കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്


കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത്


 ഹിമാലയം എന്നും എന്നെ ആകർഷിച്ചിരുന്നു. പടിഞ്ഞാറ് സിന്ധു നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ 2400 കിലോമീറ്ററോളം ചന്ദ്രക്കലാകൃതിയിൽ നീണ്ടുകിടക്കുന്ന ഹിമാദ്രി, ഹിമാചൽ, ശിവാലിക് എന്നീ മൂന്ന് സമാന്തരനിരകൾ ചേർന്നതാണ് ഹിമാലയ പർവ്വതനിരകൾ. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിങ്ങനെ ഏഴു രാജ്യങ്ങളിൽ സാന്നിദ്ധ്യമറിയിച്ചു കൊണ്ട് ഉന്നത ശീർഷനായി നിൽക്കുന്നു ഹിമവാൻ.

 കശ്മീർ സന്ദർശിക്കണമെന്നത് കുറെ കാലമായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ആഗ്രഹമാണ്. മഞ്ഞിൻ്റെ മകുടമണിഞ്ഞ് അറബിക്കടലലകളിൽ പാദങ്ങളൂന്നി നിൽക്കുന്ന ഭാരതാംബയുടെ ചിത്രം കുട്ടിക്കാലത്തെന്നോ മനസ്സിൽ പതിഞ്ഞതാണ്. ഭാരതാംബയുടെ മഞ്ഞുകിരീടം കശ്മീർ താഴ്‌വരയെ പൊതിഞ്ഞു നിൽക്കുന്ന ഹിമവൽ 
ശൃംഗങ്ങളിലാണെന്ന ധാരണയാണോ ആ മകുടം ഒന്നു കാണണം, ഒന്നു തൊട്ടു നോക്കണം എന്ന തീവ്രാഭിലാഷത്തിന് പുറകിൽ എന്നറിയില്ല. ഇങ്ങു താഴെ പാദങ്ങളിൽ നുര ചേർക്കുന്ന കടലലകൾക്ക് സമീപം ജീവിക്കുന്നവൾക്ക് ആ മോഹം തോന്നുന്നത് സ്വാഭാവികമായിരിക്കാം. കശ്മീർ സന്ദർശകരിൽ ധാരാളം മലയാളികൾ എത്തുന്നതും ഒരു പക്ഷെ അതേ സ്വപ്ന സാക്ഷാത്ക്കാരത്തിനായാവും. ഈയിടെയായി ചരിത്രത്തോടും ഭൂമിശാസ്ത്രത്തോടുമുള്ള അഭിനിവേശവും യാത്ര ത്വരിതപ്പെടുത്താൻ കാരണമായിരിക്കാം. മദ്ധ്യവയസ്സ് കഴിഞ്ഞ വേളയിൽ ഇനി കഴിയുവോളം യാത്ര ചെയ്യുക എന്ന തീരുമാനവും ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ പ്രേരകമായി.

ഒരിക്കൽ ഒരു യാത്രക്കിടയിൽ ജമ്മുവിൽ ഒരു നാൾ തങ്ങിയിട്ടുണ്ട്. അന്നൊക്കെ ശ്രീനഗർ എത്തിച്ചേരാൻ പറ്റാത്ത ഒരു മരീചികയായിരുന്നു. ഭീകരാക്രമണങ്ങളും സൈനിക നടപടികളുമായി കശ്മീർ താഴ്‌വര എന്നും അശാന്തമായിരുന്നു. ഈയിടെയായി കശ്മീർ ഏറെക്കുറെ ശാന്തമായിട്ടുണ്ട്, ധാരാളം വിനോദസഞ്ചാരികൾ താഴ്‌വരയുടെ സൗന്ദര്യം നുകരാനായി അവിടെ പറന്നിറങ്ങുന്നുണ്ട്, എന്നീ വാർത്തകൾ ആഗ്രഹത്തിന് ചിറക് നൽകി. അങ്ങനെയാണ് ടുലിപ് പൂക്കൾ വിടർന്നു നിൽക്കുന്ന വസന്തകാലത്ത് അവിടെ പറന്നിറങ്ങാൻ തയ്യാറെടുത്തത്.
2025 ഏപ്രിൽ 19 നാണ് ഇരുപത്തിഅഞ്ച് പേരടങ്ങുന്ന ഞങ്ങളുടെ സംഘം ശ്രീനഗറിലേക്ക് യാത്ര തിരിച്ചത്. രാവിലെ ഏഴരക്ക് കൊച്ചി വിമാനത്താവളത്തിലെത്തി സഹയാത്രികരെയും ടൂർ മാനേജരേയും പരിചയപ്പെട്ടു. ഒമ്പതരക്ക് ഇൻഡിഗോ വിമാനത്തിൽ ബാംഗ്ലൂരിലെത്തി. നീളമുള്ള ബാംഗ്ലൂർ ഡൊമസ്റ്റിക് ടെർമിനലിൽ മൂന്ന് തവണ വിവിധ ഗേറ്റുകൾ മാറി ഒടുവിൽ ശ്രീനഗറിലേക്ക് പറന്നു. പണ്ട് റെയിൽവേ സ്റ്റേഷനുകളിലും കെ എസ് ആർ ടി സി ബസ്സ്റ്റാൻഡുകളിലും ഇത്തരം ആശയക്കുഴപ്പങ്ങൾ ദുരിതമാവാറുണ്ടായിരുന്നതോർമ്മ വന്നു.

