ലിത്വാനിയ - കുരിശിൻ്റെ നാട്

ലിത്വാനിയ- കുരിശിൻ്റെ നാട്

വാഴ്സൊയിൽ ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച് വിൽനിയസിലേക്ക്  പുറപ്പെട്ടു. രാവിലെ അധികം പരീക്ഷണത്തിനൊന്നും നിൽക്കാതെ  ബ്രഡ്, ജാം , മുട്ട, ഫ്രൂട്ട്സ് , ജ്യൂസ് എന്ന സ്ഥിരം രീതിയിൽ പോയതിനാൽ വിശേഷാൽ വിഭവങ്ങളൊന്നും നോക്കിയില്ല. അൺപാക്കിംഗ്- റീപാക്കിംഗ് പരിപാടി ഉള്ളതിനാൽ അധികം സമയവുമില്ല. 

വിൽനിയസിലേക്ക്  500 കിലോമീറ്ററിലധികം ദൂരമുണ്ട്. അഞ്ചാറ് മണിക്കൂർ  നീണ്ട യാത്രയാണ്. സ്വയം പരിചയപ്പെടുത്തലും സംവാദങ്ങളും തമാശകളുമായി ഞങ്ങൾ യാത്രയുടെ വിരസതയകറ്റി. പുറം കാഴ്ചകളിൽ എടുത്തു പറയത്തക്കതായി ഒന്നുമില്ലായിരുന്നു. വിളഞ്ഞു കിടക്കുന്ന വയലുകളും കൃഷിത്തോട്ടങ്ങളും എനിക്കേറെ പ്രിയപ്പെട്ട കാഴ്ചകളാണ്. അത്തരം മനോഹരദൃശ്യങ്ങളൊന്നും കണ്ടില്ല. അധികം ജീവജാലങ്ങളെയും കണ്ടില്ല. ഒരു പക്ഷെ ശൈത്യകാല മുന്നൊരുക്കങ്ങളായി വിളവെടുപ്പെല്ലാം കഴിഞ്ഞു കാണും. പക്ഷികൾ ദേശാടനം  തുടങ്ങിക്കാണുമായിരിക്കാം.

വാഴ്സൊയിലെ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ഒരു ചില്ലു ജാലകത്തിൽ നിറയെ കറുത്ത പക്ഷികളെ ഒട്ടിച്ചു വച്ചിരിക്കുന്നത് കണ്ടിരുന്നു. അതേതെങ്കിലും വിശ്വാസത്തിൻ്റെ ഭാഗമാണോ എന്ന് ഗൈഡിനോട് ചോദിച്ചപ്പോൾ വലിയ ഇരപിടിയൻ പക്ഷികളെ അകറ്റാനായിരിക്കാം എന്ന അധികം ഉറപ്പില്ലാത്ത മറുപടിയാണ് കിട്ടിയത്. ഏതായാലും ആ കാക്കകൾ ലിത്വാനിയയിലും ധാരാളമുണ്ട്. പകുതി വെളുത്ത് പകുതി കറുത്ത കാക്കകൾ. കാലാവസ്ഥക്ക് അനുസൃതമായി നിറം മാറിയതാവാം. അതോ നാസികളുടെ പരീക്ഷണങ്ങൾക്കിടെ ജനിച്ച ആര്യൻ കാക്കകളാണോ എന്തോ!! അവയുടെ ശബ്ദം കേൾക്കുമ്പോൾ നമ്മുടെ കാകന്മാരുടെ "കാ കാ " എത്ര സംഗീത സാന്ദ്രമാണെന്ന് തോന്നും.

വഴിയിൽ ഒരു ലോക്കൽ ലഞ്ച്. മത്തങ്ങ സൂപ്പ് , ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് , ചിക്കൻ , സാലഡ്, കപ്പലണ്ടി ചേർത്ത കേക്ക്. മോശമില്ല പരിപാടി. ഓരോ മേശയിലും ഓരോ വലിയ ജഗ് നിറയെ  ഓറഞ്ച് ജ്യൂസും നാരങ്ങ മുറിച്ചിട്ട വെള്ളവും . ഉച്ച ഭക്ഷണത്തിന് ശേഷം അധികം വൈകാതെ  ലിത്വാനിയയിലെ രണ്ടാമത്തെ വലിയ നഗരമായ കൗനാസിലെത്തി. 

നെരിസ് , നെമുനസ് എന്ന രണ്ടു നദികളുടെ സംഗമസ്ഥാനത്താണ് കൗനാസ് പട്ടണം സ്ഥിതി ചെ
യ്യുന്നത്. നദിക്കരയോട് ചേർന്ന റോഡിൻ്റെ മറു ഭാഗത്താണ് കൗനാസ് കാസിൽ. അതിമനോഹരമാണ് കോട്ടയുടെ പരിസരം. 

കൗനാസ് ഓൾഡ് ടൗൺ പള്ളികളും ചത്വരവും കല്ലുപാകിയ തെരുവുകളും നിറം മാറിത്തുടങ്ങിയ ഓക്ക് , ബിർച്ച് മരങ്ങളും ചേർന്ന് സുന്ദരമായിരുന്നു . ബീസ്റ്റ് ഓഫ് കൗനാസിൻ്റെ ഒരു പാറക്കല്ലോളം വലിയ  പല്ല് അവിടെ ചില്ലു പേടകത്തിൽ സൂക്ഷിച്ചിരിക്കുന്നു.  കുഞ്ഞിപ്പാപ്പുവിൻ്റെ Gruffallo കഥ ഓർമ്മ വന്നു. ഒരു കുഞ്ഞെലി ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ ഭാവനയിൽ മെനഞ്ഞ  Gruffallo ശരിക്കും ജീവനെടുത്ത് വന്നതു പോലെ , ഏതോ കൗനാസുകാരൻ്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ് ജീവൻ വച്ചു വന്നതായിരിക്കാം ആ ബീസ്റ്റ്. ബീസ്റ്റിൻ്റെ പല്ലെങ്ങനെ കൊഴിഞ്ഞോ ആവോ!!

ഒരു പാതയുടെ ഒരു വശം മുഴുവൻ ഭക്ഷണശാലകൾ. പലതും അടച്ചിട്ടിരിക്കുന്നു. വൈകീട്ട് മാത്രം പ്രവർത്തിക്കുന്നവയാവാം. ഭക്ഷണശാലകളിലെ കസേരകൾ കൗതുകമുണർത്തി. ഊഞ്ഞാലു പോലെ ആടാവുന്ന കസേരകൾ വരെ ഉണ്ട്. കസേരകളിലെ വൈവിദ്ധ്യം ഭക്ഷണ സാധനങ്ങളിലുമുണ്ടാകുമായിരിക്കാം. 

ഒരു സുവനീർ ഷോപ്പിൻ്റെ മുന്നിൽ വച്ചിരുന്ന ലിത്വാനിയൻ വസ്ത്രമണിഞ്ഞ ദമ്പതികളുടെ കട്ടൗട്ടിൽ മുഖം ചേർത്ത് ഞങ്ങളും ലിത്വാനിയക്കാരായി.
കുറച്ചു നേരം സുവനീർ വാങ്ങലും ഫോട്ടോ എടുക്കലുമായി അവിടെ ചിലവഴിച്ചു. പിന്നെ യാത്ര തുടർന്നു. 

വിൽനിയസിൽ താമസിക്കുന്ന Best Western ഹോട്ടലിൽ തന്നെയായിരുന്നു രാത്രി ഭക്ഷണം.  ഉരുളക്കിഴങ്ങും ചിക്കനും സാലഡും തന്നെയാണ് പ്രധാനമെങ്കിലും ബാൾട്ടിക് നോർഡിക് രാജ്യങ്ങളിലെ ഡെസ്സേർട്ട്സ് കൊള്ളാം. എല്ലാം ഒന്നിനൊന്നു മെച്ചം. 

