വിഷു ആശംസകൾ
പ്രകൃതിയുമായുള്ള താദാത്മ്യപ്പെടലാണ് ഓരോ പരമ്പരാഗത ആഘോഷവും. നിറയെ മഞ്ഞത്തൊങ്ങലുകൾ ചാർത്തി കൊന്നമരങ്ങൾ ഒരുങ്ങുമ്പോൾ, ചക്കയും മാങ്ങയും മൂത്തു വിളയുമ്പോൾ, പൊൻകിരണങ്ങൾ വിതറി സൂര്യൻ ജ്വലിക്കുമ്പോൾ വിഷു വരവായി. കാർവർണ്ണൻ്റെ മുമ്പിൽ ഒരു പിടി കൊന്നപ്പൂവും മൂത്ത ചക്കയും പഴുത്ത മാങ്ങയും കണി വെള്ളരിയും ഓട്ടുരുളിയിൽ മറ്റു ശുഭദമായ സാമഗ്രികളോട് ചേർത്ത് വച്ച് പുലർക്കാലേ കണി കണ്ട് കൈ നീട്ടം വാങ്ങി പുതുവർഷത്തിലേക്ക് നീങ്ങുന്ന വിഷുപ്പുലരി. രാവിലത്തെ വിഷുക്കഞ്ഞിക്കും ഉച്ചക്ക് സദ്യക്കും മാമ്പഴക്കൂട്ടാനും ചക്ക എരിശ്ശേരിയും പ്രമാണക്കാർ. ഒരിക്കലും നഷ്ടമാകാതിരിക്കട്ടെ ഇത്തരം ആഘോഷ ആചരണങ്ങൾ! തിരിഞ്ഞു നോക്കാൻ, വേരുകൾ ദൃഢമാക്കാൻ, പ്രകൃതിയോട് കൂടുതൽ അടുക്കാൻ ഇടയാക്കട്ടെ ഓരോ വിഷുവും! വിഷു ആശംസകൾ! പ്രീത രാജ്