ചില നാട്ടുകാര്യങ്ങൾ
ചില നാട്ടുകാര്യങ്ങൾ
പല വിധ കാരണങ്ങളാൽ കുറച്ചു കാലമായി നാട്ടിലെത്തിയാൽ ഒന്നിനും നേരം കിട്ടാറില്ല. സ്വസ്ഥമായി ഒരു വാരാന്ത്യം തരായപ്പോൾ ശരിക്കും ആസ്വദിച്ചു. ഉത്സവങ്ങൾക്കൊഴികെ ക്ഷേത്രങ്ങളോട് അകലം പാലിക്കുന്ന രാജ് കോഴിക്കോട് പോയതിനാൽ ക്ഷേത്ര ദർശനങ്ങളായിരുന്നു എൻ്റെ പ്രധാന പദ്ധതി.
വള്ളുവനാടൻ പ്രകൃതി ഏറ്റവും ഭക്തിസാന്ദ്രമാവുന്നത് ഡിസംബർ- ജനുവരി മാസങ്ങളിലാണെന്ന് തോന്നിയിട്ടുണ്ട്. വ്രതശുദ്ധിയുടെ നാളുകൾക്ക് അകമ്പടിയായി കുളിരും കാറ്റും മാമ്പൂവിൻ്റെ മണവും. വൃശ്ചികക്കാറ്റത്ര സജീവമായിട്ടില്ല ഇക്കുറി.
ശനിയാഴ്ച രാവിലെ ശിവക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. സതിച്ചെറിയമ്മയുടെ വീടിൻ്റെ ചെറിയ ഗേറ്റ് കടന്നാൽ ഇരുൾ വീണു കിടക്കുന്ന ഇടവഴിയിലേക്ക് കയറാം. ഇടവഴിയുടെ കുറച്ചു ഭാഗം ഈയിടെ നിരപ്പാക്കി വീതി കൂട്ടിയിട്ടുണ്ട്. കുറച്ചു ഭാഗം ഇപ്പോഴും പഴയ പോലെ തന്നെയുണ്ട്. പണി പകുതിയായപ്പോൾ നഗരസഭയുടെ പണം തീർന്നത്രെ.
'കയ്യിലൊരു വടി എടുത്തോ നായ്ക്കൂട്ടങ്ങളുണ്ടാവും' എന്നച്ഛൻ പറഞ്ഞിരുന്നു. അപ്പോൾ അതൊക്കെ നിസ്സാരമായി തള്ളിയെങ്കിലും നായ്ക്കളുണ്ടോ, കല്ലിനടിയിൽ പാമ്പുണ്ടോ എന്നൊക്കെ നോക്കിയാണ് നടന്നത്. ഈയിടെയായി മെസ്സിയും ( എവിടന്നോ വന്നു ചേർന്ന ഒരു നായയാണ് മെസ്സി . കുറെ കാലമായി ഊണും ഉറക്കവും അവിടെയായിരുന്നു) കൂട്ടു കൂടി തെണ്ടി നടക്കുകയാണെന്നാണ് അച്ഛൻ്റെ പരാതി. അവനിപ്പോൾ ചോറും വേണ്ടത്രെ. എങ്കിലും ഇടക്ക് അന്വേഷണത്തിന് വരും. എല്ലും മീൻമുള്ളുമൊക്കെയായി ശാപ്പാട് എവിടന്നെങ്കിലും തരാവുന്നുണ്ടാവും.
റോഡ് കടന്ന് ചെന്നപ്പോഴേക്കും മണിയുടെ കടയിലെ സാമ്പാറിൻ്റെയും മസാലദോശയുടെയുമൊക്കെ സമ്മിശ്ര സുഗന്ധം പരന്നു. വായിൽ ചെറുതായി വെള്ളം നിറഞ്ഞില്ലെന്ന് പറയുന്നില്ല. ഈയിടെയായി അമ്മയോട് ഒന്നുമുണ്ടാക്കണ്ട മണിയുടെ കടയിൽ നിന്ന് വാങ്ങിയാൽ മതി എന്നത് ഞങ്ങളുടെ സ്ഥിരം പല്ലവിയാണ്. ഭക്ഷണത്തിൻ്റെ സ്വാദും, അമ്മക്കും ഞങ്ങൾക്കും വിശ്രമവും അതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
ICCONS ( Institute for Communicative and Cognitive Neuro Science)ന് മുൻപിലുള്ള ഇടവഴിയിലൂടെ ഇറക്കമിറങ്ങി നടന്നു. കുളത്തിൻ്റെ അരികിലൂടെ ഒരു നടപ്പാതയുണ്ട് ക്ഷേത്രമതിൽക്കെട്ടിനകത്തേക്ക്. പക്ഷെ ആ വഴി എനിക്കിഷ്ടമല്ല. ഒന്നാമത് നിറയെ കല്ലാണ്. പിന്നെ കുളിയുടെ പല ഘട്ടത്തിലുള്ള കുളിക്കാരെ കാണേണ്ടിയും വരും. അതുകൊണ്ട് അമ്പലം ചുറ്റി മുൻവശത്തെ പടവുകളിലൂടെ തന്നെ ഇറങ്ങി.
കൊട്ടാരം ജീർണ്ണതയിലാണെങ്കിലും കൊട്ടാരത്തോട് ചേർന്നുള്ള അമ്പലം പരിഷ്കരിച്ചിട്ടുണ്ട്. പുതിയതായി അയ്യപ്പൻ, സുബ്രഹ്മണ്യൻ, കൃഷ്ണൻ എന്നീ ഉപദേവതാ ക്ഷേത്രങ്ങളും നിർമ്മിച്ചിട്ടുണ്ട്. എങ്കിലും പഴയതുപോലെ തന്നെ മതിയായിരുന്നു എന്ന് തോന്നി.
മുമ്പ് വഴിപാടിനുള്ള പണം നടയിൽ വച്ച് ശ്രീരാമനോട്( എമ്പ്രാന്തിരി, പ്രേമച്ചെറിയമ്മയുടെ മകൻ സനോജിൻ്റെ സുഹൃത്താണ്) പേരും നാളും പറയുമ്പോൾ കിട്ടുന്ന സുഖം ഇപ്പോൾ പിന്നാമ്പുറത്ത് രശീതിയാക്കുന്ന പരിപാടിയിൽ എവിടെയോ ചോർന്നു പോകുന്ന പോലെ. ശ്രീരാമൻ്റെ അച്ഛൻ എമ്പ്രാന്തിരി ശിവനെ പോലെ തന്നെ ക്ഷിപ്രകോപിയായിരുന്നു. എന്തെങ്കിലും ആചാരഭംഗം വന്നാൽ മുഖം നോക്കാതെ ചീത്ത പറയുമായിരുന്നെങ്കിലും അദ്ദേഹമുണ്ടായിരുന്നപ്പോഴാണ് ക്ഷേത്രത്തിൽ ഏറ്റവും ചൈതന്യം നിറഞ്ഞിരുന്നത് എന്ന് തോന്നി.
തിരികെ പടി കയറുമ്പോൾ ക്ഷേത്രത്തിന് മുന്നിലെ ആൽമരത്തെ തഴുകി ഒരു കാറ്റു വീശി. മടക്കയാത്രയിൽ മസാലദോശയുടെ മണം പരന്നപ്പോൾ അമ്മ എന്താണാവോ ഉണ്ടാക്കിയിരിക്കുന്നത് എന്ന ചിന്തയിൽ നടത്തത്തിന് വേഗം കൂടി.
പ്രീത രാജ്
nice,👌
ReplyDeleteThanks🙏
ReplyDelete