ശ്രീനഗറിൽ ഇറങ്ങുന്നതിന് മുമ്പേ തന്നെ തോളുരുമ്മി ഒഴുകി നടക്കുന്ന മേഘജാലങ്ങളെ നിസ്സംഗമായി നോക്കി നിൽക്കുന്ന ഹിമവത് ഗിരിശൃംഗങ്ങൾ വിമാനത്തിൻ്റെ ജാലകത്തിലൂടെ കാണായി. ഗിരി നിരകളിൽ നിന്നൊഴുകുന്ന നദിയും പൈൻമരങ്ങൾ വളർന്നു നിൽക്കുന്ന മലഞ്ചെരിവുകളും വർണ്ണപ്പൊട്ടുകൾ പോലെ ചിതറിക്കിടക്കുന്ന താഴ് വാരങ്ങളിലെ ചെറുകെട്ടിടങ്ങളും വിൻഡോ സീറ്റിലിരുന്നിരുന്ന പെൺകുട്ടിയുടെ തല മാറുന്ന ഇടവേളകളിൽ കണ്ടു. ആ ഇടവേള കാഴ്ചകൾ അതി മനോഹരമായിരുന്നു. അവളാകട്ടെ കാഴ്ചയുടെ മാസ്മരികതയിൽ മുഴുകിയും ഫോണിൽ പകർത്തിയും എൻ്റെ ജാലകക്കാഴ്ച മറച്ചു കൊണ്ടേയിരുന്നു.

 ശ്രീനഗർ വിമാനത്താവളം ചെറുതാണ്. മുമ്പ് ജമ്മു വിമാനത്താവളം കണ്ടിരുന്നതിനാൽ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല.ഇൻ്റർനാഷനൽ എയർപോർട്ട് എന്ന ലേബലുണ്ടെങ്കിലും ഡിഫൻസ് കാറ്റഗറിയിലുള്ള എയർപോർട്ടാണ് ശ്രീനഗർ.  വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണെന്ന് ഇറങ്ങിയ ഉടനെ മനസ്സിലായി. അറൈവലിലെ ടോയ്‌ലറ്റ് കോംപ്ലക്സിൽ ആകെ ആറ് ടോയ് ലറ്റുകൾ മാത്രമാണുണ്ടായിരുന്നത്. അതിനു മുമ്പിൽ കുറച്ചു പേർ കാത്തു നിൽക്കുന്നുമുണ്ടായിരുന്നു. എൻ്റെ അടുത്തു നിന്നിരുന്ന പ്രായമായ ഒരു സ്ത്രീ , നിസ്സഹായതയോടെ എന്നെ നോക്കി ” മുജ്ജ് സേ നഹിം ഹോഗാ” എന്ന് പറഞ്ഞപ്പോൾ അടുത്ത് ഒഴിയുന്ന ടോയ്ലറ്റിൽ അവർക്ക് സൗകര്യം ഒരുക്കാൻ ഞാൻ മുന്നോട്ട് നീങ്ങുമ്പോഴേക്കും അവർ തൻ്റെ പൈജാമ അഴിച്ച് അവിടെ വാഷ്ബേസിനുകളുടെ മുമ്പിൽ ഇരുന്ന് കാര്യം സാധിച്ചു കഴിഞ്ഞു. അവരെ വീണ്ടും അഭിമുഖീകരിക്കാൻ കഴിയാതെ ഞാൻ  പുറത്തേക്ക് പോയി. സത്യത്തിൽ പ്രായമായവർക്കും അംഗപരിമിതർക്കെന്നപോലെ പ്രത്യേകം ടോയ്‌ലറ്റുകൾ വേണ്ടതാണ്. എത്ര സഹിക്കാനാവാതെയായിരിക്കും അവർ അത്തരമൊരു പ്രവൃത്തി ചെയ്തത്!

