ദക്ഷിണായനം - ന്യൂസിലാൻഡ്, തെക്കൻ ദ്വീപ്


ദക്ഷിണായനം - ന്യൂസിലാൻഡ്, തെക്കൻ ദ്വീപ്

തെക്കൻ ശാന്ത സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ ന്യൂസിലാൻഡ് ഏറ്റവും അടുത്ത അയൽ രാജ്യമായ ഓസ്ട്രലിയയിൽ നിന്ന് 1600 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. പ്രധാനമായും വടക്ക്, തെക്ക് ദ്വീപുകളും ( North and South islands) മറ്റനേകം ചെറുദ്വീപുകളും ചേർന്നതാണ് ന്യൂസിലാൻഡ്. പോളിനേഷ്യയിൽ നിന്നെത്തി കുടിയേറിപ്പാർത്തവരാണ് ന്യൂസിലാൻഡിലെ ആദിവാസികളായ മാവോറികൾ(Maori).  ഡച്ച് നാവികനായ Abel Janszoon Tasman  ആണ് (1642)  ന്യൂസിലാൻഡിൽ എത്തിയ ആദ്യ യൂറോപ്യൻ. എങ്കിലും 1769 ൽ ബ്രിട്ടിഷ് നാവികനായ ക്യാപ്റ്റൻ ജെയിംസ് കുക്കിൻ്റെ ( James Cook) സന്ദർശനമാണ് വൻതോതിൽ ബ്രിട്ടീഷ് കുടിയേറ്റത്തിനും കോളനിവൽക്കരണത്തിനും വഴിവച്ചത്.

സമുദ്രത്താലും ടാസ്മാൻ കടലിനാലും ചുറ്റപ്പെട്ട് കിടക്കുന്ന,  ഒരു രാജ്യമായും കര അതിർത്തി പങ്കിടാത്ത ന്യൂസിലാൻഡിന് തനതു ജൈവ വൈവിധ്യമുണ്ട്. രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത പ്രധാനമായും പാൽ, പാലുൽപ്പന്നങ്ങൾ, കമ്പിളി, മാംസം, വൈൻ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അതിലോലമായ പരിസ്ഥിതിയും ജൈവസമ്പത്തും സംരക്ഷിക്കാൻ ന്യൂസിലാൻഡ് സർക്കാർ ബദ്ധശ്രദ്ധരാണ്. സിഡ്നിയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പു തന്നെ ന്യൂസിലാൻഡിൻ്റെ കർക്കശമായ കസ്‌റ്റംസ് പരിശോധനയെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ജൈവ ഉൽപന്നങ്ങൾ അവിടെ അനുവദനീയമല്ല. അനുവദനീയമല്ലാത്ത വസ്തുക്കൾ ഉണ്ടോ എന്നറിയാൻ സ്നിഫർ നായ്ക്കളെ ( sniffer dogs) വരെ ഉപയോഗിക്കുമെന്നും ഷൂസിനടിയിലെ മണ്ണു പോലും ഭീമമായ പിഴയൊടുക്കാനിടയാക്കും എന്നൊക്കെയുള്ള മുന്നറിയിപ്പുകളും ഞങ്ങളെ ആശങ്കാകുലരും ജാഗരൂകരുമാക്കിയിരുന്നു. 