പിറ്റേന്ന് രാവിലെ ഒമ്പതരയോടെ വിൽനിയസ് സിറ്റി ടൂർ തുടങ്ങി.  അധിനിവേശങ്ങളുടെ , അടിച്ചമർത്തലുകളുടെ മുറിവുണങ്ങാത്തവരാണ് ലിത്വാനിയക്കാർ. പോളണ്ടിൻ്റെ  ,ജർമ്മനിയുടെ , യു എസ് എസ്ആറിൻ്റെ ഒക്കെ ഭാഗമായി 1990 ലാണ് സ്വതന്ത്ര രാഷ്ട്രമായത്. യൂറോപ്യൻ യൂണിയനിലും NATO യിലും അംഗമാണ് ഇപ്പോൾ ലിത്വാനിയ. യൂറോ കറൻസിയായും സ്വീകരിച്ചിരിക്കുന്നു.

 പുടിനും റഷ്യയും ഇവിടെ വെറുക്കപ്പെടുന്നു. ഒരു ബിൽഡിംഗിൻ്റെ മുകളിൽ " PUTIN , THE HAGUE IS WAITING  FOR YOU" എന്ന് എഴുതി വച്ചിരുന്നത് കൗതുകമുണർത്തി. ഇംഗ്ലീഷ് വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്ന ലിത്വാനിയക്കാരാണ് ലോകം മുഴുവൻ കാണാനായി കാപിറ്റൽ ലെറ്റേഴ്സിൽ ഇതെഴുതി വച്ചിരിക്കുന്നത്. പുടിൻ, റഷ്യ വിരുദ്ധ വികാരം ഫിൻലൻ്റ് വരെ സാമാന്യമായി കണ്ടിരുന്നു.

യു എസ് എസ് ആറിൻ്റെ ഭാഗമായിരുന്നപ്പോൾ വിശ്വാസം അടിച്ചമർത്തപ്പെട്ടിരുന്നെങ്കിലും വിൽനിയസ് നിറയെ പള്ളികളാണ്. ജനതയുടെ എൺപത് ശതമാനത്തോളം കത്തോലിക്കരും. സ്വാഭാവികമായും ഞങ്ങളുടെ ആദ്യ സന്ദർശനവും ഒരു പള്ളിയിലേക്ക് തന്നെയായിരുന്നു. Church of St. Peter and St.Paul. ലിത്വാനിയൻ പേരെന്താണോ !! നാവിനും വിരലുകൾക്കും വഴങ്ങുമോ എന്നുറപ്പില്ലാത്തതിനാൽ അതിന് മിനക്കെടുന്നില്ല. 

അതിമനോഹരമാണ് പള്ളിയുടെ അകത്തളം. മനോഹരമായ അനേകം ശിൽപങ്ങൾ കൊത്തിവച്ച ചുമരുകൾ. എല്ലാത്തിനും തത്വചിന്താപരമായ വിശദീകരണൾ നൽകുന്നുണ്ടായിരുന്നു ഗൈഡ്. അതൊരു പക്ഷെ പറയുന്ന, നോക്കുന്ന ആളുകളുടെ ചിന്തകൾക്കനുസരിച്ച് വ്യാഖ്യാനിക്കപ്പെടാമെന്ന് തോന്നി. 
പള്ളിയുടെ പുറവും മനോഹരം. ഇരുവശത്തും ഓക്കു മരങ്ങൾ മഞ്ഞച്ചാമരം വീശി നിന്നിരുന്നു.

