ഗുൽമാർഗ് - പൂക്കളുടെ പുൽമേട് 20/4/2025
ഗുൽമാർഗ്- പൂക്കളുടെ പുൽമേട്- (20/4/2025)
ഇരുപതാം തിയതി രാവിലെ ആറരക്ക് തന്നെ ഹോട്ടലിൽ നിന്ന് ഗുൽമാർഗിലേക്ക് യാത്ര തിരിച്ചു. ഹിമാലയത്തിൻ്റെ പിർപഞ്ചാൽ പർവ്വതനിരകളിലുള്ള സ്കീയിംഗിനും ട്രെക്കിങ്ങിനും പ്രസിദ്ധമായ പ്രദേശമാണ് ഗുൽമാർഗ്. പൂക്കളുടെ പുൽമേട് എന്നാണ് ഗുൽമാർഗ് എന്ന വാക്കിന് അർത്ഥം. വസന്തകാലത്ത് താഴ്‌വരയിൽ നിറം വിതറി വിരിയുന്ന വിവിധയിനം കാട്ടുപൂക്കളുടെ ധാരാളിത്തമാണ് ഈ പേരിന് ആധാരം.
ഗൊൻഡോല എന്ന കേബിൾ കാർ സവാരിയാണ് ഇന്നത്തെ പ്രധാന പരിപാടി. ലോകത്തിലെ തന്നെ ഏറ്റവും ഉയരവും നീളവുമുള്ള കേബിൾ കാർ ശൃംഖലകളിൽ പെട്ടതാണത്രെ ഗുൽമാർഗിലെ ഗൊൻഡോല. രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുള്ള ഗൊൻഡോല ആദ്യഘട്ടത്തിൽ 4200 മീറ്റർ ഉയരമുള്ള അഫർവാട് കൊടുമുടിയുടെ താഴെ 2650 മീറ്റർ ഉയരത്തിലുള്ള കൊങ്ദൂരി പർവ്വതത്തിലെത്തിക്കും. രണ്ടാം ഘട്ടത്തിൽ അഫർവാടിൻ്റെ തൊട്ടു താഴെ 3980 മീറ്റർ ഉയരത്തിലെത്തിക്കും. ഞങ്ങളുടെ ടൂർ ഓപറേറ്റേർസ് സോമൻസ് ലിഷർ ടൂർസ് രണ്ടാം ഘട്ടം പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരുന്നില്ല. അത്രയും ഉയരത്തിലേക്കുള്ള യാത്ര എല്ലാവർക്കും സുഖകരമാവില്ല എന്നതാവാം കാരണം. അന്നെന്തായാലും കൂട്ടത്തിലെ സാഹസികർക്കും ആ യാത്ര അപ്രാപ്യമായിരുന്നു. രണ്ടാം ഘട്ടം അറ്റകുറ്റപ്പണികൾക്കായി അടച്ചിരുന്നു.
ബ്രിട്ടീഷുകാരാണ് ഗുൽമാർഗിനെ ഒരു മഞ്ഞുകാലവിനോദകേന്ദ്രമായി വികസിപ്പിച്ചത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗോൾഫ് കോഴ്സും ഗുൽമാർഗിലാണുള്ളത്. ശ്രീനഗറിന് പടിഞ്ഞാറ് പാക് അധീന കാശ്മീരുമായി അതിർത്തി പങ്കിടുന്ന ബാരാമുള്ള ജില്ലയിലാണ് ഗുൽമാർഗ് സ്ഥിതി ചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ ബാരാമുള്ള ഗുൽമാർഗിൽ നിന്ന് 35 കിലോമീറ്റർ ദൂരെയാണ്.
ഝലം നദി ശ്രീനഗറിനെ രണ്ടായി പകുത്തു കടന്നുപോകുന്നു. ദൽ തടാകത്തിലെ വെള്ളത്തിൻ്റെ ഉറവിടവും ത്സലം തന്നെയാണ്. ഝലം പ്രധാന സാന്നിദ്ധ്യമാണ് കശ്മീർ താഴ് വരയിൽ. വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് വരുമ്പോഴും ത്സലം നദിക്ക് കുറുകെ ഒരു പാലം കടന്നിരുന്നു. ഇന്ത്യൻ പതാകയുടെ നിറങ്ങളാണ് പാലത്തിലെ വെളിച്ചത്തൂണുകൾക്ക്.