എയർപോർട്ടിൽ നിന്നിറങ്ങുമ്പോൾ ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. കാത്തു നിന്നിരുന്ന ബസിൽ ഹോട്ടലിലേക്ക് പുറപ്പെട്ടു. സന്ധ്യാസമയവും മഴയും ഇരുട്ടിന് പെട്ടെന്ന് കനം കൂട്ടി ജാലകക്കാഴ്ചകൾ മറച്ചു. വിമാനത്താവളത്തിൽ നിന്ന് ഇരുപത്തഞ്ച് മിനിറ്റോളം എടുത്തു ഹോട്ടൽ റോയൽ പ്ലാസയിലേക്ക്. റൂം ഹീറ്ററുള്ളതിനാൽ ഹോട്ടൽ ലോബിയിലും റെസ്റ്റേറൻ്റിലും സുഖകരമായ ചൂട് തങ്ങി നിന്നു. മസാലചായയും പക്കോടയും തന്ന് അവർ ഞങ്ങളെ സ്വീകരിച്ചു. യാത്രയുടെ ക്ഷീണവും പിറ്റേന്ന് രാവിലെ ആറരക്ക് തന്നെ ഗുൽമാർഗ് സന്ദർശനത്തിനായി റെഡിയാവണമെന്ന ടൂർ മാനേജർ സഞ്ജയിൻ്റെ നിർദ്ദേശവും ഉണ്ടായിരുന്നതിനാൽ അന്ന് നേരത്തെ അത്താഴം കഴിച്ച് വിശ്രമിക്കാൻ തീരുമാനിച്ചു. പനീർ, ചിക്കൻ വിഭവങ്ങളും ദാലും റൊട്ടിയും നാനും എല്ലാം നന്നായിരുന്നു. കശ്മീരികൾക്ക് ചോറും തൈരും പ്രധാനമാണ്. നീളമുള്ള അരിയുടെ ചോറും തൈരും സാലഡുകളും ഉച്ചക്കും രാത്രിയും ഭക്ഷണത്തിന് സ്ഥിരമായി കാണും. ഭക്ഷണം രുചികരമായിരുന്നു. സുമുഖരും ഏകദേശം ഒരേ പോലെ തോന്നുന്നവരുമായ ഹോട്ടൽ സ്റ്റാഫിൻ്റെ പെരുമാറ്റവും ഹൃദ്യമായിരുന്നു. അഞ്ചരക്ക് അലാം സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു. . അതിൻ്റെ ആവശ്യമില്ലായിരുന്നെന്ന് പിന്നീട് ബോദ്ധ്യമായി. അലാം അടിക്കുന്നതിന് മുമ്പ് തന്നെ ബാങ്കുവിളികൾ കേട്ട് ഉണർന്നു. സമീപത്തെ വിവിധ പള്ളികളിൽ നിന്ന് ബാങ്കു വിളികളും പ്രാർത്ഥനകളും ഇളംപ്രഭാതത്തെ ശബ്ദമുഖരിതമാക്കിയിരുന്നു.

ഏഴാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെ ഹിന്ദു രാജവംശങ്ങളുടെ അധീനതയിലായിരുന്ന കശ്മീർ താഴ്‌വര, ഹിന്ദു, ബുദ്ധമതങ്ങളുടെ പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു. കശ്മീർ എന്ന പേരിലും വെള്ളത്തിൽ നിന്നുത്ഭവിച്ചതെന്ന സംസ്കൃതബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. 1819 ൽ പഞ്ചാബിലെ രഞ്ജിത് സിംഗ് അഫ്ഗാനിസ്ഥാനിലെ ഡുറാനി സാമ്രാജ്യത്തിൽ നിന്ന് കശ്മീർ താഴ്‌വര സ്വന്തമാക്കുന്നത് വരെ 1339 മുതൽ 1819 വരെ തുടർച്ചയായ അഞ്ച് നൂറ്റാണ്ടുകളോളം നീണ്ട  വിവിധ മുുസ്ലിം ഭരണത്തിൻ കീഴിലായിരുന്നു, കശ്മീർ. പിന്നീട് ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഒരു രാജ്യമായി കശ്മീർ ആൻഡ് ജമ്മു നിലവിൽ വന്നു. സ്വാതന്ത്ര്യത്തിന് ശേഷം വിഭജന സമയത്ത് അന്നത്തെ രാജാവായിരുന്ന ഹരിസിംഗ് ജമ്മു കശ്മീർ ഇന്ത്യയിൽ ലയിപ്പിക്കാൻ തീരുമാനിച്ചു. അതിന് ശേഷം മഹാമഹർഷിമാർക്ക് ഏകാഗ്രമായ തപസ്സിന് വേദിയൊരുക്കിയിരുന്ന ഹിമാലയ ഗിരിനിരകളുടെ താഴ്‌വാരം മൂന്ന് അയൽ രാജ്യങ്ങളുടെ അവകാശത്തർക്കങ്ങൾ കൊണ്ട് അശാന്തമായി. 

 മെല്ലെ ശാന്തിയിലേക്കും പുരോഗതിയിലേക്കും നീങ്ങുന്ന കശ്മീർ ഒരുക്കി വച്ചിരിക്കുന്ന വിസ്മയക്കാഴ്ചകൾ കാണാനായി പുറപ്പെടുമ്പോൾ മനസ്സ് ഉല്ലാസഭരിതമായിരുന്നു.

പ്രീത രാജ്

Comments

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര