ദക്ഷിണായനം_ ബ്ലൂ മൗണ്ടൻസ്
ദക്ഷിണായനം - ബ്ലൂ മൗണ്ടൻസ്
സിഡ്നിയിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ പടിഞ്ഞാറോട്ട് യാത്ര ചെയ്താൽ ബ്ലൂ മൗണ്ടൻസിൽ എത്താം. ഗ്രേറ്റർ സിഡ്നി പ്രദേശത്തിൻ്റെ പടിഞ്ഞാറൻ അതിരാണ് ബ്ലൂ മൗണ്ടൻസ്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തിന് സമാന്തരമായി നട്ടെല്ലു പോലെ സ്ഥിതി ചെയ്യുന്ന ദ ഗ്രേറ്റ് ഡിവൈഡിങ് റേഞ്ചിൻ്റെ (The Great Dividing Range) ഭാഗമാണ് ഈ പർവ്വതപ്രദേശം. പർവ്വതാഗ്രങ്ങളും മലഞ്ചെരിവുകളും പീഠഭൂമികളും താഴ് വരകളും യൂക്കാലിപ്റ്റസ് കാടുകളും ചേർന്ന ഈ പ്രദേശത്ത് അനാദികാലം മുതലേ ആദിവാസി ജനത (aboriginals ) വാസമുറപ്പിച്ചിരുന്നു. അതിനാൽ തന്നെ ബ്ലൂ മൗണ്ടൻസ് അനേകം മിത്തുകളുടെയും നാടോടിക്കഥകളുടെ വേദിയാണ്. പേര് ബ്ലൂ മൗണ്ടൻ എന്നാണെങ്കിലും പ്രധാനമായും സാൻഡ് സ്റ്റോൺ നിർമ്മിതി ആണ് ബ്ലൂ മൗണ്ടൻ . യൂക്കാലിപ്റ്റസ് ഇലകളിൽ നിന്നുള്ള ബാഷ്പംശങ്ങൾ അന്തരീക്ഷത്തിൽ തങ്ങി ഉണ്ടാക്കുന്ന നീലിമ കലർന്ന മൂടൽമഞ്ഞാണത്രെ പേരിലെ നീലിമയ്ക്കാധാരം.
1813 ൽ ഗ്രിഗറി ബ്ലാക്സ് ലാൻഡ് ( GregoryBlaxland), വില്യം ലോസൺ ( William Lawson), വില്യം ചാൾസ് വെൻ്റ് വർത്ത് ( William CharlesWentworth) എന്നിവർ ചേർന്ന ആദ്യ യൂറോപ്യൻ സംഘം ബ്ലൂ മൗണ്ടൻസ് മറി കടന്ന് പടിഞ്ഞാറുള്ള സമതലങ്ങളിലേക്ക് വഴി തുറന്നു. അത് ബ്ലൂ മൗണ്ടൻസിന് പടിഞ്ഞാറ് Bathurst എന്ന ടൗണിനും ബ്ലൂ മൗണ്ടൻസിലും സമീപപ്രദേശങ്ങളിലും റോഡുകൾക്കും കൃഷിക്കും ഖനനത്തിനും ഉത്തേജകമായി.
പ്രഭാത ഭക്ഷണത്തിന് ശേഷം ഞങ്ങൾ ബ്ലൂ മൗണ്ടൻസ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. ബസ്സ് യാത്ര അധികമില്ലാത്ത ടൂർ പ്ലാൻ ആയിരുന്നെങ്കിലും കിട്ടിയ അവസരങ്ങളിൽ സ്വയം പരിചയപ്പെടുത്തലും പാട്ടും തമാശകളുമൊക്കെയായി യാത്ര രസകരമാക്കിയിരുന്നു. ഒരു മണിക്കൂർ നീണ്ട ബസ്സ് യാത്രക്കിടയിൽ Adv. ജേക്കബിൻ്റെ റൊമാൻ്റിക് വീര സാഹസകൃത്യങ്ങളായിരുന്നു പ്രധാന പ്രതിപാദ്യം. അദ്ദേഹം തൻ്റെ പ്രേമഭാജനത്തിൻ്റെ ബസ്സിനു പുറകെ ഓട്ടോയിൽ യാത്ര ചെയ്തു കൊണ്ടിരിക്കെ ഞങ്ങൾ ബ്ലൂ മൗണ്ടൻസിലെ സീനിക് വേൾഡിലെത്തി.
