ആനിമലും മീലിബഗ്സും
രണ്ടാഴ്ചയായി കുഞ്ഞിപ്പാപ്പുവിൽ മുഴുകിപ്പോയിരുന്നു. നിലത്ത് ചിതറിക്കിടക്കുന്ന ബ്ലോക്കുകൾക്കും പന്തുകൾക്കും വളകൾക്കും പുസ്തകങ്ങൾക്കും ഇടയിലൂടെ ഒഴുകുകയായിരുന്നു. പിന്നെ അവളെയും കൊണ്ട് സർക്കീട്ടും. അവൾ പോയപ്പോൾ ഉണ്ടായ ശൂന്യതയിലേക്ക് മാറ്റി വച്ചിരുന്ന ഓരോന്നും തിരിച്ച് വച്ച് നിറക്കാൻ നോക്കുമ്പോഴാണ് ശംഖുപുഷ്പ വള്ളികളിൽ പരന്നു നിറഞ്ഞിരിക്കുന്ന മീലിബഗ്സിനെ കണ്ടത്. രണ്ടാഴ്ചയായി ചെടികളെ നോക്കാറുണ്ടായിരുന്നില്ല. വഴിപാട് പോലെ കുറച്ച് വെള്ളമൊഴിക്കും അതും അവളുടെ കൂടെ. " തനി " ( തനിച്ച് എന്നതിന് കുഞ്ഞിപ്പാപ്പു പ്രയോഗം ) എന്നു പറഞ്ഞ് താഴെ ഉള്ളതിനെല്ലാം അവളുടെ സ്വന്തം വക വെള്ളമൊഴിക്കലും. ഒരു extensive surgery നടത്തി ബഗ്സ് കാർന്നു തിന്ന വള്ളികൾ മുറിച്ചു മാറ്റി . പിന്നെ സാധാരണ ചെയ്യാറുള്ള പോലെ വേപ്പെണ്ണ സ്പ്രേ ചെയ്തു. തുടരെ ഒരാഴ്ചയോളം ചെയ്തിട്ടും കാര്യമുണ്ടായില്ല. വേപ്പെണ്ണ കുടിച്ച് വീർത്ത് അവ പൂർവ്വാധികം ശക്തിയോടെ ആക്രമിച്ചു. ടിഷ്യു പേപ്പർ കൊണ്ട് ഓരോന്നിനെയും എടുത്ത് മാറ്റുക എന്ന ശ്രമകരമായ ദൗത്യം തൽക്കാലം വിജയം കണ്ടെന്ന് തോന്നുന്നു. പുതിയ നാമ്പുകൾ വരുന്നുണ്ട്. ഭ്രാന്തമായ ശ്രമം ഫലം...