ആത്രേയകം


ആത്രേയകം
ആർ. രാജശ്രീ

പാഞ്ചാല രാജാവായ ദ്രുപദൻ്റെ കടിഞ്ഞൂൽ സന്താനമായിരുന്ന നിരമിത്രൻ  പിതാവിന് അഭിമാനമോ അഭിമതനോ ആയിരുന്നില്ല. പുരുഷൻ എന്തായിരിക്കണമെന്ന് മകൻ്റെ മുമ്പിൽ അവൻ്റെ അമ്മയുടെ മേൽ പ്രതികാരബുദ്ധിയോടെ പ്രയോഗിച്ചു കാണിച്ച വികല പിതൃജന്മമായിരുന്നു ആ പാഞ്ചാല രാജാവ്. പാഞ്ചാലത്തിൽ നിന്ന് ദുഃഖവും ഭയവും അപമാനവും പേറി ഓടിയ നിരമിത്രൻ മരുന്നു മണമുള്ള ആത്രേയകത്തിൽ അഭയം കണ്ടെത്തുന്നു. പാഞ്ചാലത്തിൻ്റെ വൈദ്യശാലയും ആയുധക്കളരിയും ശ്മശാനവുമായ ആത്രേയകം.

നിരമിത്രൻ്റെ വീക്ഷണ കോണിലൂടെ മഹാഭാരതത്തിലെ സംഭവങ്ങളെ അപഗ്രഥിക്കുമ്പോൾ ക്ഷത്രിയ രാജനീതിയുടെ ക്രൂരതയും ഹൃദയശൂന്യതയും മറനീക്കി പുറത്തു വരുന്നു. ക്ഷത്രിയ കുടിലതയുടെ ബലിപീഠങ്ങളിൽ ഭീമപുത്രൻ ഘടോൽക്കചനും അർജ്ജുന പുത്രൻ ഇരാവാനും രക്തം ചിന്തുന്നത് കാണുന്നു. ഉന്നത വിഗ്രഹങ്ങൾ കാറ്റു പോയ ബലൂണുകൾ പോലെ ചുരുങ്ങുന്നു. പാർശ്വവത്കൃതരുടെ അതികായ വിഗ്രഹങ്ങൾ ഉയരുന്നു.   

വ്യാസ ശിഷ്യനായ ജൈമിനിയുടെ ആഖ്യാനം എന്ന നിലയിലാണ് ആത്രേയകം എഴുതിയിരിക്കുന്നത്. 
വ്യാസനും വൈശമ്പായനും വരെ ഉപജാപക്കാരുടെയും കഥാകാലക്ഷേപക്കാരുടെയും ഗണത്തിലേക്ക് മാറ്റി നിർത്തപ്പെടുന്നു. പഴയ വിഗ്രഹങ്ങളെയെല്ലാം  തകർത്തെറിയാനുള്ള വ്യഗ്രത കഥയുടെ വിശ്വസനീയതയെ ബാധിച്ചതായി തോന്നി. ഗണികയുടെയും രാജകുമാരിയുടെയും ശരീര വടിവുകളുടെ വ്യത്യാസവും ദശാർണ്ണ രാജകുമാരിയുടെ നിലപാടും അനൽപമായ അതിശയോക്തിയായും അനുഭവപ്പെട്ടു.

ഇതിഹാസത്തെ കറുപ്പിലും വെളുപ്പിലും മാത്രമായി വ്യാഖ്യാനിച്ചത് ആഖ്യാനത്തെ ബാധിച്ചു.  കറുപ്പും വെളുപ്പും മാത്രമല്ല  മഹാഭാരതം എന്നത് കൊണ്ടാണല്ലോ അത് കഥകളുടെ അക്ഷയഖനിയാവുന്നത്. 

വായനയാൽ മുറിവേൽക്കപ്പെടുമ്പോൾ മണ്ണും മരുന്നും മണക്കുന്ന ആത്രേയകത്തിലെ കാറ്റിൽ നേരിയ മണമുള്ള വെളുത്ത പുഷ്പങ്ങളുമായി ശ്വേത കുടജ ഇളകുന്നു. അവിടെ മൺകുടിലുകളൊന്നിൽ അന്ധനായ വൃദ്ധൻ ചൂഢകൻ്റെ നിർദ്ദേശാനുസരണം  ഇലകളും വേരുകളും പൂക്കളും അരച്ച് ചാലിച്ച് വിധിപ്രകാരം ഇള തയ്യാറാക്കിയ ഔഷധക്കൂട്ട് വ്രണങ്ങൾ ശമിപ്പിക്കുന്നു. ഉയർത്തിക്കെട്ടിയ മുടിയിൽ ഇലഞ്ഞിപ്പൂമാല ചുറ്റി ഇള ആത്രേയകം തന്നെയാവുന്നു. 


പ്രീത രാജ്

Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര