പ്രകൃതിയുടെ നിറഭേദങ്ങൾ
ഒരു മാസത്തോളം മൂന്നു വയസ്സിൻ്റെ വിശാല ലോകത്തിൽ മുഴുകിപ്പോയിരുന്നു. അവിടെ കൈ പിടിച്ചു നടത്തിയിരുന്ന കുഞ്ഞിപ്പാപ്പു അവളുടെ ബഹ്‌റൈനിലേക്ക് മടങ്ങിപ്പോയപ്പോൾ മുതിർന്നവളുടെ പ്രാരാബ്ധങ്ങളിലേക്കുള്ള മടക്കയാത്രക്ക് വഴിയറിയാതെ ഉഴറിപ്പോയിരുന്നു. നേരത്തെ പ്ലാൻ ചെയ്തിരുന്ന യൂറോപ്പ് യാത്രക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത് ആശ്വാസം. ഈ യാത്ര മൂന്നിൽ നിന്ന് അമ്പത്തേഴിലേക്കുള്ള മാറ്റം സുഗമമാക്കുമായിരിക്കും എന്ന് കരുതിയിരുന്നു.
ഉത്തരധ്രുവത്തിന് കുറച്ചു താഴെ കിടക്കുന്ന നോർഡിക്- ബാൾട്ടിക് രാജ്യങ്ങൾ. അവിടെ പ്രകൃതിക്ക് മറ്റൊരു ഭാവമാണ്, വർണ്ണമാണ്. പ്രകൃതി എന്ന പ്രഗത്ഭ നർത്തകിയുടെ കടുത്ത ആരാധികയായ എനിക്ക് അവളുടെ മനോഹരമായ ലാസ്യഭാവങ്ങളിലും അംഗചലനങ്ങളിലും മുഴുകണമായിരുന്നു. യാത്രയുടെ പ്രധാന ലക്ഷ്യം അതു തന്നെ ആയിരുന്നു. ഒക്ടോബർ എട്ടിന് പോളണ്ടിൻ്റെ തലസ്ഥാനമായ വാഴ്സോയിൽ എത്തി ലിത്വാനിയ, ലാറ്റ്വിയ , എസ്റ്റോണിയ എന്നീ ബാൾട്ടിക് രാജ്യങ്ങളിലൂടെ , ഫിൻലാൻ്റ് , സ്വീഡൻ , നോർവേ , ഡെൻമാർക് എന്നീ നോർഡിക് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അവളുടെ നൃത്തം മതിയാവോളം ആസ്വദിച്ചു. ലിത്വാനിയയിൽ ചമയങ്ങൾ അണിഞ്ഞ് ലാറ്റ്വിവയിൽ പതിഞ്ഞ താളത്തിലാടിത്തുടങ്ങി ഫിൻലാൻ്റിലും സ്വീഡനിലും തകർത്താടി നോർവെയുടെ തലസ്ഥാനമായ ഓസ്ലോയിൽ നൃത്തം അവസാനിപ്പിച്ച് അവൾ പിൻവാങ്ങി. മദ്ധ്യ നോർവേയിലെ ഗീലോയിൽ നിന്ന് മടങ്ങുമ്പോൾ അവിടവിടെ മഞ്ഞണിഞ്ഞ് ശൈത്യകാലം വരവരിയിച്ചു തുടങ്ങിയിരുന്നു.
നോർത്തേൺ വെളിച്ചം കാണാനുള്ള മോഹം നടന്നില്ല. മടക്കയാത്രയിൽ കെയ്റോയ്ക്ക് മീതെ ഉദിച്ചുയർന്ന ചന്ദ്രനെ വിമാനത്തിൻ്റെ ജാലകത്തിലൂടെ കാട്ടിത്തന്ന് വാനം ആ പരിഭവം ഒട്ടൊന്ന് കുറച്ചു. നഗര വെളിച്ചങ്ങൾക്കപ്പുറം പിരമിഡുകൾക്ക് മീതെ നിലാവ് പരന്നൊഴുകിക്കാണും അപ്പോൾ.
യാത്ര സുഖകരമായി. നന്നായി പ്ലാൻ ചെയ്ത സോമൻസ് ലിഷർ ടൂർസും പ്ലാൻ പ്രഗത്ഭമായി നടപ്പിലാക്കിയ അനോഷ് എന്ന യുവ ടൂർ മാനേജരും പ്രശംസയർഹിക്കുന്നു. മിക്ക ടൂറിസ്റ്റുകളുടെയും മകൻ്റെ പ്രായം മാത്രമുള്ള അനോഷ് ബഹുമാനം കലർന്ന കരുതലോടെ എന്നാൽ ചിലപ്പോഴൊക്കെ ഒരു മകൻ്റെ കാർക്കശ്യത്തോടെ എല്ലാവരോടും ചേർന്നു നിന്നു കടുകിട മാറാതെ പ്ലാൻ നടപ്പിലാക്കി.
ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും യാത്രകൾ ആസ്വദിക്കുന്നവരും യാത്രകൾ ചെയ്ത് പരിചയമുള്ളവരും ആയിരുന്നു. മികച്ച ഫോട്ടോഗ്രാഫർമാർ , മികച്ച ഫോട്ടോ പോസർമാർ , അറിവ് സമ്പാദകർ, സുവനീർ സമ്പാദകർ , ലഹരി തേടുന്നവർ , പാട്ടുകാർ , യൂട്യൂബർ അങ്ങനെ പല തരക്കാർ. യാത്ര തുടങ്ങും മുമ്പ് ഇത്തിരി നീണ്ടു പോയില്ലേ എന്ന് സംശയിച്ചിരുന്നെങ്കിലും രസകരമായ സംവാദങ്ങളിലൂടെ , അനുഭവങ്ങളും അറിവുകളും പങ്കുവച്ച് , പാട്ടുകളും കവിതകളും പാടി , അന്താക്ഷരി കളിച്ച്
ഇടക്കിടെ നാട്ടിലെ രുചി , പാക്കറ്റുകളിൽ വിതരണം ചെയ്ത് , പരസ്പരം സഹായിച്ച് സഹകരിച്ച് ദിവസങ്ങൾ കടന്നുപോയതറിഞ്ഞില്ല. ഇനിയും അനേകം യാത്രകൾ ചെയ്യാൻ കഴിയട്ടെ എല്ലാവർക്കും!!
പ്രീത രാജ്
Comments
Post a Comment