കൊന്നപ്പൂ
വിഷുത്തലേന്ന് ലേശം കൊന്നപ്പൂ കിട്ട്വോന്ന് നോക്കീട്ട് വരാമെന്ന് സാവിത്രിയോട് പറഞ്ഞ് രാഘവേട്ടൻ ഇറങ്ങി. ഇത്ര ഗതികേടുണ്ടാവാറില്ല. മുറ്റത്തെ കൊന്നമരം നിറയെ പൂവണിയാറുണ്ട് വിഷുവിന്. ഇത്തവണ നേരത്തെ പൂവെല്ലാം കൊഴിഞ്ഞു പോയി. വിഷുവായപ്പോൾ തുഞ്ചത്ത് ഒന്നു രണ്ടു കുലയുണ്ട്. പൂവിൽപ്പന കണ്ടപ്പോൾ കാർ കുറച്ചു മുമ്പിലായി നിർത്തി തിരിച്ചു നടന്നു . കാർ കണ്ടാൽ വില കൂട്ടിയാലോ! അതെല്ലാം പഴയ കഥയാണെന്ന് രാഘവേട്ടന് ഇപ്പോഴും ബോദ്ധ്യായിട്ടില്ല. വില കേട്ട് ഞെട്ടിപ്പോയി അദ്ദേഹം. ഒരു കുലക്ക് നൂറു രൂപ. " ശിവനേ" എന്നു വിളിച്ചു പോയി രാഘവേട്ടൻ. "പൂകിട്ടാനില്ല സാറേ" എന്ന് വിൽപ്പനക്കാരൻ്റെ ന്യായീകരണം. കുറച്ചു മാറി മറ്റൊരു കൂട്ടരുണ്ട്. അതൊന്നു നോക്കാമെന്ന് കരുതി പൊരിവെയിലിൽ കുറച്ചു നടന്നു. മുപ്പതു രൂപയേ വിലയുള്ളൂ, പക്ഷെ മുഴുവൻ വാടിയ പൂക്കൾ. തലേന്ന് ഇറുത്തു വച്ചവയായിരിക്കും. വാടിയ പൂ കണി കാണാൻ വയ്യ. ടൗണിലെത്തിയപ്പോൾ കണ്ട കാഴ്ച! കടയായ കടയൊക്കെ കുരുത്തോല കെട്ടിയ പോലെ കൊന്നപ്പൂ തോരണം തൂക്കിയിരിക്കുന്നു. കെട്ടു കണക്കിന് അകത്തുമുണ്ട് . ഇത്രേം പൂക്കളിവിടെ ഉണ്ടായിട്ടാണോ ഇത്രയും അലഞ്ഞതെന്ന് അ...