ലിവിംഗ് വിൽ
ലിവിംഗ് വിൽ
Markus Zusak, The Book Thief
മാതൃഭൂമി ദിനപ്പത്രത്തിലെ " ജീവിതാന്ത്യത്തിൽ എന്തിനീ ക്രൂരത" എന്ന ഡോ. എം.ആർ രാജഗോപാൽ എഴുതിയ ലേഖനം വായിച്ചപ്പോൾ The Book Thief ലെ മേൽപറഞ്ഞ ഉദ്ധരണി ഓർത്തു പോയി. മരണം വന്നു വിളിച്ചാൽ അധികം കാത്തു നിർത്താതെ കൂടെ പോകാൻ കഴിയുന്നത് തന്നെയാണ് ഉത്തമം. ഇഷ്ടമുണ്ടായിട്ടല്ല എങ്കിലും വരാതിരിക്കാനാവില്ലല്ലോ എന്ന ഒരു രീതി. മാർക്കസ് സുസാക്കിൻ്റെ ബുക്ക് തീഫിൻ്റെ കഥ പറയുന്ന മരണത്തിൻ്റെ ( Death ആണ് ആ നോവലിൻ്റെ narrator ) അഭിപ്രായത്തിൽ അത്തരം ആത്മാക്കൾക്ക് ഭാരം കുറവായിരിക്കും.
പക്ഷെ, ഇക്കാലം അത് അത്യന്തം ദുഷ്കരം. പോകാമെന്ന് ആത്മാവ് വിചാരിച്ചാലും ഓക്സിജൻ സിലിണ്ടറിലും മറ്റു പല ആത്യന്താധുനിക ഉപകരണങ്ങളിലും നിന്നുത്ഭവിക്കുന്ന കുഴലുകളിൽ കുരുങ്ങിക്കിടക്കാനാവും പലർക്കും വിധി. വേണ്ടപ്പെട്ടവർക്കോ മരണത്തിനോ എത്തിപ്പെടാനാവാതെ ശീതീകരിച്ച മുറിയിൽ യന്ത്രങ്ങൾക്ക് നടുവിൽ കുറെക്കാലം കുടുങ്ങിക്കിടന്ന് ഒടുവിൽ കാത്തുനിന്നു മടുപ്പ് ബാധിച്ച മരണത്തിൻ്റെ തോളിൽ ഭാരത്തോടെ തൂങ്ങി യാത്ര ചെയ്യുന്നവർ.
ജീവദായകമായ അത്യന്താധുനിക വൈദ്യ സാങ്കേതിക വിദ്യകളെ കുറച്ചു കാണുന്നതല്ല. വിലപ്പെട്ട എത്രയോ ജീവനുകളെ തിരിച്ച് മനോഹരമായ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിരിക്കുന്നു ആ സംവിധാനങ്ങൾ ! പക്ഷെ തിരിച്ച് വരവ് അസംഭവ്യമെന്ന് കരുതുന്ന സാഹചര്യങ്ങളിൽ ജീവനെ കൊരുത്തു വയ്ക്കുന്നത് ഒഴിവാക്കുക എന്നാണ് ഉദ്ദേശിച്ചത്.
അന്തസ്സുള്ള മരണം (Dignity in death) ആഗ്രഹിക്കാത്തവരുണ്ടോ? ലിവിങ്ങ് വിൽ അതിനൊരു മാർഗ്ഗമാവാം. ജീവിതത്തിലേക്ക് പഴയതിൻ്റെ ഒരു അമ്പതു ശതമാനമെങ്കിലും ഇല്ലാതെ തിരിച്ച് വരുന്നതിനേക്കാൾ കാത്തു നിൽക്കുന്ന മരണത്തിൻ്റെ കൂടെ അതീവ ലാഘവത്തോടെ ഇറങ്ങിപ്പോവുക തന്നെയാവും നല്ലത് എന്ന് കരുതുന്നവർക്ക് ഒരു ലിവിംഗ് വിൽ ഉണ്ടാക്കിവയ്ക്കാം. അത്തരമൊരു സന്നിഗ്ധ ഘട്ടത്തിൽ വേണ്ടപ്പെട്ടവർക്കും ഡോക്ടർമാർക്കും തീരുമാനമെടുക്കാൻ എളുപ്പമാവും. ലിവിംഗ് വില്ലിന് നിയമസാധുതയുമുണ്ട്.
ഈ ചിന്താധാര തന്നെയല്ലെ പണ്ടും വിവേകശാലികൾ പ്രാർത്ഥനയിലൂടെ പ്രകടിപ്പിച്ചിരുന്നതും.
"അനായാസേന മരണം
വിനാ ദൈന്യേന ജീവനം
ദേഹി മേ കൃപയാ ശംഭോ!
ത്വയി ഭക്തിമചഞ്ചലാം "
പ്രീത രാജ്
Comments
Post a Comment