പ്രകൃതിയുടെ നിറഭേദങ്ങൾ
ഒരു മാസത്തോളം മൂന്നു വയസ്സിൻ്റെ വിശാല ലോകത്തിൽ മുഴുകിപ്പോയിരുന്നു. അവിടെ കൈ പിടിച്ചു നടത്തിയിരുന്ന കുഞ്ഞിപ്പാപ്പു അവളുടെ ബഹ്‌റൈനിലേക്ക് മടങ്ങിപ്പോയപ്പോൾ മുതിർന്നവളുടെ പ്രാരാബ്ധങ്ങളിലേക്കുള്ള മടക്കയാത്രക്ക് വഴിയറിയാതെ ഉഴറിപ്പോയിരുന്നു. നേരത്തെ പ്ലാൻ ചെയ്തിരുന്ന യൂറോപ്പ് യാത്രക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത് ആശ്വാസം. ഈ യാത്ര മൂന്നിൽ നിന്ന് അമ്പത്തേഴിലേക്കുള്ള മാറ്റം സുഗമമാക്കുമായിരിക്കും എന്ന് കരുതിയിരുന്നു. ഉത്തരധ്രുവത്തിന് കുറച്ചു താഴെ കിടക്കുന്ന നോർഡിക്- ബാൾട്ടിക് രാജ്യങ്ങൾ. അവിടെ പ്രകൃതിക്ക് മറ്റൊരു ഭാവമാണ്, വർണ്ണമാണ്. പ്രകൃതി എന്ന പ്രഗത്ഭ നർത്തകിയുടെ കടുത്ത ആരാധികയായ എനിക്ക് അവളുടെ മനോഹരമായ ലാസ്യഭാവങ്ങളിലും അംഗചലനങ്ങളിലും മുഴുകണമായിരുന്നു. യാത്രയുടെ പ്രധാന ലക്ഷ്യം അതു തന്നെ ആയിരുന്നു. ഒക്ടോബർ എട്ടിന് പോളണ്ടിൻ്റെ തലസ്ഥാനമായ വാഴ്സോയിൽ എത്തി ലിത്വാനിയ, ലാറ്റ്വിയ , എസ്റ്റോണിയ എന്നീ ബാൾട്ടിക് രാജ്യങ്ങളിലൂടെ , ഫിൻലാൻ്റ് , സ്വീഡൻ , നോർവേ , ഡെൻമാർക് എന്നീ നോർഡിക് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അവളുടെ നൃത്തം മതിയാവോളം ആസ്വദിച്ചു. ലിത്വാനിയയിൽ ചമയങ്ങൾ അണിഞ്ഞ് ല...