ബാലൻ- the boy
ബാലൻ- the boy
അവൻ തൻ്റെ ഉള്ളിൽ ഉരുവം കൊണ്ടപ്പോൾ മുതൽ തനിക്കും മകനും ഇടയിൽ മറ്റൊരാൾ വേണ്ടെന്ന് തീരുമാനിച്ചവളാണ് അമ്മ. അവൻ്റെ അച്ഛനെ അവൾ കൊന്നു കുഴിച്ച് മൂടി മുകളിലൊരു വാഴയും വച്ചു. ജയിലിൽ പിറന്ന് അവിടെ തന്നെ അമ്മയുടെ കൂടെ വളരുന്ന കുഞ്ഞ് അത്യാവശ്യം കള്ളത്തരങ്ങളൊക്കെ വശത്താക്കിയതിൽ അത്‌ഭുതമില്ല. ജയിലിന് പുറത്ത് സ്ഥിരമായി ഒരു പേരുപോലുമില്ലാതെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പ്രയാണം ചെയ്യുമ്പോഴും അമ്മ മെനയുന്ന കഥകൾ വേണ്ടപോലെ വേണ്ടയിടത്ത് പറയാൻ അവന് ബുദ്ധിമുട്ടില്ല. എങ്കിലും താനാരാണ് എന്ന് ക്ലാസ്സിൽ പറയേണ്ടി വന്നപ്പോൾ അവൻ പകച്ചു നിൽക്കുന്നു. അവന് നഷ്ടപ്പെടുന്നത് അവൻ്റെ അസ്തിത്വം തന്നെയാണ്.
കുറച്ച് കാലത്തെ വേർപാടിന് ശേഷം കൗമാരക്കാരനായി അവൻ വീണ്ടും അമ്മയുടെ അരികിലെത്തുന്നു. അവിടെ എത്താൻ എന്തും ചെയ്യാൻ അവനും ഒരുക്കമായിരുന്നു. അവൻ "അമ്മേ എൻ്റെ ഇപ്പോഴത്തെ പേരെന്താ?" എന്ന് ചോദിക്കുമ്പോൾ അവൻ്റെ ഭൂതകാലമല്ല, ഭാവിയാണ് നമ്മെ ആകുലരാക്കുന്നത്.
ഒരു സന്നദ്ധ സംഘടനയുടെ വിലാസവും ഫോൺ നമ്പറും കൊടുക്കുക എന്നതിൽ ജയിൽ അധികൃതരുടെ ഉത്തരവാദിത്തം ഒടുങ്ങാതിരുന്നെങ്കിൽ, പ്രത്യേകിച്ച് കുഞ്ഞുങ്ങൾ ഉൾപ്പെടുമ്പോൾ!. പോലീസുകാർ കുറച്ചു കൂടി ജാരൂകരായിരുന്നെങ്കിൽ! രക്ഷിതാക്കളുടെ അത്ര പ്രകടമല്ലാത്ത മാനസിക പ്രശ്നങ്ങൾ പോലും കുഞ്ഞുങ്ങളുടെ ജീവിതങ്ങളെ എങ്ങനെയൊക്കെ ബാധിക്കാം എന്ന് ദിനം തോറും പുറത്തു വരുന്ന വാർത്തകളുടെ നെഞ്ചുരുക്കത്തിൽ ചിന്തിച്ചു പോകുന്നു.
ജിത്തു മാധവൻ എഴുതി ചിദംബരം സംവിധാനം ചെയ്ത ബാലൻ കാണേണ്ട സിനിമയാണ്. അമ്മയായി ഫർസാന പാലത്തിങ്കലും മകനായി അദിശേഷനും അമ്മാമയായി ഡോളി ജൂണും മികച്ച അഭിനയം കാഴ്ചവച്ചു. സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ അമ്മയും മകനും കൂടെ പോരുന്നു. അവർ പല പേരുകളിൽ പല വേഷങ്ങളിൽ അവിടവിടെ നടന്നു നീങ്ങുന്നത് കാണുന്നു.
പ്രീത രാജ്
Comments
Post a Comment