നോബെലിൻ്റെ നാട്ടിൽ
നോബെലിൻ്റെ നാട്ടിൽ
കപ്പലിലെ രാജകീയമായ പ്രഭാത ഭക്ഷണത്തിന് ശേഷം സ്റ്റോക്ക്ഹോമിൽ ഇറങ്ങിയപ്പോൾ പത്തുമണിയായിരുന്നു. മനോഹരമായ വലിയൊരു മെട്രോപൊളിസ് ആണ് സ്റ്റോക്ക്ഹോം. അവിടെ പ്രകൃതി ശിശിര നൃത്തത്തിൻ്റെ മംഗളം ആടിത്തുടങ്ങിയിരുന്നു.
സ്വീഡൻ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്കാദ്യം എത്തുന്നത് സ്റ്റീഗ് ലാർസ്സൻ്റെ ' ദ് ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ ' എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുള്ള ചുറ്റുപാടുകളും കഥാപാത്രങ്ങളുമാണ്. സ്റ്റോക്ക്ഹോഹോമിലൂടെ ബസ്സിൽ സഞ്ചരിക്കുമ്പോൾ ആ കഥാപാത്രങ്ങളെ വെറുതെ തിരഞ്ഞു. മൈക്കൽ ബ്ലോംക്വിസ്റ്റിനെ പലയിടത്തും കണ്ടുമുട്ടി. പക്ഷെ ലിസ്ബത്ത് സലാൻഡർ പിടി തരാതെ മറഞ്ഞു തന്നെ നിന്നു.
സ്വീഡനിൽ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത് പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കാബിനറ്റാണെങ്കിലും രാഷ്ട്രത്തിൻ്റെ തലവൻ പരിമിതമായ അധികാരങ്ങളുള്ള രാജാവാണ്.
രാജാവിൻ്റെ ഔദ്യോഗിക വസതിയായ റോയൽ പാലസ് ആയിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം . വിശിഷ്ടാതിഥികളെ സൽക്കരിക്കുന്നത് ഇവിടെയാണത്രെ.
പാലസ് ഗൈഡ് നാടകീയമായി അൽപം ഭാവാഭിനയത്തോടെ സരസമായി കൊട്ടാര രഹസ്യങ്ങൾ വിവരിച്ചു തന്നു. പല കാരണങ്ങളാൽ പല തവണ മാറ്റി പണിതതാണത്രെ പാലസ്. പൊങ്ങച്ചവും അതിലൊരു കാരണമാണെന്ന് തോന്നി. അത്തരമൊരു പൊങ്ങച്ചത്തിൻ്റെ ദുരന്തകഥ പറയാനുണ്ട് വാസ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന വാസ എന്ന യുദ്ധക്കപ്പലിനും.
പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായാണ് വാസ കടലിലിറങ്ങിയത്. യാത്രതുടങ്ങി ഇരുപത് നിമിഷങ്ങൾക്കകം യാത്രയയപ്പു സംഘത്തിന്റെ കൺമുന്നിൽ വച്ച് ഒരു കാറ്റടിച്ചപ്പോൾ മറിഞ്ഞു കടലിനടിയിൽ മറഞ്ഞു. ഉയരക്കൂടുതലും ഭാരക്കൂടുതലും വാസയെ സഞ്ചാരയോഗ്യമല്ലാതാക്കി. വലുപ്പം കൂട്ടാനുള്ള ശ്രമങ്ങളും ഭാരിച്ച കൊത്തുപണികളും രാജാവിൻ്റെ തിടുക്കവും മികച്ച സാങ്കേതിക വിദ്യയുടെ അഭാവവും എല്ലാം വാസയെ ദുരന്തകഥയാക്കിയതിന് കാരണങ്ങളായി. ബാൾട്ടിക്കിലെ ഉപ്പും തണുപ്പും മരത്തിൽ നിർമ്മിച്ച കപ്പലിന് വലിയ കേടുപാടുകൾ കൂടതെ കാത്തു. മുന്നൂറ് വർഷങ്ങൾക്ക് ശേഷം പുതിയ സാങ്കേതിക വിദ്യയിലൂടെ കടലിൽ നിന്നുയർത്തി കേടുപാടുകൾ തീർത്ത് വാസയെ മ്യൂസിയത്തിൽ സൂക്ഷിക്കുന്നു.
