തെക്കോട്ടിറക്കം- മെൽബൺ
മലേഷ്യ എയർലൈൻസ് വിമാനത്തിൽ നവംബർ 3 ന് പുലർച്ചെ 12 55 AM ന് ഞങ്ങളുടെ സംഘം കോലാലംപൂരിലേക്ക് യാത്ര തിരിച്ചു. ഏഴരയോടെ കോലാലാപുരിൽ എത്തിച്ചേർന്നു.9 55 AM ന് മെൽബണിലേക്കുള്ള വിമാനം കയറി. ഫ്ലൈറ്റ് മാപ്പിൽ നോക്കിയിരുന്നപ്പോൾ ഉപരിതലമാകെ അലയടിക്കുന്ന സമുദ്രത്തിനിടയിൽ അങ്ങിങ്ങായി കിടക്കുന്ന ഏതാനും വൻകരകളിൽ ആവാസമുറപ്പിച്ച ഹോമോ സാപിയൻസ് എന്ന മനുഷ്യവർഗ്ഗം എത്ര നിസ്സാരരാണെന്ന് തോന്നി. അതേസമയം സമുദ്ര തിരമാലകളെ കീറിമുറിച്ച് പായ്ക്കപ്പലുകളിലും നൗകകളിലും വിദൂരതീരങ്ങളിൽ എത്തിച്ചേർന്ന, ആഡംബരക്കപ്പലുകളിലും വിമാനങ്ങളിലും ലോകത്തിൻ്റെ ഏതു കോണിലേക്കും യാത്ര ചെയ്യുന്ന, ബഹിരാകാശത്ത് പോലും എത്തിയ മനുഷ്യർ എത്ര ശക്തരാണെന്നുള്ള വൈരുദ്ധ്യവും മനസ്സിലൂടെ കടന്നുപോയി.
പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിൻ്റെയും കിഴക്ക് ശാന്തസമുദ്രത്തിൻ്റെയും ( Pacific ocean) ഇടയിൽ സ്ഥിതിചെയ്യുന്ന, മറ്റൊരു രാജ്യവുമായും കര അതിർത്തി പങ്കിടാത്ത ആസ്ട്രേലിയ എന്ന ഭൂഖണ്ഡ രാജ്യം. തനതായ ആവാസവ്യവസ്ഥയും ജീവജാലങ്ങളുമുള്ള ഭൂമിയിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം( continent). മുഴുവനായും ദക്ഷിണാർദ്ധഗോളത്തിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ രാഷ്ട്രം. ആസ്ട്രേലിയക്ക് വിശേഷണങ്ങൾ ഏറെയുണ്ട്. യാത്ര പുറപ്പെടും മുമ്പ് നടത്തിയ ചെറിയ ഗവേഷണത്തിൽ കണ്ടെത്തിയ Ayers Rock or Uluru ഫ്ലൈറ്റ് മാപ്പിൽ കണ്ടു. ആസ്ട്രേലിയയിലെ ആദിവാസി സമൂഹമായ Aboriginals പവിത്രമായി കണക്കാക്കുന്ന സൂര്യൻ്റെ സ്ഥാനമനുസരിച്ച് നിറം മാറുന്ന sandstone formations ആണ് Uluru. The Great Dividing Range എന്ന പസഫിക്കിന് സമാന്തരമായി കിഴക്കൻ മേഖലയിലുള്ള പർവ്വതനിരകൾക്ക് പടിഞ്ഞാറ് ഭാഗം മഴ ലഭിക്കാത്ത വരണ്ട പ്രദേശങ്ങളാണ്. Outback എന്ന വിശാലമായ ആ ഊഷരപ്രദേശങ്ങളാണ് പ്രധാനമായും ആസ്ട്രേലിയൻ സാഹിത്യത്തിന് ഭൂമികയായിട്ടുള്ളത്.
1788 ൽ സിഡ്നിയിൽ പീനൽ കോളനി(ബ്രിട്ടനിൽ നിന്ന് ചെറിയ കുറ്റവാളികളെ നാടുകടത്തി വിടാനുള്ള സ്ഥലം) സ്ഥാപിച്ചു കൊണ്ടാണ് ആസ്ട്രേലിയയിൽ ബ്രിട്ടീഷ് കോളനി വാഴ്ച ആരംഭിച്ചത്. പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുമ്പേ ഏഷ്യയിൽ നിന്നെത്തി ആസ്ട്രേലിയ ഭൂഖണ്ഡത്തിൽ താമസമാക്കിയിരുന്ന aboriginals സർവ്വശക്തിയുമെടുത്ത് എതിർത്തെങ്കിലും പ്രബലമായ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ഉരുക്കുമുഷ്ടിയോട് പിടിച്ചു നിൽക്കാനാവാതെ ആളും ഭൂമിയും നഷ്ടപ്പെട്ട് ഔട്ട്ബാക്കിലെ വരണ്ട വന്യതയിലേക്ക് പിൻവാങ്ങി.