സീനിക് വേൾഡ് (Scenic World) കേന്ദ്രത്തിൽ നിന്ന് കേബിൾ കാറിൽ താഴ്‌വരകൾക്ക് മുകളിലൂടെ അടുത്ത പോയിൻറിലേക്കുള്ള യാത്രയിൽ മൂന്ന് സഹോദരിമാരെ ( Three Sisters rock formations) കണ്ടു. ആ സഹോദരിമാരെ ചുറ്റിപ്പറ്റി പല കഥകളുണ്ടത്രെ. മീനി ( Meehni), വിംല (Wimlah), ഗുണെഡു ( Gunedoo) എന്നീ സഹോദരിമാർ അതിസുന്ദരിമാരായിരുന്നു. കടുംബ ( Katoomba) ഗോത്രത്തിൽ പെട്ട ഈ സഹോദരിമാർ അടുത്തുള്ള നെപിയൻ ( Nepean) ഗോത്രത്തിലെ മൂന്നു യുവാക്കളുമായി പ്രണയത്തിലായി. ഗോത്ര നിയമ പ്രകാരം വിലക്കകപ്പെട്ടതാണെങ്കിലും യുവാക്കൾ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ തീരുമാനിച്ചു. ഒരു ഗോത്ര യുദ്ധത്തിലേക്ക് നീങ്ങിയ തർക്കത്തിനിടയിൽ ഒരു കടുംബ മാന്ത്രികൻ പെൺകുട്ടികളെ സംരക്ഷിക്കാനായി അവരെ കല്ലുകളാക്കി. അയാൾ യുദ്ധത്തിൽ മരിച്ചതോടെ അവരെ പൂർവ്വരൂപത്തിൽ ആക്കുവാൻ കഴിയാതെയായി. മൂന്നു സഹോദരിമാരും ജാമിസൺ താഴ്‌വരയിൽ കല്ലുകളായി നിശ്ചേഷ്ടരായിത്തന്നെ ഇന്നും നിൽക്കുന്നു. കമിതാക്കളായ ആ സഹോദരന്മാർക്കെന്തു സംഭവിച്ചു ആവോ? എന്തായാലും പെൺകുട്ടികളെ
ശിലകളാക്കി സംരക്ഷിക്കുന്ന പുരാതന ഗോത്ര നീതിയിൽ നിന്ന് നമ്മൾ ഇന്നും അധികമൊന്നും മുന്നോട്ട് പോയിട്ടില്ലല്ലോ എന്ന് ഓർത്തു പോയി.
മറ്റൊരു കഥയിൽ സഹോദരിമാരെ ഒരു ബുൻയിപ് എന്ന ആദിവാസി മിത്തോളജിക്കൽ ജീവിയിൽ (Bunyip, an aboriginal mythological creature) നിന്ന് തൻ്റെ മക്കളെ സംരക്ഷിക്കാൻ അവരുടെ പിതാവാണ് ഒരു മാന്ത്രിക അസ്ഥിയുടെ സഹായത്തോടെ അവരെ കല്ലുകളാക്കിയത്. സ്വയം രക്ഷപ്പെടാനുള്ള തത്രപ്പാടിൽ അദ്ദേഹത്തിന് മാജിക് ബോൺ നഷ്ടമായി. അദ്ദേഹം ഒരു ലയർ പക്ഷിയായി ( lyre bird) ആയി ഇന്നും ആ അസ്ഥി അന്വേഷിച്ച് നടക്കുകയാണത്രെ.
