വാഴ്സൊ, പോളണ്ട്

വാഴ്സൊ, പോളണ്ട്

ഒക്ടോബർ എട്ടിനാണ് ഞങ്ങളുടെ ഇരുപത്തെട്ടംഗ സംഘം വാഴ്സൊയിൽ എത്തിയത്. കൊച്ചിയിൽ നിന്ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹയിലെത്തി അവിടെ നിന്ന്  ഖത്തർ എയർവേയ്സിൻ്റെ  തന്നെ മറ്റൊരു വിമാനത്തിൽ വാഴ്സൊയിൽ പറന്നിറങ്ങി , കാത്തു നിന്നിരുന്ന ബസിൽ നേരെ ഹോട്ടലിലേക്ക് പോയി. ചെന്നപാടെ ഒരു വലിയ ബർഗറും ഫ്രഞ്ച് ഫ്രൈസും സാലഡും മുമ്പിലെത്തി. വിമാനത്തിൽ നിന്ന് തന്നെ അത്യാവശ്യം ഭക്ഷണം കഴിച്ചതു കൊണ്ടാണോ  എന്നറിയില്ല, ബർഗർ ഒരു കൊച്ചു കുന്നു പോലെ തോന്നി. ഞങ്ങൾ രണ്ടു പേരും കൂടി ഒരെണ്ണം മതി എന്നു തീരുമാനിച്ചു. അതു തന്നെ തീർക്കാൻ ബുദ്ധിമുട്ടായിരുന്നു. 

പോളണ്ടിനെപറ്റി ഒരക്ഷരം മിണ്ടരുത് എന്ന സന്ദേശത്തിലെ ശ്രീനിവാസൻ ഡയലോഗ് ചിരിയുണർത്തുമെങ്കിലും പോളണ്ട് എന്ന് കേൾക്കുമ്പോൾ ഉടനെ മനസ്സിൽ വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യകളിലൊന്നിന് വേദിയായ നാസി കോൺസൻട്രേഷൻ ക്യാമ്പുകളാണ്. പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും അറിഞ്ഞ നാസി ക്രൂരതയും ഇരകളുടെ ദൈന്യതയും മനസ്സിലേക്കെത്തി.  

കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് ക്യാമ്പുകൾ ക്രാക്കോവ് എന്ന പോളണ്ട് നഗരത്തി നടുത്താണ്. വാഴ്സോ , ബാൾട്ടിക് രാജ്യങ്ങളിലേക്കുള്ള ഒരു ലാൻഡിങ്ങ് പോയൻ്റ് മാത്രമാണെന്ന് നേരത്തെ തന്നെ ടൂർ ഓപ്പറേറ്റേഴ്സ് പറഞ്ഞിരുന്നു. പോളണ്ട് അവരുടെ ഈസ്റ്റ് യൂറോപ്പ് പാക്കേജിൽ ഉൾപ്പെടുന്ന രാജ്യമാണ്. വൈകിട്ട് ചെറിയ  ഒരു വാഴ്സോ സിറ്റി ടൂർ മാത്രമാണ് അന്നത്തെ പരിപാടി.  പിറ്റേന്ന് ലിത്വാനിയയുടെ  തലസ്ഥാനമായ വിൽനസ് നഗരത്തിലേക്കുള്ള യാത്രയാണ്. 

ഹോട്ടൽ "ഗോൾഡൻ ടുലിപ് " സിറ്റിയുടെ തിരക്കുള്ള സ്ഥലത്തു തന്നെയാണ്. ബസ്സുകളും ട്രാമുകളും ഇടതടവില്ലാതെ തോളോട് തോൾ ചേർന്ന് ഒഴുകുന്നു. ബസ്സിൽ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ ആധുനികതയുടെ  പ്രൗഢിയിൽ വാഴ്സൊ തിളങ്ങി. മേപ്പിൾ മരങ്ങൾ അങ്ങിങ്ങ് നിറം പകർന്ന് തുടങ്ങിയിട്ടേ ഉള്ളൂ. 

സുഖകരമായ തണുത്ത സായാഹനത്തിൽ വാഴ്സോ ഓൾഡ് ടൗണിലൂടെ നടക്കുമ്പോൾ അവിടത്തെ കെട്ടിടങ്ങൾക്കുള്ളിൽ നിന്ന് എത്ര പേരെ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് പിടിച്ച് കൊണ്ടു പോയിരിക്കാം എന്ന് ഓർത്തു പോയി. "The Schindler's list" എന്ന സിനിമയിലെ രംഗങ്ങൾ ഓർമ്മ വന്നു. അതിലെ ചുവന്ന കുപ്പായക്കാരിക്കുട്ടിയെ പോലെ എത്ര കുഞ്ഞുങ്ങൾ മനുഷ്യത്വ രഹിതമായ ക്രൂരതക്കിരയായി അവിടെ മരണമടഞ്ഞിരിക്കാം!

