റിഗയിലെ ശിൽപസൗധങ്ങൾ
റിഗയിലെ ശിൽപസൗധങ്ങൾ
ഹിൽ ഓഫ് ക്രോസ്സസ് ആണ് ആദ്യത്തെ ലക്ഷ്യം. ഒരു പ്രധാന കത്തോലിക്കാ തീർത്ഥാടന കേന്ദ്രമാണ് അവിടം. ഒരു കൊച്ചു കുന്നിൻ്റെ മുകളിലും ചരിവുകളിലും ചുറ്റുപാടുമായി രണ്ടു ലക്ഷത്തിലധികം കുരിശുകൾ. മാർപ്പാപ്പ വന്നപ്പോൾ ഉണ്ടാക്കിയ ഒരു പ്ലാറ്റ്ഫോം അവിടെ നിലനിർത്തിയിരിക്കുന്നു.
കുന്നിലേക്കുള്ള നടപ്പാത ഒരു വീതിയുള്ള വയൽ വരമ്പ് പോലെ. പാതയുടെ തുടക്കത്തിൽ കുരിശും സുവനീറുകളും വിൽക്കുന്ന കടകളുണ്ട്. ഞങ്ങളുടെ പുറകിലായി സാമാന്യം വലിയ ഒരു കുരിശു ചുമന്ന് ഒരു സംഘം തീർത്ഥാടകർ വരുന്നുണ്ടായിരുന്നു. ഒരു കുരിശ് വാങ്ങി സ്ഥാപിക്കാമായിരുന്നെന്ന് തോന്നി അവിടെ എത്തിയപ്പോൾ. അതിനൊരു അടയാളപ്പെടുത്തലിൻ്റെ സുഖമുണ്ടാകുമായിരുന്നു.
ഹിൽ ഓഫ് ക്രോസ്സസിലേക്ക് വരുമ്പോൾ വഴി തെറ്റി ഒരു മണിക്കൂറോളം നഷ്ടപ്പെട്ടിരുന്നു. അടുത്ത ലക്ഷ്യമായ റൂൺഡേൽ പാലസിലാണ് ഉച്ച ഭക്ഷണം ഒരുക്കിയിരിക്കുന്നത്. കുറച്ച് വൈകിയാണ് എത്തിയതെങ്കിലും സംഭവം രാജകീയമായിരുന്നു. ഡൈനിംഗ് ഏരിയ , അലങ്കാരങൾ , ഭക്ഷണം , അവതരണം എല്ലാം മികച്ചതായിരുന്നു. ഭക്ഷണം വിളമ്പിയ പെൺകുട്ടികൾക്ക് റഷ്യൻ ഛായ തോന്നി.
ഭക്ഷണശേഷം പാലസ് കണ്ടു. മതിപ്പുളവാക്കിയത് ബാത്ത് ഏരിയയും വെള്ളം ചൂടാക്കാനുള്ള സംവിധാനവുമാണ്. കൊട്ടാരത്തിന് പുറത്ത് റാണിയുടെ മുറിയിൽ നിന്ന് കാണാവുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന വിശാലമായ ഫ്രഞ്ച് ഗാർഡൻ. റോസാണ് പ്രധാനമായും പൂക്കൾ നിറഞ്ഞ് നിൽക്കുന്നത്.
ഗാർഡനേക്കാൾ മനോഹരമായി തോന്നിയത് കൊട്ടാരത്തിൻ്റെ ചുറ്റുപാടുമാണ്. ശിശിരവർണ്ണങ്ങളണിഞ്ഞ് വർണ്ണങ്ങൾ വാരി വിതറി നിൽക്കുന്ന വൃക്ഷങ്ങളും പുൽപ്പരപ്പുകളും ഇടയിലൂടെ നീണ്ടു പോകുന്ന പാതകളും പ്രകൃതിയുടെ നൈസർഗ്ഗിക സൗന്ദര്യത്തിൻ്റെ മാസ്മരികത വിളംബരം ചെയ്തു.
അവിടെ നിന്ന് ലാറ്റ് വിയയുടെ തലസ്ഥാനമായ റിഗയിലേക്ക് . വഴിയിൽ ഒരു റെസ്റ്റോറൻ്റിൽ നിന്ന് ലോക്കൽ ബുഫെ ഭക്ഷണം കഴിച്ച് Riga Islande ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. ഹോട്ടലും ചുറ്റുപാടും മനോഹരമായിരുന്നു
പിറ്റേന്ന് രാവിലെ പ്രാതൽ കഴിഞ്ഞ് റിഗ സിറ്റി ടൂർ തുടങ്ങി. അധിനിവേശങ്ങളുടെയും അടിച്ചമർത്തലുകളുടെയും മുറിവേറ്റതാണ് ലാറ്റ് വിയ്ക്കും. അമ്പതു വർഷത്തോളം സോവിയറ്റ് യൂണിയൻ്റെ ഭാഗമായും അതിനു മുമ്പ് ജർമ്മനി, സ്വീഡൻ എന്നീ പല ശക്തികളുടെ അധിനിവേശങ്ങളിലൂടെയും കൈമാറ്റങ്ങളിലൂടെയും കടന്നു പോയവർ. 1991 ലാണ് സ്വതന്ത്രരാവുന്നത്. ഇന്ന് ലാറ്റ് വിയ യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗമാണ്.
