പവിഴദ്വീപ്
പവിഴദ്വീപ്
ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിന് മുമ്പിൽ ഒന്നര മാസത്തിലധികം സന്തത സഹചാരിയായിരുന്ന കുഞ്ഞുമോൾക്ക് ഉമ്മ കൊടുത്ത് ബൈ പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ കണ്ണുകൾ നനയുന്നുണ്ടായിരുന്നു. വിമാനത്തിലെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കത്തുന്ന വെയിൽ കണ്ണുകളെ എരിച്ചു. ടേക്ക് ഓഫ് കഴിഞ്ഞതും ജാലകങ്ങൾ അടച്ച് കണ്ണടച്ചിരുന്നു.
സിംഗപ്പൂരിനും മാലിദ്വീപിനും പിന്നിൽ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമാണ് ബഹ്‌റൈൻ. 33 നൈസർഗ്ഗിക ദ്വീപുകളും അൻപതോളം കൃത്രിമ ദ്വീപുകളുടെയും സമൂഹമാണ് പേർഷ്യൻ ഗൾഫിൻ്റെ പറഞ്ഞാറ് സൗദിക്കും ഖത്തറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ കുഞ്ഞൻ രാജ്യം. പല സന്ദർശനങ്ങളിലായി പേർഷ്യൻ ഗൾഫിലൂടെ ബഹ്‌റൈനെ സൗദിയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ, ചുറ്റും പുല്ല് പോലും കിളിർക്കാത്ത വരണ്ട അറേബ്യൻ മരുഭൂമിയിൽ 400 വർഷത്തിലേറെ ശാഖകളും ഇലച്ചാർത്തുമായി നിൽക്കുന്ന ട്രീ ഓഫ് ലൈഫ് എന്ന വൃക്ഷം, മാളുകൾ, ബീച്ചുകൾ, പൈതൃകത്തിൻ്റെ സത്ത പേറുന്ന ബാബൽ ബഹ്റൈനിലെ സൂക്കുകൾ, എന്നിവിടങ്ങളെല്ലാം കണ്ടിരുന്നു.
ഇത്തവണയാണ് ബഹ്‌റൈൻ മ്യൂസിയം കാണാൻ കഴിഞ്ഞത്. പുരാതനമായ ദിൽമൻ സംസ്കാരത്തിൻ്റെ ശേഷിപ്പുകൾ അവിടെ കണ്ടു. 5000 വർഷങ്ങൾ മുമ്പ് ദിൽമൻ ( Dilmun civilization )എന്ന പൗരാണിക സംസ്കാരത്തിൻ്റെ കേന്ദ്രമായിരുന്നു ബഹ്‌റൈൻ. മാനവ സംസ്കാരത്തിൻ്റെ ഈറ്റില്ലങ്ങളായി കണക്കാക്കപ്പമെടുന്ന മെസൊപ്പൊട്ടേമിയയ്ക്കും സിന്ധുനദീതടത്തിനും ഇടയിലെ പ്രധാനമായ വാണിജ്യ കേന്ദ്രമായിരുന്നു, ദിൽമൻ. പൗരാണികമായ ആ സംസ്കാരത്തിൻ്റെ ഭാഗമായ ബറിയൽ മൗണ്ടുകൾ ( burial mounds ) മുമ്പതോ യാത്രയിൽ കണ്ടിരുന്നു. മൗണ്ടുകൾക്കടിയിലെ രഹസ്യങ്ങൾ കണ്ടത് മ്യൂസിയത്തിലാണ്. ടണലുകൾ പോലെയുള്ള അറകളും മരിച്ചവർക്ക് കാഴ്ച വച്ചിരിക്കുന്ന ചിത്രവേലകളുള്ള കുടങ്ങളും കണ്ടു. ഈജിപ്തിലെ പിരമിഡുകൾ കാണണമെന്ന് മോഹമുണ്ടായിരുന്നു. ഒരു പക്ഷെ അതിൻ്റെ ഒരു മിനിയേച്ചർ പതിപ്പായിരിക്കാം ഇത്.
പശ്ചിമേഷ്യൻ സംഘർഷം എരിഞ്ഞു കൊണ്ടിരുന്നിരുന്നെങ്കിലും ജനജീവിതം സാധാരണമായിരുന്നു. അധികം ചൂടില്ലാത്ത വൈകുന്നേരങ്ങളിൽ വൃക്ഷങ്ങളും ശിൽപങ്ങളും ചേർത്ത് മനോഹരമായി ഒരുക്കിയിട്ടുള്ള പാർക്കുകളും ബീച്ചുകളും സജീവമായിരുന്നു. പാർക്കുകളിൽ കായ്ക്കുലകൾ തൂക്കി നിൽക്കുന്ന ഈന്തപ്പനകൾക്ക് താഴെ ഉതിർന്നു വീണ കുഞ്ഞു കായ്മണികൾ !