നാസികൾ തകർത്ത ചരിത്രസ്മാരകങ്ങളെ പുനർനിർമ്മിച്ച്  കാത്തു സൂക്ഷിക്കുകയാണിവിടെ. ചരിത്രം സംരക്ഷിക്കപ്പെടേണ്ടതാണ്. പൈതൃകമറിയാൻ , ചരിത്രത്തിൽ നിന്ന് പാഠങ്ങളുൾക്കൊള്ളാൻ, തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ , തെറ്റുകൾ തിരുത്തി മുന്നേറാൻ.

യുനെസ്കൊ പൈതൃക പട്ടികയിൽ ഇടം നേടിയ വാഴ്സോ ഓൾഡ് ടൗൺ. കോബ്ളെ കല്ലുകൾ പാകിയ നിരത്തുകൾ ( cobblestone streets ) , കാസിൽ പാലസ് , കത്തീഡ്രൽ എല്ലാം മനോഹരം. മാർക്കറ്റ്സ്ക്വയർ ഒരു മായാ ലോകം പോലെ സുന്ദരം. പഴമയുടെ പ്രൗഢി വിളിച്ചോതി  ചുറ്റും നിൽക്കുന്ന കെട്ടിടങ്ങൾക്കിടയിൽ ചതുരാകൃതിയിൽ താൽക്കാലിക ടെൻ്റുകളിൽ ഭക്ഷണശാലകൾ.  അവിടവിടെയായി ശൈത്യത്തിൽ നിന്ന് രക്ഷയേകാൻ തീജ്വാലകൾ. പരന്നു തുടങ്ങിയ ഇരുളിൽ ആ കാഴ്ച മാന്ത്രികമായിരുന്നു.

മേരി ക്യൂറി വാഴ്സൊയുടെ , പോളണ്ടിൻ്റെ അഭിമാനമാണ്. മരിയ സലോമിയ സ്ക്ളോഡോവ്സ്കാ എന്ന  മേരി ക്യൂറി വാഴ്സൊയിലാണ് ജനിച്ചത്. അന്ന് റഷ്യൻ അധീനതയിലായിരുന്ന വാഴ്സൊയിൽ പെൺകുട്ടികൾക്ക് കോളേജ് പഠനം നിഷിദ്ധമായിരുന്നതിനാൽ മേരി  ആസ്ട്രിയൻ അധീനതയിലായിരുന്ന ക്രാക്കോവിലേക്കും അവിടെ നിന്ന് പാരീസിലെ യൂണിവേഴ്സിറ്റിയിലേക്കും പോയി. അവിടെ വച്ച് പിയറി ക്യൂറിയെ പരിചയപ്പെട്ട് വിവാഹം ചെയ്ത് രണ്ട് നോബേൽ സമ്മാനങ്ങൾ നേടിയ പോളണ്ടിൻ്റെ ആ പ്രിയ പുത്രി , ആദ്യമായി വേർതിരിച്ച റേഡിയോ ആക്ടീവ് മൂലകത്തിന് ജന്മനാടിൻ്റെ ഓർമ്മക്കായി പൊളോണിയം എന്ന പേർ നൽകി. മേരി ക്യൂറിയുടെ ജന്മസ്ഥലം ഒരു മ്യൂസിയമായി ഇവിടെ സംരക്ഷിക്കുന്നു. 

ഒരിന്ത്യൻ റെസ്റ്റോറൻ്റിൽ നിന്ന് അത്താഴം കഴിച്ച് തിരിച്ച് ഹോട്ടലിലേക്ക് വരുമ്പോഴും ഓൾഡ് ടൗൺ ചത്വരം മനസ്സിൽ തങ്ങി നിന്നു. ആലായാൽ തറ വേണം എന്ന പോലെ ടൗണായാൽ ഒരു ചത്വരവും വേണ്ടത് തന്നെ! 


പ്രീത രാജ്

Comments

  1. Super Narration.. 👍😊

    ReplyDelete
  2. Short and sweet narrative. Travel makes you realize that no matter how much you know, there is more to learn.

    ReplyDelete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

സുമിത്ര