എയർ ന്യൂസിലാൻഡ് വിമാനത്തിൽ കാബിൻ ക്രൂ ഊഷ്മളമായ പുഞ്ചിരിയോടെ രുചികരമായ ഭക്ഷണം വിളമ്പി ഹൃദ്യമായ ആതിഥ്യമര്യാദ പ്രകടിപ്പിച്ചെങ്കിലും , ഉവ്വുവ്വ് ഒടുവിൽ നായയെ കൊണ്ട് മണപ്പിക്കാനല്ലേ എന്ന ചിന്തയായിരുന്നു മനസ്സിൽ. വളരെ നല്ല wifi connectivity ആയിരുന്നു പറക്കലിലുടനീളം. ടാസ്മാൻ കടലിനു മുകളിലൂടെ പറക്കുമ്പോൾ വാനിൻ്റെയും വാരിയുടേയും നീല വിതാനത്തിൽ വിമാനച്ചിറകും അങ്ങു ദൂരെ കാണായ കപ്പലും അഭൂതപൂർവ്വമായ കാഴ്ചവിരുന്നൊരുക്കി. ക്രൈസ്റ്റ്ചർച്ചിലെ വിമാനത്താവളത്തിൽ നൽകാനുള്ള ചോദ്യാവലി നേരത്തേ ഓൺലൈനായി സമർപ്പിച്ചിരുന്നു. ആകാംക്ഷയുടെ മുൾമുനയിൽ രാത്രി വൈകി ക്രൈസ്റ്റ്ചർച്ചിൽ ഇറങ്ങിയപ്പോൾ ഊഷ്മളമായി സ്വാഗതമോതുന്ന, പുഞ്ചിരിക്കുന്ന മുഖങ്ങളായിരുന്നു വരവേറ്റത്. 'നായയും വന്നില്ല, ഒരു കുന്തവും വന്നില്ല'. ലഗ്ഗേജ് X-ray സ്കാൻ ചെയ്യുന്നിടത്ത് കയറ്റി വെയ്ക്കാൻ നിൽക്കുന്ന ആളുടെ മുഖത്ത് വരെ സ്വാഗതത്തിൻ്റെ പുഞ്ചിരി. ഒടുവിൽ, "എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി, മെഷീൻ ഗൺ..." എന്ന  'അങ്ങനെ പവനായി ശവമായി ' സംഭാഷണം ഓർത്ത് ഊറിയ ചിരിയോടെ പുറത്ത് കടന്നപ്പോൾ ടൂർ മാനേജർ ബാബു കാത്തു നിൽപുണ്ടായിരുന്നു. നെന്മാറക്കാരനായ ബാബു രണ്ടു വർഷമായി ഓക്ക്ലാൻഡിൽ കുടുംബവുമൊത്ത് താമസിക്കുകയാണ്. 

ബസിൽ Hotel Elms ലേക്കുള്ള  യാത്രയിൽ പടർന്ന് തുടങ്ങിയ ഇരുളിലും ന്യൂസിലാൻഡിൻ്റെ  പ്രകൃതിസൗന്ദര്യം വെളിവാക്കപ്പെട്ടിരുന്നു. ഹോട്ടലിന് മുന്നിലെ പൂന്തോട്ടത്തിൽ പുഷ്പ സമൃദ്ധി.  റിസപ്ഷനിൽ തയ്യാറാക്കി വച്ചിരുന്ന പഴക്കൂടയിൽ നിന്ന് ആപ്പിളും പഴവുമെടുത്ത് റൂമിലെത്തി. ഒരു രാത്രിയിലെ താമസമേയുള്ളൂ ക്രൈസ്റ്റ്ചർച്ചിൽ.

രാവിലെ റൂമിലെ ജാലകത്തിലൂടെ നോക്കവെ ഒരു ക്ഷേത്രം  കണ്ടു. സൗത്ത് ഐലൻഡിലെ ഏറ്റവും വലിയ നഗരമായ ക്രൈസ്റ്റ് ചർച്ച് ന്യൂസിലാൻഡിലെ മൂന്നാമത്തെ വലിയ നഗരമാണ്. പൂന്തോട്ടങ്ങളുടെ നഗരം (Garden City) എന്നറിയപ്പെടുന്ന ക്രൈസ്റ്റ് ചർച്ച്, കാൻ്റർബറി റീജിയണൽ കൗൺസിലിന് ( Canterbury Regional Council) കീഴിൽ ന്യൂസിലാൻഡിൻ്റെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്നു. 
തുടരെയുള്ള ഭൂമികുലുക്കങ്ങൾ നാശം വിതച്ച നഗരം അനേകം പുനരുദ്ധാരണ നവീകരണ പദ്ധതികളിലൂടെ കടന്ന് അതിമനോഹരമായി നിലനിൽക്കുന്നു. 