സ്വത്വം നഷ്ടപ്പെടുന്ന ജനതയുടെയും വ്രണിത ദേശീയതയുടെയും പ്രതീക്ഷയുടെയും ആവിഷ്കാരങ്ങളാണ് റിഗയിലെ ശിൽപ സൗധങ്ങൾ. കെട്ടിടങ്ങളിലെ അനേകം ശിൽപങ്ങളിലോരോന്നും കാഴ്ചക്കാരോട് സംവദിക്കുന്നു.
യുനെസ്കൊ പൈതൃക പട്ടികയിലുള്ള റിഗ നഗരത്തിൻ്റെ ഉരുളൻ കല്ലുപാകിയ ഇടുങ്ങിയ തെരുവുകളിലൂടെ നടക്കുമ്പോഴാണ് മൂടുപണമണിഞ്ഞ് നിൽക്കുന്ന ഭൂതത്തെ കാണുന്നത്. കൂടെ നിന്നൊരു ഫോട്ടോ എടുക്കാൻ തടസ്സമൊന്നും പറയാതെ നിന്നു തന്നു. പക്ഷെ മൂടുപടം മാറ്റാൻ കൂട്ടാക്കിയില്ല. ഭൂതമല്ലേ! അൽപം നിഗൂഢതയൊക്കെ വേണ്ടേ!
റിഗയിൽ മുഴുവൻ ശിൽപങ്ങളും ശിൽപസംവിധാനങ്ങളുമാണ്. ഒരിടത്ത് നാലു ചങ്ങാതിമാരുടെ ഒരു ശിൽപം. ഒരു കഴുത , ഒരു നായ , ഒരു പൂച്ച , ഒരു കോഴി. നാലുപേരും ഒന്നിനു മീതെ ഒന്നായി ഇരുപ്പാണ്. അതിനെ സ്പർശിച്ച് ആഗ്രഹിച്ചാൽ സംഗതി നടക്കും എന്നാണത്രെ വിശ്വാസം.
മറ്റെവിടെയോ ഒരു വിഷിംഗ് ടൈലിൽ നിന്ന് അമേരിക്കൻ പ്രസിഡൻ്റാകണമെന്ന് ഉറക്കെ ആഗ്രഹം പറഞ്ഞു , ഗ്രൂപ്പിലെ വൈജ്ഞാനികനും എഴുത്തുകാരനും സർവോപരി നാസ്തികനുമായ രാജൻ സർ . താൻ പാതി ടൈൽ പാതി എന്നല്ലേ പ്രമാണം, ആദ്യം സ്വന്തം പാതി ചെയ്യൂ എന്നോ വെല്ലു വിളി മട്ടിലുള്ള ആഗ്രഹങ്ങൾ നിറവേറ്റപ്പെടില്ല എന്നുമൊക്കെ ടൈൽ വക് താക്കൾക്ക് ഒഴികഴിവ് പറയാവുന്നതേ ഉള്ളൂ.. തകർക്കാൻ പറ്റാത്ത വിശ്വാസം എന്നല്ലേ....
റിഗയുടെ ഓൾഡ് ടൗൺ തെരുവുകളിലൂടെ നടക്കുമ്പോൾ ഭാരതത്തിൻ്റെ ദേശീയ ഗാനം മുഴങ്ങി. "ഈശ്വരാ ഈ ലാറ്റ്വിയക്കാരന്മാരെക്കൊണ്ട് തോറ്റു. നമ്മൾ വന്നതറിഞ്ഞ് ദേശീയഗാനം ആലപിച്ച് സ്വീകരിക്കുകയാണ് " എന്നൊക്കെ റാംജി റാവു ജനാർദ്ദനൻ സ്റ്റൈലിൽ സ്വയം പറഞ്ഞ് ചുറ്റും നോക്കുമ്പോൾ രണ്ടു പേർ തെരുവോരത്ത് നിന്ന് വാദ്യം ആലപിക്കുകയാണ്. ഗൈഡിന് വാദ്യക്കാരെപ്പറ്റി വലിയ മതിപ്പൊന്നുമില്ലായിരുന്നെങ്കിലും ഗ്രൂപ്പിലെ നല്ല സമരിയാക്കാരനായ ജെയിംസ് സർ ബാഗിൽ യൂറോക്കായി തപ്പുന്നത് കണ്ടു.
ഉച്ച ഭക്ഷണം കഴിഞ്ഞ് റിഗയോട് വിട പറഞ്ഞു. അടുത്ത ബാൾട്ടിക് രാജ്യമായ എസ്റ്റോണിയയുടെ തലസ്ഥാനനഗരിയിലേക്കാണ് യാത്ര. വഴിയിൽ നിറയെ ബിർച്ച് മരങ്ങൾ പീതവർണ്ണം പൂണ്ട് നിന്നിരുന്നു. എസ്റ്റോണിയ കുറച്ചു കൂടി ടൂറിസ്റ്റ് സൗഹൃദമാണെന്ന് തോന്നി. അതിർത്തി കടന്ന ഉടൻ തന്നെ ഫലകങ്ങളിൽ ഇംഗ്ലീഷിലും കൂടി എഴുതി വച്ചിരിക്കുന്നത് ശ്രദ്ധിച്ചു. പുറത്തെ കാഴ്ചകൾ നോക്കിയിരിക്കെ കണ്ണടഞ്ഞു പോയിരുന്നു..
പ്രീത രാജ്
,👍👏👏👏
ReplyDelete😊🙏
Delete