ഈദിൻ്റെ നാളുകളിൽ ബീച്ചുകളിൽ പോയപ്പോൾ പരമ്പരാഗതമായ 'ഹേയ ബേയ' ചടങ്ങുകൾ കാണാനും കഴിഞ്ഞു. കുട്ടികൾ ഈന്തപ്പനയുടെ ഇലകൾ കൊണ്ട് നെയ്ത ചെറുകുട്ടകളിൽ വിത്ത് മുളപ്പിച്ച് പരമ്പരാഗത ഗാനം പാടി ആട്ടിയാട്ടി കടലിലേക്ക് നിക്ഷേപിക്കലാണ് ഹേയ ബേയ. അതുകണ്ടപ്പോൾ നമ്മുടെ പൂവട്ടിയും ഓണപ്പാട്ടുകളും ഓർമ്മവന്നു. വിവിധ സംസ്കാരങ്ങൾ എത്ര മനോഹരമായി ഇഴ ചേർക്കപ്പെടുന്നു! എന്നിട്ടും സാദൃശ്യങ്ങളേക്കാൾ വ്യത്യാസങ്ങൾ കണ്ടെത്തി പോരാടാൻ തയ്യാറായി നിൽക്കുന്നു മനുഷ്യർ!
മടക്കയാത്രയ്ക്ക് ഒരാഴ്ച മുമ്പ് അലാം കേട്ട് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് എഴുന്നേറ്റ് ജനലിലൂടെ നോക്കുമ്പോൾ അമിട്ടുപോലെ ഒരു കുഞ്ഞു തീഗോളം. അൽപസമയം കഴിഞ്ഞ് ഓൾ ക്ലിയർ അലാം . വീണ്ടും കിടക്കയിലേക്ക്. ഒന്നിടവിട്ട ദിവസങ്ങളിൽ മൂന്ന് പ്രാവശ്യം യുദ്ധം വെളിച്ചമായും ശബ്ദമായും സാന്നിദ്ധ്യമറിയിച്ചു. ഇക്കാലം യുദ്ധമാണോ സമാധാനമാണോ സാധാരണം എന്ന ചിന്ത, കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന ചോദ്യം പോലെ ഉത്തരമില്ലാതെ അലഞ്ഞു.
യാത്രയിലുടനീളം "പിന്നെയേ ...." എന്നു തുടങ്ങുന്ന സ്കൂൾ വിശേഷങ്ങളും , " അച്ഛമ്മാ, it's reading time.." എന്ന് പറഞ്ഞ് അടുത്തു വന്ന് കിടന്ന് കഥ കേട്ട് കേട്ട് മെല്ലെ അടയുന്ന കുഞ്ഞിക്കണ്ണുകളും , Geographica, Leaps and Tumbles, dumb charades, puzzles എന്നിങ്ങനെ നീളുന്ന കളികളും മനസ്സിൽ ചുറ്റിക്കറങ്ങി കെട്ടു പിണഞ്ഞ് കിടന്നു.
രാത്രി ഒരു മണിയായി കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ. കൊച്ചിയിൽ മഴയായിരുന്നു. കാറിൽ പുറത്തെ നനുത്ത മഴത്തുള്ളികൾ നോക്കിയിരുന്നപ്പോൾ മനസ്സിലെ കെട്ടയയുന്നതും കനം കുറയുന്നതുമറിഞ്ഞു. വീട്ടിലെത്തി ബാൽക്കണിയിലെ ലൈറ്റിട്ട് നോക്കുമ്പോൾ ഡെസർട്ട് റോസും കോയമ്പത്തൂർ മുല്ലയും നന്ത്യാർവട്ടവും തെച്ചിയും ചെമ്പരത്തിയും ശംഖുപുഷ്പവും തലയാട്ടി പുഞ്ചിരിച്ചു.
ഇനി മഴക്കാലം !
പ്രീത രാജ്
നന്ദ്യാർ വട്ടവും കൂട്ടുകാരും മനസ്സിൽ പറഞ്ഞു കാണും! We missed you dear! We missed your care! 😍
ReplyDelete🤗😍
Delete