ക്രൈസ്റ്റ് ചർച്ചിൽ നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിൽ  ക്വീൻസ്ടൗണിലേക്കാണ്  ഞങ്ങളുടെ യാത്ര. വഴിയിലുടനീളം മത്തു പിടിപ്പിക്കുന്ന മാസ്മരിക  പ്രകൃതിഭംഗി. പച്ചപ്പുൽമേടുകളിൽ യഥേഷ്ടം മേഞ്ഞു നടക്കുന്ന ചെമ്മരിയാടുകളും പൈക്കളും കുതിരകളും മാനുകളും. പൊട്ടി വിടർന്ന്  നിറം വിതറി നിൽക്കുന്ന കാട്ടുപൂക്കൾ. ഇടക്കിടെ പ്രത്യക്ഷപ്പെട്ട് ഒളിച്ചുകളി നടത്തുന്ന ചോലകൾ, അരുവികൾ, തോടുകൾ, നദികൾ. എല്ലാത്തിനും പശ്ചാത്തലമൊരുക്കി തെക്കൻ ആൽപ്സ് ( Southern Alps) പർവ്വത നിരകൾ മഞ്ഞിൻ്റ വെള്ളിത്തൊപ്പിയണിഞ്ഞ് നിന്നു. മണിക്കൂറുകളോളം കെട്ടുകാഴ്ചയൊരുക്കി ന്യൂസിലാൻഡ് അതിശയിപ്പിച്ചു.

ക്രൈസ്റ്റ് ചർച്ചിൽ നിന്ന് മൂന്ന് മണിക്കൂറോളം യാത്രയുണ്ട് ആദ്യ ലക്ഷ്യമായ ടെകാപോ തടാകത്തിലേക്ക് ( Lake Tekapo). മനോഹരമായ നീലജലാശയം തെക്കൻ ആൽപ്സ് മഞ്ഞുമലകളുടെ സൃഷ്ടിയാണ്. തടാകത്തിലെ പാറപ്പൊടികളാണത്രെ മനോഹരമായ നീലവർണ്ണത്തിന് കാരണം. മഞ്ഞണിഞ്ഞ പർവ്വത നിരകൾക്ക് താഴെ നീലത്തടാകം തീരത്തെ പച്ചപ്പിൽ നിന്ന് നോക്കുമ്പോൾ പ്രകൃതിയുടെ അലൗകിക സൗന്ദര്യം സ്തബ്ധയാക്കി. പഴയൊരു യാത്രയിൽ സ്കോട്‌ലൻഡിലെ ലോമോണ്ട് തടാകം ( Loch Lomond) ഓർമ്മ വന്നു. അന്ന് പച്ചപ്പരവതാനിയും നീലത്തടാകവും ഒരുക്കിയ കാഴ്ചക്ക് കുളിരും ചാറ്റൽ മഴയുമായിരുന്നു പശ്ചാത്തലമൊരുക്കിയത്. ഇവിടെ കുറച്ചു കൂടി കടുത്ത ചായക്കൂട്ടുകൾ അണിഞ്ഞ് നിൽക്കുന്ന പ്രകൃതി സുന്ദരിയുടെ മേൽ സൂര്യരശ്മികൾ  പ്രകാശരേണുക്കൾ വിതറി. മഞ്ഞിൻ്റെ തലപ്പാവണിഞ്ഞ ഗിരിനിരകൾ കാവൽ നിന്നു. 

തടാക തീരത്തു തന്നെയുള്ള Mackenzies എന്ന ജാപ്പാനീസ് റസ്റ്ററൻ്റിൽ നിന്നായിരുന്നു ഉച്ച ഭക്ഷണം. ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ എന്നിവയും പഴങ്ങളും ചോപ്സ്റ്റിസ്റ്റിക്സ് ഉപയോഗിച്ചു കഴിച്ചു. സ്റ്റിക്കി റൈസ് കോലു കൊണ്ടെടുക്കുന്ന വിദ്യ അത്രയെളുപ്പം നടക്കുമെന്ന് തോന്നാത്തതു കൊണ്ടും ഒട്ടൽ ചോറ് കയ്യിലെടുക്കാൻ മടി തോന്നിയതിനാലും അതിന് മെനക്കെട്ടില്ല.