കേബിൾ കാറിൽ നിന്നിറങ്ങി കാടിനുള്ളിൽ നിർമ്മിച്ച പാതയിലൂടെ നടന്നു. ധാരാളമായി വളർന്നു നിൽക്കുന്ന ട്രീ ഫേണുകളാണ് അവിടെ ഏറ്റവും ആകർഷണീയമായി തോന്നിയത്. 1878 ൽ സ്ഥാപിതമായ ഒരു കൽക്കരി ഖനിയുടെ ഭാഗങ്ങൾ ഖനി തൊഴിലാളികളുടെ അതികഠിനമായ സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശി. ഖനിയിൽ നിന്ന് കൽക്കരി പുറത്തെത്തിക്കുവാനുപയോഗിച്ചിരുന്ന ട്രാക്കാണ് സീനിക് വേൾഡിൻ്റെ ലോകത്തിലെ ഏറ്റവും കുത്തനെയുള്ള പാസ്സഞ്ചർ ട്രെയിൻ ട്രാക്കായി രൂപാന്തരപ്പെട്ടത്. അൽപം സാഹസികമായ സീനിക് റെയിൽവേയിൽ യാത്ര ചെയ്യാൻ കുറെ നിബന്ധനകളുണ്ട്. ഏതായാലും അത് ഞങ്ങളുടെ ടൂർ പ്ലാനിലുണ്ടായിരുന്നില്ല. ഖനിക്ക് മുന്നിലൂടെ കുറച്ചു ദൂരം നടന്നപ്പോൾ ഒരു വ്യൂ പോയൻ്റിൽ എത്തി. അവിടെ നിന്നും ദൂരെ നിൽക്കുന്ന ത്രീ സിസ്‌റ്റേഴ്സിനെ കാണാമായിരുന്നു. കേബിൾ കാർ സ്റ്റേഷനിലേക്കുള്ള മടക്കയാത്രയിൽ ദിനോസർ താഴ്‌വരയിലേക്കുള്ള ( Dinosaur Valley, part of Scenic World) വഴി കണ്ടു. കുറച്ചു ദൂരം പോയാലോ എന്ന ആലോചനയെ അവിടെ സ്ഥാപിച്ചിരുന്ന അട്ടകളുടെ ശല്യവും ലാൻഡ് സ്ലൈഡും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബോർഡ് മുളയിലേ നുള്ളിക്കളഞ്ഞു.
തിരിച്ച് സീനിക് വേൾഡ് കേന്ദ്രത്തിലെ റെസ്റ്ററൻ്റിൽ നിന്ന് ബർഗറും ജ്യൂസും കഴിച്ച് വീണ്ടും കേബിൾ കാറിൽ മറ്റൊരു വ്യൂ പോയൻ്റിലെത്തി. അവിടത്തെ മരക്കൂട്ടങ്ങൾക്കും കുറ്റിച്ചെടികൾക്കും ഇടയിലൂടെയുള്ള ഇടുങ്ങിയ പാതയിലൂടെയുള്ള നടത്തം ഹൃദ്യമായ അനുഭവമായി. ഓസ്ട്രേലിയയിലെ പ്രത്യേക തരം ചെടികളും മരങ്ങളും അവിടെ ധാരാളമുണ്ടായിരുന്നു. ഗൂഗിൾ ലെൻസിൻ്റെ സഹായത്തോടെ കുറച്ചു പേരുകൾ കണ്ടു പിടിച്ചു. Bottle brush plant ,Banksia tree, silky Hakea plant എന്നീ ഇനങ്ങൾ കൗതുകമുണർത്തി. അവിടത്തെ വ്യൂ പോയൻ്റിൽ നിന്നും നോക്കുമ്പോഴും മൺപാളികളുടെ നിശ്ചേതനമായ ആവരണത്തിനുള്ളിൽ മൂന്നു സഹോദരിമാർ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പിതാവിന് കൈമോശം വന്ന മാജിക് ബോൺ അവിടെയെവിടെയങ്കിലുമുണ്ടോ എന്ന ആകാംക്ഷയാണോ ആ മിഴികളിൽ? ഇനിയുമെത്രനാൾ കാത്തിരിക്കണം മൺമറഞ്ഞു പോയ പ്രിയതമന്മാരോട് ചേരാൻ എന്ന വ്യഥയാണോ?