പാലസിൽ നിന്ന് വാസ മ്യൂസിയത്തിലേക്ക് പോകുന്നതിന് മുമ്പ് ഒരു ഏഷ്യൻ ഭക്ഷണശാലയിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു. ചൂട് ക്രമീകരിച്ച ഒരു ആർക്കേഡിനുള്ളിലാണ് ഭക്ഷണശാല. ഭക്ഷണത്തിന് ശേഷം ഞാനും ഗ്രേസും അവിടെ കറങ്ങി നടക്കുമ്പോൾ ഗ്രേസിൻ്റെ ഒരു പഴയ ശിഷ്യയെ കണ്ടു. കല്യാണമൊക്കെ കഴിഞ്ഞ് അവിടെ താമസമാണ് ആ കുട്ടി. ടീച്ചർമാർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം.
നോബെൽ സമ്മാനം നൽകുന്ന കോൺസേർട്ട് ഹാളും സമ്മാന വിതരണത്തിന് ശേഷമുള്ള സത്ക്കാരം നടക്കുന്ന സിറ്റി ഹാളും പുറത്തു നിന്നു കണ്ടു. സിറ്റി ഹാൾ മലാരെൻ തടാകത്തിൻ്റെ (Lake Malaren) തീരത്താണ്. അകത്തെ ചത്വരത്തിലെ ചുവരിലേക്ക് പടർന്നുകയറിയ വിക്ടോറിയ വൈനിൻ്റെ ചുവപ്പും
ഓറഞ്ചും മഞ്ഞയും കലർന്ന ഇലകൾ പൊഴിച്ചു നിൽക്കുന്ന ഓക്കുമരവും കല്ലുപാകിയ തറയുമെല്ലാമായി സിറ്റി ഹാൾ അതിമനോഹരമായിരുന്നു.
അന്നത്തെ പര്യടനം മതിയാക്കി അത്താഴത്തിന് ശേഷം ഞങ്ങൾ ഹോട്ടൽ ബെസ്റ്റ് വെസ്റ്റേണിൽ ചേക്കേറി. പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് ഓസ്ലോയിലേക്ക് യാത്ര പുറപ്പെട്ടു. വഴിയിൽ വാനേൻ തടാകം ( Lake Vanern) കാണാനായി ഇറങ്ങി. സ്വീഡനിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ്. തടാകത്തിൻ്റ നീലിമയിൽ വെയിൽ തിളങ്ങി. വിനോദമത്സ്യബന്ധനത്തിന് പ്രസിദ്ധമാണത്രെ വാനേൻ തടാകം. ഞങ്ങൾ ചെന്നപ്പോൾ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. തീരത്തെ മരങ്ങൾക്കു താഴെ പാറക്കല്ലുകളിൽ കയറിയിറങ്ങിയും ബെഞ്ചിലിരുന്നും കുറച്ചു സമയം ചെലവഴിച്ചു.
ഉച്ച ഭക്ഷണം കഴിഞ്ഞ് ബ്രിഗേഡ് മ്യൂസിയം സന്ദർശിച്ചു. സൈനിക ഉപകരണങ്ങളാണ് പ്രധാനമായും അവിടെയുള്ളത്. സൈനിക വസ്തങ്ങൾ ധരിച്ചും തോക്കു പിടിച്ചും ടാങ്കിനുള്ളിൽ കയറി നിന്നുമൊക്ക ഫോട്ടോ എടുക്കാം.
കുഞ്ഞിപ്പാപ്പുവിനെ കൊണ്ട് പ്ലേ ഏരിയകളിൽ പോയത് ഓർമ്മ വന്നു, ഒരു പോസ് കഴിഞ്ഞ് അടുത്തതിലേക്ക് പോകുന്ന മുതിർന്ന കുട്ടികളെ കണ്ടപ്പോൾ.
ഹീര തോക്കു പിടിച്ചു നിൽക്കുന്നത് കണ്ട് ഒരു കൈ നോക്കാമെന്ന് വിചാരിച്ചു ചെന്നു. തോക്കിന് നല്ല ഭാരമുണ്ട്.
അവനവന് പറ്റുന്ന വല്ലതും നോക്കാമെന്ന് കരുതി മെല്ലെ പിൻവാങ്ങി. വലിയ ബുദ്ധിമുട്ടില്ലാത്ത പരിപാടികൾ ചെയ്ത് ഫോട്ടോകൾ എടുപ്പിച്ച് തൃപ്തിയടഞ്ഞു.
പാട്ടും കവിതയും തമാശയും അന്താക്ഷരിയുമൊക്കെയായി യാത്ര തുടന്നു. യാത്രയുടെ കാതലായ ഭാഗമായ നോർവ്വെ പര്യടനം തുടങ്ങുകയാണ് പിറ്റേന്ന് . പാറകളെയും മഞ്ഞയും പച്ചയും ഇടകലർന്നു നിൽക്കുന്ന ബിർച്ച്, പൈൻ മരങ്ങളെയും പിന്നിലാക്കി ബസ്സ് ഓടിക്കൊണ്ടിരുന്നു.
പ്രീത രാജ്
Comments
Post a Comment