വഴിയിലുടനീളം പച്ചപ്പുൽമേടുകളും യാതൊരു ഭീതിയോ ആശങ്കയോ ഇല്ലാതെ മേഞ്ഞു നടക്കുന്ന ആടുകളും പശുക്കളും അത്ഭുതകരമായ കാഴ്ചയായിരുന്നു. അടുത്തെങ്ങും ആരെയും കണ്ടില്ല. പുൽമേടുകൾക്ക് ചുറ്റും ചെറിയ വേലികളുണ്ട്. അവിടവിടെ സ്ഥാപിച്ച വലിയ ടാങ്കുകളിൽ വെള്ളം നിറച്ചു വച്ചിരിക്കുന്നു. ഇരപിടിയന്മാരായ വന്യജീവികൾ ഇല്ല എന്നതാവും ഇങ്ങനെ ഒരു സ്വൈരവിഹാരം സാധ്യമാക്കുന്നത്. സൗത്ത് ഐലൻഡിൽ ജനസാന്ദ്രത തീരെ കുറവാണത്രെ. ന്യൂസിലാൻഡിലാകമാനം ജനങ്ങൾ ഗ്രാമങ്ങൾ വെടിഞ്ഞ് നഗരങ്ങളിൽ ചേക്കേറുന്ന സ്ഥിതിവിശേഷമാണത്രെ. യാത്രയിലുടനീളം വിശാലമായ പുൽമേടുകൾക്കിടയിൽ അവിടവിടെ മാത്രമാണ്  ഏതാനും വീടുകൾ കണ്ടത്.

ഒടാഗോ റീജിയണിൽ (Otago Region)  മലനിരകളുടെ മടിത്തട്ടിൽ വകാടിപു തടാക തീരത്തെ ( Lake Wakatipu ) മനോഹരമായ  സുഖവാസകേന്ദ്രമായ ക്വീൻസ്ടൗണിൽ  എത്തിയപ്പോൾ വൈകുന്നേരമായി. ഹോട്ടൽ Whyndham Garden ൻ്റെ ഒരു സ്റ്റുഡിയോ അപാർട്മെൻ്റിൻ്റെ സൗകര്യങ്ങളുള്ള റൂമിലെ ജാലകത്തിലൂടെ നോക്കിയാൽ മഞ്ഞണിഞ്ഞ മലനിരകൾ  കാണാമായിരുന്നു. അടുത്തു തന്നെയുള്ള ഒരു ഇന്ത്യൻ റെസ്റ്റോറൻ്റിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം തെല്ലു നേരം  സുന്ദരമായ ചുറ്റുപാടുകളിൽ മുഴുകി റോഡരികിലെ ബഞ്ചിലിരുന്നു.

പിറ്റേന്ന് രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം മിൽഫോർഡ് സൗണ്ട് (Milford Sound) ക്രൂയിസിനായി പുറപ്പെട്ടു. 
മഞ്ഞുമലകളിടിഞ്ഞുണ്ടാകുന്ന ചെങ്കുത്തായ മലകളാൽ ചുറ്റപ്പെട്ട താഴ് വരയിലേക്ക് സമുദ്രം കയറി വന്ന് നിർമ്മിതമാകുന്നതാണ് ഫ്യോഡുകൾ ( fjords). നദികളിൽ നിന്നുള്ള വെള്ളപ്പൊക്കം താഴ് വരകളിൽ നിറഞ്ഞ് നിർമ്മിതമായവയാണ് സൗണ്ടുകൾ. മിൽഫോർഡ് സൗണ്ട് വാസ്തവത്തിൽ ഫ്യോഡാണത്രെ. ഏതോ ക്ലാസ്സിഫിക്കേഷൻ പ്രക്രിയയിൽ സൗണ്ടെന്ന് തെറ്റായി വ്യാഖ്യാനിച്ച് വച്ചതാണത്രെ. പോകുന്ന വഴിയിൽ  ടോയ്ലറ്റ് ബ്രേക്കിനായി പാർക്ക് ചെയ്തിടത്ത് അൽപാക ( Alpaca) എന്ന സൗത്ത് അമേരിക്കൻ ജീവികൾ മേഞ്ഞു നടന്നിരുന്നു.  വില കൂടിയ വിശേഷപ്പെട്ട അൽപാക വൂൾ കമ്പിളിക്ക് വേണ്ടി ആരോ കൊണ്ടുവന്ന് വളർത്തുന്നതായിരിക്കാം.

ക്രൂയിസിൽ തന്നെയായിരുന്നു ഉച്ചഭക്ഷണം. ജാപ്പാനീസ് കൊറിയൻ മീൻ വിഭവങ്ങളാണ് പ്രധാനമായും. ആസ്ട്രേലിയയിലേത് പോലെ ന്യൂസിലാൻഡിലും ആട്ടിറച്ചിയാണ് പ്രധാനം. ചിക്കൻ വിഭവങ്ങൾ പൊതുവെ കുറവാണ്.  തിരകൾ  ശക്തമായതിനാലാവാം മുകളിലെ ഡെക്കിൽ ആടിയുലത്താണ് നിന്നത്. നോർവ്വെയിലെ ഫ്യോഡ് ക്രൂയിസിൻ്റെ അനുഭവം ഉള്ളതിനാൽ പ്രതീക്ഷ കൂടുതലായിരുന്നതിനാലോ വഴിയിലുടനീളം നുകർന്ന പ്രകൃതി സൗന്ദര്യ ലഹരി മത്തുപിടിപ്പിച്ചതിനാലോ ആവാം മനോഹരമായ ഒരു വെള്ളച്ചാട്ടമൊഴിച്ചാൽ മിൽഫോഡ് സൗണ്ട് എന്നെ  അത്ര ആവേശഭരിതയാക്കിയില്ല.  

മടങ്ങുമ്പോൾ മിൽഫോഡ് സൗണ്ട് സ്ഥിതിചെയ്യുന്ന ഫ്യോഡ് ലാൻഡ് നാഷണൽ പാർക്കിൻ്റെ  ( Fiordland  National Park)   തന്നെ ഭാഗമായ മിറർ ലേക്കിൻ്റെ സൗന്ദര്യം നുകരാനായി ഇറങ്ങി. ചുറ്റുമുള്ള മലനിരകളുടെയും വൃക്ഷലതാദികളുടെയും മനോഹരമായ പ്രതിബിംബങ്ങൾ തീർക്കുന്നതിനാലാണ് കണ്ണാടിത്തടാകത്തിന് ( Mirror Lake) ആ പേര് കിട്ടിയത്. തടാകത്തിലേക്ക് ചാഞ്ഞ് മുഖം നോക്കുന്ന വൃക്ഷങ്ങൾ ഉന്നതശീർഷരായ ഗിരിശൃംഗങ്ങളുടെ പ്രതിബിംബത്തിലേക്ക് കണ്ണെറിയുന്നുണ്ടോ? 