വഴിയിൽ മറ്റൊരു ലുക്കൗട്ട് പോയൻ്റിൽ അവിടത്ത ഭൂമിശാസ്ത്രം രേഖപ്പെടുത്തി വച്ചിരുന്നു. കിങ്ങ്സ് ടേബിൾ ലാൻഡ് ( Kings Tableland) , ത്രീ സിസ്റ്റേർസ് ( The Three Sisters), കെഡുംബ താഴ് വര ( Kedumba Valley), മൗണ്ട് ജിബ്രാൾട്ടർ ( Mt. Gibralter), മൗണ്ട് സോളിറ്ററി(Mt. Solitary), കോക്സ് നദി (Cox River), ഗംഗാരംഗ് മലനിരകൾ ((Gangarang Range) എന്നീ ഭൂവിഭാഗങ്ങൾ അവിടെ നിന്ന് കാണാമായിരുന്നു. കിങ്ങ്സ് ടേബിൾ ലാൻഡ് ആദിവാസി ഗോത്രത്തിൻ്റെ ( aboriginal tribe) പുരാതന ശേഷിപ്പുകൾ ഉള്ള സ്ഥലമാണ്. പണ്ട് ബ്ലൂ മൗണ്ടൻസ് മുഴുവനും ഒറ്റ പീഠഭൂമിയായിരുന്നത്രെ. അതിലൂടെ ഒഴുകുന്ന നദികൾ സൃഷ്ടിച്ചതാണ് നാടകീയമായ മലഞ്ചെരിവുകളും താഴ് വരകളും.
ചുറ്റുമുണ്ടാകുന്ന നാടകീയ മാറ്റങ്ങൾക്ക് സാക്ഷികളായി യൂക്കാലിപ്റ്റസ് മരങ്ങൾ തീർക്കുന്ന നീല പുകമഞ്ഞിൽ അനാദികാലമായി ശിലകളായി നിലകൊള്ളുന്ന പാവം പെൺകിടാങ്ങൾ! ഏത് രാമ പാദസ്പർശത്താൽ അവർക്ക് മോക്ഷം സാധ്യമാവും? അവിടെ നിന്ന് മടങ്ങുമ്പോൾ ഒരു കൊക്കാറ്റു ( Cockatoo ) മതിലരികിൽ ഇരുന്നു ഫോട്ടോക്ക് പോസ് ചെയ്തു. ആളുകൾ കൂടുന്നത് കണ്ടപ്പോൾ അവൻ എങ്ങോ പറന്നു പോയി.
ഓസ്ട്രേലിയയിലെ അവസാനദിനമാണ്. അടുത്ത ദിവസം ന്യൂസിലാൻഡിലേക്ക് യാത്രയാവും. സോമൻ സാറിന് ന്യൂസിലാൻഡ് വിസയില്ലാത്തതിനാൽ അദ്ദേഹം കേരളത്തിലേക്ക് മടങ്ങിപ്പോകും. അനേകം ആളുകൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിൻ്റെ ചുക്കാൻ പിടിക്കുന്ന അദ്ദേഹം അതിൻ്റെ ഭാരമൊന്നുമില്ലാതെ യാത്രയിലുടനീളം പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെ, ശ്രദ്ധയോടെ, കരുതലോടെ ഇടപെട്ട് എല്ലാവർക്കും സുഖസൗകര്യങ്ങൾ ഒരുക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. ഇനിയും ലോകത്തിന് അനേകമാളുകളെ കാണിച്ചു കൊടുക്കാൻ അദ്ദേഹത്തിന് കഴിയുമാറാകട്ടെ! ഒരു പാർക്കിൽ സംഘടിപ്പിച്ച പിക്നിക് പാർട്ടിയിൽ സംഘാംഗങ്ങൾക്ക് വേണ്ടി ജഗൻ സാർ സംസാരിച്ചു.