Subaciaus Lookout  എന്ന വ്യൂ പോയൻ്റിലേക്കായിരുന്നു അടുത്ത യാത്ര. അവിടെ നിന്ന് നോക്കിയാൽ ലിത്വാനിയയിലെ പ്രധാനപ്പെട്ട കെട്ടിടങ്ങൾ കാണാം. പള്ളികൾ, ഹിൽ ഓഫ് ത്രീ ക്രോസ്സസ്, ടി വി sവർ തുടങ്ങിയവ. കാണാൻ കഴിയുന്ന കെട്ടിടങ്ങളുടെ പേരുകൾ അവിടെ ഒരു ഫലകത്തിൽ എഴുതി വച്ചിരുന്നു. വ്യൂപ്രായൻ്റിന് താഴെ ഒരു പാർക്കു കണ്ടു. മരങ്ങൾക്കിടയിലൂടെ നീളുന്ന ഒറ്റയടിപ്പാതയിലൂടെ ഇത്തിരി നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മോഹിച്ചു പോയി. പക്ഷെ ടൂർ പ്ലാനിൽ അത്തരം നടത്തങ്ങൾക്ക് സാധ്യതയില്ല. വ്യൂപോയൻ്റിലെ കമ്പിവേലിയിൽ നിറയെ പൂട്ടുകൾ. ലവ് ലോക്ക്സ്. എല്ലാ ബന്ധങ്ങളും സുരക്ഷിതമായിരിക്കട്ടെ എന്ന് മനസാ ആശംസിച്ചു.

ഓൾഡ് ടൗണിനടുത്തുള്ള ഒരു റഷ്യൻ ഓർത്തഡോക്സ് ചർച്ചിൽ എത്തിയതിൻ്റെ പ്രധാന ലക്ഷ്യം വാഷ്റൂം ഉപയോഗിക്കലായിരുന്നു. ഒരു യൂറോ കൊടുത്ത് പുറത്ത് വന്നവരുടെ മുഖഭാവം കണ്ടപ്പോൾ പിന്നെയാവാം എന്നു തീരുമാനിച്ചു. പള്ളിയുടെ ചുറ്റുപാടും നിറയെ വൃക്ഷങ്ങൾ!! ഒരു സന്യാസാശ്രമം കൂടിയാണത്. പാതിരിമാരുടെ വേഷം മനോഹരമായി തോന്നി. പള്ളിയിൽ കയറാതെ മടങ്ങാൻ തുടങ്ങിയ ഞങ്ങളെ ഒരു പാതിരി അകത്തേക്ക് ക്ഷണിച്ചു. അവിടെ അൾത്താരക്കു താഴെ ചില്ലു മേൽക്കൂരയുള്ള പേടകത്തിൽ മൂന്ന് റഷ്യൻ പാതിരിമാർ അന്ത്യവിശ്രമം കൊള്ളുന്നു. ഒരൽപം അമ്പരപ്പുണ്ടാക്കിയ കാഴ്ചയായിരുന്നു അത്.

ഓൾഡ് ടൗണിലെ ഇടുങ്ങിയ വഴികളിലൂടെ നടക്കുമ്പോൾ വിൽനിയസ്
യൂണിവേഴ്സിറ്റിയുടെ ഒരു ഭാഗം കണ്ടു. സുന്ദരിയായ ഞങ്ങളുടെ ലിത്വാനിയൻ ഗൈഡ് അവിടെയാണ് പഠിച്ചതത്രേ. പ്രസിഡൻഷ്യൽ പാലസ് കണ്ട് ഞങ്ങൾ ഗേറ്റ് ഓഫ് ഡോണിൽ (Gate of Dawn) എത്തി. ഇടുങ്ങിയ ഇടനാഴിയിലൂടെ ഗോവണി കയറിപ്പോയാൽ മാതാവിൻ്റെ (Our Lady of the Gate of Dawn ) ചിത്രം കാണാം. ചിത്രത്തിന് ചുറ്റും ലോഹം കൊണ്ട് അലങ്കാരപ്പണികൾ ചെയ്തിട്ടുണ്ട്. ഒരു പ്രധാന കത്തോലിക്കാ തീർത്ഥാടന കേന്ദ്രമാണിവിടം. വയസ്സായ ഒന്നു രണ്ടു സ്ത്രീകൾ വടികുത്തി ഗോവണി കയറിപ്പോകുന്നത് കണ്ടു. പുരാതന കാലം മുതൽക്കേ വളരെ പ്രധാനപ്പെട്ട സുരക്ഷാകവാടമായിരുന്നത്രേ ഇവിടം. 

