എസ്റ്റോണിയയിൽ ഒരു ശിശിരകാലത്ത്
എസ്റ്റോണിയയിൽ ഒരു ശിശിരകാലത്ത്
ടാലിനിൽ പക്ഷെ ആ ഗതകാലസ്മൃതികളുടെ ആഘാതം അത്ര പ്രകടമായിരുന്നില്ല. തദ്ദേശീയർ ആകെ ജനസംഖ്യയുടെ പകുതിയോളം മാത്രം ഉള്ളതു കൊണ്ടാവാം. പകുതിയോളം പേർ മതങ്ങളിൽ വിശ്വസിക്കുന്നില്ല. ധാരാളം പള്ളികൾ പ്രവർത്തിക്കാതെ അടഞ്ഞു കിടക്കുന്നുണ്ടവിടെ. ഒരിടത്ത് രണ്ടു കന്യാസ്ത്രീകൾ മാത്രമുള്ള ഒരു കോൺവൻ്റ് കാണിച്ചു തന്നു ഞങ്ങളുടെ
ഗൈഡ്. ഒരു ഐറിഷ്കാരിയും ഒരു ഇന്ത്യക്കാരിയും. ഇന്ത്യൻ മിക്കവാറും മലയാളിയായിരിക്കും എന്ന് ഊഹിച്ചു.
ഒരു പക്ഷെ പ്രകൃതിയുടെ ദ്രുതതാളത്തിലുള്ള ശിശിരനടനത്തിന് സൂര്യകിരണങ്ങൾ ഒരുക്കിയ വെളിച്ച വിന്യാസത്തിൻ്റെ മാസ്മരികതയിൽ ചരിത്രത്തിൻ്റെ അത്തരം രേഖപ്പെടുത്തലുകൾ ശ്രദ്ധിക്കാതെ പോയതുമാവാം . വർണ്ണ മേലാപ്പും അലസമായി വീഴുന്ന ഇലകളും പച്ചപ്പുൽ മേടുകളിൽ ഇലകൾ തീർത്ത വർണ്ണ വിന്യാസങ്ങളും വെയിലിൽ തിളങ്ങിയിരുന്നു. പ്രസാദസുന്ദരമായ ഒരു ശിശിരകാല പ്രഭാതം.
പ്രവചനാതീതമാണ് വടക്കൻ യൂറോപ്പിലെ കാലാവസ്ഥ, എപ്പോൾ വേ ണമെങ്കിലും മഴ പെയ്യാം അതിനാൽ കുടകൾ കരുതണമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതുവരെ കുടകൾ എടുക്കേണ്ടി വന്നില്ലല്ലോ എന്നു ചിന്തിച്ച് നോക്കുമ്പോൾ ഗ്രേസ്, ആ തണുത്ത പ്രഭാതത്തിൽ തഴുകാൻ വന്ന സൂര്യകിരണങ്ങളെ തൻ്റെ വർണ്ണക്കുടനിവർത്തി തടഞ്ഞു നിർത്തുന്നു!! പാവം സൂര്യൻ!
ഞങ്ങളുടെ ഗൈഡ് ഒരു മുൻ ടീച്ചറായിരുന്നു. ഒരിന്ത്യൻ പതാകയേന്തി അവർ ബോർഡ് പരീക്ഷക്ക് തയ്യാടുക്കുന്ന കുട്ടികളെയെന്ന പോലെ ഞങ്ങളെ നയിച്ചു. പ്രകൃതി സൗന്ദര്യം നുകർന്ന് അവിടവിടെ നിന്നു പോയ ഞങ്ങളെ പാഠങ്ങൾ മുഴുവൻ തീർക്കാൻ പറ്റുമോ എന്ന് വെപ്രാളപ്പെടുന്ന ടീച്ചറെ പോലെ തിടുക്കം കൂട്ടി വിളിച്ചു കൊണ്ടിരുന്നു. രസകരമായിരുന്നു അവരുടെ സംഭാഷണം. മികച്ച ഒരു ടീച്ചറായിരുന്നിരിക്കണം അവർ. കൂട്ടത്തിൽ നല്ല ചോദ്യങ്ങൾ ചോദിച്ച രാജിനെ അഭിനന്ദിക്കാനും മറന്നില്ല ഞങ്ങളുടെ ടീച്ചർ ഗൈഡ്.
ബാൾട്ടിക് കടലിനഭിമുഖമായി നിൽക്കുന്ന റുസ്സാൽക മെമോറിയൽ ശിൽപവും ചുറ്റുപാടും കടൽ തീരത്തെ നടപ്പാതകളും എല്ലാം സുന്ദരം. 1983 ൽ ബാൾട്ടിക്കിൻ്റെ ഗൾഫ് ഓഫ് ഫിൻലൻഡ് ഭാഗത്ത് മുങ്ങിപ്പോയ റുസ്സാൽക എന്ന റഷ്യൻ നാവികക്കപ്പലിൻ്റെ ഓർമ്മക്കായി സ്ഥാപിച്ചതാണ് ഈ ശിൽപം. കയ്യിലെ റഷ്യൻ ഓർത്തഡോക്സ് കുരിശ് കപ്പൽ മുങ്ങിയിടത്തേക്ക് ചൂണ്ടി നിൽക്കുന്ന മാലാഖയാണ് ശിൽപം.