ഡിന്നർ സിഡ്നി ടവറിലായിരുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന ടവറിൽ നിരത്തിയിരുന്ന ഭക്ഷണ പഥാർത്ഥങ്ങൾ കാണാനും വേണ്ടത് തിരഞ്ഞെടുക്കാനും തന്നെ അര മണിക്കൂറിലധികം വേണം. ആകെയുള്ള ഒരു മണിക്കൂറിൽ പുറത്തെ കാഴ്ച കാണണോ വിഭവങ്ങൾ കാണണോ ഭക്ഷണം കഴിക്കണോ എന്ന കുഴമറിയിൽ ഒന്നും അത്രക്കങ്ങ് വെടിപ്പായില്ല.
പിറ്റേന്ന് രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം ചെക്കൗട്ട് ചെയ്ത് ഞങ്ങൾ ബസ്സിൽ കയറി. സിഡ്നിയുടെ മാത്രമല്ല ഓസ്ട്രേലിയയുടെ മൊത്തം ഐക്കൺ ആയ ഓപ്പെറ ഹൗസ് ആയിരുന്നു, ലക്ഷ്യം. ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിലൊന്നായ സിഡ്നി ഓപ്പെറ ഹൗസ്, സിഡ്നി ഹാർബറിൽ അനേകം പടികൾക്കു മേലെ വെള്ള ദലങ്ങൾ വിടർത്തി തിളങ്ങി നിന്നു. തൊട്ടപ്പുറത്ത് Port Jackson ന് കുറുകെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്റ്റീൽ ആർച്ച് പാലമായ ഹാർബർ ബ്രിഡ്ജ് ഗംഭീരമായ പശ്ചാത്തലമൊരുക്കി. ഹാർബർ ബ്രിഡ്ജിൽ റെയിൽ, റോഡ്, സൈക്കിൾ , വാക്കിംഗ് ട്രാക്കുകൾ ഉണ്ട്. സിഡ്നി ഹാർബറിൽ നങ്കൂരമിട്ടിരിക്കുന്ന റോയൽ കരീബിയൻ ക്രൂയിസ് കപ്പൽ പശ്ചാത്തലിന് ഗരിമ കൂട്ടി.
ഓപ്പെറ ഹൗസിൻ്റെ വലതു ഭാഗത്തു കൂടി അകത്ത് കയറിയപ്പോൾ ഞങ്ങളുടെ ഗൈഡായ അബി എന്ന ചൈനീസ് പെൺകുട്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഹെഡ് ഫോണിലൂടെ അബിയുടെ മൃദുസ്വരം ഞങ്ങളെ ഓപ്പെറ ഹൗസിൻ്റെ അകത്തളങ്ങളിലേക്ക് നയിച്ചു. ഒരിടത്ത് പടികളിലിരുന്ന് ഞങ്ങൾ അവിടെ സ്ഥാപിച്ചിരുന്ന സ്ക്രീനിൻ ഇരുപതാം നൂറ്റാണ്ടിൻ്റെ മാസ്റ്റർപീസ് നിർമ്മിതിയുടെ ചരിത്രം , കണ്ടു, കേട്ടു. 