ഓൾഡ് ടൗണിനടുത്തുള്ള ഒരു റസ്റ്റോറൻ്റിലായിരുന്നു ഉച്ച ഭക്ഷണം. ഒരു കുഴിപ്പിഞ്ഞാണത്തിൽ കഷ്ടപ്പെട്ട് അവർ ബീറ്റ്റൂട്ട് സൂപ്പ് കൊണ്ടു വന്നു വച്ചു. 
കൊക്കിനെ അത്താഴത്തിന് ക്ഷണിച്ച് പരന്ന പിഞ്ഞാണത്തിൽ സൂപ്പ് വിളമ്പിയ കുറുക്കൻ്റെ കഥ ഓർമ്മ വന്നു. എങ്കിലും സ്പൂൺ ഉള്ളത് കൊണ്ട് കൊക്കിൻ്റെ ഗതി വന്നില്ല. ലിത്വാനിയ പൊതുവെ വയസ്സായവർക്കും വികലാംഗർക്കും വലിയ പരിഗണന കൊടുക്കുന്നതായി തോന്നിയില്ല. റസ്റ്റോറൻ്റിൻ്റെ റസ്റ്റ്റൂം കുത്തനെയുള്ള ഗോവണിക്ക് താഴെയായിരുന്നു. 

ഉച്ച ഭക്ഷണം കഴിഞ്ഞ് വിൽനിയസ് കത്തീഡ്രലും ജെഡിമിനാസ് കോട്ടയുടെ മുകൾഭാഗത്തെ ടവറും കണ്ടു. ജെഡിമിനാസ് ഒരു കുന്നിൻ്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മ്യൂസിയവും , വ്യൂപോയിൻ്റും ഉണ്ടവിടെ. ഞങ്ങൾ പക്ഷെ കുന്നു കയറാൻ നിന്നില്ല. താഴെ ഒരു പാർക്കിൽ നിന്ന് ടവർ കണ്ടു. 

പാർക്കിലെ മരങ്ങൾ നിറയെ ഇല പൊഴിച്ചിരുന്നു. അവിടെ ഒരു ബഞ്ചിലിരുന്ന് യന്ത്രസഹായത്തോടെ ഇലകൾ നീക്കം ചെയ്യുന്നത് നോക്കിയിരുന്നു. ശിശിരത്തിൽ ഇലകളും ശൈത്യകാലത്ത് മഞ്ഞും നീക്കം ചെയ്യൽ കുറച്ചു മെനക്കെട്ട പണി തന്നെ. എങ്കിലും വീണു കിടക്കുന്ന നിറച്ചാർത്ത് രമണീയം.

അവിടെ നിന്ന് അക്രോപൊളിസ് എന്ന മാളിൽ ഷോപ്പിംഗിനായി കുറച്ചു സമയം ചെലവഴിച്ച് അത്താഴം കഴിച്ച് ഹോട്ടലിലെത്തി. പിറ്റെന്ന് ലാറ്റ് വിയയുടെ തലസ്ഥാനമായ റിഗയിലേക്കാണ് യാത്ര. വഴിയിൽ ഹിൽ ഓഫ് ക്രോസ്സസ് എന്ന തീർത്ഥാടന കേന്ദ്രവും റൂൺഡേൽ പാലസും കാണാനുണ്ട്. രണ്ടും ലിത്വാനിയയിൽ തന്നെയാണ്. അത് റിഗ യാത്രയിൽ പറയാം. 


പ്രീത രാജ്

Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര