തണുപ്പിൻ്റെ സൂചിമുനകൾക്ക് വിട


 തണുപ്പിൻ്റെ സൂചിമുനകൾക്ക് വിട

ഒസ്ലോയിൽ നിന്ന് യാത്ര തുടങ്ങിയ ഡി എഫ് ഡി എസ് കപ്പലിൽ വടക്കൻ കടലിൻ്റെ തിരകൾ നുരയായി ചിതറി വീണു. സിൽജ സിംഫണിയേക്കാൾ വലുതാണ് കാബിൻ. കൂടുതൽ സൗകര്യപ്രദവുമായി തോന്നി. അത്താഴവും പ്രഭാത ഭക്ഷണവും വിഭവസമൃദ്ധം. കാവിയറും സുഷിയും മുതൽ ചിക്കൻ ടിക്ക മസാല വരെയുണ്ട് വൈവിധ്യം പകരാൻ. 

കപ്പലിൽ നിന്ന് വാങ്ങിയ സാധനങ്ങൾ പാക്ക് ചെയ്യുമ്പോൾ യാത്ര അവസാനിക്കാറായല്ലോ എന്ന ചിന്തയിൽ  തെർമൽസ് ഒക്കെ പാക്ക് ചെയ്തു. മൂന്നും നാലും ഡിഗ്രി അന്തരീക്ഷ ഊഷ്മാവിൽ കഴിഞ്ഞവർക്ക് കോപ്പൻഹേഗനിലെ പതിമൂന്നും പതിന്നാലുമൊക്കെ എത്ര നിസ്സാരം എന്നായിരുന്നു അപ്പോൾ കരുതിയത്. 

കോപൻഹേഗനിലെത്തുമ്പോൾ വെയിലും തണുപ്പുമായി സുഖകരമായ അന്തരീക്ഷമായിരുന്നു. സന്ദർശക പട്ടികയിലെ പ്രധാന ഇനമായ 'ലിറ്റിൽ മെർമെയ്ഡ്' ഇരിക്കുന്ന പരിസരത്ത് തിരക്കുണ്ടായിരുന്നു. ഏകയായി ഏതോ ചിന്തയിൽ മുഴുകി ഇരിക്കുന്ന പാവം മെർമെയ്ഡ്. ഒരു നാടോടിക്കഥയിലെ കഥാപാത്രമാണ് ലിറ്റിൽ മെർമെയ്ഡ്. ഒരു രാജകുമാരനെ പ്രണയിച്ച് മനുഷ്യ സ്ത്രീയായി അയാളോടൊപ്പം ജീവിക്കാൻ കൊതിച്ച് അയാൾക്ക് വേണ്ടി സർവ്വം ത്യജിച്ചവൾ. പത്മരാജൻ്റെ ഗന്ധർവ്വനെപ്പോലെ.

അവിടെ നിന്ന് കുറച്ചു നേരം നടന്നാൽ ചർച്ചിൽ പാർക്കിലെത്താം. രണ്ടാം ലോക മഹായുദ്ധകാലത്ത് കുറച്ചു കാലം ജർമ്മനിയുടെ അധീനതയിലായിരുന്നു ഡെൻമാർക്ക്. ജർമനിയിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ബ്രിട്ടൻ്റെ സഹായം സ്വീകരിച്ചിരുന്നു. അതിൻ്റെ നന്ദി പ്രകടനമാണത്രെ പാർക്കിൻ്റെ പേര്.

പാർക്കിലേക്ക് കയറുമ്പോൾ ഒരു കുഞ്ഞിൻ്റെ കരച്ചിലാണ് മനസ്സിലുടക്കിയത്. അലമുറയിട്ട് കരയുന്ന കുഞ്ഞും അവനെ സാന്ത്വനിപ്പിക്കാനാകാതെ വിഷമിക്കുന്ന ഒരാളും. എന്താണോ അവനെ ഇത്രമേൽ വേദനിപ്പിക്കുന്നതെന്ന ചിന്ത അസ്വസ്ഥയാക്കി. രാജ്ഞിയുടെ പ്രതിമക്ക് മുന്നിലെത്തിയപ്പോഴും കുറച്ചപ്പുറത്തെ പാലത്തിലെത്തിയപ്പോഴും അവൻ്റ കരച്ചിൽ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. 

പ്രബലരായ ഡാനിഷ് രാജവംശത്തിൻ്റെ ക്രിസ്ത്യൻസ്ബോർഗ് കൊട്ടാരം ഇപ്പോൾ ജനപ്രതിനിധികളുടെ ഓഫീസുകളാണ്. 
നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഡാനിഷ് രാജവംശത്തിന്. കൊട്ടാരത്തിന്റെ ഭിത്തിയിലും മേൽക്കൂരയിലും മനോഹരമായ ധാരാളം ചിത്രങ്ങളുണ്ട്. ഒരു ചിത്രത്തിൽ മഹാത്മാഗാന്ധിയെ കണ്ടു.

ബസ്സിൽ നിന്നിറങ്ങി റോഡിലൂടെ കുറച്ചു നടക്കണമായിരുന്നു ഉച്ച ഭക്ഷണം ഒരുക്കിയിരിക്കുന്ന ഒരു മാളിലെ ഭക്ഷണശാലയിലേക്ക്. നിരന്തരമായ മണിയടി കേട്ട് തിരിഞ്ഞു നോക്കുമ്പോൾ സൈക്കിൾക്കാരാണ്.. നടക്കുമ്പോൾ സൈക്കിൾ ട്രാക്കിലിറങ്ങിപ്പോയതാണ് കാരണം. സൈക്കിൾ ഡെൻമാർക്കിൻ്റെ
മുഖമുദ്രയാണ്. പ്രധാന വീഥികളിലെല്ലാം സൈക്കിൾ ട്രാക്കുകളുണ്ട്. സൈക്കിൾ മാത്രം അനുവദനീയമായ ഇടങ്ങളുണ്ടത്രെ നഗരത്തിൽ. കാറിനേക്കാളും വേഗത്തിലാണ് ചില 
സൈക്കിളുകളുടെ വരവ്. എന്തായാലും നോക്കിയും കണ്ടും നടന്നില്ലെങ്കിൽ സൈക്കിൾ തട്ടി കയ്യോ കാലോ ഒടിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഉച്ച ഭക്ഷണത്തിനു ശേഷം കനാൽ ക്രൂയിസാണ്. തുറന്ന ബോട്ടാണ് തണുപ്പുണ്ടാവും എന്ന് അനോഷ് പറഞ്ഞിരുന്നു. കയ്യിലുള്ള തണുപ്പു കവചങ്ങളൊക്കെ എടുത്തു. പക്ഷെ ഉച്ചക്ക് ശേഷം കാറ്റിൻ്റെ തോളിലേറി തണുപ്പ് സൂചിമുനകളാൽ കുത്തിക്കൊണ്ടിരുന്നു. ബോട്ടിലെ ഗൈഡ് പാട്ടുപാടിയും തമാശ പറഞ്ഞും
സരസമായി സംസാരിച്ചിരുന്നെങ്കിലും തണുത്ത് ചൂളിയിരുന്നതിനാൽ ബോട്ട് യാത്ര എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായിരുന്നു. ഒരു മണിക്കൂർ യാത്ര കഴിഞ്ഞ് ബസ്സിൻ്റെ ഊഷ്മളതയിലേക്ക് ഓടിക്കയറി. 

ഹോട്ടൽ സ്കാൻഡികിൽ ചെക്ക് ഇൻ ചെയ്തു. അത്താഴത്തിന് പോകുന്നതിന് മുമ്പായി വനിതകൾ ഒരു റൂമിൽ ഒത്തു കൂടി. പുരുഷന്മാർ മറ്റൊരിടത്തും. അന്താക്ഷരിയും വൈനും കോളയുമായി  ആ സായാഹ്നം മധുരതരമായി. 

പിറ്റേന്ന് രാവിലെ  ഡെൻമാർക്കിനെയും സ്വീഡനേയും ബന്ധിപ്പിക്കുന്ന ഓറിസൻഡ് കടൽപ്പാലത്തിലൂടെയുള്ള യാത്ര അവിസ്മരണീയമായ അനുഭവമായി. പാലത്തിൻ്റെ ഒരു ഭാഗം കടലിനുമുകളിലും ബാക്കി കടലിനടിയിൽ കൂടിയും പോകുന്നു. ഒരു റെയിൽവേ ലൈനും ഡാറ്റാ കേബിളും കൂടി ഇതേ പാലത്തിലൂടെ കടന്നു പോകുന്നു. സ്വീഡനിലെ ഒരു മുനമ്പായ മാൽമോ എന്ന സ്ഥലത്തെ വ്യൂ പോയൻ്റിൽ നിന്ന് പാലത്തിൻ്റെ മനോഹരദൃശ്യം കാണാം. 

തിരിച്ച് കോപൻഹേഗനിലെത്തി ഉച്ച ഭക്ഷണം കഴിച്ച് നേരെ വിമാനത്താവളത്തിലേക്ക് പോയി. ഫിൻ എയർ വിമാനത്തിൽ ദോഹയിലേക്കും അവിടന്ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ കൊച്ചിയിലേക്കും പറന്നു.

യാത്ര തുടങ്ങുമ്പോൾ ധ്രുവദീപ്തി കാണണം എന്ന് ആഗ്രഹിച്ചിരുന്നു. യാത്രയിലുടനീളം  കിലുക്കത്തിലെ രേവതി സ്റ്റൈലിൽ ' ദീപ്തി വേഗം വരണേ, വേഗം വരണം ' എന്ന് പ്രാർത്ഥിച്ചിരുന്നെങ്കിലും ' ദീപ്തിയും വന്നില്ല, ഒരു കുന്തവും വന്നില്ല ' എന്നു തന്നെ പറയേണ്ടി വന്നു. 

വിമാനത്തിൻ്റെ ജനലിലൂടെ കെയ്റോ നഗരത്തിൻ്റെ ദീപക്കാഴ്ചകൾക്ക് മുകളിൽ പ്രകൃതിയുടെ സാന്ത്വനം പോലെ ഉദിച്ചുയർന്ന ചന്ദ്രൻ മാസ്മരികക്കാഴ്ചയായി. യാത്രയിൽ പലയിടത്തു നിന്നായി പകർത്തിയ ഫോട്ടോകൾ നോക്കിയപ്പോൾ മനസ്സു നിറഞ്ഞു. എന്തെല്ലാം കാഴ്ചകൾ, രുചികൾ, അനുഭവങ്ങൾ. അവസാനിക്കാത്ത മായക്കാഴ്ചകളുമായി പ്രകൃതി മോഹിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇനിയുമെവിടെയെങ്കിലും വച്ച് ദീപ്തിയെയും കാണുമായിരിക്കാം. ഒരു നാൾ പെയ്യുന്ന മഞ്ഞു കണങ്ങളെ  കൈക്കുമ്പിളിൽ വാങ്ങാനും കഴിയുമായിരിക്കാം.

മനസ്സും ബാഗുകളും ഫോണിലെ മെമ്മറിയും നിറച്ച് ഉത്തരധ്രുവത്തിനടുത്ത് നിന്ന് ഞങ്ങളുടെ യാത്രാസംഘം ഭൂമദ്ധ്യരേഖയോടടുത്ത കൊച്ചിയിൽ വിമാനമിറങ്ങി. സഹയാത്രികരോട് യാത്ര പറഞ്ഞ് കൊച്ചിയുടെ ചിരപരിചിത വീഥികളിലൂടെ സഞ്ചരിക്കുമ്പോൾ മാവുകൾ പൂത്തിരിക്കുന്നത് കണ്ടു. ഇനിയിവിടെ ഉഷ്ണമേഖലയുടെ അമൃതകുംഭങ്ങൾ നിറയാറായി. ചിറകൊതുക്കി വീടിൻ്റെ സൗഖ്യത്തിലേക്ക് ചേക്കേറി. 



പ്രീത രാജ്

Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര