന്നതു കണ്ടത്. ആ നായ്ക്കൾ ഫോട്ടോക്ക്'
പോസ് ചെയ്യുന്നത് കണ്ട് അമ്പരന്നു. അതു കണ്ടാൽ ഏത് ബോളിവുഡ് താരവും നാണിച്ചു പോകും.
സിറ്റിയിലെ ഏതോ പാതയോരത്ത് മറ്റൊരു കുട്ടി പ്രതിമ കണ്ടു. കൈ വിടർത്തി കണ്ണടച്ച് നിൽക്കുന്ന കുട്ടി. ഉടുപ്പുകണ്ട് പെൺകുട്ടിയാണെന്ന് തോന്നി. കണ്ണടച്ച് പത്തുവരെ എണ്ണുക എന്നും ശിൽപിയുടെ പേരും എഴുതി വച്ചിട്ടുണ്ട് താഴെ.
ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് ഫ്രാം മ്യൂസിയം സന്ദർശിച്ചു. പ്രഗത്ഭ കപ്പൽ നിർമ്മാതാക്കളാണ് നോർവെക്കാർ. നീണ്ട കടൽത്തീരമുള്ള, കരയിലെ വിള്ളലുകളിൽ പോലും കടലിരമ്പുന്ന രാജ്യം അങ്ങനെ ആയില്ലെങ്കിലല്ലേ അതിശയം. മഞ്ഞുപാളികൾ പൊട്ടിക്കുന്ന ചെറിയ ഐസ് ബ്രേക്കർ ഷിപ്പുകൾ ഗൈഡ് കാണിച്ചു തന്നിരുന്നു. ശൈത്യകാലത്ത് ഷിപ്പുകൾക്ക് മുമ്പിൽ സഞ്ചരിച്ച് ഇവ വഴിയൊരുക്കും.
ആദ്യത്തെ ധ്രുവപര്യവേഷണ കപ്പലായിരുന്നു ഫ്രാം. രണ്ടു ആർക്ടിക് യാത്രകളും ഒരു അൻ്റാർക്ടിക് യാത്രയും ചെയ്ത് സുരക്ഷിതമായി തിരിച്ചെത്തിയ ആ കൊച്ചു കപ്പൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഓസ്ലോ ഫ്യോഡിൻ്റെ ( Oslo Fjord) അരികിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഫ്രാമിൽ ആദ്യമായി ദക്ഷിണധ്രുവത്തിലെത്തിയ റൊണാൾഡ് അമുസ്സൻ എന്ന പര്യവേഷകൻ്റെയും അദ്ദേഹത്തിൻ്റെ സഹയാത്രികരുടെയും മുഴുകായ പ്രതിമകൾ ഇലകൾ പൊഴിക്കുന്ന ഒരു മേപ്പിൾ മരത്തിന് താഴെ ഫ്യോഡ് നോക്കി നിൽക്കുന്നു. പ്രഗത്ഭരായ നാവികർക്ക് എത്ര ഉചിതവും, മനോഹരവുമായ സ്മാരകം!!
അതുവരെ സഞ്ചരിച്ച സ്ഥലങ്ങളിൽ നിന്നൊക്കെ വ്യത്യസ്ഥമാണ് നോർവെ. ഇവിടെ പ്രകൃതിക്ക് വന്യമായ സൗന്ദര്യമാണ്. തനത് സംസ്കാരവും ജീവിതരീതിയും സൂക്ഷിക്കുന്ന നോർവെ ജനതയെ പോലെ. ബാൾട്ടിക് രാജ്യങ്ങളിലും പോളണ്ടിലും സ്വീഡനിലും ഫിൻലൻഡിലും പ്രധാനമായും കറുപ്പും വെള്ളയും ചാരനിറവുമാണ് വസ്ത്രങ്ങളിൽ ഫാഷനെങ്കിൽ നോർവെയിൽ കുറെ വർണ്ണവൈവിധ്യം കണ്ടു.