പുറപ്പെടുന്നതിന് മുമ്പ് ഗ്രീൻ ഐലൻഡിൽ പൊടി പുരണ്ട 
വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ വിസ്തരിച്ച് കഴുകിയെടുത്ത് ബാത്ത് റൂമിലെ hot railings ൽ വിരിച്ചിട്ടിരുന്നു. മടങ്ങിയെത്തിയപ്പോൾ നന്നായി ഉണങ്ങിയിരുന്നു. അങ്ങനെ യാത്രയിൽ സ്ഥിരം വീട്ടുപണികൾ ഒന്നും ചെയ്യില്ലെന്ന പ്രതിജ്ഞ ചെറുതായൊന്നു മുറിഞ്ഞു. Wyndham Garden ൽ വിശാലമായ ഡൈനിംഗ് എരിയ ഒന്നുമില്ല. ഏതോ ഇന്ത്യൻ റെസ്റ്ററൻ്റിൽ നിന്ന് വരുത്തിയ ഭക്ഷണം പരിമിതമായ സ്ഥലത്ത് ഇരുന്ന് കഴിച്ചു. പുറത്ത് നല്ല തണുപ്പ്. അതിനാൽ അധികമൊന്നും ചുറ്റിക്കറങ്ങാതെ റൂമിലെത്തി പിറ്റേന്നത്തെ യാത്രക്കായി തയ്യാറെടുത്തു.

പിറ്റേന്ന് പ്രഭാത ഭക്ഷണത്തിന് ശേഷം ക്വീൻസ്ടൗൺ കാണാനിറങ്ങി. വകാടിപു തടാക തീരത്ത് കുറച്ചു സമയം ചെലവഴിച്ചു. അവിടെ സ്റ്റീലിൽ നിർമ്മിച്ച മനോഹരമായ ഒരു ബോട്ട് ശിൽപം ഉണ്ടായിരുന്നു. ക്വീൻസ് ലാൻഡിൽ ബസ്സ് ഓടിച്ചിരുന്നത് Charlotte  എന്ന ഒരു trans person ആയിരുന്നു. പ്രഗത്ഭയായ ഡ്രൈവറാണ് Charlotte. സംസാരത്തിനിടയിൽ അത് സൂചിപ്പിച്ചപ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ചിരിച്ചു. മിലിറ്ററി ട്രക്കുകളാണത്രെ അവർ കൈകാര്യം ചെയ്തിരുന്നത്.

ന്യൂസിലാൻഡിൻ്റെ ലിംഗനീതിയുടെ ചരിത്രം വായിച്ചതോർമ്മവന്നു. ലോകത്തിലാദ്യമായി എല്ലാ സ്ത്രീകൾക്കും വോട്ടവകാശം നിലവിൽ വന്നത് ന്യൂസിലാൻഡിലാണ്. 1893 സെപ്റ്റംബർ 19 നാണ് വോട്ടവകാശ ബിൽ പാസ്സായത്. അതേ വർഷം നവംബർ 28 നാണ് സ്ത്രീകൾ ആദ്യമായി വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ മണ്ഡലത്തിലേക്ക് പ്രവേശനം ചെയ്തത്. അതേ വർഷം തന്നെയാണ്  ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യത്തിലെ ആദ്യ വനിതാ മേയറായി Elizabeth Yates സ്ഥാനമേറ്റതും. അങ്ങനെ ലിംഗനീതിക്കായുള്ള പോരാട്ടങ്ങളുടെയും അവകാശങ്ങൾ നേടിയെടുത്തതിൻ്റെയും ആഴത്തിൽ വേരോടിയ സംസ്കാരമുണ്ട് ഈ ചെറിയ ഒറ്റപ്പെട്ട തെക്കൻ ദ്വീപുരാഷ്ട്രത്തിന്. 

ഹോട്ടലിൽ നിന്ന് പാക്ക് ചെയ്തു തന്ന ഉച്ചഭക്ഷണവുമായി എയർ പോർട്ടിലെത്തി. ചെറിയ എയർപോർട്ടാണ്. സൗത്ത് ഐലൻഡിൻ്റെ മനോഹാരിത നെഞ്ചിലേറ്റി ന്യൂസിലാൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക് ലാൻഡിലേക്ക്, വടക്കൻ ദ്വീപു കാഴ്ചകളിലേക്ക് യാത്ര തുടങ്ങുകയായി. 

പ്രീത രാജ്

Comments

Post a Comment

Popular posts from this blog

തെക്കോട്ടിറക്കം- മെൽബൺ

കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്

ദക്ഷിണായനം - കെയ്ൻസ്