ഒരു വടക്കൻ വീഥി ഗാഥ
ഒരു വടക്കൻ വീഥി ഗാഥ യൂറോപ്പിൻ്റെ വടക്കെ അറ്റത്താണ് നൊർവെ സ്ഥിതി ചെയ്യുന്നത്. വടക്കിൻ്റെ വീഥി ( Nothern Way) ആണ് ലോപിച്ച് Norway ആയത്. ആർക്ടിക് സർക്കിളിനുള്ളിലുള്ള, രാജ്യത്തിൻ്റെ വടക്കെ അറ്റത്തെ സ്വാൽബാർഡ് (Svalbard archipelago) ദ്വീപസമൂഹത്തിൽ ഗ്രീഷ്മകാലത്ത് ദിവസങ്ങളോളം സൂര്യൻ അസ്തമിക്കില്ല. ശൈത്യകാലത്ത് സൂര്യനെ കാണാൻ പറ്റാത്ത, ദിവസങ്ങളോളം നീണ്ട ധ്രുവരാത്രങ്ങളുമുണ്ട് അവിടെ. നീണ്ടു കിടക്കുന്ന നോർവെയുടെ തെക്കോട്ട് വരും തോറും പാതിരാ സൂര്യൻ്റെയും ധ്രുവരാത്രിയുടെയും ദൈർഘ്യം കുറയുന്നു, ജനസാന്ദ്രത കൂടുന്നു. വടക്ക് മനുഷ്യരേക്കാൾ കൂടുതൽ ധ്രുവകരടികളാണത്രെ. സ്റ്റോക്ഹോമിൽ നിന്ന് ഓസ്ലോയിലേക്കുള്ള യാത്രക്കിടയിൽ അതിർത്തിയിലുള്ള ഒരിടത്ത് ശുചിമുറി സൗകര്യത്തിനായി നിർത്തി. ശുചിമുറി അത്ര ശുചിയല്ലായിരുന്നു എങ്കിലും വാങ്ങണമെന്ന് വിചാരിച്ചിരുന്ന ഹെഡ് ബാൻഡ് അവിടത്തെ കടയിൽ നിന്ന് കിട്ടി. ഓസ്ലോയിലെത്തി രാത്രി ഭക്ഷണം കഴിഞ്ഞ് ഹോട്ടൽ സ്കാൻഡികിൽ ചെക്ക് ഇൻ ചെയ്തു. പിറ്റേന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് പരിസരം എത്ര മനോഹരമാണെന്ന് കണ്ടത്. ഇലകൾ വിരിച്ചിട്ട വലിയ...