സന്തോഷത്തിൻ്റെ നാട്ടിൽ
സന്തോഷത്തിന്റെ നാട്ടിൽ
ഭക്ഷണം പറഞ്ഞിരിക്കുന്ന റെസ്റ്റോറൻ്റിൽ എത്തിയപ്പോൾ വൈകിയിരുന്നു. ഒരു സ്ത്രീയും ഒരു പയ്യനുമായിരുന്നു സ്റ്റാഫായി അവിടെ ഉണ്ടായിരുന്നത്. ടൂറിസ്റ്റുകൾ ആയതു കൊണ്ടും നേരത്തെ പറഞ്ഞതു കൊണ്ടും മാത്രമാണ് ജോലി സമയം കഴിഞ്ഞുള്ള ഈ ത്യാഗം ചെയ്യുന്നതത്രെ. സൂപ്പ് കഴിഞ്ഞ് മെയിൻ കോഴ്സിലേക്കെത്തേണ്ട താമസം പയ്യൻ വന്ന് സൂപ്പ് പോട്ട് എടുത്തു മാറ്റട്ടേ എന്ന് ചോദിച്ച് എടുത്തു കൊണ്ട് പോയി. അടുത്ത നിമിഷം ഒരു ബാക്ക്പാക്കും തൂക്കി അവനിറങ്ങിപ്പോയി. സന്തോഷം വരുന്ന ഒരു വഴി പിടി കിട്ടി; ഉപഭോക്താവല്ല അവനവൻ തന്നെ രാജാവ്.
ഭക്ഷണം കഴിഞ്ഞാൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലേറ്റുകളും കത്തിയും മുള്ളുമൊക്കെ പ്രത്യേകം സ്ഥലത്ത് ഉപഭോക്താവ് തന്നെ കൊണ്ടു വയ്ക്കണം. ഗ്രൂപ്പിലെ ചിലർക്ക് അതത്ര പിടിച്ചില്ല. ചില മുറുമുറുപ്പുകൾ അവിടവിടെ കേട്ടു. നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. ഓരോരുത്തരും അവനവൻ്റെ പണി ചെയ്യുക എന്നതും സമൂഹത്തിൻ്റെ സന്തോഷത്തിലേക്കുള്ള മാർഗ്ഗം തന്നെ.
ഫിൻലൻഡിൻ്റെ വടക്ക് ഭാഗം ആർക്ടിക് വൃത്തത്തിനകത്താണ്. ലാപ് ലാൻഡ്സ്. റെയ്ൻഡീറുകളുടെയും പൈൻ മരങ്ങളുടെയും ഒരു പക്ഷെ സാൻ്റയുടെയും നാട്. ധ്രുവദീപ്തിയുടെയും ഇഗ്ലൂകളുടെയും ആ നാട്ടിൽ സാമി എന്ന തദ്ദേശീയരാണ് അധിവസിക്കുന്നത്.
അവിടെ വരെ പോകാൻ കഴിഞ്ഞില്ലെങ്കിലും ഭൂഗോളത്തിൻ്റെ
വടക്കെ അറ്റത്തോടടുത്താണ് നിൽക്കുന്നതെന്നോർത്തപ്പോൾ ആവേശഭരിതയായി. ഹോട്ടൽ സ്കാൻഡികിൻ്റെ പരിസരം തണുപ്പുള്ള ആ ശിശിരകാല പ്രഭാതത്തിൽ വർണ്ണാഭമായിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ഹെൽസിങ്കി കാണാനിറങ്ങി.
മെക്സിക്കൊക്കാരനായ ഞങ്ങളുടെ ഗൈഡ് " ചോപ് ചോപ് ഡിയർ " എന്ന് തിരക്കുകൂട്ടിയിരുന്നെങ്കിലും ഞങ്ങളോരോരുത്തരുടെയും ഒരോ കാൽവയ്പിലും അതീവ ശ്രദ്ധാലുവായിയിരുന്നു. അങ്ങനെ ടാലിനിൽ ഹൈസ്ക്കൂൾ കുട്ടികളായിരുന്ന ഞങ്ങൾ ഇവിടെ നഴ്സറി കുട്ടികളായി. ബസിൽ വച്ചു തന്നെ റോമാ വംശക്കാരായ ( ജിപ്സി) പോക്കറ്റടിക്കാരെ കുറിച്ചും വഴുക്കലുള്ള പാറയിൽ അദ്ദേഹത്തിൻ്റെ വാക്കനുസരിക്കാതെ കയറിയ യു.എസ് കാരിയായ ഒരു ടൂറിസ്റ്റ് കാലൊടിഞ്ഞ് രണ്ടാഴ്ച ഹെൽസിങ്കിയിൽ ഹോസ്പിറ്റലിൽ കഴിയേണ്ടി വന്നതിനെ കുറിച്ചുമെല്ലാം പറഞ്ഞ് അദ്ദേഹം ഞങ്ങളെ പേടിപ്പിച്ചു. ഒടുവിൽ ഉച്ച ഭക്ഷണത്തിന് കയറിയ ഹോട്ടലിൽ അദ്ദേഹം ഓരോരുത്തർക്കും ഭക്ഷണം വായിൽ വച്ചു തരുമോ എന്നു വരെ ഞാൻ സംശയിച്ചു. ഭാഗ്യം അതുണ്ടായില്ല.
റഷ്യയോടും പുടിനോടും ഉള്ള വെറുപ്പ് അദ്ദേഹത്തിൻ്റെ വാക്കുകളിൽ പതഞ്ഞു തുളുമ്പി. ഭ്രാന്തനായ പുടിന് ഇരുന്ന ഇരുപ്പിൽ ഇനി ഏതു രാജ്യത്തിനെയാണോ ആക്രമിക്കാൻ തോന്നുക എന്നറിയാത്തതിനാലാണ് ഫിൻലൻഡിൽ നിർബന്ധിത സൈനിക സേവനമുള്ളതത്രെ. മെക്സിക്കൊയിൽ നിന്ന് ഫിൻലൻഡിൽ വന്നപ്പോൾ സൈനികസേവനത്തിനുള്ള പ്രായം കഴിഞ്ഞതിനാൽ അദ്ദേഹം അതിൽ നിിന്നൊഴിവായി. പക്ഷെ മക്കൾക്ക് സേവനമനുഷ്ഠിക്കേണ്ടി വരും. സന്തോഷത്തിൻ്റെ നാട്ടിലാണെങ്കിലും ആ പാവം ഏറെ പിരിമുറുക്കം അനുഭവിക്കുന്നുണ്ടെന്ന് തോന്നി.
സെനറ്റ് സ്ക്വയർ ഹെൽസിങ്കിയുടെ ഹൃദയഭാഗത്ത് , ഹെൽസിങ്കി കത്തീഡ്രൽ, സർക്കാർ കൊട്ടാരം , നാഷണൽ യൂണിവേഴ്സിറ്റി, നാഷണൽ ലൈബ്രറി എന്നിങ്ങനെ മത, രാഷ്ട്രീയ,
വൈജ്ഞാനിക പ്രാധാന്യമുള്ള കെട്ടിടങ്ങൾക്ക് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കെട്ടിടങ്ങൾക്ക് നടുവിൽ സെനറ്റ് ചത്വരത്തിൽ അലക്സാണ്ടർ രണ്ടാമൻ എന്ന റഷ്യൻ ചക്രവർത്തി ( Alexander II , the czar ) യുടെ മനോഹരമായ പ്രതിമ സ്ഥിതി ചെയ്യുന്നു. ഏറെക്കാലം ( 1809 - 1918) റഷ്യൻ സാമ്രാജ്യത്തിൻ്റെ കീഴിലുള്ള ഒരു സ്വയംഭരണ പ്രദേശമായിരുന്നു ഫിൻലൻഡ് ( The Grand Duchy of Finland) . അലക്സാണ്ടർ രണ്ടാമൻ കാർഷിക അടിമത്തത്തിൽ (Liberation of serfs by emancipation manifesto 1861) നിന്ന് മോചനം നൽകിയ ഭരണമേധാവി എന്ന നിലയിൽ ആഘോഷിക്കപ്പെടുന്നു.
സ്വീഡൻ്റെയും പിന്നീട് റഷ്യയുടെയും അധീനതയിലായിരുന്ന ഫിൻലൻഡ് 1918 ലെ റഷ്യൻ വിപ്ലവത്തിന് ശേഷം സ്വതന്ത്രമായി. രണ്ടാം ലോക മഹായുദ്ധ കാലത്തും സ്വതന്ത്രമായി നില നിന്ന രാജ്യമായിരുന്നു, ഫിൻലൻഡ്. റഷ്യ അടക്കി വച്ചിരുന്ന കുറച്ചു പ്രദേശങ്ങൾ തിരിച്ചു കിട്ടാനായി ജർമ്മനിയോട് ചേർന്ന് നിന്നിരുന്നെങ്കിലും ജൂതന്മാർക്ക് അഭയം നൽകിയിരുന്നു, ആ രാജ്യം. യൂറോപ്പിലെ മറ്റു പല രാജ്യങ്ങളുടെയും പ്രാദേശിക ഭരണകൂടങ്ങൾ തങ്ങളുടെ ജൂതപൗരന്മാരെ പല കാരണങ്ങളാൽ ജർമ്മനിക്ക് കൈമാറിയിരുന്നു. യൂറോപ്പിലെമ്പാടും തങ്ങളുടെ ഉന്മൂലന ലക്ഷ്യം നിറവേറ്റാൻ നാസികൾക്ക് ആളെ കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നില്ലത്രെ. അതിഭീകരമായ അത്തരം ഉന്മാദത്തിൻ്റെ ഇടയിൽ ഒരു രാജ്യം ജൂതർക്കഭയം കൊടുത്തിരുന്നു എന്നത് ആശ്വാസം. അതേ സമയം ഇന്ന് അതേ ഉന്മാദം അന്നത്തെ ഇരകളിൽ മറ്റൊരു രൂപത്തിൽ പടർന്നു കഴിഞ്ഞിരിക്കുന്നു.
ഗാസായിലെ കുഞ്ഞു മുഖങ്ങളിലെ ദൈന്യത ഉള്ളുരുക്കുന്നു.
രാഷ്ട്രത്തിൻ്റെ വലിയൊരു ഭാഗം വനവും ധാരാളം നദികളും തടാകങ്ങളുമുള്ള ഫിൻലൻഡിൻ്റെ കലയിലും സാഹിത്യത്തിലും പ്രകൃതി കൈമുദ്ര ചാർത്തുന്നു. സെബേലിയസ് പാർക്കിലെ( Sibelius Park) കലാ സംവിധാനം ( art installation) ജീൻ സെബേലിയസ് ( Jean Sibelius) എന്ന പ്രസിദ്ധ ഫിന്നിഷ് സംഗീതജ്ഞൻ്റെ സിംഫണിയിൽ പ്രകൃതി എങ്ങനെ അന്തർലീനമായിരിക്കുന്നു എന്നതിൻ്റെ ദൃശ്യാവിഷ്കാരമാണ്. സെബേലിയസിൻ്റെ ഒരു ശിൽപവും അവിടെയുണ്ട്. ശിശിരവർണ്ണങ്ങളണിഞ്ഞ് പ്രകൃതി സംഗീതവും കലയും സമ്മേളിച്ച ആ സിംഫണി അവതരിപ്പിക്കുന്നത് നോക്കിയിരിക്കുന്നു ആ സംഗീതജ്ഞൻ.
പറക്കും ഫിൻ ( Flying Finn) എന്നറിയപ്പെട്ടിരുന്ന പാവോ നൂർമി എന്ന പ്രസിദ്ധ ഫിന്നിഷ് ദീർഘദൂര ഓട്ടക്കാരൻ്റെ മുഴുകായ വെങ്കല പ്രതിമ
നിൽക്കുന്നത് സ്റ്റേഡിയത്തിൻ്റെ മുന്നിൽ ഓക്കുമരങ്ങൾ ഇലവൃഷ്ടി നടത്തുന്ന പാതയുടെ മുൻപിലാണ്, . ആ ശക്തിക്കും നിശ്ചയദാർഢ്യത്തിനും സമുചിതമായ സൗന്ദര്യാർച്ചന.
റോക്ക് ചർച്ച് എന്ന ലുഥറൻ പള്ളിയായിരുന്നു അടുത്ത ലക്ഷ്യം. പാറ തുരന്ന് പണിത മനോഹരമായ ദേവാലയമാണത്. അവിടെയും ഒരു സംഗീതോപകരണത്തിൻ്റെ ശിൽപമുണ്ട്. കുറച്ചു നേരം പള്ളിക്കുള്ളിലെ ശിൽപഭംഗി ആസ്വദിച്ചിരുന്നു. റോഡിനപ്പുറം സുവനീർ കടകളിൽ കുറച്ചു സമയം ചെലവഴിച്ച് ഞങ്ങൾ ഹെൽസിങ്കിയിലെ മനോഹരമായ ലൈബ്രറിയിലേക്ക് പോയി.