ടാലിനിലെ തുറന്ന സംഗീത മൈതാനം ( Open Air Music Ground) എസ്റ്റോണിയയിലെ എല്ലാ പ്രധാന സാംസ്കാരിക പരിപാടികൾക്കും വേദിയാണ്. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന മ്യൂസിക് ഫെസ്റ്റിവലിൽ ലോകപ്രശസ്ത സംഗീതജ്ഞരും ഗ്രൂപ്പുകളും പരിപാടികൾ അവതരിപ്പിക്കാറുണ്ടത്രെ. ചുറ്റുപാടും നിന്നിരുന്ന മരങ്ങൾ ആ സംഗീത വിരുന്നിൻ്റെ ഓർമ്മയിലെന്നവണ്ണം ആടിയുലഞ്ഞപ്പോൾ നിറം പകർന്ന ഇലകൾ നൃത്തം ചെയ്ത് താഴേക്കിറങ്ങി.
ടൂമ്പിയ എന്ന കുന്നിൻ്റെ മുകളിലാണ് ഡാനിഷ് കിങ്ങ്സ് ഗാർഡൻ ( ഡെൻമാർക്ക് രാജാവിൻ്റെ പൂന്തോട്ടം )
ഒരു നൂറ്റാണ്ടോളം ഡെൻമാർക്കിൻ്റെ ഭാഗമായിരുന്നു ടാലിൻ . ഡെൻമാർക്ക് പതാക ഉണ്ടായതിവിടെയാണത്രെ. ഗാർഡനിൽ നിന്ന് താഴോട്ട് നോക്കിയാൽ നാടോടിക്കഥയുടെ ചിത്രങ്ങൾ പോലെ മനോഹരമായ ടാലിൻ ഓൾഡ് ടൗൺ കാണാം. മേപ്പിൾ മരങ്ങൾ വർണ്ണ പ്രപഞ്ചം തീർക്കുന്ന ഡാനിഷ് കിങ്ങ്സ് ഗാർഡനിൽ മൂന്ന് ശിൽപങ്ങളുണ്ട്. മൂന്നു പേർക്കും മുഖമില്ല. ഒരാൾ പ്രാർത്ഥിക്കുന്നു, ഒരാൾ കാത്തിരിക്കുന്നു, മറ്റേയാൾ നിരീക്ഷിക്കുന്നു ( Monk statues. Praying, waiting and observer monks). ഏതോ ഭൂത കഥകളുടെ ഭൂതകാലമുണ്ടാകും അവർക്കും. അതിൽ കാത്തിരിപ്പുകാരൻ്റെ കൂടെ ഒരു ഫോട്ടോ എടുത്തു. എന്താണ് കാത്തിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി കിട്ടിയില്ല.
ഓൾഡ് ടൗണിലൂടെ നടക്കുമ്പോഴാണ് പൂച്ചയുടെ കിണർ ( cat's well) കണ്ടത്. സത്യത്തിൽ പൂച്ചയുടെ കിണർ അല്ല. Cat's Hell എന്ന പേരാവും കൂടുതൽ യോജിക്കുക. അലഞ്ഞു തിരിയുന്ന പൂച്ചകളെ പിടിച്ചിട്ടിരുന്ന കിണറാണത്രെ അത്. കിണറിലെ ചെകുത്താനെ പ്രീതിപ്പെടുത്താൻ. കഷ്ടം തന്നെ!
ഉച്ച ഭക്ഷണം ഒരു ചൈനീസ് റെസ്റ്റൊറൻ്റിൽ നിന്നായിരുന്നു. അതത്ര വെടിപ്പായില്ല. ബാൾട്ടിക് വിഭവങ്ങൾ തന്നെ മതിയായിരുന്നു എന്ന് തോന്നി.
ഭക്ഷണ ശേഷം ഹെൽസിങ്കിയിലേക്ക് പോകാനായി ഒരു ചെറിയ കപ്പൽ ഫെറിയിൽ കയറി. മൂന്നു മണിക്കൂർ യാത്രയുണ്ട് ഹെൽസിങ്കിയിലേക്ക്.
ബാൾട്ടിക്കിൻ്റെ ചെറുതിരമാലകളെ മുറിച്ച് Viking XPRS എന്ന യാനം യാത്രയായി. യാത്രയുടെ പകുതി പിന്നിട്ടിരിക്കുന്നു. വലിയ പ്രശ്നങ്ങളൊന്നും ആർക്കും ഉണ്ടായില്ല. ഗ്രൂപ്പിലെ മൂന്ന് ഒറ്റയാന്മാരിൽ ഒരാളായ ജോസഫ് സാറിൻ്റെ പാസ്സ് പോർട്ട് നഷ്ടപ്പെട്ടിരുന്നു രാത്രി റിഗയിലെ ഒരു മാളിൽ വച്ച്. പിറ്റേന്ന് രാവിലെ സിസി കാമറ നോക്കി ബാഗ് എടുത്തു കൊണ്ടു പോയ ജീവനക്കാരിയെ കണ്ടെത്തി പാസ്പോർട്ട് വീണ്ടെടുത്തു. അതായിരുന്നു ഏറ്റവും ഉദ്വേഗഭരിതമായ സംഭവം.
ഷോപ്പുകളും റെസ്റ്റൊറൻ്റുകളും ഒക്കെയുണ്ട് യാനത്തിൽ. ലൗഞ്ചിൽ സംഗീതം പൊടി പൊടിക്കുന്നു. കുറച്ചു നേരം അവിടെയിരുന്ന് മുകളിലെ ഒരു റസ്റ്റൊറൻ്റിൽ പോയി. ഒരു കാപ്പി നുണഞ്ഞ് കടലിനെ നോക്കിയിരിക്കുമ്പോൾ കണ്ടതും കാണാനിരിക്കുന്നതുമായ കാഴ്ചകളെല്ലാം സമുദ്രത്തിൻ്റെ ആഴങ്ങളിൽ ഒരു മാന്ത്രികൻ്റെ കയ്യടക്കത്തോടെ ഒളിപ്പിച്ചു വച്ച് ഭൂമി പുഞ്ചിരിച്ചു.
പ്രീത രാജ്
Comments
Post a Comment