ശ്രീനഗറിൽ നിന്ന് 51 കിലോമീറ്റർ ദൂരമുണ്ട് ഗുൽമാർഗിലേക്ക്. വഴിയിൽ ഓരോ നൂറു മീറ്ററിലും തോക്കേന്തിയ സൈനികരെയും കാണാമായിരുന്നു. ഹോട്ടലിൽ നിന്ന് പ്രാതൽ പാക്ക് ചെയ്ത് ബസിലെത്തിച്ചിരുന്നു. സാൻവിച്ചും ഗ്രീൻ ആപ്പിളും ബിസ്ക്കറ്റും ആപ്പിൾ ജ്യൂസും ചേർന്ന പ്രാതൽ ബസിൽ വച്ചു തന്നെ കഴിച്ചു. വഴിയിൽ വലിയ കെട്ടിടങ്ങളൊന്നുമില്ല. ഒരു പക്ഷെ പ്രധാന കെട്ടിടങ്ങളൊക്കെ ബാരമുള്ള എന്ന ജില്ലാ ആസ്ഥാനത്തിനടുത്തായിരിക്കാം.
ബാരാമുള്ള എന്ന സ്ഥലനാമം പലപ്പോഴും വാർത്തകളിൽ കണ്ടിരുന്നതിനാൽ കുറച്ചു ഗവേഷണം നടത്തിയിരുന്നു. പാക് അധീന കശ്മീരിന് അടുത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ബാരാമുള്ള. ഒരു പാട് അതിക്രമങ്ങൾക്ക് സാക്ഷിയായിട്ടുണ്ട് ത്സലം നദീതീരത്തെ ഈ പട്ടണം. 1947 ഒക്ടോബറിൽ പാകിസ്ഥാൻ സേനയുടെ പിന്തുണയോടെ കടന്നുകയറിയ പഷ്തൂൺ ഗോത്രക്കാർ കൊള്ളയും കൊലയും ബലാൽക്കാരവും തട്ടിക്കൊണ്ടുപോകലുമായി ഭീതി വിതറിയ ബാരാമുള്ള, പഴയ ജമ്മു കശ്മീർ രാജ്യത്തിൻ്റെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു. സ്വാതന്ത്ര്യാനന്തരം ജമ്മു രാജാവ് ഹരി സിംഗ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിനെ പാകിസ്ഥാനോട് ചേർക്കാൻ തയ്യാറായില്ല എന്നതായിരുന്നു പ്രകോപനകാരണം. മുസ്‌ലിം സഹോദരങ്ങളെ വിമോചിപ്പിക്കാൻ വന്നവർ ഹിന്ദു മുസ്ലീം ക്രിസ്ത്യൻ എന്നിങ്ങനെ എല്ലാ വിഭാഗക്കാരെയും അതിക്രമങ്ങൾക്ക് ഇരയാക്കി. സെൻ്റ് ജോസഫ്സ് കോൺവെൻ്റിൽ കയറി യൂൂറോപ്യൻ കന്യാസ്ത്രീകളെ ബലാത്ക്കാരം ചെയ്തും കൊന്നൊടുക്കിയും ഭീകരത സൃഷ്ടിച്ചു. അക്രമികളെ തുരത്തുന്നതിൽ തൻ്റെ സേന പരാജയപ്പെട്ടപ്പോൾ രാജാ ഹരി സിംഗ് ഇന്ത്യയുടെ സഹായം തേടി. ശ്രീനഗർ വിമാനത്താവളത്തിലിറങ്ങിയ ഇന്ത്യൻ സേന തുരത്തിയോടിച്ചപ്പോഴേക്കും പട്ടണം ചാരമായിരുന്നു. അതിനു ശേഷമാണ് ഹരിസിംഗ് കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ കരാറൊപ്പിട്ടത്. അന്ന് തുടങ്ങിയ അശാന്തി ആ പട്ടണത്തെ ഇന്നും ചൂഴ്ന്ന് നിൽക്കുന്നു. ഏതാനും ദിവസങ്ങൾക്കകം വീണ്ടും ഗർജ്ജിക്കുന്ന തോക്കുകളും സ്ഫോടന ശബ്ദങ്ങളും ആ ചെറു പട്ടണത്തെ ഉലച്ച് അശാന്തമാക്കും.