1958 ൽ ഡാനിഷ് ആർക്കിടെക്റ്റായ Jorn Utzon രൂപകൽപന ചെയ്ത ഡിസൈൻ ഓസ്ട്രേലിയൻ ആർക്കിടെക്ചറൽ കമ്പനി പണി തീർത്ത് 1973 October 20 ന് ക്വീൻ എലിസബത്ത് ഉത്ഘാടനം ചെയ്തു. Documentary കണ്ടതിന് ശേഷം ഞങ്ങൾ Joan Sutherland Theatre ലേക്കെത്തി. അബിയുടെ ശബ്ദം ഒന്നു കൂടെ താഴ്ന്നു. അവിടെ അന്നു വൈകുന്നേരം അരങ്ങേറാനുള്ള ഓപ്പെറയുടെ അവസാന റിഹേഴ്സൽ നടക്കുകയാണത്രെ. അവിടെ സീറ്റുകളിലിരുന്ന് കുറച്ചു നേരം റിഹേഴ്സൽ കണ്ടു. ഓപ്പെറയെ കുറിച്ച് വലിയ ജ്ഞാനമില്ലാത്തതിനാൽ തിയേറ്ററിൻ്റെ അകക്കാഴ്ചകളിലേക്കും കൂടി ശ്രദ്ധ പതറി മാറി. പുറത്തിറങ്ങിയപ്പോൾ അബി തിയറ്ററിൻ്റെ ശബ്ദ ക്രമീകരണൾ വിവരിച്ചു തന്നു. പ്രത്യേക തരം മരപ്പാളികൾ പതിച്ച ചുവരുകളും ഇരിപ്പിടങ്ങൾക്കായി ഉപയോഗിച്ച സാമഗ്രികളും വരെ ശബ്ദ ക്രമീകരങ്ങളുടെ ഭാഗമാണത്രെ.
ഏറ്റവും വലിയ Concert Hall ലും ഒരു റിഹേഴ്സൽ നടക്കുന്നുണ്ടായിരുന്നു. അതിമനോഹരമായ അകത്തളവും വേദിയിൽ നിന്നുതിരുന്ന സംഗീതവും മനസ്സും കണ്ണും കാതും നിറച്ചു. കണ്ടക്ട് ചെയ്യുന്ന വനിത മറ്റു ശബ്ദങ്ങളിൽ വളരെ അസ്വസ്ഥയാകുമെന്ന അബിയുടെ ഓർമ്മപ്പെടുത്തലില്ലെങ്കിലും വേദിയുടെ ഗാംഭീര്യവും അവിടെ പ്രകടനം നടത്തിയ അതികായരെ കുറിച്ചുള്ള സ്മരണകളും തന്നെ എല്ലാവരെയും നിശ്ശബ്ദരാക്കിയേനെ. കലാവതരണങ്ങൾക്കായി ഇത്ര മഹത്തായ ഒരു വേദി ഒരുക്കിയ ന്യൂ സൗത്ത് വെയിൽസ് സർക്കാർ പ്രശംസനീയർ തന്നെ. ചെറുതായൊന്ന് കറങ്ങി നടന്നതിന് ശേഷം ഞങ്ങൾ അബിയോടും ഓപ്പെറ ഹൗസിനോടും വിടവാങ്ങി.
ദ ഗ്രാൻഡ് പാലസ് ( The Grand Palace) എന്ന ഇന്ത്യൻ റെസ്റ്റോറൻ്റിൽ നിന്നും ഹൃദ്യമായ ഉച്ച ഭക്ഷണം കഴിച്ച് വിമാനത്താവളത്തിലേക്ക് നീങ്ങി. സെൽഫ് ചെക്കിൻ കഴിഞ്ഞ് സോമൻ സാറിനോട് യാത്ര പറഞ്ഞ് ഗേറ്റിലേക്ക് നടന്നു. ടൂർ മാനേജരുടെ അഭാവത്തിൽ സാങ്കേതികമായും അല്ലാതെയും സഹായങ്ങൾ ചെയ്ത് RK എന്ന Radhakrishnan Nair സന്ദർഭത്തിനൊത്തുയർന്ന് താൽക്കാലിക ടൂർ മാനേജരായി.
ഓസ്ട്രേലിയ, വിട! പകർന്നു തന്ന കാഴ്ചകൾക്കും അനുഭവങ്ങൾക്കും അറിവുകൾക്കും നന്ദി!
പ്രീത രാജ്
Comments
Post a Comment