ഒരു ചിരിക്കഥ
തിരക്കിട്ട് സാരിയുടുത്ത് ചോറ്റുപാത്രവും കുടയും ബാഗിലെടുത്തിട്ട് അവൾ ഇറങ്ങി. എട്ടേകാലിന്റെ ബസ്സെങ്കിലും കിട്ടിയില്ലെങ്കിൽ ലേറ്റാവും. അസംബ്ലി തുടങ്ങിയിട്ട് കയറിച്ചെല്ലുന്നത് ശരിയാവില്ല. പ്രത്യേകിച്ചും പിളേളരെ കിടുകിടാ വിറപ്പിക്കുന്ന കണക്ക് ടീച്ചർ.
അഞ്ചാറു മിനിട്ട് നടക്കണം ബസ്സ്റ്റോപ്പിലേക്ക്. ഇടക്ക് കണ്ട പരിചയക്കാരോടൊക്കെ ലോഹ്യം പറച്ചിൽ ഒരു തലയാട്ടലിലൊതുക്കി വേഗം നടന്നു. ആവൂ! തക്കസമയത്ത് ബസ് സ്സ്റ്റോപ്പിലെത്തി. സമാധാനം!
അസംബ്ലി കഴിഞ്ഞ് സ്റ്റാഫ് റൂമിൽ ചെന്ന് ഫസ്റ്റ് പീരീഡ് ഏതു ക്ലാസ്സാണെന്ന് നോക്കി പോകാനൊരുങ്ങുമ്പോൾ പ്യൂൺ വന്നു പ്രിൻസിപ്പാൾ സിസ്റ്റർ വിളിക്കുന്നു എന്നു പറഞ്ഞു. നടക്കാൻ പോകുന്ന സയൻസ് എക്സിബിഷന്റെ ചുമതല അവൾക്കായിരുന്നു. സിസ്റ്ററിന്റെ മുറിക്ക് പുറത്ത് ചെരുപ്പഴിച്ചു വച്ച് അവൾ കയറി. സിസ്റ്ററിന്റെ മുറിയിൽ ചെരുപ്പിടാറില്ല ആരും.
എക്സിബിഷന്റെ കാര്യങ്ങളൊക്കെ സംസാരിച്ച് കഴിഞ്ഞ് അവൾ പുറത്തുകടന്നു. പുറത്തു വച്ചിരുന്ന ചെരുപ്പിൽ ഒന്നു കാണാനില്ല. പട്ടിയൊന്നും വന്നു കടിച്ചു കൊണ്ടുപോകാൻ വഴിയില്ല. ഇതെന്തു മറിമായം! അടുത്ത് മറ്റൊരു ചെരുപ്പ് കിടക്കുന്നുണ്ട്. പഴയ ഒരെണ്ണം. ആണുങ്ങളുടേതു പോലെ. പിള്ളേരാെങ്കിലും ദേഷ്യം തീർക്കാൻ ചെയ്തതായിരിക്കുമോ? പിള്ളേരെ നന്നായി വഴക്കു പറയുന്ന ടീച്ചറായതിനാൽ അത് സംഭവ്യമാണ്.
അവൾ അകത്തു കയറി, സിസ്റ്ററിനോട് കാര്യം പറഞ്ഞു. സിസ്റ്റർ എഴുന്നേറ്റ് അവളുടെ കൂടെ പുറത്തെത്തി. അവളെ നന്നായറിയാവുന്ന സിസ്റ്റർ കണ്ണടക്കിടയിലൂടെ ഒരു നോട്ടം നോക്കി. എന്നിട്ട് പറഞ്ഞു, "സീത വീട്ടിലേക്ക് ഒന്നു വിളിച്ചു നോക്കൂ... ചെരുപ്പ് അവിടെ തന്നെ കാണുമായിരിക്കും."
അപ്പോഴാണ് അവൾ തെല്ലു ജാള്യതയോടെ കണ്ടത്. ഓ! ഇത് അജയേട്ടൻ തൊടിയിൽ പോകുമ്പോൾ ഇടുന്ന ചെരുപ്പാണല്ലോ!!! ഒരു കാലിൽ അജയേട്ടന്റെ ഈ പഴയ ചെരുപ്പുമിട്ടാണോ ഇത്രയും നേരം താൻ നടന്നിരുന്നത്.!!!
സിസ്റ്ററിന്റെ മുഖത്ത് നോക്കിയപ്പോൾ സ്വതേ ഗൗരവക്കാരിയായ സിസ്റ്റർ ചിരിയടക്കാൻ പാടുപെടുന്നു. പിന്നെ അടക്കിപ്പിടിച്ച ചിരിയും ജാള്യത കലർന്ന ചിരിയും കൂടിച്ചേർന്ന് അസ്സൽ പൊട്ടിച്ചിരിയായി.
പ്രീത രാജ്
Sketch by Niranjana Pramod
👍
ReplyDelete😊🤗
Delete