രാത്രി എട്ടരയോടെ ഞങ്ങൾ മെൽബണിൽ എത്തി. Commonwealth of Australia യുടെ Victoria എന്ന സ്റ്റേറ്റിൻ്റെ ഭരണസിരാ കേന്ദ്രമാണ് Melbourne. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരം. നടപടികളൊക്കെ കഴിഞ്ഞ് പുറത്ത് കാത്തു നിൽക്കുന്ന ബസ്സിൽ ഹോട്ടൽ Mercure Southbank ലേക്ക് യാത്ര തിരിച്ചു. ബസ്സിൻ്റെ ക്യാപ്റ്റൻ മനോജ് ഇന്ത്യൻ വംശജനാണ്. അര മണിക്കൂറിൽ ഹോട്ടലിൽ എത്തി. ഡിന്നർ പാക്കറ്റുമായി റൂമിലേക്ക്. ഭക്ഷണം സ്വാദിഷ്ടമായിരുന്നെങ്കിലും അധികമൊന്നും കഴിക്കാൻ കഴിഞ്ഞില്ല.
പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം നടക്കാനിറങ്ങി. ഹോട്ടൽ സിറ്റിയുടെ ഹൃദയ ഭാഗത്ത് തന്നെയാണ്. വെയിൽ മയപ്പെടുത്തിയ കുളിരിൽ ആ നടത്തം ഉന്മേഷപ്രദമായിരുന്നു. യേരാ നദി ( Yarra river) മെൽബണിലെ സജീവ സാന്നിധ്യമാണ്. ധാരാളം പാലങ്ങൾ നദിക്കു കുറുകെയുണ്ട്. പാലത്തിൽ നിന്ന് നോക്കിയാൽ വിക്ടോറിയ യൂണിവേഴ്സിറ്റിയുടെ ഒരു കെട്ടിടം കാണാം. മെൽബണിൽ എവിടെയും വിക്ടോറിയ എന്ന നാമം കാണാം.
പാലം കടന്ന് സെയിൻ്റ് പോൾസ് കത്തീഡ്രൽ സന്ദർശിച്ചു. അവിടെ അടുത്തുള്ള ഗ്രാഫിറ്റി സ്ട്രീറ്റ് കൗതുകമുണർത്തി. ചുമരെഴുത്തുകൾക്ക് മാത്രമായി ഒരു സ്ട്രീറ്റ്. പക്ഷെ ഉള്ളിലേക്ക് നടക്കും തോറും അതൊരു haunted street പോലെ അസ്വസ്ഥയാക്കി. She Matters എന്ന പോസ്റ്ററുകളിൽ നിന്ന് കുറേയേറെ പെൺമുഖങ്ങൾ ചേതസ്സറ്റ കണ്ണുകളോടെ പിന്തുടരുന്ന പോലെ. തെരുവിൽ ഒന്നു രണ്ടിടത്ത് കുറുകെ കെട്ടിയ കേബിളിൽ തൂങ്ങിക്കിടക്കുന്ന പാദരക്ഷകൾ കൗതുകമുണർത്തി. അതിൻ്റെ ഉദ്ദേശം എന്താണെന്ന് ചോദിക്കാൻ അവിടെ ആരെയും കണ്ടില്ല. ചുവരിനോട് ചേർന്ന് വീൽചെയറിൽ ഇരുന്നിരുന്ന വൃദ്ധൻ മറ്റൊരു ഗ്രാഫിറ്റി പോലെ. അയാളുടെ കണ്ണുകളും ശൂന്യമായിരുന്നു.
പ്രധാന വീഥിയിലും ഒരിടത്ത് ചെരുപ്പുകൾ തൂങ്ങിക്കിടക്കുന്നത്
കണ്ടപ്പോൾ മനോജിനോട് ചോദിച്ചു. അദ്ദേഹത്തിന് അറിയില്ലത്രെ. മുമ്പും ആരോ ഇതേ ചോദ്യം ചോദിച്ചിരുന്നതിനാൽ അദ്ദേഹം ഇതിനെ കുറിച്ച് അന്വേഷച്ചിരുന്നു. മയക്കുമരുന്നിൻ്റെ ഭ്രമാത്മകതയിൽ ആരെങ്കിലും ചെയ്തതായിരിക്കാം അല്ലാതെ ഒന്നുമില്ല എന്നാണത്രെ അയാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. എന്തോ!