ബസിൽ ഗുൽമാർഗ് വരെ പോകാൻ കഴിയില്ല. ടാങ്ങ് മാർഗ് എന്ന സ്ഥലം വരെയേ ബസ് പോകൂ. അവിടന്നങ്ങോട്ട് വളഞ്ഞു പുളഞ്ഞ് മുകളിലേക്കുള്ള യാത്രക്ക് യൂണിയൻ കാബ്സ് എന്ന ടാക്സി സർവ്വീസിനെ ആശ്രയിച്ചേ മതിയാകൂ. ഞങ്ങൾ വഴിയിൽ പർവ്വതനിരകൾ പശ്ചാത്തലമൊരുക്കിയ മനോഹരമായ ഒരിടത്ത് വച്ച് ബസ്സിൽ നിന്നിറങ്ങി ജീപ്പിലേക്ക് മാറി.
ഷീറ്റുകൾ വച്ച് തട്ടിക്കൂട്ടിയ, ബൂട്ടുകളും കോട്ടുകളും വാടകക്ക് കൊടുക്കുന്ന ഒരു കടക്ക് മുമ്പിൽ കാർ നിന്നു. നല്ല ഗ്രിപ്പുള്ള ഹൈക്കിംഗ് ഷൂസിട്ടിരുന്നതിനാൽ ഞാൻ മടിച്ചു നിന്നു. " മാഡം, ബഹുത് കീചഡ് ഹോഗ! ആപ്കാ ഷൂ ഗൻദാ ഹോ ജായേഗ!" എന്ന് കടക്കാരൻ നിർബന്ധിച്ചു കൊണ്ടിരുന്നു. ടൂർ മാനേജർ സഞ്ജയും ലോക്കൽ ഗൈഡ് ആദിലും അത് ശരിവെച്ചപ്പോൾ മനസ്സില്ലാമനസ്സോടെ പുരാതനമായ ഒരു ബൂട്ടിനുള്ളിലേക്ക് കലെടുത്തു വച്ചു. അത് നന്നായി എന്ന് പിന്നീടറഞ്ഞു. ബഹുത് കീചഡ് ഥാ ഉധർ! തലേന്ന് മഴ പെയ്തിരുന്നതിനാൽ മഞ്ഞും ചെളിയും കൂടിക്കലർന്ന് കുഴമ്പ് പരുവത്തിലായിരുന്നു, കൊങ്ദൂരിയുടെ മടിത്തട്ടിലേക്കുള്ള വഴി !
പുരാവസ്തുവായ പർക്കാ ജാക്കറ്റ് ധരിക്കാൻ എനിക്ക് എന്നെത്തന്നെ കഠിനമായി നിർബന്ധിക്കേണ്ടി വന്നു. മഴ വന്നാൽ നമ്മുടെ ജാക്കറ്റൊക്കെ നനയും എന്നതായിരുന്നു ആ വേഷപ്പകർച്ചക്ക് പിന്നിലെ യുക്തി. അതിൻ്റെ പഴക്കവും ഭാരവും എന്നെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. ഏതായാലും 800 രൂപക്ക് കടം കൊണ്ട വേഷഭൂഷകളുമായി ഒരു മിനി ബഹിരാകാശ യാത്രികയെ പോലെ തിരിച്ച് കാബിൽ കയറി.
അത്തരം കടകൾ ധാരാളമുണ്ടെന്ന് ഗൊൺഡോല സ്റ്റേഷനിലെത്തിയപ്പോൾ മനസ്സിലായി. ഒരു കോസ്റ്റ്യൂം പാർട്ടി പോലെയായിരുന്നു അവിടം.
വഴിയിലുടനീളം ഒരു വശത്ത് ഹിമാലയൻ മലനിരകളും മറുവശത്ത് ബിർച്ച്, കാശ്മീർ വില്ലോ മുതലായ വൃക്ഷങ്ങൾ നിറഞ്ഞ മേടുകളും യാത്ര ആസ്വാദ്യമാക്കി. ഗൊൻഡോല സ്റ്റേഷനിൽ ക്യൂവിന് വലിയ നീളമില്ല. അവിടെ നിൽക്കുന്ന സൈനികർ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഗൊൻഡോലയിലേക്ക് കയറ്റി വിട്ടു.
മുമ്പ് മൗണ്ട് ടിട്ലിസ് , ജെൻറിംഗ് ഹൈലാൻഡ്സ് എന്നിവിടങ്ങളിൽ കേബിൾ കാർ സവാരി ചെയ്തിരുന്നതിനാൽ ആ അനുഭവത്തിൽ പുതുമയില്ലായിരുന്നു. സ്വിറ്റ്സർലൻസ് ആൽപ്സിലെ മൗണ്ട് ടിട്ലിസിലേക്കുള്ള കേബിൾ കാറിലിരുന്ന് കണ്ടതിൽ പച്ചപ്പുൽമേടുകളാണ് ഇപ്പോഴും ഓർമ്മയിൽ ഉള്ളത്. മലേഷ്യയിലെ ജെൻ്റിംഗിലേക്കുള്ള യാത്ര രസത്തേക്കാൾ പേടിയായിരുന്നു സമ്മാനിച്ചത്. വിമാനം വൈകി ഞങ്ങൾ കേബിൾ കാർ സ്റ്റേഷനിലെത്തിയപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. കേബിൾ കാർ ട്രാഫിക് കുറവായതിനാലാണോ എന്തോ രാത്രിയിൽ മലകൾക്കിടയിൽ കുറച്ചധികം നേരം അനക്കമില്ലാതെ നിന്നു. താഴെക്ക് നോക്കാൻ ധൈര്യമില്ലാതെ മോനെ ചേർത്തു പിടിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നത് ഓർക്കുന്നു..
ഗുൽമാർഗിൽ മലഞ്ചെരിവിലെ പൈൻ മരങ്ങൾ സ്കൂൾ അസംബ്ലിക്ക് നിൽക്കുന്ന കുട്ടികളെപ്പോലെ അകലം പാലിച്ച് നിരനിരയായി നിന്നു. മരങ്ങൾ ക്കിടയിൽ പലയിടത്തും മരത്തിൻ്റെ കൊച്ചു കാബിനുകൾ കണ്ടു. ട്രെക്കിംഗിനിടയിൽ വിശ്രമിക്കാനായിരിക്കാം. കുറച്ചു പേർ നടന്നു കയറിപ്പോകുന്നതും കണ്ടു.
ഗൊൻഡോലയിൽ നിന്നിറങ്ങുമ്പോൾ തന്നെ കുറച്ചപ്പുറത്തായി മഞ്ഞ് പുതച്ച് നിൽക്കുന്ന പർവ്വതം കാണായി. സ്ലെഡ്ജിംഗ്, സ്കീയിംഗ് മുതലായ പ്രവൃത്തികളാണ് അങ്ങോട്ടെത്താനുള്ള സാഹസികത്തമാശകൾ. കോട്ടിനും ബൂട്ടിനുമുള്ളിൽ പ്രായം തുന്നിച്ചേർത്ത അടരുകൾ ഒന്നൊന്നായി ഊർന്നുപോകുന്നറിഞ്ഞു. സ്ലെഡ്ജിങ്ങും സ്കീയിംഗും ചെയ്യണമെന്ന നിർബന്ധ ബുദ്ധിയാൽ ഞാൻ മുന്നോട്ട് നീങ്ങിയപ്പോൾ രാജ് ഗത്യന്തരമില്ലാതെ കൂടെ വന്നു.