ഓസ്ലോയിൽ നിന്ന് ഞങ്ങൾ ഗീലോ ( Gielo) എന്ന ഒരു ചെറു പട്ടണത്തിലേക്ക് തിരിച്ചു. ഓസ്ലോ, ബെർഗൻ എന്നീ രണ്ടു പ്രധാന നഗരങ്ങൾക്കിടയിലാണ് ഗീലോ എന്ന സ്കീയിംഗിന് പ്രസിദ്ധമായ പട്ടണം. നോർവെയെ അറിയുക '(Norway in a nutshell ') ആണ് ലക്ഷ്യം.
ഗീലോയിലെ വെസ്റ്റില റിസോർട്ടിൽ എത്തിയപ്പോഴേക്കും ഇരുട്ട് പടർന്നിരുന്നു. പിറ്റേന്ന് രാവിലെ പ്രഭാതഭക്ഷണം കഴിച്ച് മിർഡാൽ ( Myrdal) എന്ന ഗ്രാമത്തിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചു. ഇരുവശത്തും പർവ്വത നിരകൾ മഞ്ഞു തൊപ്പികളിഞ്ഞ് നിന്നിരുന്നു. വെള്ളി ആഭരണങ്ങൾ പോലെ നീർച്ചാലുകൾ തിളങ്ങി.
മിർഡാലിൽ നിന്ന് ഫ്ളാമിലേക്കുള്ള ട്രെയിൻ യാത്ര അവിസ്മരണീയമാണ്. പർവ്വതനിരകൾ , വെള്ളച്ചാട്ടങ്ങൾ, താഴ്വാരങ്ങളിലെ ജലാശയങ്ങൾ എന്നിങ്ങനെ പ്രകൃതി ഒരുക്കുന്ന കാഴ്ചകൾക്കൊപ്പം മനുഷ്യ നിർമ്മിത തുരങ്കങ്ങളും, ട്രെയിനും കൊച്ചു വീടുകളും. ഇടയിൽ ക്ജോസ്ഫോസ്സൻ വെള്ളച്ചാട്ടത്തിനരികിൽ ട്രെയിൽ നിന്നു. ട്രെയിനിൽ നിന്നിറങ്ങി നോക്കുമ്പോൾ മലമടക്കുകൾക്കിടയിൽ ചുവന്ന വസ്ത്രമണിഞ്ഞ ഒരു വനദേവത ത്രസിപ്പിക്കുന്ന സംഗീതത്തിൻ്റെ താളത്തിൽ നൃത്തം ചെയ്യുന്നു. ഇടയ്ക്ക് അപ്രതൃക്ഷയായി കുറച്ചകലെ മറ്റൊരിടത്ത് പ്രത്യക്ഷപെടുന്നു. ഒരു യക്ഷിക്കഥ പോലെ വിഭ്രാമകം, മനോഹരം!. നോർവീജിയൻ ബാലെ സ്കൂളിലെ വിദ്യാർഥികളാണത്രെ അവിടെ നൃത്തമവതരിപ്പിക്കുന്നത്.
പർവ്വതങ്ങളുടെ മടിത്തട്ടിൽ കിടക്കുന്ന ഫ്ളാമിൽ ട്രെയിനിറങ്ങി. അത്യാവശ്യം തിരക്കുണ്ട് അവിടെ. മലമടക്കുകൾക്കിടയിൽ കുടുങ്ങിപ്പോയ കടൽ അവിടെ തിരകളിളക്കി കിടന്നു.
ഒരു ഭക്ഷണശാലയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് ഔർലാൻഡ്സ് ഫ്യോഡിലൂടെയുള്ള ബോട്ട് യാത്ര ആരംഭിച്ചു. രണ്ടു മണിക്കൂറാണ് യാത്ര. വലിയ ഹിമാനികൾ ( ഹിമാനികൾ -glaciers - ആണ് ഫ്യോഡുകൾ ഉണ്ടാവാൻ കാരണം) ഉണ്ടായിരുന്ന സ്ഥലത്താണ് നിൽക്കുന്നതെന്ന ചിന്ത തണുപ്പിൽ ചൂളിയെങ്കിലും അധിക സമയവും ഡെക്കിൽ തന്നെ നിൽക്കാൻ പ്രേരിപ്പിച്ചു.