Flinders Station ൻ്റെ മുന്നിൽ സഞ്ചാരികൾക്കായി തികച്ചും സൗജന്യമായ ഒരു ട്രാം സവാരി ലഭ്യമാണ്. കുറച്ചു ദൂരം പോയി തിരിച്ച് അതേ സ്ഥാനത്ത് എത്തിക്കും. ഒരു മിനി സിറ്റി ടൂർ. ആ യാത്ര രസകരമായ അനുഭവമായി. സ്വീറ്റ്ഗം മരങ്ങൾ ധാരാളമുണ്ട് മെൽബണിൽ. കായകൾ നിറഞ്ഞും പൊഴിച്ചും അവ നഗരത്തെ മനോഹരമാക്കി.
ഒരു ഇന്ത്യൻ റസ്റ്ററൻ്റിൽ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങൾ Moonlit Sanctuary ലക്ഷ്യമാക്കി യാത്ര തുടങ്ങി. ആസ്ട്രേലിയയുടെ തനത് ജീവജാലങ്ങളാണ് Moonlit sanctuary ൽ ഉള്ളത്. Cockatoos, koala, kangaroos, wallabies, emu അങ്ങനെ വിവിധ ഇനങ്ങൾ. കാങ്കരു ആയിരുന്നു പ്രധാന ആകർഷണം. അതിൻ്റ മിനിയേച്ചർ പതിപ്പാണെന്നു തോന്നും വാലബികൾ. രണ്ടിനേയും തൊടാനും കാങ്കരുവുമായും കാങ്കരുവായും ഫോട്ടോ എടുക്കാനും കഴിഞ്ഞു. ചെറിയ തണുപ്പും പൊടിയുന്ന മഴയും പുൽത്തകിടികളും ചിലയ്ക്കുന്ന, മുരളുന്ന പക്ഷികളും ചേർന്ന് Moonlit sanctuary മനോഹരമായ അനുഭവമായി.
അടുത്ത ലക്ഷ്യം ഫിലിപ്പ് ഐലൻഡ് ആയിരുന്നു. പെൻഗ്വിൻ പരേഡ് കാണുകയായിരുന്നു ലക്ഷ്യം. സൂര്യാസ്തമയത്തിനു ശേഷം പെൻഗ്വിനുകൾ കടലിൽ നിന്ന് കയറി വന്ന് കരയിലെ അവയുടെ വാസസ്ഥലങ്ങളിലേക്ക് നടന്നു പോകുന്ന കാഴ്ച കാണുകയാണ് ഉദ്ദേശം. ഫിലിപ്പ് ഐലൻഡിൽ എത്തിയപ്പോഴേക്കും ചാറ്റൽ മഴയും കാറ്റും തണുപ്പിൻ്റെ ശക്തി കൂട്ടി. ബീച്ചിനടുത്ത സെൻ്ററിൽ വാഷ്റൂമുകളും ഭോജനശാലയും ആസ്ട്രേലിയൻ ടൂറിസ്റ്റ് ആകർഷണങ്ങൾ തുടർച്ചയായി കാണിക്കുന്ന മൂവിഷോയും ഉണ്ട്. അന്ന് 8 PM നായിരുന്നു, അസ്തമയം. അവിടെയുള്ള റസ്റ്ററൻ്റിൽ നിന്ന് ഡിന്നർ കഴിച്ച് പ്രതികൂല സാഹചര്യങ്ങളെ വെല്ലു വിളിച്ച് കടൽത്തിരത്തേക്കുള്ള നീണ്ട പാതയിലൂടെ നടന്നു. നിവർത്തിയ കുട എതിർവശത്തേക്ക് മടങ്ങി കാറ്റിൽ ആളെയും കൊണ്ട് പറന്നാലോ എന്ന ഭീതിയിൽ കുട മടക്കി തലക്ക് മീതേ പിടിച്ച് നടന്നു. ബീച്ചിനരികിലെ പടികളിൽ ഇരിക്കുമ്പോൾ പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. എങ്കിലും കൊച്ചു പെൻഗ്വിനുകൾ ( little penguins ആണ് ആസ്ട്രേലിയയിൽ കാണപ്പെടുന്ന സ്പീഷീസ്) കടലിൽ നിന്ന് കൂട്ടമായി നീന്തിക്കയറി വന്ന് തത്തിത്തത്തി നടന്നു പോകുന്നത് പ്രകൃതിയൊരുക്കിയ മനോഹരമായ കാഴ്ചയായിരുന്നു. യൂണിഫോമിട്ട് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങി പോകുന്ന കുട്ടികളെ പോലെ. പലയിടത്തായി പല കൂട്ടങ്ങൾ നീന്തിക്കയറി വന്ന് നടന്നു പോകുന്നത് കണ്ടു. മടക്കയാത്ര അതിവേഗത്തിലാക്കി. ബസ്സിൽ കയറിക്കൂടിയപ്പോഴാണ് തണുപ്പിൽ നിന്ന് മോചനം കിട്ടിയത്.
പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷമായിരുന്നു മെൽബൺ സിറ്റി ടൂർ. പ്രശസ്തമായ Melbourne Cricket Ground, Victoria state parliament building, Victoria State library എന്നിവ കണ്ടു. The Shrine of Remembrance എന്ന ANZAC(Australia and NewZealand Armed Corps) war memorial അതിമനോഹരമായി ഒരുക്കിയിരിക്കുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ആസ്ട്രേലിയയുടെയും ന്യൂസിലാൻഡിലെയും പോരാളികൾക്കായി നിർമ്മിച്ചതാണെങ്കിലും, ഇപ്പോൾ പോരാടി വീരമൃത്യു വരിച്ച എല്ലാ ആസ്ട്രേലിയക്കാർക്കുമായുള്ള സ്മാരകമമാണ് ഇവിടം. 'Lest we forget' എന്നെഴുതി മരങ്ങൾക്കടിയിൽ സ്ഥാപിച്ചിട്ടുള്ള ശിലാഫലകങ്ങളും സ്മാരകത്തിലേക്ക് കയറിപ്പോകാനുള്ള അനേകം പടികളും സ്തൂപങ്ങളും അവിടെ ശാന്തഗംഭീരമായ അന്തരീക്ഷം ഒരുക്കി. അവിടെ സ്ഥാപിച്ചിരുന്ന '' Man with the donkey' എന്ന ശിൽപം കൗതുകമുണർത്തി. ഒന്നാം ലോകമഹായുദ്ധത്തിൽ മുറിവേറ്റവരെ മുന്നണിയിൽ നിന്ന് മാറ്റാനും മുന്നണിയിലേക്ക് സാധനങ്ങൾ എത്തിക്കാനും നിയുക്തനായിരുന്ന John Simpson Kirkpatrick എന്ന സ്ട്രെച്ചർ കാരനും( stretcher bearer) അയാളുടെ കഴുതയും ആണ് ശിൽപത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടു പേരും ദൗത്യത്തിനിടയിൽ മരണം വരിച്ചു.
സിറ്റി ടൂർ കഴിഞ്ഞ് ചില്ലി ഇൻഡ്യ എന്ന ഇന്ത്യൻ റെസ്റ്ററൻ്റിൽ നിന്ന് ഭക്ഷണം കഴിച്ചു. അതത്ര വെടിപ്പായില്ല. നീണ്ട ക്യൂ ആയിരുന്നു ഭക്ഷണ കണ്ടറിന് മുന്നിൽ. എന്താണ് വിഭവങ്ങൾ എന്ന് നോക്കാൻ പോലും സമയം കിട്ടിയില്ല. എന്തൊക്കെയോ കഴിച്ച് എയർപോർട്ടിലേക്ക് തിരിച്ചു. Cairns ആണ് ലക്ഷ്യം. എയർപോർട്ടിൽ എല്ലാം സെൽഫ് സർവീസ് ആണ്. ബോർഡിംഗ് പാസും ലഗേജ് ടാഗുകളും എടുക്കുകയും ബാഗ് ഡ്രോപ്പും എല്ലാം സ്വയം ചെയ്യണം. ആദ്യത്തെ ചെറിയ അങ്കലാപ്പിന് ശേഷം എല്ലാം ഭംഗിയായി തീർത്ത് ഗേറ്റിലേക്ക് നടന്നു. മെൽബൺ, വിട!
പ്രീത രാജ്
👍 super
ReplyDeleteThank you🙏
DeleteExcellent narration.Keep it up dear
ReplyDeleteThank you dear
Delete👍 നന്നായി ഈ കുറിപ്പ്. പ്രത്യേകിച്ചും വിസ വൈകിയതുമൂലം മെൽബനും cairns ഉം missaya എനിക്ക്. .. ബാക്കിക്കായി കാത്തിരിക്കുന്നു!
ReplyDeleteThank you🙏
Delete