സ്ലെഡ്ജ് കണ്ടപ്പോൾ പക്ഷെ ചെറിയ നിരാശ തോന്നാതിരുന്നില്ല. പണ്ട് പാളയിലിരുത്തി കുട്ടികളെ വലിച്ചിരുന്ന പോലെ ഒരു പരിപാടി. 1500 രൂപയാണ് ഒരാൾക്ക് . പക്ഷെ വഴുക്കുന്ന മഞ്ഞിലൂടെ യാത്രികരെ കഷ്ടപ്പെട്ട് വലിച്ചു കയറ്റുന്ന മെലിഞ്ഞ മനുഷ്യരെ കണ്ടപ്പോൾ അതൊട്ടും അധികമല്ലെന്ന് തോന്നി. എന്നെ വലിക്കാൻ നിയുക്തനായ പയ്യൻ അല്പം പോലും നീങ്ങാനാവാതെ നിന്നപ്പോൾ ഇറങ്ങി നടന്ന് കയറിയാലോ എന്നാലോചിച്ചു. പക്ഷേ വഴിയിൽ ചളിയും മഞ്ഞും കുഴഞ്ഞ വഴിയിൽ ചെറുതായൊന്ന് വീണിരുന്നു. അതിനാൽ അത്തരം സാഹസികത വേണ്ടെന്ന് തീരുമാനിച്ചു. ഒടുവിൽ ഒരാൾ വലിച്ചും ഒരാൾ ഇപ്പുറത്ത് നിന്ന് ഉന്തിയും ഒരു വിധം മുകളിലെ നിരപ്പായിടത്തെത്തിച്ചു.
സ്കീയിംഗും ഒരു മാതിരി കുട്ടികളെ കളിപ്പിക്കുന്ന പോലെയുള്ള പരിപാടിയാണ്. ഏതോ ഒരു കാശ്മീരി യുവാവിനെ അള്ളിപ്പിടിച്ച് അയാളുടെ സ്കീ റണ്ണറിൽ നിലയുറപ്പിച്ച് അയാൾക്കൊപ്പം ഒരു യാത്ര. സ്കീയിംഗ് ചെയ്തോന്ന് ചോദിച്ചാൽ ചെയ്തു. അത്ര തന്നെ. പക്ഷെ റീൽസ് സ്കീയിംഗ് ഭേഷായി തന്നെ ചെയ്തു.
റീൽസ് പിടുത്തം രസകരമായിരുന്നു. ഫോട്ടോ എടുക്കുമ്പോൾ മഞ്ഞ് വാരിയെറിഞ്ഞ് കൃത്രിമ മഞ്ഞുവീഴ്ച ഉണ്ടാക്കുന്ന ഫോട്ടോ ഷൂട്ടുകാർ! എല്ലാം ഒരു കുട്ടിക്കളി പോലെ രസകരം! ഇന്ത്യയുടെ ബാക്കി ഭാഗങ്ങളേക്കാൾ ചുരുങ്ങിയത് ഇരുപത്തഞ്ച് കൊല്ലം ഇളപ്പമാണ് കശ്മീരിനെന്ന് തോന്നി.
മടിത്തട്ടിൽ നിന്ന് മുകളിലേക്ക് നോക്കുമ്പോൾ ഹിമവാൻ മൂടൽ മഞ്ഞിൻ്റെ ( അതോ മേഘജാലമാണോ) മൂടുപടം കൊണ്ട് മുഖം മറച്ചും തെളിച്ചും കുഞ്ഞുങ്ങളെ "ഒളിച്ചു, കണ്ടു" കളിപ്പിക്കുന്ന മുത്തശ്ശനെപ്പോലെ കളിപ്പിച്ചു കൊണ്ടിരുന്നു. മഞ്ഞിലിരുന്നും നടന്നും മഞ്ഞു വാരിക്കളിച്ചും എല്ലാവരും ആ മടിത്തട്ടിൽ കുട്ടികളായി.