ഒരു ലൈബ്രറി എത്രത്തോളം മനോഹരവും വൈവിധ്യപൂർണവും ഉല്ലാസദായകവുമാവാമെന്ന് അവിടെ കാണാം. താഴത്തെ നിലയിൽ ചെസ്സു കളിയിൽ മുഴുകിയിരിക്കുന്ന ആളുകൾ. ഒരു റെസ്റ്റോറന്റും അവിടെ പ്രവർത്തിക്കുന്നു. എസ്കലേറ്റർ വഴി ഒന്നാം നിലയിലെത്തിയപ്പോൾ പല വിധ ജോലികളിൽ മുഴുകിയിരിക്കുന്ന ആളുകൾ- കോൺഫറൻസുകൾ, മീറ്റിംഗുകൾ , വർക് സ്റ്റേഷനുകളിൽ
ജോലി ചെയ്യുന്നവർ എന്നിങ്ങനെ പല പ്രവൃത്തികളിൽ വ്യാപൃതരായവർ.
ഏറ്റവും മുകളിലെ നിലയിലാണ് വായനാമുറി . പുസ്തകങ്ങൾക്കിടയിൽ പലതരം ഇരിപ്പിടങ്ങൾ. ചുറ്റും ഗ്ലാസ് പാനലുകളായതിനാൽ തുറസ്സായ ഒരു സ്ഥലത്ത് പുസ്തകങ്ങൾക്കിടയിലിരിക്കുന്ന പ്രതീതി. അവിടെ കുറെ ഇംഗ്ലീഷ് പുസ്തകങ്ങളും കണ്ടു. ബാൾട്ടിക് രാജ്യങ്ങളിലെ പുസ്തകശാലകളിലൊന്നും ഒരു ഇംഗ്ലീഷ് പുസ്തകം പോലുമുണ്ടായിരുന്നില്ല. മാർഗരറ്റ് ആറ്റ് വുഡിൻ്റെ ' മദ്ദാദം ' എന്ന നോവലെടുത്ത് ഒരിടത്ത് ഇരുന്ന് വെറുതെ മറിച്ചു നോക്കി. തണുപ്പും മഞ്ഞുമൊക്കെയാണെങ്കിലും ഇങ്ങനെയൊരിടമുണ്ടെങ്കിൽ ഒട്ടും മുഷിയില്ലെന്ന് തോന്നി.
ഉച്ച ഭക്ഷണം ഒരു ജാപ്പാനീസ് റെസ്റ്റൊറൻ്റിൽ നിന്നായിരുന്നു. ഗംഭീരം.പല വിധം സുഷികളാൽ നിറഞ്ഞ് മീൻ പ്രേമികളുടെ പറുദീസയായിരുന്നു അവിടെ. . മീനിഷ്ടമില്ലാത്തതുകൊണ്ട് ആ ഭാഗത്തേക്ക് നോക്കിയില്ല. എങ്കിലും ചിക്കനും പല രൂപഭാവങ്ങളിൽ ധാരാളമായി അവിടെ നിരന്നിരുന്നതിനാൽ നിരാശപ്പെടേണ്ടി വന്നതേയില്ല. ആ തണുപ്പിലും ഐസ്ക്രീമും കൂടി കഴിച്ചു ഉച്ച ഭക്ഷണം കുശാലാക്കി.
അന്തിയുറക്കം കപ്പലിലാണ്. പിറ്റേന്ന് രാവിലെ പത്തു മണിക്ക് സ്റ്റോക്ഹോമിലെത്തും. ആദ്യമായാണ് കടലിൽ ഉറങ്ങാൻ പോകുന്നത്. ചെറിയ ആശങ്ക ഉണ്ടായിരുന്നു. പോർട്ടിലെത്തിയപ്പോഴേക്കും സിൽജ സിംഫണി എന്ന കപ്പലിലേക്ക് ബോർഡിംഗ് തുടങ്ങിയിരുന്നു. കാബിൻ ചെറുതെങ്കിലും അത്യാവശ്യ സൗകര്യങ്ങളൊക്കെയുണ്ട്. കുറച്ച് നേരം ഡെക്കിലും മറ്റും കറങ്ങി വിഭവ സമൃദ്ധമായ രാത്രി ഭക്ഷണം കഴിച്ച് കാബിനിലെത്തി. ലഗേജ് കയ്യിലില്ലാത്തതിനാൽ അടുക്കിപ്പെറുക്കുന്ന ജോലിയില്ല. ഒരു രാത്രി കഴിയാനുള്ള സാമഗ്രികൾ മാത്രമേ കയ്യിലുള്ളൂ. ബാക്കിയൊക്കെ കപ്പലിൻ്റെ കാർഗോ എരിയയിൽ ഒരു ലഗ്ഗേജ് വാനിൽ ഭദ്രം. തിരകളുടെ കൈകളിൽ ആലോലമാടി ഉറക്കത്തിലേക്ക് ഊളിയിട്ടു.
പ്രീത രാജ്
Comments
Post a Comment