ഇരു ഭാഗത്തും ഉയർന്നു നിൽക്കുന്ന പർവതമടക്കുകളുടെ ചെരുവിൽ വീട്ടുകൾ കണ്ടു.. ബസിൽ യാത്ര ചെയ്യുമ്പോഴും ഇത്തരം ഒറ്റപ്പെട്ട വീടുകൾ കണ്ടു. എത്ര ഏകാന്തമായിരിക്കും അവരുടെ ജീവിതം എന്നു ചിന്തിച്ചു പോയി.
ചുറ്റും മഞ്ഞുമൂടുമ്പോൾ അവർ എന്തു ചെയ്യും? സീസണൽ ഡിപ്രഷൻ മറികടക്കാൻ നെരിപ്പോടിനരികിലിരുന്ന് വായിക്കുകയോ തുന്നുകയോ പാട്ടുപാടുകയോ ചെയ്യുമായിരിക്കാം. മഞ്ഞുകാല കായികവിനോദങ്ങളിൽ മുഴുകി ശൈത്യത്തെ തോൽപ്പിക്കുമായിരിക്കാം.പ്രശസ്തനായ നോർവീജിയൻ നാടകകൃത്ത് ഹെൻറിക് ഇബ്സൺ തൻ്റെ നാട്ടുകാരെ കുറിച്ച് പറഞ്ഞത് പോലെ ഏകാന്തത അവരെ അന്തർമുഖരും ചിന്തകരുമാക്കിയിരിക്കാം.
അതിജീവനത്തിനുള്ള മനുഷ്യൻ്റെ അപാര കഴിവോർത്ത് അത്ഭുതം തോന്നി. പ്രകൃതിയുടെ ഭാവഭേദങ്ങൾക്കനുസരിച്ച് ജീവിതം ക്രമീകരിക്കാൻ പഠിച്ചവർ. വീഗലാൻഡ് പാർക്കിലെ മോണോലിത്തിൻ്റെ അർത്ഥം വ്യക്തമാവുന്നു. നിരാശയിലും പ്രതീക്ഷ അതിജീവന മന്ത്രമാവുന്നു. ഉയർന്ന ജീവിതനിലവാരം പുലർത്തുന്ന, മനുഷ്യാവകാശ സംരക്ഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യത്ത് അതിജീവനം ദുഷ്കരമാവില്ല.
തിരിച്ചു ഗീലോയിലേക്കും പിറ്റേന്ന് അവിടെ നിന്ന് ഓസ്ലോയിലേക്കും യാത്ര ചെയ്യുമ്പോൾ മലമുകളിൽ നിന്ന് മഞ്ഞ് താഴേക്ക് പരന്നു തുടങ്ങിയതായി കണ്ടു. തടാകങ്ങളുടെ അതിരുകൾ ഉറച്ചുതുടങ്ങി. ശിശിരനൃത്തം കഴിഞ്ഞ് പ്രകൃതി അണിയറയിലേക്ക് വിടവാങ്ങിയിരിക്കുന്നു. ഇനിയിപ്പോൾ ശൈത്യത്തിൻ്റെ വരവായി.
ഓസ്ലോയിലും വഴിയിലൊക്കെ നനവ് പടർന്നിരുന്നു. ഉച്ച ഭക്ഷണം കഴിച്ച് ഓപെറ ഹൗസിൻ്റെ മുന്നിലെത്തി . അപ്പുറത്ത് കോപ്പൻഹേഗനിലേക്ക് പോകാനുള്ള ഡി എഫ് ഡി എസ് കപ്പൽ കിടക്കുന്നത് കണ്ടു. പോർട്ടിലെത്തി ലഗേജൊക്കെ കാർഗൊ വാനിൽ കയറ്റി വടക്കൻ കടലിൻ്റെ മടിത്തട്ടിലേക്ക്. തിരകളിൽ ആലോലമാടി കപ്പൽ കോപ്പൻഹേഗൻ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.
പ്രീത രാജ്
Wonderful writing.. 👏👍
ReplyDeleteThank you 🙏
Delete