തിരിച്ച് മഞ്ഞിലൂടെ നടന്നിറങ്ങി. സ്ലെഡ്ജ് വന്നു നിൽക്കുന്നതിനടുത്ത് ഷീറ്റു വലിച്ചു കെട്ടിയുണ്ടാക്കി മാഗിയും, കാവയും, കാപ്പിയും ചായയും വിൽക്കുന്ന ഷെഡിൻ്റെ മുന്നിലിട്ടിരിക്കുന്ന കസേരയിലിരുന്നു. ഞാൻ ഒന്നും വാങ്ങിയില്ലെങ്കിലും വാങ്ങാൻ വരുന്ന ആളുകൾക്ക് കസേരയില്ലാതിരുന്നിട്ടും ഞാൻ എഴുന്നേൽക്കുന്നതു വരെ അവർ ആ കസേര എടുക്കാൻ വന്നില്ല. അത്ഭുതം തോന്നി.
സ്ലെഡ്ജിലെ തിരിച്ചിറക്കം വണ്ടിക്കാരൻ്റെ പുറകിലിരുന്നാണ് . കയറ്റം കയറിയും കുഴിയിൽ ചാടിയും നല്ല സ്പീഡിലുള്ള മടക്കയാത്ര രസകരമായിരുന്നു. ജീപ്പ് നിർത്തിയിടത്തേക്ക് നടക്കുമ്പോൾ വാഹനങ്ങളുടെ നീണ്ട നിര കണ്ടു. നേരത്തെ പുറപ്പെട്ടതു നന്നായി. സഞ്ജയിൻ്റെയും ആദിലിൻ്റെയും ദൂരക്കാഴ്ചക്ക് നന്ദി.
ഞങ്ങൾ കയറിയ കാബ്കാരൻ കുറച്ചു ദൂരം പോയി പെട്ടെന്നൊരിടത്ത് നിർത്തി ഇറങ്ങിപ്പോയി. ഒരു പിടിയും കിട്ടാതെ ഞങ്ങൾ ഇരിക്കുമ്പോൾ മറ്റൊരു ഡ്രൈവർ വന്ന് വണ്ടിയെടുത്തു. ഞങ്ങളുടെ ചോദ്യങ്ങൾക്കൊന്നും മറുപടി തരാതെ അയാൾ ഫോൺ ബ്ലൂടുത്തിലിട്ട് കശ്മീരിയിൽ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ദിവസങ്ങൾക്ക് ശേഷം പഹൽഗാമിലുണ്ടായ സംഭവങ്ങളുടെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ ചെറിയ ഒരു നടുക്കം തോന്നുന്നു.
ഗ്രീൻ റൂംസ് എന്ന റിസോർട്ടിലാണ് ഉച്ച ഭക്ഷണം ഒരുക്കിയിരുന്നത്.. സ്ഥിരം പനീർ ചിക്കൻ വിഭവങ്ങൾക്ക് പുറമെ താമരക്കിഴങ്ങ് (നദ്രു എന്ന് കശ്മീർ ഭാഷ്യം) കൊണ്ടുള്ള ഒരു കറിയും ഉണ്ടായിരുന്നു. വലിയ രുചിയുള്ളതായി തോന്നിയില്ല. അച്ചാർ രസികനായിരുന്നു. പൈൻ മരങ്ങൾ അതിരിടുന്ന പുൽത്തകിടിയും അതിനപ്പുറം മഞ്ഞണിഞ്ഞ മലനിരകളം റിസോർട്ടിൻ്റെ പരിസരം ഒരു പോസ്റ്റ് കാർഡ് പോലെ സുന്ദരമാക്കി! ഭക്ഷണം കഴിഞ്ഞ് പുറത്തിട്ടിരുന്ന കസേരയിലിരുന്ന് നോക്കുമ്പോൾ തണുത്തുറഞ്ഞ ശാന്തതയായിരുന്നു ചുറ്റും. ആ ശാന്തി അൽപായുസ്സായിരുന്നെന്ന് ആരറിഞ്ഞു!തിരിച്ച് ഹോട്ടലിലെത്തിയപ്പോഴും ശാന്തിയും ആഹ്ലാദവും മനസ്സിനെ ചൂഴ്ന്നു നിന്നു.
പ്രീത രാജ്
Beautiful narration. Thanks
ReplyDelete😊🙏
Delete