വാഴ്സൊ, പോളണ്ട്
വാഴ്സൊ, പോളണ്ട് ഒക്ടോബർ എട്ടിനാണ് ഞങ്ങളുടെ ഇരുപത്തെട്ടംഗ സംഘം വാഴ്സൊയിൽ എത്തിയത്. കൊച്ചിയിൽ നിന്ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹയിലെത്തി അവിടെ നിന്ന് ഖത്തർ എയർവേയ്സിൻ്റെ തന്നെ മറ്റൊരു വിമാനത്തിൽ വാഴ്സൊയിൽ പറന്നിറങ്ങി , കാത്തു നിന്നിരുന്ന ബസിൽ നേരെ ഹോട്ടലിലേക്ക് പോയി. ചെന്നപാടെ ഒരു വലിയ ബർഗറും ഫ്രഞ്ച് ഫ്രൈസും സാലഡും മുമ്പിലെത്തി. വിമാനത്തിൽ നിന്ന് തന്നെ അത്യാവശ്യം ഭക്ഷണം കഴിച്ചതു കൊണ്ടാണോ എന്നറിയില്ല, ബർഗർ ഒരു കൊച്ചു കുന്നു പോലെ തോന്നി. ഞങ്ങൾ രണ്ടു പേരും കൂടി ഒരെണ്ണം മതി എന്നു തീരുമാനിച്ചു. അതു തന്നെ തീർക്കാൻ ബുദ്ധിമുട്ടായിരുന്നു. പോളണ്ടിനെപറ്റി ഒരക്ഷരം മിണ്ടരുത് എന്ന സന്ദേശത്തിലെ ശ്രീനിവാസൻ ഡയലോഗ് ചിരിയുണർത്തുമെങ്കിലും പോളണ്ട് എന്ന് കേൾക്കുമ്പോൾ ഉടനെ മനസ്സിൽ വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യകളിലൊന്നിന് വേദിയായ നാസി കോൺസൻട്രേഷൻ ക്യാമ്പുകളാണ്. പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും അറിഞ്ഞ നാസി ക്രൂരതയും ഇരകളുടെ ദൈന്യതയും മനസ്സിലേക്കെത്തി. കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് ക്യാമ്പുകൾ ക്രാക്കോവ് എന്ന പോളണ്ട് നഗരത്തി നടുത്താണ്. വാഴ്സോ , ബാൾട്ടിക്...